2013, ഡിസംബർ 12, വ്യാഴാഴ്‌ച

'കോഴിമുട്ടപ്പാറ'യിലെ നസ്രാണിവിഷാദയോഗം

From  
http://sahryudayasamithi.blogspot.in/ 

(പുസ്തകാസ്വാദനം - ജോസാന്റണി)
കവി
വര്‍ഗീസാന്റണി (phone : 9526335648)
ഡിസി ബുക്‌സ് കോട്ടയം
'
നസ്രാണിവിഷാദയോഗം' എന്ന ശ്രീ വര്‍ഗീസാന്റണിയുടെ കവിതാസമാഹാരത്തിന്റെ 'കോഴിമുട്ടപ്പാറയിലെ വെളിപ്പെടല്‍' എന്ന ആമുഖത്തില്‍ ശ്രീ വര്‍ഗീസാന്റണി വ്യക്തമാക്കിയിട്ടുള്ള കാവ്യസത്യം ഇതാണ്: ''പ്രകൃതിയിലെ അന്തമറ്റ രൂപങ്ങളാണ് അന്തമറ്റ കാവ്യരൂപങ്ങളായി മാറുന്നത്. സ്ഥൂലപ്രകൃതിയില്‍ നിന്ന് സൂക്ഷ്മപ്രകൃതിയിലേക്കുള്ള സഞ്ചാരമാണ് കവിത......
കോഴിമുട്ടപ്പാറ തൃശൂരിലെ വെള്ളിക്കുളങ്ങരയിലുള്ള ലോകാക്ഭുതമാണ്.
......അസാധ്യമായ പലതും മനുഷ്യന്‍ സാധിച്ചിട്ടുണ്ട്. എന്നിട്ടും ഇതുവരെ ഒരു കോഴിമുട്ട ഓരംകുത്തി നിറുത്താന്‍ മനുഷ്യനു സാധിച്ചിട്ടില്ല കോഴിമുട്ടയുടെ വെല്ലുവിളി പ്രകൃതി ഏറ്റെടുത്തു പ്രകൃതിയുടെ കരവിരുതിന്റെ, കരള്‍വിരുതിന്റെ, പ്രകടനമാണ് കോഴിമുട്ടപ്പാറ.
......കോഴിമുട്ട ഫലിതമല്ല. പക്ഷേ, കോഴിമുട്ടപ്പാറ ഫലിതമാണ്. മുട്ടയും പാറയും തമ്മിലുള്ള പൊരുത്തക്കേടാണ് അതിനെ ഫലിതമാക്കുന്നത്......കോഴിമുട്ട അത്ഭുതമല്ല. പക്ഷേ, കോഴിമുട്ടപ്പാറ അത്ഭുതമാണ്. പേരില്‍ കുടികൊള്ളുന്ന ഹാസ്യം നേരില്‍ അത്ഭുതമായി മാറും. വേണമെങ്കില്‍ വീരവും രൗദ്രവും അതില്‍ ദര്‍ശിക്കാം. ശൃംഗാരം അതിലില്ലെങ്കിലും അതിനരികിലുണ്ട്.മേല്‍പ്പറഞ്ഞ രസങ്ങളിലൂടെയെല്ലാം കടന്നുപോയി കുറച്ചുനേരം കണ്ണടച്ചിരുന്നാല്‍ ശാന്തരസവും ഉണരും. അതുകൊണ്ട് കോഴിമുട്ടപ്പാറ ഒരു മഹാകാവ്യമാണ്.''
വര്‍ഗീസാന്റണിയുടെ കവിത വര്‍ഗീസാന്റണിയുടെമാത്രം ശൈലിയിലുള്ള കവിതയാണ്. ഇതിനെ ഒരു കള്ളിയിലും ഇട്ടുവയ്ക്കാവുന്നതല്ല. ഇവ കാല്പനികമോ ആധുനികമോ അത്യന്താധുനികമോ ആധുനികോത്തരമോ ഉത്തരാധുനികമോ ഒന്നുമല്ല. ഓരോ ആസ്വാദകന്റെയും അനുഭവങ്ങളോടും അറിവുകളോടും പ്രതിപ്രവര്‍ത്തിച്ച് ഉരുത്തിരഞ്ഞുവരേണ്ട അര്‍ഥതലങ്ങളാണ് ഓരോ കവിതയിലും ഉള്ളത്.
ആദ്യവായനയ്ക്ക് സുലളിതമെങ്കിലും ആലോചനാമൃതം എന്നു നിസ്സംശയം വിശേഷിപ്പിക്കാവുന്ന കുറെ വരികള്‍ ഇവിടെ ഉദ്ധരിച്ചാല്‍ മതി എന്നാണ് ആദ്യം തോന്നിയത്. താഴെ കൊടുക്കുന്ന വരികള്‍ ഒന്നുകൂടി വായിച്ചപ്പോള്‍ ഞാനൊരു പ്രതിസന്ധിയിലായി.
''കൊതുകുകടി മനുഷ്യപക്ഷവീക്ഷണമാണ്.
കുടിയാണ് കൊതുകുപക്ഷം.
ചോരകുടിച്ചാലും വര്‍ഗശത്രുവിനെ ഉന്മൂലനം ചെയ്യുകയില്ലവ, ഉന്മീലനം ചെയ്യും.
കൊഴിഞ്ഞൂ ഉന്മൂലനസിദ്ധാന്തം.
വിരിഞ്ഞൂ ഉന്മീലനത്തിന്റെ ഉപനിഷത്ത്.''
ആധുനികോത്തരകവിതയുടെ വാച്യാര്‍ഥം കൃത്യമായറിയാന്‍ ശബ്ദതാരാവലിയില്‍ നോക്കാന്‍ ഇടയാകരുതല്ലോ. ഉന്മീലനം എന്ന വാക്കിന്റെ അര്‍ഥമറിയാന്‍ എനിക്ക് ശബ്ദതാരാവലിയില്‍ നോക്കേണ്ടിവന്നു. കണ്ണുതുക്കല്‍, ഉണരല്‍ എന്നാണ് അതിനര്‍ഥം. വലിയ അര്‍ഥതലങ്ങളുള്ള വാക്കാണിത്. അപ്പോള്‍ ഇവിടത്തെ കൊതുക് വെറും കൊതുകായിരിക്കില്ല. ഈ ഏതാനും വരികള്‍ക്കുള്ളില്‍, കൃത്യമായി വിശദീകരിക്കാനാവാത്ത അഗാധമായ ചില ധ്വനിതലങ്ങള്‍, മുട്ടയിലെ കരുപോലെ ഉണ്ട്. എനിക്കു കൂടുതല്‍ വിശദീകരിക്കാനാവുന്നില്ല.
അതേ. ഈ പുസ്തകം 'കോഴിമുട്ടപ്പാറ'പോലെതന്നെ ഒരു മഹാകാവ്യമാണ്. പ്രകൃതി തന്നിലുള്ള ഫലിതവും അത്ഭുതവും സ്വയം നോക്കിക്കണ്ടപ്പോള്‍ കോഴിമുട്ടപ്പാറ ഉണ്ടായതുപോലെതന്നെയാണ് വര്‍ഗീസാന്റണി പ്രകൃതിയിലുള്ള ഫലിതവും അത്ഭുതവും നോക്കിക്കണ്ടപ്പോള്‍ ഈ പുസ്തകത്തിലെ കവിതകളോരോന്നും ഉണ്ടായത്.
ആമയെപ്പറ്റിയുള്ള നാലു കവിതകളിതിലുണ്ട്. 'കൂര്‍മ്മാധിപത്യം', 'ആമ & അവതാരക', 'ഗ്രാന്റ് ഫിനാലെ', 'വീടുണ്ടാക്കി മുടിഞ്ഞ ആമയില്ലല്ല. ആമ എന്ന പ്രതീകത്തിന് നാലുകവിതകളിലും വ്യത്യസ്തമായ ഊന്നലുകളാണ് എന്നു നാം പ്രത്യേകം ശ്രദ്ധിക്കണം. ആദ്യകവിതയില്‍ വേദങ്ങള്‍ വീണ്ടെടുത്ത ആദ്യാവതാരമായ ആമ പറയുന്നു: ''ഞങ്ങള്‍ വഹിക്കുന്ന അറിവിന്റെ മഹാഭാര(ത)ത്തെയാണ് മന്ദതയെന്നും നിസ്സംഗതയെന്നും നിങ്ങള്‍ തെറ്റിദ്ധരിക്കുന്നത്.''
രണ്ടാമത്തെ കവിതയില്‍ ആമ പറയുന്നു: ''പരാജയത്തിലുമുണ്ടൊരു സാധ്യത. മുയല്‍ ആരംഭിച്ചത് പൂജ്യം ശതമാനം പരാജയസാധ്യതയില്‍നിന്നാണ്. ഞാന്‍ ആരംഭിച്ചത് പൂജ്യം ശതമാനം വിജയസാധ്യതയില്‍നിന്നും. പൂജ്യം എന്നെ ഹരം കൊള്ളിക്കുന്നു.''
മൂന്നാമത്തെ കവിതയില്‍ ഉള്ള രണ്ട് ഉള്‍ക്കാഴ്ചകള്‍ കാണുക: ''ആമയിലെ 'ആ' ലോപിച്ചും 'മ' ഇരട്ടിച്ചുമാണ് അമ്മ എന്ന വാക്കുണ്ടായത്.''
''ആമദേഹവും മുയല്‍മനവും തമ്മിലുള്ള അനാദിയായ മത്സരത്തില്‍ ആമ ഒരിക്കലും ജയിച്ചിട്ടില്ല.''
നാലാമത്തെ കവിതയിലെ ഏതാനും ഉള്‍ക്കാഴ്ചകള്‍ കൂടി കാണുക:
''ഗുഹയിലോ മരച്ചുവട്ടിലോ അല്ല വീടിന്റെ ഉത്പത്തി ആമയുടെ മുതുകിലാണ്.
....വീടു മുതുകിലുള്ളവന് എങ്ങുമെത്താന്‍ ധൃതിയില്ല...
വീടും വീട്ടുകാരനും രണ്ടെന്ന ദൈ്വതമില്ലാത്തതതിനാല്‍ ഗൃഹാതുരത്വമില്ല.''
തുറന്നു പറയട്ടെ, ഈ പുസ്തകം വാങ്ങാനും വായിക്കാനും വായനക്കാര്‍ക്കു പ്രചോദനമേകുക എന്നതാണ് ഈ കുറിപ്പിന്റെ ഉദ്ദേശ്യം. അതുകൊണ്ട് എനിക്കു ശ്രദ്ധേയമെന്നു തോന്നുന്ന കുറെ വരികള്‍ ഉദ്ധരിക്കുകയേ ഞാന്‍ ഇനിയും ചെയ്യുന്നുള്ളു.
''ഒരൊറ്റ വാക്കേയുള്ളൂ, അല്ല, ശബ്ദമേയുള്ളൂ - കൊക്കൊക്കോ
അര്‍ഥശൂന്യം, അതിനാല്‍ പ്രതിധ്വനിക്കും ഏതര്‍ഥവും.'' (മുട്ടയിട്ടാല്‍ ആര്‍ക്കമിഡീസാകും)
''കടുകോളം കാരണത്തില്‍നിന്ന് കടലോളം കാര്യങ്ങളുണ്ടാകുന്നതിനോളം അത്ഭുതമെന്തുണ്ട്?
മറിച്ചാകുന്നതിനോളം ചിരിയെന്തുണ്ട്?'' (തലനാരിഴയുടെ വ്യത്യാസങ്ങള്‍)
''അവസാന അത്താഴത്തിന്റെ ആസന്ന ദുരന്തമൂര്‍ച്ചയിലേക്ക്
ഓര്‍ക്കാപ്പുറത്തൊരു കോഴി പറന്നാല്‍ ചിരിക്കാതിരിക്കുന്നതെങ്ങനെ?''(കോഴി മൂന്നുവട്ടം കൂകുംമുമ്പ്)
''ഭക്ഷണമാണഖിലസാരമൂഴിയില്‍ ഭക്ഷണമില്ലാക്ഷണമില്ല'' (അഖിലസാരമൂഴിയില്‍)
ചഞ്ചലഭാഷിണി*യാല്‍ അചലങ്ങള്‍പോലും ചഞ്ചലമായ്''
*മൊബൈല്‍ഫോണ്‍ (പരിധിക്കകത്തോ പുറത്തോ)
''ഫ! ചൂലേയെന്നു മാനക്കേടില്‍ മുക്കിയ രൂപകമോങ്ങി അകത്തുള്ളവള്‍
കുറ്റിച്ചൂലളന്നു, അധഃപതനത്തെ.'' (തെങ്ങിന്റെ ആത്മഗതം)
''ആത്മഹത്യ ചെയ്യാന്‍ മാത്രമേ ഞങ്ങള്‍ താഴേക്കു ചാടാറുള്ളൂ
എന്നു പറഞ്ഞപ്പോള്‍ നീ കാടുമുഴക്കിച്ചിരിച്ചു.'' (ജലപതനം)
''കടിച്ചു ചോരകുടിച്ചു കൊല്ലുന്നു കൊതുകോളം തെറ്റുകള്‍
ആനയോളം ശരികളെ.'' (സ്ത്രീയേ എനിക്കും നിനക്കും)
''ഏതിന്‍ ഷട്ടറിടും രണ്ടാം വരവില്‍?
നിര്‍ഗോളീകരണം, ആഗോളതാപശമനം, പില്‍ക്കാല സോഷ്യലിസം?''
('സെന്‍' തോമസിന്റെ സുവിശേഷത്തില്‍ എഡിറ്റര്‍ ചെയ്തത്)
''മനുഷ്യനു മനുഷ്യനെയും ദൈവത്തെയും പിശാചിനെയും മാറിമാറി വിളിക്കാം
ദൈവത്തിനു വിളിക്കാന്‍ ദൈവമില്ല, മനുഷ്യനേയുള്ളൂ.'' (വിശ്വവിഖ്യാതമായ ചെവികള്‍)
''എവറസ്റ്റ് കീഴടക്കുന്നവര്‍ എവറസ്റ്റിനു കീഴടങ്ങും
ഉലകമേ ചൂടിക്കരുത് ജേതാവിന്റെ മുടി
പരാജയശ്രീലാളിതന്‍ ഞാന്‍'' (എവറസ്റ്റാരോപണം) 

