2015, ജനുവരി 27, ചൊവ്വാഴ്ച

ഞാനും ദൈവവും



ഞാനാരുമൊന്നുമല്ലെന്ന ബോധ്യത്തില്‍നി-
ന്നാണരുള്‍: ''ജ്ഞാനമിങ്ങങ്ങില്‍നിന്നാം''

ഞാനല്ല നീ മാത്രമാണല്ലൊ സത്യമെ-

ന്നുള്ളുണര്‍ന്നീടവെ നീ മൊഴിഞ്ഞു:

''ഞാനല്ല, നീ മാത്രമാം സച്ചിദാനന്ദ

സത്യമായ്, നിത്യനായ്, നിര്‍വൃതിയായ്!''

ആകാശനാദമായെത്തുമാത്മാര്‍ഥമേ

നീയുണര്‍,വാനന്ദധാരയും നീ!

2015, ജനുവരി 24, ശനിയാഴ്‌ച

സ്വപ്‌നസ്ഥനാമെന്റെ താതാ


സ്വപ്‌നസ്ഥനാമെന്റെ താതാ നീയെന്നിലെ
സ്വപ്നരാജ്യത്തിലും വന്നീടണേ!
എന്‍സ്വപ്‌നരാജ്യത്തില്‍ നിന്‍ഹിതമൊത്തുള്ള
നിന്‍ ഭരണം നീ നടത്തീടണേ!!

ഇങ്ങെന്നിലെന്നപോല്‍ സര്‍വചരാചര
സ്വപ്‌നവും നിന്റെ ഹിതാര്‍ഥമാകാന്‍
ദൈവമേ നിന്റെ ചൈതന്യമാം ഞങ്ങള്‍ക്കു
ജീവചൈതന്യമാ,യുള്ളറിവായ്!

ആര്‍ദ്രനാം നീ സ്‌നേഹധാരയായ് ഞങ്ങളില്‍
ക്കൂടൊഴുകീടവെയല്ലയോ ഈ
ഭൂമിയും സ്വര്‍ഗമായീടുക, ഞങ്ങളോ
സ്വര്‍ഗസ്ഥരാം സുതരാകുമപ്പോള്‍!!

2015, ജനുവരി 21, ബുധനാഴ്‌ച

സ്വര്‍ഗസ്ഥനായ പിതാവേ....ധ്യാനാര്‍ഥന

ഒന്ന്

 
അങ്ങേ തിരുഹിതമെന്‍ പിതാവേ
സ്വര്‍ഗത്തിലെപ്പോലെ ഭൂമിയിലും
നിറവേറീടണമെന്നു പ്രാര്‍ഥിക്കുവാന്‍
ഞങ്ങളെ പഠിപ്പിച്ച കര്‍ത്താവേ

ഞങ്ങളില്‍ നിന്‍ ഹിതം നിറവേറുമ്പോള്‍
സന്തോഷമോടതു സ്വീകരിക്കാന്‍
അര്‍പ്പണബുദ്ധിയോടൊത്തു വിവേകവും
അങ്ങയോടുള്ള വിധേയത്വവും
അങ്ങു ഞങ്ങള്‍ക്കു പകരേണമേ. (അങ്ങേ....)

രോഗവും ദുരിതവും കഷ്ടതയും മര്‍ത്യ-
പാപഫലങ്ങളായ് കാണുമ്പൊഴും
ഞങ്ങളിലപ്രിയമുളവാക്കിടുന്നതും
നിന്‍ ഹിതമാകാമെന്നോര്‍മിക്കുവാന്‍
നീ നിന്‍ വിവേകമിങ്ങേകേണമേ. (അങ്ങേ....)

രണ്ട്


അന്നന്നു വേണ്ടുന്നൊരാഹാരമേകണ-
മിന്നെന്നു പ്രാര്‍ഥിച്ച ഞങ്ങളെന്നും
ഞങ്ങളോടു തെറ്റു ചെയ്യുവോരോടൊക്കെ
ഞങ്ങള്‍ ക്ഷമിക്കുംപോല്‍ മാത്രം
ഞങ്ങളോടങ്ങും പൊറുത്താല്‍ മതിയെന്നു
പ്രാര്‍ഥിച്ചതിപ്പൊഴോര്‍ക്കുന്നു!

