2013, സെപ്റ്റംബർ 26, വ്യാഴാഴ്‌ച

പൂച്ചയും ഞാനും

ഓടിച്ചിട്ട് പിടിച്ച് വീട്ടിലെത്തിച്ച ഈ പൂച്ച
പേടിച്ചിട്ട് ഞങ്ങളാരുടെയും അടുത്ത് അടുക്കാറില്ല.
പേടിത്തൊണ്ടിയാണെങ്കിലും കഴിഞ്ഞ ദിവസം
ഒരു പാമ്പിനെ പിടിച്ച് കടിച്ചുമുറിച്ചു തിന്നതോടെ
പൂച്ചയ്ക്ക് ഞങ്ങളോടുള്ളതിലും
പേടി ഞങ്ങള്‍ക്ക് പൂച്ചയോടായി.


കമ്പ്യൂട്ടറിന്റ മുകളിലൂടെ കളിച്ചുനടക്കുന്ന അവളെ
പുറത്തേക്കെടുത്തെറിയാനാണ്
ഞാനവ
ളെ പിടിച്ചത്. 
പേടിച്ചോടാതെ എന്റെ
നെഞ്ചോടു ചേര്‍ന്നിരുന്ന അവള്‍ക്ക്
എന്നെ പേടിയില്ല എന്നെനിക്കു മനസ്സിലായി.
ഞാനവളെ മടിയിലിരുത്തി തലോടി.
അവള്‍ കുറുകിക്കൊണ്ട് അവിടെയിരുന്നു.
കയ്യെടുത്തപ്പോള്‍ മടിയില്‍നിന്നിറങ്ങിയെങ്കിലും
എന്റെ ചൂടുപറ്റി അടുത്തുതന്നെയിരുന്നു.

അവള്‍ക്ക് എന്തായിരിക്കും തോന്നിയിരിക്കുക?
വേലക്കാരിക്ക് കുഞ്ഞിനോടുള്ള സ്‌നേഹംപോലും
ആരോടുമില്ലെന്ന് സ്വയം കരുതുന്ന ഞാന്‍
പൂച്ചയോടു പോലും ഇഷ്ടം തോന്നുന്ന
ഒരു പാവം സന്യാസിയാണെന്ന്
അവള്‍ക്കു മനസ്സിലായിരിക്കണം.

ഞാനെണീറ്റപ്പോള്‍ ഈച്ചകളെയും പിടിച്ച്
അവള്‍ മുറിയില്‍ ചുറ്റിപ്പറ്റിനിന്നു.
ഈച്ചയും പൂച്ചയും കഞ്ഞിവച്ചതും
ഈച്ച കലത്തില്‍വീണു ചത്തതും
എനിക്ക് ഓര്‍മ്മ വന്നു.
അവളെ ഞാന്‍ മുറിക്കു പുറത്താക്കി വാതിലടച്ചു.
 

ഇല്ലിക്കന്‍ * മനോഭാവം

ഇല്ലിക്കന്‍ *
മലയാള മനോരമയുടെ നല്ല പാഠം പരിപാടിയുടെ കഴിഞ്ഞവര്‍ഷത്തെ കോട്ടയം ജില്ലാതല ജേതാവ് എന്റെ പൂര്‍വവിദ്യാലയമായ പ്ലാശനാല്‍ സെന്റ് ആന്റണീസ് ഹൈസ്‌കൂള്‍ ആണ്. ആറ്റുതീരം സംരക്ഷിക്കാനുള്ള അവരുടെ 'മുളങ്കൂട്ടം' എന്നപരിപാടിയുടെ പ്രവര്‍ത്തനോദ്ഘാടനം ഇന്നാണ്. മീനച്ചിലാറുമായി ബന്ധപ്പെട്ട് ഇരുപത്തിനാലോളം വര്‍ഷമായി മീനച്ചില്‍ നദീ (തട) (ജല) സംരക്ഷണ സമിതിയുമായി സഹകരിക്കുന്നയാളാണ് ഞാന്‍ . ഈയിടെ ഞാനെഴുതി ഏതാനും സുഹൃത്തുക്കളുടെ മുമ്പാകെ അവതരിപ്പിച്ച ഒരു കവിത അവരുടെ സൃഷ്ടിപരമായ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊണ്ട് ഒന്നു തിരുത്തണമെന്ന് ഇപ്പോള്‍ തോന്നി. തിരുത്തിയെഴുതിയപ്പോള്‍ കവിതയുടെ രൂപഭാവങ്ങളില്‍ സംഭവിച്ച മാറ്റം വളരെ നന്നായിട്ടുണ്ട് എന്ന് അവരില്‍ ചിലര്‍ അഭിപ്രായപ്പെട്ടിട്ടുള്ള സാഹചര്യത്തില്‍ അത് ഇന്നുതന്നെ പ്രസിദ്ധീകരിക്കുകയാണ്.