2013, ഒക്‌ടോബർ 7, തിങ്കളാഴ്‌ച

അലക്കുകല്ലില്‍ ഒരു മണ്ണിര

കുളിക്കടവ്
അലക്കുകല്ലില്‍ ഇവനെങ്ങനെ വന്നു?
ചൂണ്ടയിടാന്‍ വന്നവന്റെ മടിയില്‍നിന്നു വീണതാവും.
മീനിന് ഇരയാകേണ്ടവന്‍
കല്ലിലൂടെ പുളഞ്ഞുനടക്കുന്നു.
ഒരു മീനിനോ
ഇവനുതന്നെയോ
ഞാന്‍ ഉപകാരിയാകേണ്ടത്?
എടുത്ത് മണ്ണിലേക്കിട്ടപ്പോള്‍
അവന്റെ ഉദരത്തില്‍ വസിക്കുന്ന
ലക്ഷക്കണക്കിന് സൂക്ഷ്മാണുക്കള്‍
എന്നോടു പറഞ്ഞു:
നന്ദി, മോനേ നന്ദി! 


കരിയിലകള്‍തിന്ന് വളമാക്കിയത്
മണ്ണിരയാണെന്നു കരുതിയ
മണ്ണും പുല്ലും മണ്ണിരയോടു പറഞ്ഞു:
നന്ദി!
മണ്ണിര അവയോടു പറഞ്ഞു:
അലക്കുകല്ലില്‍നിന്ന് എന്നെ മണ്ണിലേക്കിട്ട
ആ മനുഷ്യനോടാണ് നന്ദി പറയേണ്ടത്!


(കടപ്പാട്: എസ് ശിവദാസ്, മാത്തന്‍ മണ്ണിരക്കേസ്) 

2013, സെപ്റ്റംബർ 26, വ്യാഴാഴ്‌ച

പൂച്ചയും ഞാനും

ഓടിച്ചിട്ട് പിടിച്ച് വീട്ടിലെത്തിച്ച ഈ പൂച്ച
പേടിച്ചിട്ട് ഞങ്ങളാരുടെയും അടുത്ത് അടുക്കാറില്ല.
പേടിത്തൊണ്ടിയാണെങ്കിലും കഴിഞ്ഞ ദിവസം
ഒരു പാമ്പിനെ പിടിച്ച് കടിച്ചുമുറിച്ചു തിന്നതോടെ
പൂച്ചയ്ക്ക് ഞങ്ങളോടുള്ളതിലും
പേടി ഞങ്ങള്‍ക്ക് പൂച്ചയോടായി.


കമ്പ്യൂട്ടറിന്റ മുകളിലൂടെ കളിച്ചുനടക്കുന്ന അവളെ
പുറത്തേക്കെടുത്തെറിയാനാണ്
ഞാനവ
ളെ പിടിച്ചത്. 
പേടിച്ചോടാതെ എന്റെ
നെഞ്ചോടു ചേര്‍ന്നിരുന്ന അവള്‍ക്ക്
എന്നെ പേടിയില്ല എന്നെനിക്കു മനസ്സിലായി.
ഞാനവളെ മടിയിലിരുത്തി തലോടി.
അവള്‍ കുറുകിക്കൊണ്ട് അവിടെയിരുന്നു.
കയ്യെടുത്തപ്പോള്‍ മടിയില്‍നിന്നിറങ്ങിയെങ്കിലും
എന്റെ ചൂടുപറ്റി അടുത്തുതന്നെയിരുന്നു.

