Follow by Email

2016, ജനുവരി 16, ശനിയാഴ്‌ച

ഞാന്‍ നിന്നിലോ നീയെന്നിലോ?

എന്നെയിഷ്ടപ്പെടുന്നത്രെ നീ,യെന്തുകൊ-
ണ്ടെന്നറിയുന്നീല ഞാന്‍ നീ
എന്നിലുണ്ടെന്നതോ നിന്നില്‍ഞാനെന്നതോ
തന്നെയാവും കാര്യ! മെന്നാല്‍,
എന്റെയീസങ്കല്പകാവ്യത്തിലൂടൊന്നു 
സഞ്ചരിച്ചിട്ടു വന്നാട്ടെ: 
http://josantony-josantony.blogspot.in/2013/07/iiiuuv-institute-for-in-formation-and.html  and 
http://josantony-josantony.blogspot.in/2013/04/i-i-i-u-u-v.html2016, ജനുവരി 15, വെള്ളിയാഴ്‌ച

വെറും തവി


ഞാന്‍ കവിയല്ല, വെറും തവിയാം, ന്റെ
ഏകാന്തതാകാന്തരാണിവിടിങ്ങെന്റെ 
വേകാവികാരങ്ങള്‍ വേകുംവരെ, ശോക-
മാകുമശോകത്തണല്‍മരച്ചോട്ടിലായ്!

2016, ജനുവരി 13, ബുധനാഴ്‌ച

ഓര്‍ക്കുക!

കാലസ്ഥലങ്ങള്‍ കടന്നുപോകുന്നു, നാം
കാലത്തിനെല്ലാമതീതമാം ചൈതന്യ-
ധാരയില്‍, നിത്യചൈതന്യാനന്ദ ധാരയില്‍
മുങ്ങിക്കുളിച്ചിങ്ങുണര്‍ന്നവര്‍, ഓര്‍ക്കുക!

2016, ജനുവരി 12, ചൊവ്വാഴ്ച

നിന്നെയറിയാന്‍

ഗാനാര്‍ഥയാത്ര, ഹൃദയാര്‍ദ്രവസന്തതീര്‍ഥ-
സ്‌നാനാര്‍ഥയാത്ര, ചെറുതാരകമങ്ങു വിണ്ണിന്‍
സ്പന്ദം നിറച്ചു ചിരിതൂകവെ, യെന്നിലാടി-
പ്പാടുന്ന നിന്നെയറിയാനൊരു തീര്‍ഥയാത്ര!

2016, ജനുവരി 9, ശനിയാഴ്‌ച

കവിഭാര്യ

നിങ്ങളൊരു പ്രത്യേകജീവി;
സ്‌നേഹിക്കുവാന്‍ നിങ്ങള്‍ക്കറിയില്ല;
പുല്‍ത്തകിടികള്‍ കൊതിച്ചിരുന്ന എന്നെ
നിങ്ങളീ മരുഭൂമിയിലേക്കാണല്ലോ കൂട്ടിക്കൊണ്ടുവന്നത്.
മഹാ കഷ്ടമായിപ്പോയി!

എനിക്കറിയാം:
നിങ്ങള്‍ക്കും ദാഹമുണ്ട്,
സ്‌നേഹിക്കുവാന്‍ മോഹവുമുണ്ട്;
നിങ്ങളില്‍നിന്ന് നര്‍മമൊന്നും
ഒഴുകുന്നില്ലെങ്കിലും ഞാനറിയുന്നു:
ചിരിയില്‍ കുളിച്ചു ജീവിക്കുവാനാണ്
നിങ്ങള്‍ക്കും ആഗ്രഹം!

ജീവിതത്തിന്നര്‍ഥം നല്കുന്നത്
ചിരിയും കളിയുമാണെന്ന് -
നിങ്ങള്‍ക്കും അറിയാം.
പക്ഷേ നിങ്ങള്‍ക്ക് കനലാണു ജീവിതം,
അതിന്റെ ചൂടു സഹിക്കാനാവാതെ നമ്മള്‍
ഉരുകുകയാണ്;
നിങ്ങളും സഹിക്കുകയാണ്!

