Follow by Email

2015, ഡിസംബർ 28, തിങ്കളാഴ്‌ച

ചന്ദ്രികേ നിന്‍ വിഷാദം.....

എന്തെല്ലാമാരെല്ലാം ചൊല്ലിയാലും - നിലാവിന്‍
മന്ദാരം പൂക്കുമ്പോള്‍ ഞാനിറുക്കും!
സൗന്ദര്യം ചാലിച്ചു ചന്ദ്രികേ നിന്‍ - വിഷാദം-
തന്‍ സപ്തഭാവവും ഞാന്‍ വരയ്ക്കും!!

മുപ്പതു വര്‍ഷങ്ങള്‍ക്കുമുമ്പ് ഇതെഴുതുമ്പോള്‍ മനസ്സില്‍ രമണന്റെ ചന്ദ്രിക ഉണ്ടായിരുന്നോ എന്നെനിക്ക് ഓര്‍മയില്ല.
ഇന്നിപ്പോള്‍ ഇതു വായിച്ചു പകര്‍ത്തുമ്പോള്‍ അധികം ദൂരെയല്ലാതെ വിഷാദമഗ്നയായി ജീവിക്കുന്ന ഒരു ചന്ദ്രികയെ ഞാന്‍ ഉള്‍ക്കണ്ണില്‍ കാണുന്നുണ്ട്.

2015, ഡിസംബർ 25, വെള്ളിയാഴ്‌ച

പരമാര്‍ഥവും യാഥാര്‍ഥ്യവും

മുപ്പത്തിമൂന്നു വര്‍ഷം മുമ്പ്, 

ഗുരു നിത്യചൈതന്യയതിയെ പരിചയപ്പെട്ട് 

അദ്ദേഹത്തോടൊത്തു ജീവിക്കുന്ന കാലത്ത്, 

പദ്യത്തിലെഴുതിയ ഒരു കവിതയുടെ 

ഇന്നെഴുതിയ പരാവര്‍ത്തനമാണിത്. 

ഒരു ലക്ഷ്യവുമില്ലാത്ത ഒരലച്ചിലായിരുന്നു, അത്.
നടന്നുതളര്‍ന്ന് എത്തിയത് ഒരു നാല്ക്കവലയില്‍.
അവിടെ നില്ക്കുമ്പോള്‍ ഒരു ഒരു വൃദ്ധന്‍,
ഞാന്‍ ചോദിക്കാതെതന്നെ,
വഴികള്‍ എങ്ങോട്ടൊക്കെ എന്നെനിക്ക് പറഞ്ഞുതന്നു.
അദ്ദേഹം ഇങ്ങനെ പറഞ്ഞു നിര്‍ത്തി:
നീ നിന്റെ വഴിക്കു പോയ്‌ക്കൊള്ളുക.
അവസാനം ഇവിടെ
നീ തിരിച്ചെത്തണം.
നീയിവിടെയിരുന്ന് ഞാന്‍ ചെയ്തതുതന്നെ ചെയ്യണം.

ഞാന്‍ ചോദിച്ചു:
ഒരു ചൂണ്ടുപലകയാകുകയാണോ എന്റെ സ്വധര്‍മം?
അദ്ദേഹം മറുപടി പറഞ്ഞു: 

അത് പരമപുരുഷാര്‍ഥം.
അതിനുമുമ്പ് നിന്റെ ജീവിതത്തിന്റെ 

അര്‍ഥം നീ കണ്ടെത്തണം:
അതിനു സഹായിച്ചക്കാവുന്ന ഒരു ഉപനിഷത്കഥ
ഞാന്‍ പറയാം. കേട്ടുകൊള്ളൂ:

നിന്നെപ്പോലെ പണ്ടും ഒരന്വേഷകനുണ്ടായിരുന്നു.
അവന്റെ പേര് ഭൃഗു.
ഭൃഗുവിന്റെ അച്ഛനും ഒരന്വേഷകനായിരുന്നു.
ഭൃഗു അച്ഛനോടു ചോദിച്ചു:
ഇവിടെയാകെ ഇരുളാണ്.
ആ ഇരുട്ടില്‍ അച്ഛന്‍ ജീവിക്കുന്നത്
ഒരു മെഴുകുതിരിപോലെയാണെന്ന് ഞാന്‍ കാണുന്നു.
അങ്ങയെ നയിക്കുന്ന വെളിച്ചം എന്താണ്?
വരുണന്‍ മറുപടി പറഞ്ഞത് ഇങ്ങനെയാണ്:
എല്ലാ ജീവജാലങ്ങളും ജനിക്കാനും ജീവിക്കാനും മരിക്കാനും
അനിവാര്യമായ ഒരു പൊരുളുണ്ട്.
അതറിയാന്‍ തപസ്സിലൂടെയേ സാധിക്കൂ.
പോയി തപസ്സുചെയ്യുക.
 