അവള്‍ക്ക് എന്തായിരിക്കും തോന്നിയിരിക്കുക?
വേലക്കാരിക്ക് കുഞ്ഞിനോടുള്ള സ്‌നേഹംപോലും
ആരോടുമില്ലെന്ന് സ്വയം കരുതുന്ന ഞാന്‍
പൂച്ചയോടു പോലും ഇഷ്ടം തോന്നുന്ന
ഒരു പാവം സന്യാസിയാണെന്ന്
അവള്‍ക്കു മനസ്സിലായിരിക്കണം.

ഞാനെണീറ്റപ്പോള്‍ ഈച്ചകളെയും പിടിച്ച്
അവള്‍ മുറിയില്‍ ചുറ്റിപ്പറ്റിനിന്നു.
ഈച്ചയും പൂച്ചയും കഞ്ഞിവച്ചതും
ഈച്ച കലത്തില്‍വീണു ചത്തതും
എനിക്ക് ഓര്‍മ്മ വന്നു.
അവളെ ഞാന്‍ മുറിക്കു പുറത്താക്കി വാതിലടച്ചു.
 

ഇല്ലിക്കന്‍ * മനോഭാവം

ഇല്ലിക്കന്‍ *
മലയാള മനോരമയുടെ നല്ല പാഠം പരിപാടിയുടെ കഴിഞ്ഞവര്‍ഷത്തെ കോട്ടയം ജില്ലാതല ജേതാവ് എന്റെ പൂര്‍വവിദ്യാലയമായ പ്ലാശനാല്‍ സെന്റ് ആന്റണീസ് ഹൈസ്‌കൂള്‍ ആണ്. ആറ്റുതീരം സംരക്ഷിക്കാനുള്ള അവരുടെ 'മുളങ്കൂട്ടം' എന്നപരിപാടിയുടെ പ്രവര്‍ത്തനോദ്ഘാടനം ഇന്നാണ്. മീനച്ചിലാറുമായി ബന്ധപ്പെട്ട് ഇരുപത്തിനാലോളം വര്‍ഷമായി മീനച്ചില്‍ നദീ (തട) (ജല) സംരക്ഷണ സമിതിയുമായി സഹകരിക്കുന്നയാളാണ് ഞാന്‍ . ഈയിടെ ഞാനെഴുതി ഏതാനും സുഹൃത്തുക്കളുടെ മുമ്പാകെ അവതരിപ്പിച്ച ഒരു കവിത അവരുടെ സൃഷ്ടിപരമായ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊണ്ട് ഒന്നു തിരുത്തണമെന്ന് ഇപ്പോള്‍ തോന്നി. തിരുത്തിയെഴുതിയപ്പോള്‍ കവിതയുടെ രൂപഭാവങ്ങളില്‍ സംഭവിച്ച മാറ്റം വളരെ നന്നായിട്ടുണ്ട് എന്ന് അവരില്‍ ചിലര്‍ അഭിപ്രായപ്പെട്ടിട്ടുള്ള സാഹചര്യത്തില്‍ അത് ഇന്നുതന്നെ പ്രസിദ്ധീകരിക്കുകയാണ്.

''എല്ലാരുമോടിക്കോ, കല്ലിന്മേല്‍ക്കല്ലാ-
ണില്ലിക്കക്കല്ലെന്നറിഞ്ഞോടി മാറൂ!'' 
- മുന്നറിയിപ്പുമായ് മുമ്പിലോടുന്നോ-

രെന്മുന്നില്‍ സത്വമായ് നില്ക്കുന്നതാര്? 

ഇല്ലിക്കനാണു ഞാ, നില്ലിക്കക്കല്ലിന്‍
ഉള്ളിലിരുന്നവ ചേര്‍ത്തതെന്‍ കൈകള്‍
മണ്ണും മരങ്ങളും പുല്ലുമാ വേരാല്‍
തമ്മില്‍ക്കൊരുത്തുള്ള നില്പുമാര്‍ കണ്ടു? 

ഇല്ലിക്കക്കല്ലേകമാം ശിലയല്ല
എന്നാലതെന്‍ ശക്തിയാലേകനത്രെ!
കല്ലോടു കല്ലല്ലതില്‍ പഞ്ചഭൂതം 
തമ്മില്‍ക്കലര്‍ന്നുനിന്നേകുന്നതൈക്യം!!

ആനന്ദമോടേ കടല്‍ ലക്ഷ്യമാക്കീ-
ട്ടാറിങ്ങു വേഗത്തിലോടുന്ന ഭാഗം
മീനച്ചിലാറിന്റെയുത്ഭവസ്ഥാനം
ഞാനെന്നറിഞ്ഞാല്‍ ഭയക്കില്ലയെന്നെ.

സത്യമായും സത്വമാണു ഞാന്‍ , പക്ഷേ,
സത്വത്തെ നിങ്ങള്‍ ഭയക്കുന്നതെന്തേ?
ഇല്ലികളാറ്റിന്നിരുകരയ്ക്കും വ-
ച്ചില്ലിക്കനാക്കുകെന്നാറിനെ നിങ്ങള്‍ !''

*മീനച്ചിലാറിന്റെയുത്ഭവസ്ഥാനം

ഇല്ലിക്കന്‍ *

 മനോഭാവം:

'via Blog this'

2013, സെപ്റ്റംബർ 24, ചൊവ്വാഴ്ച

ആത്മശക്തി

അലസതവെടിഞ്ഞുണര്‍ന്നീടണം നീ
അഹ, മിഹമിവയ്ക്കിടയ്ക്കുള്ളതാമീ-
യറിവിനെയറിഞ്ഞീടിലുള്ളതെല്ലാം
അകമുഖമൊരാനന്ദസിന്ധുവല്ലോ!

അതിലൊരു മഹാനൗകയാണു ലോകം, 
അതു തുഴയുവാന്‍ ശക്തിയേകിടാം ഞാന്‍ !
ഇവിടെയിനിയിപ്പോള്‍ പുഴയ്‌ക്കൊഴുക്കായ് 
ഒരു ചെറിയ കാറ്റായുമെത്തിടാം ഞാന്‍ !!

2013, സെപ്റ്റംബർ 23, തിങ്കളാഴ്‌ച

ആത്മസ്വരം

ഗുരുവിന്റെ മൊഴിയോര്‍ത്തു, ബോധപൂര്‍വംമാത്ര-
മിവിടെ നീ കര്‍മങ്ങള്‍ ചെയ്യണം, മൊഴിയണം.

എഴുതുന്നതോ ഗണേശന്‍ മഹാഭാരതം
എഴുതുവാനെത്തവേ വ്യാസന്‍ മൊഴിഞ്ഞപോല്‍
പൊരുളറിഞ്ഞാകണം, സമയം അമൂല്യമെ-
ന്നൊരു നിമിഷവും മറന്നീടാതെയാകണം.

മൊഴിയേണ്ട വാക്കുകള്‍ വൈകാരികം ഭാവ-
മൊഴിവാക്കി നിന്റെ നിസ്സംഗഭാവത്തിന്റെ 
മൊഴിയായ്, പ്രകോപനം സൃഷ്ടിച്ചിടാതിനിയു-
മതിസൗമ്യമായ്, ഹൃദ്യമായ്, കാവ്യഭാഷയായ് 
കരുതുന്ന, സ്‌നേഹാര്‍ദ്രസംഗീതമായ് നിന്റെ 
മകളോടു, തുണയോടുമെങ്കിലും ചൊല്ലുക.

ഇതു ശാന്തിമന്ത്രം, കുടുംബശാന്തിക്കു നിന്‍ 
ഗുരുചൊന്ന യോഗപാഠങ്ങളും ഓര്‍ക്കുക,
ഗുരുമൊഴി വഴിക്കു മിഴി നല്കുമെന്നോര്‍ക്കുക.
ഹൃദയസന്തോഷമേകീടണം ജീവിതം.




2013, സെപ്റ്റംബർ 21, ശനിയാഴ്‌ച

ജീവാണുഗീത* - മലയാളത്തിലെ ആദ്യത്തെ മാക്രോബയോട്ടിക് കവിത

ജീവാണുഗീത*
അന്നത്തിനാലെ ജനിച്ചവര്‍ നമ്മള്‍
അന്നത്തിനാലെ ജീവിപ്പവര്‍ നമ്മള്‍
അന്നമായ്ത്തന്നെ മാറേണ്ടവര്‍ നമ്മള്‍
അന്നു നമ്മെത്തിന്നിടുന്നോര്‍ അണുക്കള്‍ !