സോദരര്‍ ചെയ്യുന്ന തെറ്റുകള്‍ക്കൊന്നിനും
മാപ്പുനല്കീടാതെ ഞങ്ങളെന്നും
അര്‍ഥമോര്‍ക്കാതെയാം പ്രാര്‍ഥിച്ച,തങ്ങനെ
ശാപം വലിച്ചുവച്ചിന്നോളം! (അന്നന്നു...)

ബോധപൂര്‍വംമാത്രമിന്നുതൊട്ടര്‍ഥമോര്‍-
ത്തര്‍ഥിക്കാം, ഞങ്ങളറിഞ്ഞിടാതെ
പ്രാര്‍ഥിച്ചതൊക്കെയും നീ ക്ഷമിക്കേണമേ
ഞങ്ങള്‍ പൊറുത്തിടുന്നിന്നെല്ലാം. (അന്നന്നു...) 


http://catholicreformation-kcrm.blogspot.in/2012/03/blog-post_11.html

2015, ജനുവരി 20, ചൊവ്വാഴ്ച

ദൈവപൈതൃകം

''യേശുവിന്‍ കഥ ചൊല്ലിത്തുടങ്ങവെ
യേശുവിന്റെ വംശാവലി, നാമവും
വേദപുസ്തകത്താളിലുണ്ടെങ്കിലും
വേദ്യമായിടുന്നീലെനിക്കിങ്ങവ!

ജോസഫിന്‍ പുത്രനല്ലാത്ത യേശുവിന്‍
വംശമേതാണു? കന്യകാമേരിതന്‍
സൂനുവായൊരെമ്മാനുവേലിന്റെ പേര്‍
യേശുവെന്നായതെങ്ങനെ? പേരതു
ജോസഫിട്ടതെന്നാണല്ലൊ ബൈബിളില്‍!
ജോസഫിട്ട പേര്‍ വേണമോ ബൈബിളില്‍?

എന്തയുക്തികമാ,യസംബന്ധമായ്
അന്ധവിശ്വാസമിങ്ങുറപ്പിക്കുമാ-
റിങ്ങു ദൈവമെന്താണു തന്‍ വാക്കുകള്‍
തങ്ങിടാനിടയാക്കിയീ ഭൂമിയില്‍?''

''വിശ്വമേ തന്‍ കുടുംബമാക്കേണ്ട നാം
വംശമാഹാത്മ്യമെല്ലാം മറന്നിടാന്‍
വിശ്വസിക്കേണ്ട സത്യമോതീടുവാന്‍
യേശുവിന്നസംബന്ധമാം പൈതൃകം!
ദൈവമാണേകതാത, നിങ്ങേവരും
ദൈവപുത്രരാണെന്നതും വിശ്വസി-
ച്ചിങ്ങു സോദരസ്‌നേഹം വളര്‍ത്തണം
എന്നു ചൊല്ലുവാന്‍ യേശു വന്നൂഴിയില്‍!!

രക്ഷതന്‍ മന്ത്രമത്രെ'യെമ്മാനുവേല്‍'
രക്ഷ ദൈവമുണ്ടൊപ്പമെന്നോര്‍ക്കുവോര്‍-
ക്കുള്ളതെങ്ങിന്നു ചൊന്നവന്‍ യേശു, നാം
ഇങ്ങു വിശ്വസിക്കേണമാ വാക്കുകള്‍:

ജീവിതത്തിലിങ്ങാധികള്‍ വ്യാധിയായ്
ജീവിതാസക്തി പോലുമേ രോഗമായ്
മാറിടാതിരുന്നീടുവാന്‍ പാലകന്‍
താതനൊപ്പമുണ്ടെന്നറിഞ്ഞീടണം!
സോദരര്‍ സ്‌നേഹമോടെ ജീവിക്കിലേ
താതനാ പരിപാലനമായിടൂ!!''

