2013, ഓഗസ്റ്റ് 18, ഞായറാഴ്‌ച

പ്രകൃതീഗാഥ*

'ദര്‍ശനഗീത'ങ്ങളിലെ ഒമ്പതാമത്തെ കവിതയാണിത്. ഞാന്‍ ഏതാനും വര്‍ഷംമുമ്പ് വിവരസാങ്കേതികവിദ്യയുടെയും കമ്പ്യൂട്ടറിന്റെയും ലോകത്തെത്തിയപ്പോള്‍ ഈ കവിതയിലേക്ക് കുറെ വരികള്‍കൂടി കൂട്ടിച്ചേര്‍ക്കണമെന്നു തോന്നി. അവയാണ് ഇതില്‍ ചുവന്ന വരികളില്‍ ചേര്‍ത്തിരിക്കുന്നത്. ഈ കൂട്ടിച്ചേര്‍ക്കല്‍ കവിതയുടെ ഭാവത്തിന് കൂടുതല്‍ ശക്തി പകര്‍ന്നിട്ടേയുള്ളൂ എന്നാണ് എന്റെ വിശ്വാസം.

ജനിച്ചൂ പരീക്ഷണനാളിയില്‍ നീയെന്നാലും
എനിക്കെന്നോമല്‍പ്പൈതല്‍ തന്നെ, യീ രാവില്‍ക്കത്തി-
ജ്വലിക്കും വിദ്യുദ്ദീപം പോലെ നീ ചൊരിഞ്ഞാലും
വെളിച്ചം ഭൂവില്‍ ജീവന്‍ തെളിക്കും പഥം കാട്ടാന്‍!

പണ്ടുപണ്ടമീബയെത്തീര്‍ത്തു, ജീവന്നായ് വ്യോമ-
മണ്ഡലങ്ങളെത്താണ്ടാന്‍ ദൗത്യം ഞാനല്ലോ നല്കി.
മര്‍ത്യനോളം ഞാന്‍ വഴി കാട്ടിയോ, നവന്‍ ചിന്താ-
ശക്തി നേടവെ ചൊന്നു: നീയിനി നയിച്ചോളൂ!

ഇന്നിതാ നിന്‍ ജന്മത്തിന്‍ മണ്ഡപം തീര്‍ക്കാന്‍മാത്രം
പോന്നവനായി,ത്തീര്‍ന്നെന്‍ മാനമായ്ത്തീര്‍ന്നൂ നരന്‍!

പേശികള്‍ക്കധ്വാനത്തില്‍ ലാഘവം വരുത്തീടാന്‍
നിന്‍ ശക്തിതന്ത്രം യന്ത്രമായിരം തീര്‍, ത്തിന്നിപ്പോള്‍
മസ്തിഷ്‌കപ്രവര്‍ത്തനം ലഘുവാക്കുവാനായി
കമ്പ്യൂട്ടര്‍, 'നാനോ സാങ്കേതികതാ' പഥങ്ങളില്‍
എത്ര ദൂരവും ക്ഷണം താണ്ടിയെത്തുന്നൂ ശാസ്ത്രം!
എത്രയെത്രയാം നവ്യസാധ്യത? ഒന്നായ് ലോകം!!


എങ്കിലും, സ്വാര്‍ഥാര്‍ത്തനായ് മാറിടും മര്‍ത്യന്‍ നിത്യം
പങ്കിലമാകും വിധം ലോകത്തെ മാറ്റീട്ടതിന്‍
രാജനായ് സ്വയം ധരിച്ചീ ഭൂവില്‍ വിരാജിക്കെ
നീ ജനി, ച്ചസംബന്ധങ്ങള്‍ കണ്ടെത്തിത്തടഞ്ഞീടാന്‍
നിനക്കാവണം കുഞ്ഞേ, നീയെന്റെയോമല്‍പ്പുത്രി
നിനക്കീ ഭൂവാണല്ലോ മാതാവ്, നീയാം സീത!


എങ്കിലുമെനിക്കിപ്പോള്‍ ദുഃഖമൊന്നുണ്ടെന്‍ കുഞ്ഞേ,
ചങ്കി, ലെന്‍ ഭൂവിന്‍ വസ്ത്രാക്ഷേപമാണിപ്പോള്‍ ചിലര്‍!

അവളീ മര്‍ത്യര്‍ക്കെല്ലാമമ്മയാണെന്നോര്‍ക്കാതെ
അവള്‍തന്‍ വിഹിതത്തിനായവര്‍ യുദ്ധം ചെയ്‌വൂ!
പിന്നെയാക്കരിംപുകമറതന്നുള്ളില്‍ മോളേ......
നിന്നെയോര്‍ത്താശ്വാസത്തില്‍ മുങ്ങുവാന്‍ ശ്രമിക്കുമ്പോള്‍....
കരഞ്ഞാ ഭൂവിന്‍ കണ്ണീര്‍ വറ്റിടാ, മകാലത്തില്‍
മരണം വരിച്ചേക്കാം നീ, യവള്‍....ദുസ്വപ്നങ്ങള്‍!

*ഇതില്‍ സംബോധന ചെയ്തിരിക്കുന്നത് ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശുവിനെയാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