കോടാനുകോടി ജീവാണുക്കള്‍ നമ്മില്‍
ജീവിച്ചു നമ്മള്‍ക്കു സേവനം ചെയ്‌കെ
ശത്രുവെന്നോര്‍ത്തു നാം വാങ്ങിക്കഴിക്കും
ഔഷധത്താല്‍ മരിക്കുന്ന മിത്രങ്ങള്‍
ആ വര്‍ഗമാണല്ലൊ നമ്മള്‍ മരിച്ചാല്‍
നമ്മെയന്നാഹാരമാക്കി ജീവിപ്പോര്‍ !!

ജീവാണുവൊക്കെയും നമ്മളെക്കാളും
ജീവാര്‍ഥമായ് പ്രപഞ്ചം കണ്ടിടുന്നോര്‍ !
മര്‍ത്യന്റെ ദുഷ്‌കര്‍മമോരോന്നിനെയും
അന്തര്‍ഗതോര്‍ജത്തിനാല്‍ കീഴടക്കാന്‍
ജീവാണുവൊക്കെയും ശക്തിനേടുമ്പോള്‍
നാം സര്‍വസംഹാരശക്തി തേടുന്നോര്‍ !!

ഇപ്രപഞ്ചത്തിന്റെ പിണ്ഡം നിറച്ചും
ഊര്‍ജം, നമുക്കിന്നണുക്കണ്ണുപൊട്ടി-
ച്ചൂര്‍ജം കറക്കാം, ഭരിക്കുന്നതാരെ-
ന്നോര്‍ക്കാതിരുന്നാല്‍ അഹംഭാവമാവാം!

ഈ നമ്മളെക്കണ്ടു ഗൂഢം ചിരിക്കും
ജീവാണു ചൊല്ലുന്നതെന്തെന്നു കേള്‍ക്കൂ:

''കാറ്റിന്റെ ശക്തിയില്‍ വന്മരം വീഴും
പുല്ലോ കൊടുങ്കാറ്റിലും നൃത്തമാടും
ഇപ്പാഠ,മിപ്പോലെ നൂറുനൂറല്ലോ
പാഠങ്ങളീ ജീവിതത്തില്‍ പഠിക്കാന്‍ !
പണ്ടുപണ്ടൊക്കെയുള്‍ക്കണ്ണുള്ള മര്‍ത്യര്‍
കണ്ടെത്തിയോരു സത്യത്തിനെക്കാളും
രണ്ടാം സഹസ്രാബ്ദമര്‍ത്യ'നാത്മാര്‍ഥം'
കണ്ടെത്തിയോ? സത്യമെന്തുണ്ടു വേറെ?
നിന്‍ പ്രാണനുള്ളില്‍ ചരിക്കും പഥങ്ങള്‍
കണ്ടെത്തുവാന്‍ നിനക്കുള്‍ക്കണ്‍കളുണ്ടോ?
കൈ കൊണ്ടു നാഡിതന്‍ സ്പന്ദങ്ങള്‍ നോക്കി
രോഗങ്ങള്‍ കണ്ടെത്തുവാന്‍ ശേഷിയുണ്ടോ?
ശ്വാസകോശം,വൃക്കകള്‍ ,കരള്‍ , ഹൃത്തും
ബന്ധപ്പെടും വിധം കാണുവാനാമോ?
നിന്റെയാഹാരത്തിലുള്ളതാമൂര്‍ജം
എന്തൊക്കെ?, യെന്താണവയ്ക്കുള്ള ശേഷി?
സ്വന്തം മനസ്സിന്‍ കടിഞ്ഞാണ്‍ പിടിക്കാന്‍
സ്വന്തഹൃദ്‌സ്പന്ദനങ്ങള്‍ നിയന്ത്രിക്കാന്‍
ശേഷിയുണ്ടോ നിന?,ക്കീ പ്രപഞ്ചത്തില്‍
നീയാര്? നിന്നുള്ളിലുള്ളൊരീയെന്നില്‍ -
കൂടുതല്‍ നീയെന്തു നേടുന്നു ഭൂവില്‍ ?
നീ നിന്നമര്‍ത്യതയെന്തെന്നറിഞ്ഞോ?''

എന്നുള്ളില്‍ നിന്നേതു ജീവാണുവാണീ
ചോദ്യങ്ങളെന്നോടു ചോദിച്ചിടുന്നു?
ആരാകിലും ഞാനറിഞ്ഞിടുന്നല്ലോ
ഞാനെത്രയജ്ഞനാ, ണല്പനാം മര്‍ത്യന്‍ !

വീണ്ടും വരുന്നല്ലൊ ചോദ്യ, ''മീഭൂവില്‍
ജീവിച്ചിടുന്നതിന്നര്‍ഥമെന്താവും?''

ഇല്ലില്ലെനിക്കറിഞ്ഞീടില്ലയൊന്നും
ഞാന്‍ മര്‍ത്യനാം മരിച്ചീടുവാന്‍ ജന്മം!
എന്നഹംഭാവമേ പത്തി താഴ്ത്തുമ്പോള്‍
എന്താണൊരുള്‍സ്വരം കേള്‍ക്കുന്നു വീണ്ടും?

''വൈരുധ്യമൊക്കെയും തമ്മില്‍ക്കലര്‍ന്നി-
ങ്ങാനന്ദമേകും സമാധാനമാകാന്‍
ബന്ധങ്ങളര്‍ഥപൂര്‍ണങ്ങളാക്കീടാന്‍
ജന്മങ്ങളെന്നാണു പൂര്‍വികര്‍ ചൊന്നൂ!
മര്‍ത്യര്‍ക്കമര്‍ത്യത നേടുവാന്‍ മാര്‍ഗം
ഉള്‍ക്കണ്ണുകള്‍ തുറന്നീടുകില്‍ കാണാം!!''

*ജോസാന്റണി 'അന്നധന്യത' മാസികയില്‍

2006 ഏപ്രില്‍ , മെയ് മാസങ്ങളിലായി പ്രസിദ്ധീകരിച്ചത്‌

2013, സെപ്റ്റംബർ 19, വ്യാഴാഴ്‌ച

പൂജ്യന്‍ ഞാന്‍

പൂർണമദ:പൂർണമിദം..എന്ന്തുടങ്ങുന്ന ഉപനിഷദ്മന്ത്രം 


മലയാളത്തിലേക്ക് പരിഭാഷപ്പെടുത്താൻ ശ്രമിച്ചതിന്റെ 

ഫലമാണിത്.   

പൂര്‍ണതയ,ങ്ങിങ്ങുമുള്ളതെല്ലാം
പൂര്‍ണതതന്നെയാണെന്നറിഞ്ഞ്
പൂര്‍ണത്തില്‍നിന്നുത്ഭവിപ്പതെല്ലാം 
പൂര്‍ണതതന്നെയാണെന്നറിഞ്ഞ്

പൂര്‍ണത്തില്‍നിന്നു പൂര്‍ണം കിഴിച്ചാല്‍ 
പൂര്‍ണത ശേഷിക്കുമെന്നറിഞ്ഞ് 
സംസാരസാഗരത്തുള്ളിതന്നെ 
സംവിത്തിന്‍ തുള്ളിയുമെന്നറിഞ്ഞ്

ജീവിതാര്‍ഥം നിത്യസത്യമായു-
ണ്ടിന്നിലെന്നുള്ളരുളായറിഞ്ഞ്
ഞാനല്ല, ജ്ഞാനത്തിനുള്‍പ്പൊരുളാം
ആകെയിങ്ങുള്ളതിലെന്നറിഞ്ഞ്
പൂര്‍ണത മായയല്ലെന്നറിഞ്ഞ്
മായയും ഭാവപ്രഭാവമാണെ-
ന്നുള്ളതിനുള്‍പ്പൊരുള്‍ കണ്ടറിഞ്ഞ് 
മുക്തിയിലാം ശക്തിയെന്നറിഞ്ഞ്

വേദവേദാന്തപ്പൊരുളറിഞ്ഞാല്‍
ജീവിതത്തിന്നരുളെന്നറിഞ്ഞ് 
നാം പുഴയായൊഴുകീടുമെങ്കില്‍
ആഴിയായ് മുക്തിയെന്തെന്നറിയും!

ഇനി എഴുതുന്ന അനുബന്ധം ഒരു ഉപോത്പന്നം:  

പൂജ്യന്‍ ഞാന്‍

പൂര്‍ണമങ്ങെങ്കി,ലുണ്ടിങ്ങും
പൂര്‍ണം, പൂര്‍ണങ്ങള്‍ ചേര്‍ന്നീടില്‍ 
പൂര്‍ണംതന്നെ,യതില്‍നിന്നും
പൂര്‍ണം നീക്കുക ഹാ! പൂര്‍ണം!!