ഭൃഗു തപസ്സുചെയ്യാന്‍പോയി.
ഉച്ചയായപ്പോഴേക്കും അവനു വിശപ്പുതുടങ്ങി.
വിശപ്പ് അസഹ്യമായി വളര്‍ന്നപ്പോള്‍
അവന് ഒരു ഉള്‍ക്കാഴ്ചകിട്ടി:
സകലതിനും സത്തയായി ഒരു പൊരുളുണ്ടെന്നും
തപസ്സിലൂടെ അതു കണ്ടെത്തണമെന്നും
അച്ഛന്‍ പറഞ്ഞത് ആഹാരത്തെപ്പറ്റിത്തന്നെയായിരിക്കും.
ഇവിടെ എല്ലാം ഉണ്ടാകുന്നതും
നിലനില്ക്കുന്നതും അന്നത്തില്‍നിന്നാണ്.
ചാകുന്നവ അന്നമായി മാറുകയും ചെയ്യുന്നു.
അച്ഛന്‍ പറഞ്ഞ പരംപൊരുള്‍ അന്നംതന്നെ.

അവന്‍ അച്ഛന്റെ അടുത്തേക്കു തിരിച്ചുചെന്നു,
കണ്ടെത്തിയതെന്താണെന്നു പറഞ്ഞു.
വരുണന്‍ അതു തെറ്റെന്നു പറഞ്ഞില്ല.
എങ്കിലും തപസ്സു തുടരൂ എന്നു പറഞ്ഞ്
മകനെ യാത്രയാക്കി.

ഭൃഗു വീണ്ടും തപസ്സുചെയ്യാന്‍ പോയി.
അല്പം കഴിഞ്ഞപ്പോള്‍ അവന് ഒരു ഉള്‍ക്കാഴ്ചയുണ്ടായി:
ആഹാരമില്ലെങ്കിലും കുറെ ദിവസം ജീവിക്കാം.
പക്ഷേ, പ്രാണവായുവില്ലാതെ ഒരു മണിക്കൂറുപോലും
ജീവിക്കാനാവില്ലല്ലോ.
ഇവിടെ എല്ലാം ഉണ്ടാകുന്നതും
നിലനില്ക്കുന്നതും പ്രാണനില്‍നിന്നാണ്.
ചാകുന്നവ പ്രാണനായി മാറുകയും ചെയ്യുന്നു.
അച്ഛന്‍ പറഞ്ഞ പരംപൊരുള്‍ പ്രാണന്‍തന്നെ.

അവന്‍ അച്ഛന്റെ അടുത്തേക്കു തിരിച്ചുചെന്നു,
കണ്ടെത്തിയതെന്താണെന്നു പറഞ്ഞു.
വരുണന്‍ അതു തെറ്റെന്നു പറഞ്ഞില്ല.
എങ്കിലും തപസ്സു തുടരൂ എന്നു പറഞ്ഞ്
മകനെ വീണ്ടും യാത്രയാക്കി.

ഭൃഗു വീണ്ടും തപസ്സുചെയ്യാന്‍ പോയി.
അല്പം കഴിഞ്ഞപ്പോള്‍ അവന് വീണ്ടും ഒരു ഉള്‍ക്കാഴ്ചയുണ്ടായി:
പ്രാണനില്ലെങ്കിലും കുറെ ദിവസം ജീവിക്കാം.
പക്ഷേ, മനസ്സില്ലാതെ ജീവിക്കുന്നതിന് യാതൊരര്‍ഥവുമില്ലല്ലോ.
ഇവിടെ എല്ലാം ഉണ്ടാകുന്നതും
നിലനില്ക്കുന്നതും മനസ്സില്‍നിന്നാണ്.
ചാകുന്നവരെപ്പറ്റിയുള്ള ഓര്‍മ്മകള്‍ 

ജീവിക്കുന്നവരുടെ മനസ്സില്‍
അവശേഷിക്കുകയും ചെയ്യുന്നു.
അച്ഛന്‍ പറഞ്ഞ പരംപൊരുള്‍ മനസ്സുതന്നെ.

അവന്‍ അച്ഛന്റെ അടുത്തേക്കു തിരിച്ചുചെന്നു,
കണ്ടെത്തിയതെന്താണെന്നു പറഞ്ഞു.
വരുണന്‍ അതു തെറ്റെന്നു പറഞ്ഞില്ല.
എങ്കിലും തപസ്സു തുടരൂ എന്നു പറഞ്ഞ്
മകനെ വീണ്ടും യാത്രയാക്കി.