2015, ജനുവരി 11, ഞായറാഴ്‌ച

താരക്കവിത




ഒഴുകിയെത്തുന്നു കവിതാമൃത,മിതിന്ദുവില്‍

നിന്നൊഴുകിയെത്തുന്നതല്ല, താരങ്ങളില്‍-

         നിന്നുമണയുന്നതാം - സൂര്യനും താരമെ-

         ന്നിന്നറിയുവോരാണു നാം; താരജാലവും

         എരിയുന്ന ഹൃത്തുള്ളതാണല്ലൊ; നമ്മിലി-

         ന്നണയുന്ന തരിവെളിച്ചം, കെട്ടുപോയതാം

         ഒരു താരദേവനില്‍ നിന്നിങ്ങണഞ്ഞതോ

         ഒരു താരമെന്നിലുണ്ടെന്നതോര്‍മിക്കുവാന്‍!

         എരിയുന്ന ഹൃത്തോടേ ജനനമരണങ്ങളില്‍

         വലയുന്നൊരാത്മാവവയ്ക്കുമുണ്ടാകുമോ?

         തരിവെട്ടമരുളി ജീവിക്കുകില്‍, നാളെ ഞാന്‍

         ഒരു താരമായി പുനര്‍ജനിച്ചീടുമോ?

2015, ജനുവരി 10, ശനിയാഴ്‌ച

താരോപദേശം



എന്റെ മിഴിയില്‍ വന്നണഞ്ഞരു-
ളേകിടുന്നൊരു താരമേ
എന്നു നീ മൃതി പൂകിയെന്നൊരു
ചോദ്യമെന്നിലുണര്‍ത്തി നീ
എന്നൊടരുളു 'ന്നിപ്പൊ'ഴെന്നതി-
ലുണ്ടു ഭുതവുമെന്നു; ഞാന്‍
സത്യമെന്നറിയുന്നതും പല
മിഥ്യകള്‍ കലരുന്നതാം!

2015, ജനുവരി 2, വെള്ളിയാഴ്‌ച

യതിമതി

''യതി മതി - വാക്കുകളില്‍ തുളുമ്പിടുന്നോ-
രരുളറിയാ,നതിലൂടെയാത്മസത്യ-
പ്പൊരുളറിയാ,നതുതന്നെയായി രാവില്‍
ചിരിചൊരിയൂ, 'മതി'യാണു നീ, നിലാവായ്.''
ഗുരു,വരുളിന്‍ പൊരുളായുണര്‍ന്നുവന്നി-
ന്നൊരു വെളിവായി നിനക്കുണര്‍വ്വുനല്കാന്‍
ഇരുപദമന്ത്രമിതോതിടുന്നു, കാണ്മൂ:
പല തലമുണ്ടിതിലും - പദാര്‍ഥജാലം!

പദലയലാസ്യതരംഗതീര്‍ഥമായി-
ങ്ങൊഴുകിവരും കവിതാമൃതോഷ്മളാത്മ-
സ്മിതമതു കാണ്‍കെ മൊഴിഞ്ഞു നീയൊരിക്കല്‍:
'യതി കവിതയ്ക്കനുപേക്ഷണീയമോര്‍ക്കൂ!'

'മതി മതി'യെന്നു പറഞ്ഞു നീയൊരിക്കല്‍.
പ്രഥമപദം 'മതി' ബുദ്ധിയെന്നു ചിന്തി-
ച്ചതുവഴിയോടി, മടുത്തു രാവിലിങ്ങീ
നിഴലിലിരിക്കെ, നിലാവു ചൊന്നു: 'നോക്കൂ
കുളിര്‍മതിയാം മതി, സൂര്യതാപമല്ലാ,
കനിവുണരും കനവെന്നപോലെ നിന്നെ-
തഴുകിയുണര്‍ത്തിയുണര്‍ന്നിരുന്നിടുന്നോള്‍
'മതി മതി'യെന്നതിനര്‍ഥമാണു ചൊല്‌വൂ!

'യതമിയലും യതിവര്യ'നായിടുമ്പോള്‍
യതി കവിതയ്ക്കഴകായി മാറു, മപ്പോള്‍
'യതിമതി'യെന്നതിനര്‍ഥമായി മാറും
'മതി മതി'യെന്നരുളുന്ന കാവ്യമെല്ലാം!