നിങ്ങളുടെ ചൂടിന്റെ കാരണം
എന്നിലല്ലെന്ന അറിവ് എനിക്ക് അല്പം
തണുപ്പുനല്കുമ്പോഴാണ് ഞാന്‍ കേള്‍ക്കുന്നു:

'സകലതിലുമുണ്ടല്ലൊ രണ്ടു ധ്രുവങ്ങള്‍;
സമമാം ധ്രുവങ്ങള്‍ വികര്‍ഷിച്ചിടട്ടെ!
തിരയാം നമുക്കുള്ളെതിര്‍ധ്രുവം നിത്യം!!'
 

പറയുന്നതാരാണു നിങ്ങളോ, ഞാനോ?

2016, ജനുവരി 8, വെള്ളിയാഴ്‌ച

മുക്തിപ്പൊരുള്‍


എഴുതിടുമ്പൊഴല്ലല്ല,യീ ജോലിയില്‍
മുഴുകി ജീവിച്ചിടുമ്പൊഴാം ജീവിത-
പ്പുഴയിലൂടെ മുക്തിപ്പൊരുള്‍ കാവ്യമായ്
ഒഴുകിയെത്തുന്നതെന്നിന്നറിഞ്ഞു ഞാന്‍!

2016, ജനുവരി 4, തിങ്കളാഴ്‌ച

അസംബന്ധാര്‍ഥം

മുപ്പതു വര്‍ഷം മുമ്പാണ്
ഗുരു നിത്യ ചൈതന്യയതി
സാക്ഷാല്‍ ഇ എം എസ് നമ്പൂതിരിപ്പാടിനെ ചൂണ്ടിക്കൊണ്ട് പറഞ്ഞു:
''ഇത് ഭീഷ്മര്‍!''
 

ഞാന്‍ ചോദിച്ചു: ''അങ്ങ് വ്യാസനും! അല്ലേ?''
അദ്ദേഹം പറഞ്ഞു, ചോദിച്ചു: ''അതേ. നീയോ?''
''ഗണപതിതന്നെ.''
''എന്നാല്‍, കൊമ്പു മുറിച്ച് എഴുതാനിരിക്കൂ.''
''അങ്ങ് മഹാഭാരതം പുനഃസൃഷ്ടിക്കാന്‍ പോകുകയാണോ?''
 

''അല്ല, ഞാന്‍ ഒരു വ്യാഖ്യാതാവുമാത്രം.
ആദിവ്യാസന്‍ എഴുതിവച്ചതിലേറെ എനിക്കൊന്നും പറയാനില്ല.
അദ്ദേഹം ധ്വനിപ്പിച്ച ചിലതൊന്നും
ആരും ഇതുവരെ ഗ്രഹിക്കാത്തതായുണ്ട്.
അതൊക്കെ ഞാന്‍ നിന്നോടൊന്നു പറയാം.
ആദിഗണപതിയെപ്പോലെ നീയും
ഞാന്‍ പറയുന്നതെന്തെന്ന്
വ്യക്തമായി ഗ്രഹിച്ചശേഷമേ എഴുതാവൂ.''

''ശരി.''

''ഞാന്‍ കൗരവരുടെയും പാണ്ഡവരുടെയും പിതാമഹനാണ്.
എന്നാല്‍, എനിക്ക് ഒരിക്കലും അവരാരോടും
യാതൊരു മമതയും ഉണ്ടായിട്ടില്ല.
ഞാന്‍ അവരുടെ കഥ പറഞ്ഞത്
ജീവിതത്തില്‍ ഉളവാകുന്ന മിഥ്യാധാരണകളെയും
അസംബന്ധങ്ങളെയും ചൂണ്ടിക്കാണിക്കാനാണ്.
ഭീഷ്മപ്രതിജ്ഞതന്നെ എടുക്കുക.
ദേവവ്രതന്‍ അച്ഛന്റെ കാമത്തിന്
അരുനിന്നിടത്ത് എന്തു ധര്‍മമായിരുന്നു?
അതിലൂടെ അദ്ദേഹം സ്വന്തം ശക്തിചൈതന്യങ്ങള്‍ക്കും
ഒരു വംശധാരയ്ക്കുതന്നെയും അണകെട്ടുകകൂടിയല്ലേ ചെയ്തത്?
ഒടുവില്‍ അവരുടെ വംശം നിലനിര്‍ത്താന്‍
എനിക്കു ചെയ്യേണ്ടിവന്നതും ധര്‍മൊന്നുമായിരുന്നില്ല. കൗരവര്‍ക്കുവേണ്ടി പടനയിച്ച് അവസാനം
ശരശയ്യയില്‍ ദക്ഷിണായനം കാത്ത് കിടന്ന
ഭീഷ്മര്‍ മഹാത്യാഗിയായിരുന്നെങ്കിലും
എന്തെങ്കിലും ത്യജിച്ചത് സമ്യക്കയായി ആയിരുന്നോ?
സന്ന്യാസമെന്തെന്നറിയാത്ത അദ്ദേഹത്തെ
എങ്ങനെ ആചാര്യനെന്നു വിളിക്കാനാവും?

