2013, സെപ്റ്റംബർ 23, തിങ്കളാഴ്‌ച

ആത്മസ്വരം

ഗുരുവിന്റെ മൊഴിയോര്‍ത്തു, ബോധപൂര്‍വംമാത്ര-
മിവിടെ നീ കര്‍മങ്ങള്‍ ചെയ്യണം, മൊഴിയണം.

എഴുതുന്നതോ ഗണേശന്‍ മഹാഭാരതം
എഴുതുവാനെത്തവേ വ്യാസന്‍ മൊഴിഞ്ഞപോല്‍
പൊരുളറിഞ്ഞാകണം, സമയം അമൂല്യമെ-
ന്നൊരു നിമിഷവും മറന്നീടാതെയാകണം.

മൊഴിയേണ്ട വാക്കുകള്‍ വൈകാരികം ഭാവ-
മൊഴിവാക്കി നിന്റെ നിസ്സംഗഭാവത്തിന്റെ 
മൊഴിയായ്, പ്രകോപനം സൃഷ്ടിച്ചിടാതിനിയു-
മതിസൗമ്യമായ്, ഹൃദ്യമായ്, കാവ്യഭാഷയായ് 
കരുതുന്ന, സ്‌നേഹാര്‍ദ്രസംഗീതമായ് നിന്റെ 
മകളോടു, തുണയോടുമെങ്കിലും ചൊല്ലുക.

ഇതു ശാന്തിമന്ത്രം, കുടുംബശാന്തിക്കു നിന്‍ 
ഗുരുചൊന്ന യോഗപാഠങ്ങളും ഓര്‍ക്കുക,
ഗുരുമൊഴി വഴിക്കു മിഴി നല്കുമെന്നോര്‍ക്കുക.
ഹൃദയസന്തോഷമേകീടണം ജീവിതം.




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