2013, ഓഗസ്റ്റ് 17, ശനിയാഴ്‌ച

ബോധോദയം

എന്തുമെഴുതൂ, സ്വന്തമല്ലൊന്നുമെന്നറി-
ഞ്ഞെന്തിലും ഞാനാണുണര്‍ന്നിരിക്കുന്നതാം
ചിന്തയില്ലാത്ത സ്വരൂപ, മചിന്ത്യമാം
സ്വന്തം സ്വരൂപവു,മെന്നോര്‍ത്തു പാടുക!

എന്തിലുമുണര്‍ന്നുവന്നെത്തുന്നതെന്‍ഹൃത്തി-
ലന്ത്യമില്ലാതുണര്‍ന്നീടുന്ന സങ്കല്പ-
സന്ധ്യകള്‍, സംഗീതസാന്ദ്രമാം സന്ധ്യകള്‍
സന്ധിയില്ലാത്തവര്‍ചേരുന്ന സന്ധ്യകള്‍!

സന്ധ്യയും സാന്ദ്രസംഗീതവും ചേരവെ
സന്ധ്യതന്‍പുത്രിയാം രാത്രിയും രാത്രിതന്‍
പുത്രനായിങ്ങു ജനിക്കും പ്രഭാതവും
ധാത്രിയാം നിന്നില്‍വളര്‍ന്നു കവിതയായ്!

ധാത്രിമാത്രം നീ, യറിഞ്ഞിടൂ വെട്ടവും
രാത്രിയുമിരുട്ടും, പകല്‍പോലു,മുള്ളത-
ല്ലിങ്ങുള്ളതാകെ പ്രഭാതവും സന്ധ്യയും
തിങ്ങി നിന്നില്‍ത്തുളുമ്പീടുമീ ബോധവും!

ബോധസരിത്തിന്നൊഴുക്കു ഞാന്‍, നീയെന്റെ
ബാധ വിടാത്ത സങ്കല്പസംഗീതമാം
ബാധയിതാല്‍ലോകബോധം കെടുമ്പൊഴാം
ബോധോദയം, മുക്തി, ശക്തിതന്‍നിര്‍ഝരി!

ബോധോദയം, നീയറിഞ്ഞിടൂ, ബാധയായ്

ബോധമറിയുന്നതെല്ലാം വിടുമ്പൊഴാം!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