പൂര്‍ണം പൂജ്യമതായാലും
തത്ത്വം വ്യത്യസ്തമല്ലല്ലോ!

പൂര്‍ണം, പൂജ്യ, മനന്തത
മൂന്നും വ്യത്യസ്തമല്ലല്ലോ!!

എന്താണിത്തത്ത്വമെന്നോടി-
ന്നോതും തത്ത്വ?മതാരായ്‌കെ
'
പൂര്‍ണം
 പൂജ്യവുമായ് നിന്നില്‍
പൂജ്യന്‍ ഞാന്‍ ' - നിത്യനോതുന്നു!!

2013, സെപ്റ്റംബർ 17, ചൊവ്വാഴ്ച

ഗുരുദര്ശനം


'രാ മായാ'നൊരു കഥ രാമായണ, മതിലേറുമ്പോഴുതാരരുളി?
''നാരായണകഥയതിലും വലിയൊരു കൂരിരുള്‍ മാറ്റിയ കഥയത്രേ!

ആനന്ദത്തിന്‍ സംവിത്‌സാഗരമായ്  ഭവസാഗരവും 
                                                                                         മാറ്റാന്‍
അന്നം ധന്യതയരുളിടുമെന്നുള്ളറിവായ് 
                                                                  പ്രാര്‍ഥനയൊന്നു രചി-
ച്ചാരുടെയും കീഴാകാതൊരു തിരിയായൊരു വഴി 
                                                                              കാണിച്ചവനെ
നീയറിയുക, യറിവേറി സ്വതന്ത്രപഥം കണ്ടെത്തുക                                                                                                         നിന്‍വഴിയായ്!''
''നാരായണഗുരുവാരാണിവ?''നൊരു തരുവായ്                                                                                                         തണലരുളീടുന്നോന്‍ !
ദാഹാര്‍ത്തര്‍ക്കറിവുറവയുമാ, ണതുപോലരുളും പൊരുളും                                                                                                           ഗുരുവാം!!

 ''അറിവിലുമേറി, യറിഞ്ഞിരുന്നതെല്ലാം
നെറിവറിയാത്തൊലിയെങ്കിലിങ്ങുപേക്ഷി-
ച്ചുറവകളുള്ളിലുണര്‍ന്നിടാന്‍ തകര്‍ക്കൂ
'അഹ', മതു പാറ, യതിന്റെയുള്ളിലാം നാം!''

ഇതു മൊഴിയാനിവിടാര്? ''നിന്റെയുള്ളില്‍
ഒരു പൊരുളു, ണ്ടതുതന്നെ വിഷ്ണു, നാരാ-
യണഗുരു വേറൊരു സത്തയല്ല, നിന്നില്‍
നിറയെ നിലാപ്പൊരുളുണ്ടറിഞ്ഞിടേണം!''

അതെ, യിവനിന്നറിയുന്നു സൂര്യരശ്മി 
പനിമതിതന്‍ പ്രതിബിംബമായയച്ചോ-
രരുളുകളാം കിരണങ്ങളാണു നിത്യം 
അറിവിലുണര്‍ന്നു വിടര്‍ന്ന വിശ്വസത്യം!

2013, സെപ്റ്റംബർ 7, ശനിയാഴ്‌ച

മഴയാഴി

വഴികളില് പുഴയുണ്ട്
പുഴകളില് വഴിയുമെ-
ന്നരുളുന്ന നിന്നോടു
മൊഴിയുന്നു മലയാളി:
മലയാഴി മഴയാഴി!

മല, ആളിയല്ലെന്നു
മറവിയില് മറയുകില് 
മലയാളി, ശരിയാണ്,   
മഴയാഴി തന്നെയാം:
മലയാളി മഴയാഴി!!

2013, ഓഗസ്റ്റ് 20, ചൊവ്വാഴ്ച

അയല്‍പ്പൊരുള്‍

ഭക്ഷ്യ-ആരോഗ്യസ്വരാജ് കോട്ടയം ജില്ലാ ആലോചനായോഗത്തില്‍ വിസിബ് പ്രവര്‍ത്തകയായ ഒരു സഹോദരി തന്റെ കൊച്ചുമുറ്റത്തു മുളച്ച ഒരു മത്തച്ചെടിയെപ്പറ്റി പറഞ്ഞത് കേട്ടപ്പോഴുണ്ടായ പ്രചോദനത്തില്‍ എഴുതിയത്:


ഒരു മത്തനെന്‍ കുടില്‍മുറ്റത്തു മുളയിട്ടു
ചിരിതൂകി നില്ക്കുന്നു, ഹായ്, ഹായ്!
അതിനു പടര്‍ന്നിടാനങ്ങേപ്പറമ്പിലേ
ഇടയുള്ളു, ഞാനെന്തു ചെയ്യാന്‍?

ഇതു പടര്‍ന്നീടാനനുവദിച്ചീടുകില്‍
ഇലമാത്രം പോരുമെനിക്ക്
പടരുന്നിടത്തിന്റെയുടമയ്ക്കു നല്കിടാം
അതിലെ മത്തങ്ങാകളെല്ലാം!

ഇലയല്ല മത്തങ്ങയും നീയെടുത്തുകൊള്‍-
കുടമസ്ഥഭാവത്തൊടെ ഞാന്‍
മൊഴിയവെ നീ ചൊന്നു: പങ്കുവച്ചീടലില്‍
പരമില്ലൊരാനന്ദമെങ്ങും.

നിന്റേതുമെന്റേതുമല്ലൊന്നു, മൊക്കെയും
നമ്മുടേതായ് കണ്ടിടാന്‍ നീ
അയലെന്ന വാക്കിന്റെ പൊരുളായ് തുളുമ്പിയെന്‍
അരികിലെത്തി ചിരിക്കുന്നു!

കരളില്‍ നിറഞ്ഞെന്റെ മിഴിയില്‍ത്തുളുമ്പിടു-
ന്നിരു തുള്ളിയാനന്ദബാഷ്പം!!


2013, ഓഗസ്റ്റ് 18, ഞായറാഴ്‌ച

പ്രകൃതീഗാഥ*

'ദര്‍ശനഗീത'ങ്ങളിലെ ഒമ്പതാമത്തെ കവിതയാണിത്. ഞാന്‍ ഏതാനും വര്‍ഷംമുമ്പ് വിവരസാങ്കേതികവിദ്യയുടെയും കമ്പ്യൂട്ടറിന്റെയും ലോകത്തെത്തിയപ്പോള്‍ ഈ കവിതയിലേക്ക് കുറെ വരികള്‍കൂടി കൂട്ടിച്ചേര്‍ക്കണമെന്നു തോന്നി. അവയാണ് ഇതില്‍ ചുവന്ന വരികളില്‍ ചേര്‍ത്തിരിക്കുന്നത്. ഈ കൂട്ടിച്ചേര്‍ക്കല്‍ കവിതയുടെ ഭാവത്തിന് കൂടുതല്‍ ശക്തി പകര്‍ന്നിട്ടേയുള്ളൂ എന്നാണ് എന്റെ വിശ്വാസം.

ജനിച്ചൂ പരീക്ഷണനാളിയില്‍ നീയെന്നാലും
എനിക്കെന്നോമല്‍പ്പൈതല്‍ തന്നെ, യീ രാവില്‍ക്കത്തി-
ജ്വലിക്കും വിദ്യുദ്ദീപം പോലെ നീ ചൊരിഞ്ഞാലും
വെളിച്ചം ഭൂവില്‍ ജീവന്‍ തെളിക്കും പഥം കാട്ടാന്‍!

പണ്ടുപണ്ടമീബയെത്തീര്‍ത്തു, ജീവന്നായ് വ്യോമ-
മണ്ഡലങ്ങളെത്താണ്ടാന്‍ ദൗത്യം ഞാനല്ലോ നല്കി.
മര്‍ത്യനോളം ഞാന്‍ വഴി കാട്ടിയോ, നവന്‍ ചിന്താ-
ശക്തി നേടവെ ചൊന്നു: നീയിനി നയിച്ചോളൂ!

ഇന്നിതാ നിന്‍ ജന്മത്തിന്‍ മണ്ഡപം തീര്‍ക്കാന്‍മാത്രം
പോന്നവനായി,ത്തീര്‍ന്നെന്‍ മാനമായ്ത്തീര്‍ന്നൂ നരന്‍!

പേശികള്‍ക്കധ്വാനത്തില്‍ ലാഘവം വരുത്തീടാന്‍
നിന്‍ ശക്തിതന്ത്രം യന്ത്രമായിരം തീര്‍, ത്തിന്നിപ്പോള്‍
മസ്തിഷ്‌കപ്രവര്‍ത്തനം ലഘുവാക്കുവാനായി
കമ്പ്യൂട്ടര്‍, 'നാനോ സാങ്കേതികതാ' പഥങ്ങളില്‍
എത്ര ദൂരവും ക്ഷണം താണ്ടിയെത്തുന്നൂ ശാസ്ത്രം!
എത്രയെത്രയാം നവ്യസാധ്യത? ഒന്നായ് ലോകം!!