ഭൃഗു വീണ്ടും തപസ്സുചെയ്യാന്‍ പോയി.
അല്പം കഴിഞ്ഞപ്പോള്‍ അവന് ഒരു ഉള്‍ക്കാഴ്ചയുണ്ടായി:
മനസ്സുണ്ടെങ്കിലും യാതൊരറിവുമില്ലാതെയോ
യാതൊരു ബോധവുമില്ലാതെയോ ജീവിക്കുന്നതിന്
യാതൊരര്‍ഥവുമില്ലല്ലോ.
ഇവിടെ എല്ലാം ഉണ്ടാകുന്നതും
നിലനില്ക്കുന്നതും അറിവില്‍നിന്നാണ്.
ചാകുന്നവ അറിവായി മാറുകയും ചെയ്യുന്നു.
അച്ഛന്‍ പറഞ്ഞ പരംപൊരുള്‍ അറിവുതന്നെ.

അവന്‍ അച്ഛന്റെ അടുത്തേക്കു തിരിച്ചുചെന്നു,
കണ്ടെത്തിയതെന്താണെന്നു പറഞ്ഞു.
വരുണന്‍ അതു തെറ്റെന്നു പറഞ്ഞില്ല.
എങ്കിലും തപസ്സു തുടരൂ എന്നു പറഞ്ഞ്
മകനെ വീണ്ടും യാത്രയാക്കി.

ഭൃഗു വീണ്ടും തപസ്സുചെയ്യാന്‍ പോയി.
അല്പം കഴിഞ്ഞപ്പോള്‍ അവന് ഒരു ഉള്‍ക്കാഴ്ചയുണ്ടായി:
അറിവുണ്ടെങ്കിലും യാതൊരു സുഖവുമില്ലാതെ
യാതൊരു സന്തോഷവുമില്ലാതെ ജീവിക്കുന്നതിന്
യാതൊരര്‍ഥവുമില്ലല്ലോ.
ഇവിടെ എല്ലാം ഉണ്ടാകുന്നതും
നിലനില്ക്കുന്നതും ആനന്ദത്തില്‍നിന്നാണ്.
അച്ഛന്‍ പറഞ്ഞ പരംപൊരുള്‍ ആനന്ദംതന്നെ.

അവന്‍ അച്ഛന്റെ അടുത്തേക്കു തിരിച്ചുചെന്നു,
കണ്ടെത്തിയതെന്താണെന്നു പറഞ്ഞു.
വരുണന്‍ അപ്പോള്‍ ഇങ്ങനെ പറഞ്ഞു:
നിനക്കു വേണ്ടത്ര അന്നവും പ്രാണനും അറിവും ലഭ്യമാകട്ടെ.
ഈ ഭൂമിയിലെ ജീവിതം അതിധന്യമാണെന്നറിഞ്ഞ്
ആനന്ദത്തോടെ ജീവിക്കാന്‍ നിനക്കു കഴിയട്ടെ!

കഥയെല്ലാം കേട്ടുകഴിഞ്ഞിട്ടും എനിക്ക് പിന്നെയും
ഒരു ചോദ്യംകൂടിയുണ്ടായിരുന്നു:

ഈ അറിവുകളും ബോധ്യമൊക്കെയുണ്ടായാലും
അയല്‍ക്കാരനെക്കുറിച്ച് യാതൊരു പരിഗണനയുമില്ലാതെ
ജീവിക്കുന്നത് കഷ്ടമല്ലേ?

പരമാര്‍ഥമറിയുന്നവര്‍ അങ്ങനെ ജീവിക്കാനിടയില്ല.
അവര്‍ അപരന്റെ ദുഃഖങ്ങള്‍ അകമേ അറിഞ്ഞ്
അഹമെന്ന ഭാവവും സ്വാര്‍ഥവും വിട്ടവരായിരിക്കും.

അപ്പോള്‍ ഞാന്‍ പറഞ്ഞു:
അങ്ങനെയുള്ള ആരെയും ഞാന്‍
ഇവിടെയെങ്ങും കാണുന്നില്ലല്ലോ.

ആ വൃദ്ധന്റെ മറുപടി ഇതായിരുന്നു:
കണ്ണടകളാണ് പ്രശ്‌നം.
നഗ്നനേത്രങ്ങളുപയോഗിച്ച് എല്ലാം കാണാന്‍ നോക്കൂ!

 

2015, ഡിസംബർ 23, ബുധനാഴ്‌ച

രതി


അരതി മരണമാ,ണിന്ദ്രിയങ്ങള്‍ തുറ-
ന്നിടുക, മലരുകള്‍ പുഞ്ചിരിച്ചീടവെ
അവയിലഭിരമി,ച്ചാസ്വദി,ച്ചെന്തിലും
ഇഴുകിയൊഴുകിയാ സത്തയായ്ത്തീരുക!

