2012, ഫെബ്രുവരി 25, ശനിയാഴ്‌ച

ജനാധികാരമാര്‍ഗം


അയലുകള്‍ തമ്മില്‍ ചേരണമാദ്യം;
അവിടുന്നാണും പെണ്ണും വരുമാ-
റിരു പ്രതിനിധികള്‍ വരണ,മവര്‍ ചേര്‍-
ന്നിവിടുള്ളൊരു വാര്‍ഡിന്നിരുപേരെ
പ്രതിനിധിമാരായ് കണ്ടെത്തേണം,

അവരിലുമാണും പെണ്ണും വേണം.


അയലിന്‍ പ്രതിനിധിയാകുമവര്‍ക്കി-
ല്ലവരുടെ സ്വന്തമഭിപ്രായങ്ങള്‍.

അവരുടെ കൂട്ടത്തിന്‍ നാവായവര്‍
അറിയണ, മങ്ങനെയവര്‍ ചേര്‍ന്നീടില്‍
അയലുകള്‍ ചേര്‍ന്നു പറഞ്ഞീടുന്നവ
പറയാന്‍ ബ്ലോക്കില്‍, ജില്ലയി, ലതുപോല്‍
സംസ്ഥാനത്തില്‍, കേന്ദ്രം വരെയും
പോയീടേണ്ടവരെ കണ്ടെത്താം.

ഇങ്ങനെയുള്ളൊരിലക്ഷന്‍ വന്നാല്‍
കക്ഷികള്‍, പണവും നമ്മെ ഭരിച്ചിടു-
മിപ്പോഴത്തെയവസ്ഥയില്‍നിന്നും
നമ്മള്‍ മോചിതരായിടു, മറിയൂ!

yathi - part1of11 - YouTube

yathi - part1of11 - YouTube:

'via Blog this'

2012, ഫെബ്രുവരി 10, വെള്ളിയാഴ്‌ച

ആത്മാര്‍ഥന



ദൈവമേ, ഹൃത്തില്‍ തുളുമ്പും കൃതജ്ഞതാ-
ഭാവമെന്‍ ജീവിതചൈതന്യമായ്
ജീവജാലങ്ങളോരോന്നിനോടും ഹൃത്തി-
ലൂറുന്ന കാരുണ്യമായൊഴുക്കൂ!

എല്ലാമെന്‍ നന്മയ്ക്കായെന്നറിഞ്ഞീടുവാന്‍
നന്ദിയോടിന്നിനെ സ്വീകരിക്കാന്‍
ആവലാതിക്കിടമിങ്ങില്ലെന്നോര്‍ക്കുവാന്‍
എന്നില്‍ വിവേകമായ് നീ ജ്വലിക്കൂ!

ഇങ്ങെന്നെയസ്വസ്ഥനാക്കാതെ ഒട്ടുമേ
ആകുലനാകാതെ കാത്തിടേണേ
ഇന്നോളമുണ്ടായ തോല്‍വികളോര്‍ക്കാനും
കോപിക്കാനും ഇടയാക്കരുതേ!

ദൈവമേ എന്‍ ധര്‍മമെന്തെന്നറിഞ്ഞിന്നും
എന്‍ പണി കൃത്യമായ് സന്തോഷമായ്
ചെയ്യുവാന്‍ ആത്മപ്രചോദനമേകണേ
നിന്‍ശക്തിയെന്നില്‍ നിറച്ചീടണേ!

ആരുമേ വേദനിച്ചീടാതിരിക്കുവാന്‍
ആദ്യമെന്‍ വീടും ഗുരുകുലമായ്
കാണണ, മീ വീട്ടിലുള്ളവര്‍ക്കൊക്കെയും
ഉള്ളില്‍ ഗുരുത്വമുണ്ടെന്നു കാണാം !

ഞാനാരുമല്ലെന്നു മെന്നിലുള്ളുള്‍പ്പൊരുള്‍
നീ മാത്രമെന്നുമോര്‍മ്മിച്ചു നീങ്ങാന്‍
ഞാനെന്നഭാവം മറക്കുവാന്‍ നിന്നെയെന്‍
ജ്ഞാനാര്‍ഥമായറിഞ്ഞാര്‍ദ്രനാകാം.

ആത്മാര്‍ഥമാം പരനെന്നറിഞ്ഞാരെയും
അന്യരായ് കാണാതുണര്‍ന്നിടാം ഞാന്‍.
ഇന്നെന്റെ മുമ്പിലെത്തീടുവോര്‍ക്കൊക്കെയും
ഉത്തേജനങ്ങള്‍ പകര്‍ന്നുകൊള്ളാം!