2013, ഓഗസ്റ്റ് 14, ബുധനാഴ്‌ച

മല, അല, നില

പുലി പോലെവന്നിട്ടൊരെലി പോലെ മറയുമ്പൊ-
ഴെലിയെത്ര വമ്പത്തിയെന്നോര്‍ത്തിടുന്ന നാം
മലപോലെ വന്നിട്ടു പുലിപോലെ നില്ക്കുന്ന 
പലതും മറന്നല്ലൊ നില്ക്കുന്നു.

പുലിയെന്നുമിവിടുണ്ടു, പുലി മറഞ്ഞീടുന്ന-
തിലകള്‍ തന്‍ പിന്നിലാ,ണില കൊഴിഞ്ഞീടാത്ത
മലയിതുമൊലിപ്പിച്ചു മഴവരാ, മറിയാതെ
മലയുടെയടിക്കു നാം നില്ക്കുന്നു.

നിലയിതറിയുന്ന ഞാന്‍ താഴേക്കു നോക്കവെ
അലകടലു മാത്രമാം കാണുന്നു.
അലകടലിലലകള്‍ക്കു മുകളിലൊരു കുമിളയില്‍ 

നിലകൊള്ളുമെന്നെ ഞാന്‍ കാണുന്നു!


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