എന്റെ രക്തത്തില്‍നിന്നുണ്ടായ കൗരവര്‍ക്കോ പാണ്ഡവര്‍ക്കോ
ആ രാജ്യത്തെ ജനങ്ങളെക്കാളുപരി ഉണ്ടായിരുന്നത്
എന്തു രാജ്യാവകാശമായിരുന്നു?
എന്നിട്ടും അവര്‍തമ്മില്‍ യുദ്ധമുണ്ടായി.
യുദ്ധത്തില്‍ കൃഷ്ണന്‍ സ്വീകരിച്ച നിലപാടിലും
അര്‍ജുനനെ ഉണര്‍ത്താനായി കൃഷ്ണന്‍ ചൊല്ലിയ ഗീതയിലും
എന്നെ ആരെങ്കിലും കാണുന്നുണ്ടോ?
യുദ്ധത്തിന്റെ ഫലമായി സംഭവിച്ച മഹാനാശം കണ്ടിട്ടും
മനുഷ്യര്‍ യുദ്ധങ്ങള്‍ തുടരുകയല്ലേ?
എന്റെ ജയം എന്ന കൃതി മഹാഭാരതമായപ്പോള്‍
ഒരു പരാജയമായിപ്പോയോ എന്നു
ഞാനിന്നു സംശയിക്കുന്നു.
അതില്‍ എന്റെ വാക്കുകളെക്കാള്‍
അനേകരുടെ ഒച്ചപ്പാടാണിന്നുള്ളത്.

എനിക്കിപ്പോള്‍ ഇത്രയേ പറയാനുള്ളു.
അസംബന്ധാര്‍ഥം എന്നും അസംബന്ധാര്‍ഥമേ ആയിരിക്കൂ!''

2016, ജനുവരി 2, ശനിയാഴ്‌ച

കാണുക, കാണുക

Visit http://sahryudayasamithi.blogspot.in/2015/12/blog-post_28.html

e-books Centre of Creativity and Culture എന്ന സങ്കല്പം e-books (See See Sea) എന്നു വികസിച്ചതിനെത്തുടര്‍ന്ന്‌ വീണ്ടും വിടര്‍ന്ന് ഒരു കവിതയായത് താഴെ വായിക്കുക:

കാണുക, കാണുക, കടലിതു കണ്ണായ്!
കടലിതിലൊരു ചെറുകുമിളയില്‍ വിശ്വം
പ്രതിബിംബിക്കവെ, കടലാം ഞാനെ-
ന്നുള്ളറിവില്‍ തകരുന്നവയരുളായ്!!

അറിയുക,യറിയുക,യറിവിതിലല്ലാ-
തുറവിടമില്ലിവിടൊന്നിനുമിങ്ങെ-
ന്നുള്ളറിവായ് സ്വയമറിയുക, നിറവായ്
നിര്‍വൃതി നിറയവെ, യറിവതിലലിയൂ!

അറിവതിലലിയുവതില്‍പ്പരമിവിടി-
ല്ലുറവോ നിറവോ എന്നറിയുമ്പോള്‍
ഇന്നിവിടെന്നതിനര്‍ഥമതെന്നും
എങ്ങും നിറയും നീയെന്നാവും!