''എല്ലാരുമോടിക്കോ, കല്ലിന്മേല്‍ക്കല്ലാ-
ണില്ലിക്കക്കല്ലെന്നറിഞ്ഞോടി മാറൂ!'' 
- മുന്നറിയിപ്പുമായ് മുമ്പിലോടുന്നോ-

രെന്മുന്നില്‍ സത്വമായ് നില്ക്കുന്നതാര്? 

ഇല്ലിക്കനാണു ഞാ, നില്ലിക്കക്കല്ലിന്‍
ഉള്ളിലിരുന്നവ ചേര്‍ത്തതെന്‍ കൈകള്‍
മണ്ണും മരങ്ങളും പുല്ലുമാ വേരാല്‍
തമ്മില്‍ക്കൊരുത്തുള്ള നില്പുമാര്‍ കണ്ടു? 

ഇല്ലിക്കക്കല്ലേകമാം ശിലയല്ല
എന്നാലതെന്‍ ശക്തിയാലേകനത്രെ!
കല്ലോടു കല്ലല്ലതില്‍ പഞ്ചഭൂതം 
തമ്മില്‍ക്കലര്‍ന്നുനിന്നേകുന്നതൈക്യം!!

ആനന്ദമോടേ കടല്‍ ലക്ഷ്യമാക്കീ-
ട്ടാറിങ്ങു വേഗത്തിലോടുന്ന ഭാഗം
മീനച്ചിലാറിന്റെയുത്ഭവസ്ഥാനം
ഞാനെന്നറിഞ്ഞാല്‍ ഭയക്കില്ലയെന്നെ.

സത്യമായും സത്വമാണു ഞാന്‍ , പക്ഷേ,
സത്വത്തെ നിങ്ങള്‍ ഭയക്കുന്നതെന്തേ?
ഇല്ലികളാറ്റിന്നിരുകരയ്ക്കും വ-
ച്ചില്ലിക്കനാക്കുകെന്നാറിനെ നിങ്ങള്‍ !''

*മീനച്ചിലാറിന്റെയുത്ഭവസ്ഥാനം

ഇല്ലിക്കന്‍ *

 മനോഭാവം:

'via Blog this'

2013, സെപ്റ്റംബർ 24, ചൊവ്വാഴ്ച

ആത്മശക്തി

അലസതവെടിഞ്ഞുണര്‍ന്നീടണം നീ
അഹ, മിഹമിവയ്ക്കിടയ്ക്കുള്ളതാമീ-
യറിവിനെയറിഞ്ഞീടിലുള്ളതെല്ലാം
അകമുഖമൊരാനന്ദസിന്ധുവല്ലോ!

അതിലൊരു മഹാനൗകയാണു ലോകം, 
അതു തുഴയുവാന്‍ ശക്തിയേകിടാം ഞാന്‍ !
ഇവിടെയിനിയിപ്പോള്‍ പുഴയ്‌ക്കൊഴുക്കായ് 
ഒരു ചെറിയ കാറ്റായുമെത്തിടാം ഞാന്‍ !!

2013, സെപ്റ്റംബർ 23, തിങ്കളാഴ്‌ച

ആത്മസ്വരം

ഗുരുവിന്റെ മൊഴിയോര്‍ത്തു, ബോധപൂര്‍വംമാത്ര-
മിവിടെ നീ കര്‍മങ്ങള്‍ ചെയ്യണം, മൊഴിയണം.

എഴുതുന്നതോ ഗണേശന്‍ മഹാഭാരതം
എഴുതുവാനെത്തവേ വ്യാസന്‍ മൊഴിഞ്ഞപോല്‍
പൊരുളറിഞ്ഞാകണം, സമയം അമൂല്യമെ-
ന്നൊരു നിമിഷവും മറന്നീടാതെയാകണം.

മൊഴിയേണ്ട വാക്കുകള്‍ വൈകാരികം ഭാവ-
മൊഴിവാക്കി നിന്റെ നിസ്സംഗഭാവത്തിന്റെ 
മൊഴിയായ്, പ്രകോപനം സൃഷ്ടിച്ചിടാതിനിയു-
മതിസൗമ്യമായ്, ഹൃദ്യമായ്, കാവ്യഭാഷയായ് 
കരുതുന്ന, സ്‌നേഹാര്‍ദ്രസംഗീതമായ് നിന്റെ 
മകളോടു, തുണയോടുമെങ്കിലും ചൊല്ലുക.

