2016, മാർച്ച് 22, ചൊവ്വാഴ്ച

മാര്‍ഗദര്‍ശനം


മുപ്പതു വര്‍ഷം മുമ്പ് എഴുതിയ ഒരു കവിത 

 അതേപടി പകര്‍ത്തുകയാണ്.



ഒരു കൊടുമുടിയുടെയടിയില്‍ക്കൂ-
ടിരു പടയണി തുള്ളി നടപ്പൂ
ഇരു ദിശകളിലെങ്കിലുമെപ്പൊഴു-
മൊരു വഴിയേ ഉഴറിനടപ്പൂ!
കരപംക്തികളുയരുന്നൂക്കില്‍!
നുര പതയുകയല്ലോ വാക്കില്‍!!
സിരകളിലോ ചോരയുമതുപോല്‍
നുരയുംപടിയാണൊഴുകുന്നു.

കൊടുമുടിയുടെയുത്തുംഗതയില്‍
പടകള്‍വിട്ടേറിയ ചിലരാം
അവരവിടെയിരുന്നരുളുന്നു
ഇവിടേക്കു വരൂ ജനപദമേ
ഭ്രമമാണീ പിന്തുടരല്‍വഴി
ഭ്രമണത്തില്‍പ്പെടുവാന്‍ കാര്യം!

ഒരു ഭ്രമണപഥത്തില്‍ത്തന്നെ
ഇരു ദിശകളിലായി ഗമിപ്പോര്‍
ഇരു കൂട്ടരുമൊരുപോല്‍ നിത്യവു-
മിരു വട്ടം തമ്മില്‍ കാണ്മൂ
ഇടയിടെയിരു പടകളുമങ്ങി-
ങ്ങടിപിടി കൂടുന്നൂ വഴിയുടെ
ദിശയെച്ചൊ, ന്നതുകണ്ടല്ലോ
മുിയില്‍നിന്നൊരുവനിറങ്ങി.

അവനൊരു പടയണിയുടെ മുമ്പേ
കയറിനടന്നഭിമുഖമങ്ങേ
പടവന്നൊരു നേരം മറ്റൊരു
ഗതി നോക്കി നടന്നുതുടങ്ങി.

പുതുവഴിയില്‍ മുള്ളുകള്‍, കുറ്റി-
ച്ചെടികള്‍, പാമ്പുുകളും കല്ലും!
ഇതുവഴിപോക്കൊരുഗതികേടെ-
ന്നരുളുന്നു, പലര്‍ പിരിയുന്നു.

അതിലൊട്ടും മനമുലയാതാ
മലയേറിയിറങ്ങിയണഞ്ഞോന്‍
പറയുന്നു: പഴയവഴിക്കും
ദിശകളിലും കുറെ നാള്‍കൂടി
ഭ്രമണമിവര്‍ തുടരും, നാമതി-
ലതിയായ് ഖേദിക്കുകവേണ്ടാ.

പുതുവഴിയേ പോകുന്നവരേ
മലമുകളില്‍ ചെല്ലുകയുള്ളു
പുതുമനമോടല്ലാതങ്ങോ-
ട്ടൊരു പുതുവഴി വെട്ടാന്‍ വയ്യ.
പുതുവഴി വെട്ടാനധികം
പൊതുജനമുണ്ടാവുകയില്ല.
ഇതുമോര്‍, ത്തൊരുമനമൊടെ പോരൂ
മലമുകളില്‍ നാമെത്തീടും!

ഭ്രമണപഥം വിട്ടൊരുനാളില്‍
മല കയറും സകലരു, മതിനായ്
പുതുവഴി വെട്ടീടുക നമ്മള്‍!
പൊതുവഴി വെട്ടീടുക നമ്മള്‍!!

2016, മാർച്ച് 1, ചൊവ്വാഴ്ച

സ്വന്തമല്ലൊന്നുമെന്നനുഭവിച്ചറിയവേ

(സ്ഥലകാലബോധങ്ങള്‍ തന്മാത്രയാകുന്ന-
തൊരു മഹാദുഃഖമെന്നോര്‍ത്താണു കണ്ടു ഞാന്‍
'തന്മാത്ര'*, യിന്നു ഞാന്‍ മറവിയും ശക്തിയെ-
ന്നരുളും സുഹൃത്തിന്റെ യുള്‍ക്കാഴ്ചയില്‍നിന്നു
സ്വന്തമല്ലൊന്നുമെന്നനുഭവിച്ചറിയവേ
ഒരു കവിത മുമ്പില്‍: ഇതും ഞാന്‍ കുറിച്ചതാം:

രാവിലും..
ഒരു സ്വപ്നലഹരിയില്‍ സര്‍ഗസങ്കല്പങ്ങ-
ളൊഴുകുന്ന പൂങ്കിനാപ്പുഞ്ചിരിച്ചോലയില്‍,
വെറുതേ വിഷാദാര്‍ത്തഭാവങ്ങളൊക്കെയും
കഴുകുവാനെത്തുന്നു ഞാന്‍, സന്ധ്യയായ്, വരും
ഇനി രാത്രി, കരയില്ല ഞാ,നെന്റെ രാവിലും
കനവുണ്ടു, വരുമല്ലോ താരങ്ങള്‍ ചന്ദ്രനും! 

ബ്ലെസ്സിയുടെ (മോഹന്‍ലാലിന്റെ) സിനിമ