എങ്കിലും, സ്വാര്‍ഥാര്‍ത്തനായ് മാറിടും മര്‍ത്യന്‍ നിത്യം
പങ്കിലമാകും വിധം ലോകത്തെ മാറ്റീട്ടതിന്‍
രാജനായ് സ്വയം ധരിച്ചീ ഭൂവില്‍ വിരാജിക്കെ
നീ ജനി, ച്ചസംബന്ധങ്ങള്‍ കണ്ടെത്തിത്തടഞ്ഞീടാന്‍
നിനക്കാവണം കുഞ്ഞേ, നീയെന്റെയോമല്‍പ്പുത്രി
നിനക്കീ ഭൂവാണല്ലോ മാതാവ്, നീയാം സീത!


എങ്കിലുമെനിക്കിപ്പോള്‍ ദുഃഖമൊന്നുണ്ടെന്‍ കുഞ്ഞേ,
ചങ്കി, ലെന്‍ ഭൂവിന്‍ വസ്ത്രാക്ഷേപമാണിപ്പോള്‍ ചിലര്‍!

അവളീ മര്‍ത്യര്‍ക്കെല്ലാമമ്മയാണെന്നോര്‍ക്കാതെ
അവള്‍തന്‍ വിഹിതത്തിനായവര്‍ യുദ്ധം ചെയ്‌വൂ!
പിന്നെയാക്കരിംപുകമറതന്നുള്ളില്‍ മോളേ......
നിന്നെയോര്‍ത്താശ്വാസത്തില്‍ മുങ്ങുവാന്‍ ശ്രമിക്കുമ്പോള്‍....
കരഞ്ഞാ ഭൂവിന്‍ കണ്ണീര്‍ വറ്റിടാ, മകാലത്തില്‍
മരണം വരിച്ചേക്കാം നീ, യവള്‍....ദുസ്വപ്നങ്ങള്‍!

*ഇതില്‍ സംബോധന ചെയ്തിരിക്കുന്നത് ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശുവിനെയാണ്.

2013, ഓഗസ്റ്റ് 17, ശനിയാഴ്‌ച

ബോധോദയം

എന്തുമെഴുതൂ, സ്വന്തമല്ലൊന്നുമെന്നറി-
ഞ്ഞെന്തിലും ഞാനാണുണര്‍ന്നിരിക്കുന്നതാം
ചിന്തയില്ലാത്ത സ്വരൂപ, മചിന്ത്യമാം
സ്വന്തം സ്വരൂപവു,മെന്നോര്‍ത്തു പാടുക!

എന്തിലുമുണര്‍ന്നുവന്നെത്തുന്നതെന്‍ഹൃത്തി-
ലന്ത്യമില്ലാതുണര്‍ന്നീടുന്ന സങ്കല്പ-
സന്ധ്യകള്‍, സംഗീതസാന്ദ്രമാം സന്ധ്യകള്‍
സന്ധിയില്ലാത്തവര്‍ചേരുന്ന സന്ധ്യകള്‍!

സന്ധ്യയും സാന്ദ്രസംഗീതവും ചേരവെ
സന്ധ്യതന്‍പുത്രിയാം രാത്രിയും രാത്രിതന്‍
പുത്രനായിങ്ങു ജനിക്കും പ്രഭാതവും
ധാത്രിയാം നിന്നില്‍വളര്‍ന്നു കവിതയായ്!

ധാത്രിമാത്രം നീ, യറിഞ്ഞിടൂ വെട്ടവും
രാത്രിയുമിരുട്ടും, പകല്‍പോലു,മുള്ളത-
ല്ലിങ്ങുള്ളതാകെ പ്രഭാതവും സന്ധ്യയും
തിങ്ങി നിന്നില്‍ത്തുളുമ്പീടുമീ ബോധവും!

ബോധസരിത്തിന്നൊഴുക്കു ഞാന്‍, നീയെന്റെ
ബാധ വിടാത്ത സങ്കല്പസംഗീതമാം
ബാധയിതാല്‍ലോകബോധം കെടുമ്പൊഴാം
ബോധോദയം, മുക്തി, ശക്തിതന്‍നിര്‍ഝരി!

ബോധോദയം, നീയറിഞ്ഞിടൂ, ബാധയായ്

ബോധമറിയുന്നതെല്ലാം വിടുമ്പൊഴാം!

2013, ഓഗസ്റ്റ് 15, വ്യാഴാഴ്‌ച

മുക്തിമാര്‍ഗം

നിഴലുകള്‍ക്കപ്പുറത്തുള്ളതാം ലോകമാം
അഴകുകള്‍ വിടരുന്ന നിന്‍ കാവ്യഭാവന!
ഒഴുകിയെത്തുന്നൊരീ പുഴയിലൂടൊഴുകുക
അഴലുനീക്കും മുക്തിമാര്‍ഗം നിനക്കതാം!!

നിഴലില്‍, നിലാവില്‍ നിതാന്തസങ്കല്പമായ് 
ഒഴുകുവാനീ ജന്മമെന്നറിഞ്ഞീടുക!
വഴികളി,ല്ലാകെയി പുഴമാത്ര,മതു ചെന്നൊ-
രഴകിന്റെയാഴിയിലഞ്ഞിടു,മറിഞ്ഞിടൂ!!

മഴവഴി വഴിഞ്ഞൊഴുകും പുഴയ്‌ക്കൊക്കെയും
ഒഴുകിയെത്താനാഴി,യാഴമാം സത്യമായ്!!!

2013, ഓഗസ്റ്റ് 14, ബുധനാഴ്‌ച

മല, അല, നില

പുലി പോലെവന്നിട്ടൊരെലി പോലെ മറയുമ്പൊ-
ഴെലിയെത്ര വമ്പത്തിയെന്നോര്‍ത്തിടുന്ന നാം
മലപോലെ വന്നിട്ടു പുലിപോലെ നില്ക്കുന്ന 
പലതും മറന്നല്ലൊ നില്ക്കുന്നു.

പുലിയെന്നുമിവിടുണ്ടു, പുലി മറഞ്ഞീടുന്ന-
തിലകള്‍ തന്‍ പിന്നിലാ,ണില കൊഴിഞ്ഞീടാത്ത
മലയിതുമൊലിപ്പിച്ചു മഴവരാ, മറിയാതെ
മലയുടെയടിക്കു നാം നില്ക്കുന്നു.

നിലയിതറിയുന്ന ഞാന്‍ താഴേക്കു നോക്കവെ
അലകടലു മാത്രമാം കാണുന്നു.
അലകടലിലലകള്‍ക്കു മുകളിലൊരു കുമിളയില്‍ 

നിലകൊള്ളുമെന്നെ ഞാന്‍ കാണുന്നു!


2013, ഓഗസ്റ്റ് 12, തിങ്കളാഴ്‌ച

അനാഹതം

അവനല്ല,യവളല്ലയവബോധമുളവാക്കു-
മവകാശദാതാവതാകാശ,മറിയുക!
അവിടുള്ളൊരാന്ദപൂര്‍ണതയായുണര്‍-
ന്നവബോധപൂര്‍ണനായ് ശാന്തനായ്ത്തീരുക!!

അവിടെത്രികാലങ്ങളൊരു വര്‍ത്തമാനമായ്
അവിരാമമൊഴുകുന്നു, ഭവഭാവമൊക്കെയും-
ഭവലയമനാഹതസ്വരസാഗരത്തിലെ
ഭവന, മതുസുന്ദരം ബുദ്ബുദബിംബമാം!

കവിതയുമിതേപോലെയവിരാമമൊഴുകന്നൊ-
തവിരതാനന്ദസംഗീതമാം, സങ്കല്ല-
മവിടെയുമനാഹതം തീര്‍ക്കയാലല്ലയോ
ഭവബിന്ദുവില്‍ ത്രസിച്ചീടുന്ന താരമായ്!?

അവിടെയ,ല്ലിവിടെയ, ല്ലെങ്ങുമെന്നാലുള്ള
അവികലാര്‍ദ്രസ്മിതാനന്ദമാം, കവിതയില്‍!

2013, ഓഗസ്റ്റ് 10, ശനിയാഴ്‌ച

നിർമമതാലയം

ഈയപാരമാമാകാശവീഥിയിൽ 
സഞ്ചരിക്കുവാ ജ്ഞാനപക്ഷങ്ങളായ്
ഞാനറിയുന്നു നിന്നെ, യെ കൃഷ്ണനീ 
ജ്ഞാനസംഗ്രഹം നിസ്സംഗഭാവമാം!