ഇതു ശാന്തിമന്ത്രം, കുടുംബശാന്തിക്കു നിന്‍ 
ഗുരുചൊന്ന യോഗപാഠങ്ങളും ഓര്‍ക്കുക,
ഗുരുമൊഴി വഴിക്കു മിഴി നല്കുമെന്നോര്‍ക്കുക.
ഹൃദയസന്തോഷമേകീടണം ജീവിതം.




2013, സെപ്റ്റംബർ 21, ശനിയാഴ്‌ച

ജീവാണുഗീത* - മലയാളത്തിലെ ആദ്യത്തെ മാക്രോബയോട്ടിക് കവിത

ജീവാണുഗീത*
അന്നത്തിനാലെ ജനിച്ചവര്‍ നമ്മള്‍
അന്നത്തിനാലെ ജീവിപ്പവര്‍ നമ്മള്‍
അന്നമായ്ത്തന്നെ മാറേണ്ടവര്‍ നമ്മള്‍
അന്നു നമ്മെത്തിന്നിടുന്നോര്‍ അണുക്കള്‍ !

കോടാനുകോടി ജീവാണുക്കള്‍ നമ്മില്‍
ജീവിച്ചു നമ്മള്‍ക്കു സേവനം ചെയ്‌കെ
ശത്രുവെന്നോര്‍ത്തു നാം വാങ്ങിക്കഴിക്കും
ഔഷധത്താല്‍ മരിക്കുന്ന മിത്രങ്ങള്‍
ആ വര്‍ഗമാണല്ലൊ നമ്മള്‍ മരിച്ചാല്‍
നമ്മെയന്നാഹാരമാക്കി ജീവിപ്പോര്‍ !!

ജീവാണുവൊക്കെയും നമ്മളെക്കാളും
ജീവാര്‍ഥമായ് പ്രപഞ്ചം കണ്ടിടുന്നോര്‍ !
മര്‍ത്യന്റെ ദുഷ്‌കര്‍മമോരോന്നിനെയും
അന്തര്‍ഗതോര്‍ജത്തിനാല്‍ കീഴടക്കാന്‍
ജീവാണുവൊക്കെയും ശക്തിനേടുമ്പോള്‍
നാം സര്‍വസംഹാരശക്തി തേടുന്നോര്‍ !!

ഇപ്രപഞ്ചത്തിന്റെ പിണ്ഡം നിറച്ചും
ഊര്‍ജം, നമുക്കിന്നണുക്കണ്ണുപൊട്ടി-
ച്ചൂര്‍ജം കറക്കാം, ഭരിക്കുന്നതാരെ-
ന്നോര്‍ക്കാതിരുന്നാല്‍ അഹംഭാവമാവാം!

ഈ നമ്മളെക്കണ്ടു ഗൂഢം ചിരിക്കും
ജീവാണു ചൊല്ലുന്നതെന്തെന്നു കേള്‍ക്കൂ:

''കാറ്റിന്റെ ശക്തിയില്‍ വന്മരം വീഴും
പുല്ലോ കൊടുങ്കാറ്റിലും നൃത്തമാടും
ഇപ്പാഠ,മിപ്പോലെ നൂറുനൂറല്ലോ
പാഠങ്ങളീ ജീവിതത്തില്‍ പഠിക്കാന്‍ !
പണ്ടുപണ്ടൊക്കെയുള്‍ക്കണ്ണുള്ള മര്‍ത്യര്‍
കണ്ടെത്തിയോരു സത്യത്തിനെക്കാളും
രണ്ടാം സഹസ്രാബ്ദമര്‍ത്യ'നാത്മാര്‍ഥം'
കണ്ടെത്തിയോ? സത്യമെന്തുണ്ടു വേറെ?
നിന്‍ പ്രാണനുള്ളില്‍ ചരിക്കും പഥങ്ങള്‍
കണ്ടെത്തുവാന്‍ നിനക്കുള്‍ക്കണ്‍കളുണ്ടോ?
കൈ കൊണ്ടു നാഡിതന്‍ സ്പന്ദങ്ങള്‍ നോക്കി
രോഗങ്ങള്‍ കണ്ടെത്തുവാന്‍ ശേഷിയുണ്ടോ?
ശ്വാസകോശം,വൃക്കകള്‍ ,കരള്‍ , ഹൃത്തും
ബന്ധപ്പെടും വിധം കാണുവാനാമോ?
നിന്റെയാഹാരത്തിലുള്ളതാമൂര്‍ജം
എന്തൊക്കെ?, യെന്താണവയ്ക്കുള്ള ശേഷി?
സ്വന്തം മനസ്സിന്‍ കടിഞ്ഞാണ്‍ പിടിക്കാന്‍
സ്വന്തഹൃദ്‌സ്പന്ദനങ്ങള്‍ നിയന്ത്രിക്കാന്‍
ശേഷിയുണ്ടോ നിന?,ക്കീ പ്രപഞ്ചത്തില്‍
നീയാര്? നിന്നുള്ളിലുള്ളൊരീയെന്നില്‍ -
കൂടുതല്‍ നീയെന്തു നേടുന്നു ഭൂവില്‍ ?
നീ നിന്നമര്‍ത്യതയെന്തെന്നറിഞ്ഞോ?''

