2013, സെപ്റ്റംബർ 26, വ്യാഴാഴ്‌ച

പൂച്ചയും ഞാനും

ഓടിച്ചിട്ട് പിടിച്ച് വീട്ടിലെത്തിച്ച ഈ പൂച്ച
പേടിച്ചിട്ട് ഞങ്ങളാരുടെയും അടുത്ത് അടുക്കാറില്ല.
പേടിത്തൊണ്ടിയാണെങ്കിലും കഴിഞ്ഞ ദിവസം
ഒരു പാമ്പിനെ പിടിച്ച് കടിച്ചുമുറിച്ചു തിന്നതോടെ
പൂച്ചയ്ക്ക് ഞങ്ങളോടുള്ളതിലും
പേടി ഞങ്ങള്‍ക്ക് പൂച്ചയോടായി.


കമ്പ്യൂട്ടറിന്റ മുകളിലൂടെ കളിച്ചുനടക്കുന്ന അവളെ
പുറത്തേക്കെടുത്തെറിയാനാണ്
ഞാനവ
ളെ പിടിച്ചത്. 
പേടിച്ചോടാതെ എന്റെ
നെഞ്ചോടു ചേര്‍ന്നിരുന്ന അവള്‍ക്ക്
എന്നെ പേടിയില്ല എന്നെനിക്കു മനസ്സിലായി.
ഞാനവളെ മടിയിലിരുത്തി തലോടി.
അവള്‍ കുറുകിക്കൊണ്ട് അവിടെയിരുന്നു.
കയ്യെടുത്തപ്പോള്‍ മടിയില്‍നിന്നിറങ്ങിയെങ്കിലും
എന്റെ ചൂടുപറ്റി അടുത്തുതന്നെയിരുന്നു.

അവള്‍ക്ക് എന്തായിരിക്കും തോന്നിയിരിക്കുക?
വേലക്കാരിക്ക് കുഞ്ഞിനോടുള്ള സ്‌നേഹംപോലും
ആരോടുമില്ലെന്ന് സ്വയം കരുതുന്ന ഞാന്‍
പൂച്ചയോടു പോലും ഇഷ്ടം തോന്നുന്ന
ഒരു പാവം സന്യാസിയാണെന്ന്
അവള്‍ക്കു മനസ്സിലായിരിക്കണം.

ഞാനെണീറ്റപ്പോള്‍ ഈച്ചകളെയും പിടിച്ച്
അവള്‍ മുറിയില്‍ ചുറ്റിപ്പറ്റിനിന്നു.
ഈച്ചയും പൂച്ചയും കഞ്ഞിവച്ചതും
ഈച്ച കലത്തില്‍വീണു ചത്തതും
എനിക്ക് ഓര്‍മ്മ വന്നു.
അവളെ ഞാന്‍ മുറിക്കു പുറത്താക്കി വാതിലടച്ചു.
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