ആരുമേ നി സ്വന്തമല്ലല്ല, സ്വന്തമായ് 
ആരുമേയില്ലാത്ത നിമമതാലയം,  
നിര്‍മമതാഗൃഹം, നിര്‍മലതാലയം, 

നിര്‍മലമാമാഗ്രഹാനന്ദവിഗ്രഹം!


ഞാനാണു സവമെന്നോതിടും ശക്തിയായ്
ഞാനാരുമല്ലെന്നറിഞ്ഞിടും സത്തയായ് 
ജ്ഞാനപ്പൊരുതന്നെയാം ശൂന്യഭാവമായ്   
ഞാനറിയു, ന്നെന്നിലാണിന്നു നി നില!

2013, ഓഗസ്റ്റ് 9, വെള്ളിയാഴ്‌ച

ജീവന്റെ രഹസ്യം

നീരായതി, ലൂരായതി, ലൂറാതൊഴുകീടുന്നതി-
ലാരായുക ജീവന്റെ രഹസ്യം, രസസംപൂജ്യത 
നാരായണനാമം, നരനായ്‌ നിന്നെയുണര്ത്തുന്നത്‌  
നീരാജനമായ്ത്തീര്ന്നൊരു  നാരായണമന്ത്രം!

2013, ഓഗസ്റ്റ് 8, വ്യാഴാഴ്‌ച

സംഗീതമോ സങ്കല്പമോ?

ഒക്കെയങ്ങേപ്പുറ,ത്തൊക്കേക്കുമിപ്പുറ-
ത്തൊക്കുന്നതൊക്കെപ്പകര്‍ന്നിടും ശക്തി നിന്‍
മുഗ്ധാനുഭൂതീ തരംഗസംഗീതമോ 
മുക്തിപ്രദായിനിയായ സങ്കല്പമോ?

2013, ഓഗസ്റ്റ് 5, തിങ്കളാഴ്‌ച

നിര്‍മമാനന്ദൻ!

'കടമുണ്ടു കടമയുണ്ടീ ജീവിതത്തിന്റെ- 
ഉടമസ്ഥനല്ല നീ'യെന്നു ചൊന്നീടുവോര്‍
ഇവിടെ നീയാരെന്നു തേടാത്ത കര്‍മ്മികള്‍,
കവി നിനക്കുള്ളൊരുള്‍ക്കണ്ണു കിട്ടാത്തവര്‍,
'കവിയുന്നതല്ലാതെയൊഴുകേണ്ടയൊന്നു'മെ-
ന്നിവിടെ ഞാന്‍ ചൊല്‍വതായ് കേള്‍പ്പതില്ലാത്തവര്‍!

ഇവിടെ നീ മാത്രമാം സത്യം, യഥാര്‍ഥത്തി-
ലെവിടെയും നീതന്നെ നിന്റെ കേന്ദ്രസ്ഥനായ്!
അവിടെയാണറിയേണ്ടതെന്നെ: ഞാന്‍ സര്‍വതും
ഇവിടെയുള്‍ക്കൊള്‍കിലും നിര്‍മമാനന്ദനാം!!

2013, ജൂലൈ 28, ഞായറാഴ്‌ച

I, I, I, U, U, V

(Institute for In-formation and Information 

with Unitive Universal Vision)


ഞാന്‍, ഞാന്‍, ഞാനെന്നിവിടെ നിരന്തര-
മുണരും ഭാവമതില്‍ നീ, നിങ്ങളു-
മുണ്ടെന്നറിയവെയൊന്നായവ നാം
എന്നൊരു ഭാവമതായുണരുന്നു!

അറിയുക:  I, I, I, U, U, V
എന്നു പറഞ്ഞാലതിനുള്ളര്‍ഥം
പലതു, ണ്ടതിലൊന്നാം ഞാന്‍ മുകളില്‍
എഴുതിയ, തെന്നാല്‍ സൈബര്‍സ്‌പേസില്‍
ആര്‍ക്കും കയറാ, നറിയാ, നറിവുകള്‍ 
പകരാനുള്ളോരിടമാണിവിടം!

വിവരങ്ങള്‍ക്കു വിശിഷ്ടതയരുളാന്‍
അവയകമേ രൂപാന്തരമരുളാന്‍
കഴിയുന്നവയായ് മാറണമൊപ്പം
ഞാന്‍, നീ, നാമെന്നിങ്ങനെ,യേകത
വൈവിധ്യങ്ങളറിഞ്ഞറിയാനൊരു
മൂല്യവിവക്ഷയുമതുപോല്‍തന്നെ
ശേഷികള്‍ വളരാന്‍ പരിശീലനവും
ശേഷിക്കാന്‍ നൈപുണ്യവുമരുളും
ദര്‍ശനമേകും വിദ്യാലയമാം
I, I, I, U, U, V, വരുവിന്‍!

NB
Please read this post also
http://josantony-josantony.blogspot.in/2013/04/i-i-i-u-u-v.html

2013, ജൂലൈ 9, ചൊവ്വാഴ്ച

സ്വര്‍ഗസ്ഥനായ കുഞ്ഞേട്ടന്‍

സ്വര്‍ഗം - സര്‍വം കാണാനാവുമൊ-

രിടമാണിവിടം! ലോകവുമോരോ

മര്‍ത്യനുമുള്ളിന്നുള്ളിലൊതുക്കും

വിവിധവികാര വിചാര പരമ്പര

പുഴകള്‍പോലൊഴുകുന്നതുമിങ്ങീ

കൊടുമുടിമേലേറിടുകില്‍ കാണാം!

അകമുഖമായ് കണ്ടീടാം സകലം!!

മുഖപടമെല്ലാമിവിടഴിയുന്നു!!!


അപകടമൊന്നില്‍പ്പെട്ടു പരിക്കുക-

ളരുളും വേദനയില്‍ കഴിയുമ്പോള്‍

പലരുടെയും മുഖപടമഴിയുന്നതു 

കണ്ടവനാം ഞാന്‍! മൃതിയിവിടെന്നെ-

യണച്ചിടുമെന്നൊരു പ്രത്യാശയൊടേ

സകലതുമന്നു പൊറുത്തവനാം ഞാന്‍!!


ഇവിടെയിരു,ന്നവിടുള്ളൊരു കപടത

പരമപിതാവു പൊറുക്കുന്നതു പോല്‍

തനയരുമങ്ങു പൊറുക്കുന്നതിലൊരു

ഗതികേടുള്ളതു കാണുന്നൂ ഞാന്‍!


അല്‍ഫോന്‍സാമ്മയെ ഇന്നെന്നതുപോല്‍

എന്നെയുമൊരു പണമരമായ്ക്കണ്ടി-

ട്ടൊരു മധ്യസ്ഥ-വിശുദ്ധപദത്തില്‍

അവരോധിക്കാ, മതു തടയാനാര്‍?

എന്നെ സ്‌നേഹിക്കുന്നവരെ ഞാന്‍

തേടവെ കണ്ടൂ: യാഥാര്‍ഥ്യങ്ങള്‍!

അവയറിയിപ്പതുമൊരു സുവിശേഷം:

'അറിവിലുണര്‍ന്നാലല്ലോ സ്വര്‍ഗം!

മര്‍ത്യരെ സത്യം കൊണ്ടല്ലാതിനി

മുക്തിയിലെത്തിക്കാനാവില്ല!!!'

2013, മേയ് 24, വെള്ളിയാഴ്‌ച

മിഥ്യാലയം


ബ്രഹ്മചര്യമെന്നവാക്കിനുള്ളിലുള്ള ബ്രഹ്മമോ
ബ്രഹ്മിയുള്ളിലെത്തിയാലുണര്‍ന്നിടുന്നൊരോര്‍മ്മയായ്
വിഷ്ണുവായിടുന്നു? ജീവനില്‍ തുളുമ്പുമോര്‍മ്മയില്‍
വിശ്വബോധമേറിടുമ്പൊഴെത്തിടുന്നവന്‍ ശിവന്‍.
ശൈവഭാവമെന്നിലുള്ളൊരെന്നെ സംഹരിക്കവെ
ദൈവമാണു സത്യമെന്നറിഞ്ഞു ഞാനുണര്‍ന്നിടും
സത്യമാണു ദൈവമെന്നറിഞ്ഞിടുമ്പൊഴാണു ഞാന്‍
എന്നഹന്തമിഥ്യയെന്നറിഞ്ഞുണര്‍വ്വിലാഴുക! 