എന്നുള്ളില്‍ നിന്നേതു ജീവാണുവാണീ
ചോദ്യങ്ങളെന്നോടു ചോദിച്ചിടുന്നു?
ആരാകിലും ഞാനറിഞ്ഞിടുന്നല്ലോ
ഞാനെത്രയജ്ഞനാ, ണല്പനാം മര്‍ത്യന്‍ !

വീണ്ടും വരുന്നല്ലൊ ചോദ്യ, ''മീഭൂവില്‍
ജീവിച്ചിടുന്നതിന്നര്‍ഥമെന്താവും?''

ഇല്ലില്ലെനിക്കറിഞ്ഞീടില്ലയൊന്നും
ഞാന്‍ മര്‍ത്യനാം മരിച്ചീടുവാന്‍ ജന്മം!
എന്നഹംഭാവമേ പത്തി താഴ്ത്തുമ്പോള്‍
എന്താണൊരുള്‍സ്വരം കേള്‍ക്കുന്നു വീണ്ടും?

''വൈരുധ്യമൊക്കെയും തമ്മില്‍ക്കലര്‍ന്നി-
ങ്ങാനന്ദമേകും സമാധാനമാകാന്‍
ബന്ധങ്ങളര്‍ഥപൂര്‍ണങ്ങളാക്കീടാന്‍
ജന്മങ്ങളെന്നാണു പൂര്‍വികര്‍ ചൊന്നൂ!
മര്‍ത്യര്‍ക്കമര്‍ത്യത നേടുവാന്‍ മാര്‍ഗം
ഉള്‍ക്കണ്ണുകള്‍ തുറന്നീടുകില്‍ കാണാം!!''

*ജോസാന്റണി 'അന്നധന്യത' മാസികയില്‍

2006 ഏപ്രില്‍ , മെയ് മാസങ്ങളിലായി പ്രസിദ്ധീകരിച്ചത്‌

2013, സെപ്റ്റംബർ 19, വ്യാഴാഴ്‌ച

പൂജ്യന്‍ ഞാന്‍

പൂർണമദ:പൂർണമിദം..എന്ന്തുടങ്ങുന്ന ഉപനിഷദ്മന്ത്രം 


മലയാളത്തിലേക്ക് പരിഭാഷപ്പെടുത്താൻ ശ്രമിച്ചതിന്റെ 

ഫലമാണിത്.   

പൂര്‍ണതയ,ങ്ങിങ്ങുമുള്ളതെല്ലാം
പൂര്‍ണതതന്നെയാണെന്നറിഞ്ഞ്
പൂര്‍ണത്തില്‍നിന്നുത്ഭവിപ്പതെല്ലാം 
പൂര്‍ണതതന്നെയാണെന്നറിഞ്ഞ്

പൂര്‍ണത്തില്‍നിന്നു പൂര്‍ണം കിഴിച്ചാല്‍ 
പൂര്‍ണത ശേഷിക്കുമെന്നറിഞ്ഞ് 
സംസാരസാഗരത്തുള്ളിതന്നെ 
സംവിത്തിന്‍ തുള്ളിയുമെന്നറിഞ്ഞ്

ജീവിതാര്‍ഥം നിത്യസത്യമായു-
ണ്ടിന്നിലെന്നുള്ളരുളായറിഞ്ഞ്
ഞാനല്ല, ജ്ഞാനത്തിനുള്‍പ്പൊരുളാം
ആകെയിങ്ങുള്ളതിലെന്നറിഞ്ഞ്
പൂര്‍ണത മായയല്ലെന്നറിഞ്ഞ്
മായയും ഭാവപ്രഭാവമാണെ-
ന്നുള്ളതിനുള്‍പ്പൊരുള്‍ കണ്ടറിഞ്ഞ് 
മുക്തിയിലാം ശക്തിയെന്നറിഞ്ഞ്

വേദവേദാന്തപ്പൊരുളറിഞ്ഞാല്‍
ജീവിതത്തിന്നരുളെന്നറിഞ്ഞ് 
നാം പുഴയായൊഴുകീടുമെങ്കില്‍
ആഴിയായ് മുക്തിയെന്തെന്നറിയും!

