2013, സെപ്റ്റംബർ 19, വ്യാഴാഴ്‌ച

പൂജ്യന്‍ ഞാന്‍

പൂർണമദ:പൂർണമിദം..എന്ന്തുടങ്ങുന്ന ഉപനിഷദ്മന്ത്രം 


മലയാളത്തിലേക്ക് പരിഭാഷപ്പെടുത്താൻ ശ്രമിച്ചതിന്റെ 

ഫലമാണിത്.   

പൂര്‍ണതയ,ങ്ങിങ്ങുമുള്ളതെല്ലാം
പൂര്‍ണതതന്നെയാണെന്നറിഞ്ഞ്
പൂര്‍ണത്തില്‍നിന്നുത്ഭവിപ്പതെല്ലാം 
പൂര്‍ണതതന്നെയാണെന്നറിഞ്ഞ്

പൂര്‍ണത്തില്‍നിന്നു പൂര്‍ണം കിഴിച്ചാല്‍ 
പൂര്‍ണത ശേഷിക്കുമെന്നറിഞ്ഞ് 
സംസാരസാഗരത്തുള്ളിതന്നെ 
സംവിത്തിന്‍ തുള്ളിയുമെന്നറിഞ്ഞ്

ജീവിതാര്‍ഥം നിത്യസത്യമായു-
ണ്ടിന്നിലെന്നുള്ളരുളായറിഞ്ഞ്
ഞാനല്ല, ജ്ഞാനത്തിനുള്‍പ്പൊരുളാം
ആകെയിങ്ങുള്ളതിലെന്നറിഞ്ഞ്
പൂര്‍ണത മായയല്ലെന്നറിഞ്ഞ്
മായയും ഭാവപ്രഭാവമാണെ-
ന്നുള്ളതിനുള്‍പ്പൊരുള്‍ കണ്ടറിഞ്ഞ് 
മുക്തിയിലാം ശക്തിയെന്നറിഞ്ഞ്

വേദവേദാന്തപ്പൊരുളറിഞ്ഞാല്‍
ജീവിതത്തിന്നരുളെന്നറിഞ്ഞ് 
നാം പുഴയായൊഴുകീടുമെങ്കില്‍
ആഴിയായ് മുക്തിയെന്തെന്നറിയും!

ഇനി എഴുതുന്ന അനുബന്ധം ഒരു ഉപോത്പന്നം:  

പൂജ്യന്‍ ഞാന്‍

പൂര്‍ണമങ്ങെങ്കി,ലുണ്ടിങ്ങും
പൂര്‍ണം, പൂര്‍ണങ്ങള്‍ ചേര്‍ന്നീടില്‍ 
പൂര്‍ണംതന്നെ,യതില്‍നിന്നും
പൂര്‍ണം നീക്കുക ഹാ! പൂര്‍ണം!!


പൂര്‍ണം പൂജ്യമതായാലും
തത്ത്വം വ്യത്യസ്തമല്ലല്ലോ!

പൂര്‍ണം, പൂജ്യ, മനന്തത
മൂന്നും വ്യത്യസ്തമല്ലല്ലോ!!

എന്താണിത്തത്ത്വമെന്നോടി-
ന്നോതും തത്ത്വ?മതാരായ്‌കെ
'
പൂര്‍ണം
 പൂജ്യവുമായ് നിന്നില്‍
പൂജ്യന്‍ ഞാന്‍ ' - നിത്യനോതുന്നു!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