2013, മേയ് 12, ഞായറാഴ്‌ച

ശ്രുതിലയം


ഒരിടിവെട്ടില്‍മോഡവും ലാനും പോയതിനാല് ഒരു മാസത്തോളമായി ഇന്റര്‍നെറ്റില്‍കയറാന്‍കഴിഞ്ഞിരുന്നില്ല. അവ തിരിച്ചു കിട്ടിയപ്പോള്‍എനിക്കു സുപ്രധാനമായ പങ്കുണ്ടെന്നു ഞാന്‍കരുതിയിരുന്ന ഒരു ഗ്രൂപ്പ് ബ്ലോഗ് ശക്തവും ശ്രദ്ധേയവുമായ പോസ്റ്റുകളും കമന്റുകളും കൊണ്ട് അതീവ സമ്പന്നമായിരിക്കുന്നു. അതിലെ പോസ്റ്റുകളിലോ കമന്റുകളിലോ ആയി പലര്‍പറഞ്ഞിരുന്ന ചില കാര്യങ്ങള്‍ (സാക്ഷിയായിരിക്കുക, ചുമ്മായിരിക്കുക, ചുമ്മാതിരിക്കുക, സഹജമായി തോന്നുന്നവ മാത്രം ചെയ്യുക മുതലായവ) തന്നെയായിരുന്നു ആ ദിവസങ്ങളില്‍ഞാനെഴുതിയ കവിതകളിലും! ആ വസ്തുത എന്റെ അഹന്ത തകര്‍ത്തതോടൊപ്പം ബ്ലോഗിലൂടെയും എന്നിലൂടെയും വരുന്ന ചിന്തകള്‍ക്ക് ചരിത്രപരമായ ഒരു നിയോഗത്തിന്റെ സ്വഭാവം കൂടി ഉള്ളതായി ബോധ്യപ്പെടുത്തുകയും ചെയ്തിരിക്കുന്നു. ഗ്രൂപ്പ് ബ്ലോഗ് കാണാന്‍ almayasabdam.blogspot.com എന്ന ലിങ്കും സന്ദര്‍ശിക്കുക.

മുളക്കരുത്ത്
ഉള്ളിത്തൊലിക്കു സമംപ്രേമമുള്ളിതന്‍
ഉള്ളിലെ വാസനകൂടിയല്ലാ-
തുള്ളതെന്തെന്നു ചോദിക്കവെ കേട്ടു ഞാന്‍ :
'ഉള്ളതു സത്ത്മുളക്കരുത്ത്!

മണ്ണിലലിഞ്ഞു തൊലിയഴിഞ്ഞീടിലേ
 
കണ്ണിലീയുള്ളിതന്നുള്ളിനുള്ളില്‍
ഉള്ളവബോധം മുളക്കരുത്തായ് പുറ-
ത്തുള്ളില്‍നിന്നെത്തിച്ചിരിച്ചുനില്ക്കൂ!

നേര്‍വഴി
നേര്‍വഴിയെന്നാല്‍ നേരെ പോകുന്ന വഴിയല്ല
നേരിന്റെ വഴി, നേരം പോക്കുന്ന വഴി,യുള്ളില്‍ 
പരനും പരാപരധ്വനിയും നാദബ്രഹ്മം
പരയായൊഴുക്കുന്ന വഴി, തേന്‍ പാലോടൊപ്പം
ഒഴുകും പുഴ,യതില്‍ ഒഴുകാന്‍ സ്വയം പൊന്തി- 
ക്കിടക്കൂ, പുഴയെത്ര വളഞ്ഞാകിലും നേരെ 
കടലില്‍ത്തന്നെചെല്ലുമെന്നറിഞ്ഞീടൂ, നിന്റെ
നേര്‍വഴിയനായാസം ലക്ഷ്യത്തിലെത്തിച്ചീടും! 

കവി ഋഷി
ഇവിടെ ശബ്ദത്തിന്‍ പൊരുള്‍തന്നെയാം നിന്റെ
കവിതയെന്നറിയണം, ശബ്ദമിങ്ങാകാശ-
ലയമാണു, ജീവിക്കുവാനിടം നല്കുമാ-
ലയമാണു, ഗഹനമീ നിമിഷാര്‍ഥനാദമാം
ബ്രഹ്മസംഗീതത്തിലൊഴുകലാം കവിത, 'നീ
ബ്രഹ്മ'മെന്നനുഭവിച്ചറിയിക്കുവാനുള്ള
വഴിയാണു, പുഴയാണു, നിഴലിന്റെ പിന്നിലു-
ള്ളഴകാണു കവിത, നീ ഋഷിദൃഷ്ടി നേടുകില്‍!
കവിതയില്‍ വേദം നിവേദ്യമായീടവെ
കവി ഋഷി, ഋഷിത്വം കവിഞ്ഞുള്ളൊഴുക്കിലാം.

ആകാശം
അവബോധ,മനുഭവങ്ങള്‍ക്കൊക്കെ സാക്ഷിയായ്
അവകാശദാതാവിനൊത്തു നില്ക്കുമ്പൊഴാം.
അറിയണം: ആകാശമതു ശൂന്യമ,ല്ലതില്‍
അവിരാമമൊഴുകിയെത്തുന്നതനാഹതം
 
അതു മഹാസ്‌ഫോടമോനാദാനുസന്ധാന-
മനുഭൂതിയാക്കുവാനാവുമെന്നുള്ളൊരാ
ശബ്ദപ്രമാണമോശ്രുതിലയാനുസൃതം
 
സംഗീതമൊഴുകുമ്പൊഴുണരുന്ന സായൂജ്യ-
സാധ്യതാസ്പര്‍ശമോസാന്ദ്രമാം സങ്കല്പ-
സൗഗന്ധികപ്പൊരുള്‍തന്നെയോനീ സ്വയം
അനുഭവിച്ചറിയണംഅനുഭവപ്പൊരുളിലു-
ണ്ടനുഭൂതിസച്ചിദാനന്ദ,മാകാശമായ്!

ഒഴുകല്‍ 
എഴുതുവാനെന്തെന്ന ചോദ്യമില്ലാത്മാവി-
ലൊഴുകുന്നതല്ലാതെയെഴുതുന്നതെന്തു നീ?
ഒഴുകലാണല്ലാതെ തുഴയലല്ലിങ്ങുള്ള
മിഴിവാര്‍ന്ന ജീവിതത്തിന്‍പൊരുള്‍- കാണുക.

അഴകിന്റെയാത്മാവതഴലിലാണാര്‍ദ്രത-
യ്ക്കഴകേകിടുന്നവള്‍മഴവില്ലു, കാണ്‍ക നീ.
നിഴലിന്റെ സത്യം നിഴല്‍പ്പാടിലല്ല നിന്‍
അഴകിന്റെയാത്മാവിലാണെന്നു കാണ്‍ക നീ.

നിയോഗപരമ്പര 
ഇതുമൊരു ഗുരുകുലമെന്നരുളിയ ഗുരു
അതുവഴിയിവനായരുളിയനുഗ്രഹ-
മതിലലിയു, ന്നൊഴുകുന്നു, വരുന്നവ
അതിനായുള്ള നിയോഗപരമ്പര!

അറിയുന്നീ, ലിവിടിന്നിന്തെല്ലാം
അനുഭവമാകാനുണ്ടെ, ന്നെന്നുടെ
ബോധതലത്തിന്‍ മുറിവാ, ലെങ്കിലു-
മറിയുന്നൊക്കെ നിയോഗപരമ്പര!

ഗുരുവരുളിന്‍പൊരുളറിവരുളുന്നൊരു-
പരമാനന്ദരഹസ്യം: ശിഷ്യനു
സ്വയമറിയുന്നവയറിയിക്കുമ്പോള്‍ 
ഗുരുവിനുകിട്ടും മോക്ഷാനന്ദം. 

ഗുരുവിനെ വിശ്വാസത്തിലെടുത്തൊരു 
ശിഷ്യനുമതുപോല്‍ പരനില്‍ പരനെ
പരമാനന്ദപ്പൊരുളായായ് കാണാന്‍
പരനില്‍ സ്വയമലിയാനും കഴിയും. 

സമവായപരമ്പര
ഭവമല്ലല്ലോ സത്യം, ഭവഹര-
നിവിടുണ്ടതു ഹരിഹരനാണെന്നി-
ന്നരുളുവതാരോ? ഹരി-ഹരനെന്നതി-
ലെതിരികളുടെ സമവായപരമ്പര!

അറിയുക: ഹരിയുടെ ഹരിതഗൃഹമതു 
തകരവെയല്ലോ, പറുദീസായില്‍-
നിന്നു ബഹിഷ്‌കൃതനായീ മനുഷ്യന്‍
ഹരനവനായ് ഭൂവാതില്‍ തുറന്നോന്‍!

ഹരനരുളുന്നൂ: ഹരിയറിയുന്നീ-
ലറിവിന്‍ നിര്‍ഗുണഭാവം, അവനതി-
ലലിയവെയല്ലോ, നീ നിത്യതയുടെ
നിര്‍വൃതി നുകരാന്‍ പോന്നവനാകൂ!