ഇനി എഴുതുന്ന അനുബന്ധം ഒരു ഉപോത്പന്നം:  

പൂജ്യന്‍ ഞാന്‍

പൂര്‍ണമങ്ങെങ്കി,ലുണ്ടിങ്ങും
പൂര്‍ണം, പൂര്‍ണങ്ങള്‍ ചേര്‍ന്നീടില്‍ 
പൂര്‍ണംതന്നെ,യതില്‍നിന്നും
പൂര്‍ണം നീക്കുക ഹാ! പൂര്‍ണം!!


പൂര്‍ണം പൂജ്യമതായാലും
തത്ത്വം വ്യത്യസ്തമല്ലല്ലോ!

പൂര്‍ണം, പൂജ്യ, മനന്തത
മൂന്നും വ്യത്യസ്തമല്ലല്ലോ!!

എന്താണിത്തത്ത്വമെന്നോടി-
ന്നോതും തത്ത്വ?മതാരായ്‌കെ
'
പൂര്‍ണം
 പൂജ്യവുമായ് നിന്നില്‍
പൂജ്യന്‍ ഞാന്‍ ' - നിത്യനോതുന്നു!!

2013, സെപ്റ്റംബർ 17, ചൊവ്വാഴ്ച

ഗുരുദര്ശനം


'രാ മായാ'നൊരു കഥ രാമായണ, മതിലേറുമ്പോഴുതാരരുളി?
''നാരായണകഥയതിലും വലിയൊരു കൂരിരുള്‍ മാറ്റിയ കഥയത്രേ!

ആനന്ദത്തിന്‍ സംവിത്‌സാഗരമായ്  ഭവസാഗരവും 
                                                                                         മാറ്റാന്‍
അന്നം ധന്യതയരുളിടുമെന്നുള്ളറിവായ് 
                                                                  പ്രാര്‍ഥനയൊന്നു രചി-
ച്ചാരുടെയും കീഴാകാതൊരു തിരിയായൊരു വഴി 
                                                                              കാണിച്ചവനെ
നീയറിയുക, യറിവേറി സ്വതന്ത്രപഥം കണ്ടെത്തുക                                                                                                         നിന്‍വഴിയായ്!''
''നാരായണഗുരുവാരാണിവ?''നൊരു തരുവായ്                                                                                                         തണലരുളീടുന്നോന്‍ !
ദാഹാര്‍ത്തര്‍ക്കറിവുറവയുമാ, ണതുപോലരുളും പൊരുളും                                                                                                           ഗുരുവാം!!

 ''അറിവിലുമേറി, യറിഞ്ഞിരുന്നതെല്ലാം
നെറിവറിയാത്തൊലിയെങ്കിലിങ്ങുപേക്ഷി-
ച്ചുറവകളുള്ളിലുണര്‍ന്നിടാന്‍ തകര്‍ക്കൂ
'അഹ', മതു പാറ, യതിന്റെയുള്ളിലാം നാം!''

ഇതു മൊഴിയാനിവിടാര്? ''നിന്റെയുള്ളില്‍
ഒരു പൊരുളു, ണ്ടതുതന്നെ വിഷ്ണു, നാരാ-
യണഗുരു വേറൊരു സത്തയല്ല, നിന്നില്‍
നിറയെ നിലാപ്പൊരുളുണ്ടറിഞ്ഞിടേണം!''

അതെ, യിവനിന്നറിയുന്നു സൂര്യരശ്മി 
പനിമതിതന്‍ പ്രതിബിംബമായയച്ചോ-
രരുളുകളാം കിരണങ്ങളാണു നിത്യം 
അറിവിലുണര്‍ന്നു വിടര്‍ന്ന വിശ്വസത്യം!

2013, സെപ്റ്റംബർ 7, ശനിയാഴ്‌ച

മഴയാഴി

വഴികളില് പുഴയുണ്ട്
പുഴകളില് വഴിയുമെ-
ന്നരുളുന്ന നിന്നോടു
മൊഴിയുന്നു മലയാളി:
മലയാഴി മഴയാഴി!

മല, ആളിയല്ലെന്നു
മറവിയില് മറയുകില് 
മലയാളി, ശരിയാണ്,   
മഴയാഴി തന്നെയാം:
മലയാളി മഴയാഴി!!