2015, ഡിസംബർ 19, ശനിയാഴ്‌ച

ഗുരുമിഴി

ശാന്തി തേടുന്നവര്‍ നിന്നടുത്തെത്തുന്ന-
തെന്തുകൊണ്ടെന്നിന്നറിഞ്ഞു:
ഒക്കേയ്ക്കുമുള്ളിലെന്തെന്നറിഞ്ഞീടുവാന്‍
ഒക്കുംവിധത്തിലുള്‍ക്കണ്‍കള്‍
എന്നും തുറന്നുവച്ചാം ചരിക്കുന്നു, നിന്‍
കണ്ണിലെ കണ്ണാടി കാന്തം!

നീ കാണുമെന്നെ ഞാന്‍ കാണുവാന്‍ നിന്മിഴി-
ക്കണ്ണാടിയില്‍ നോക്കിനിന്നാല്‍
എന്നുമെനിക്കാവുമെന്നറിയിച്ചു നീ
എന്നോടു ചൊല്ലുന്ന മന്ത്രം
'നീയതുതന്നെ'യെന്നാവാം, 'അഹം സര്‍വ'-
മെന്നാണു ഞാന്‍ കേട്ടിടുന്നു!
എന്നിലെ നിന്നെ ഞാനക്ഷരാര്‍ഥത്തിലെന്‍
ഉള്ളിലായ് കാണ്‍കെയെത്തുന്നു
സ്വര്‍ഗരാജ്യം ഭൂവി, ലെന്നില്‍ നീയില്ലെന്നു
കാണുവാന്‍ പിന്നെയാവില്ല!

എന്നുള്ളിലാണിനി ദൈവത്തിനുള്‍ക്കണ്ണു-
മെന്നറിയിക്കുമാചാര്യന്‍
എന്നുള്ളിലുള്ള കണ്ണാടി, ഞാന്‍ നോക്കവെ
പുഞ്ചിരിക്കും പ്രതിബിംബം!

2015, ഡിസംബർ 17, വ്യാഴാഴ്‌ച

ഗുരുവും വലയും


ഈയിടെ ഒരു വലവില്പനക്കാരനെ ഞാന്‍ കണ്ടു.
വലവില്പനയാണ് തന്റെ സ്വധര്‍മമെന്നും
വലവീശലോ മീന്‍പിടുത്തമോ തന്റെ ധര്‍മമല്ലെന്നും അയാള്‍ പറഞ്ഞു.
ഞാന്‍ സംശയിച്ചു: 

ഗുരുക്കന്മാര്‍ ചെയ്യുന്നതും ഇതുതന്നെയല്ലേ?
ഒരു സ്‌നേഹിതനോട് ഇതു പറഞ്ഞപ്പോള്‍
അദ്ദേഹം നാരായണഗുരുവിന്റെ ഒരു ശ്ലോകം ഉദ്ധരിച്ചു:

അപരനുവേണ്ടിയഹര്‍നിശം പ്രയത്‌നം
കൃപണതവിട്ടു കൃപാലു ചെയ്തിടുന്നു
കൃപണനധോമുഖനായ്ക്കിടന്നുചെയ്യു-
ന്നപജയകര്‍മമവന്നുവേണ്ടിമാത്രം!

അതു കേട്ടപ്പോള്‍ എന്റെ മനസ്സില്‍ നാരായണഗുരുവിന്റെ
അനുകമ്പാദശകത്തിലെ ആദ്യശ്ലോകം ഓര്‍മവന്നു:

ഒരു പീഡയെറുമ്പിനും വരു-
ത്തരുതെന്നുള്ളനുകമ്പയും സദാ
കരുണാകര നല്കുകുള്ളില്‍ നിന്‍
തിരുമെയ് വിട്ടകലാതെ ചിന്തയും.

അതിന്റെ തുടര്‍ച്ചയായി കുറെ ചോദ്യങ്ങള്‍ ഉള്ളില്‍നിന്ന് ഉയര്‍ന്നുവന്നു:

വലയില്‍പ്പെടുന്നവര്‍ക്ക് വലവില്പനക്കാരനും
വലവീശിയ ആളെപ്പോലെതന്നെയല്ലേ?
വലയില്‍പ്പെട്ടയാള്‍ക്ക് 

വലയില്‍നിന്നു രക്ഷപ്പെടുക എന്ന്  സ്വന്തം ലക്ഷ്യം പരിമിതമായിപ്പോകുയില്ലേ?
അതിനൊക്കെയിടയാക്കുന്ന വലവില്പന എങ്ങനെ ഗുരുധര്‍മമാകും? 

2015, ഡിസംബർ 6, ഞായറാഴ്‌ച

മര്‍ത്യരാരുമന്യരല്ല

 James Kirkup

പരിഭാഷ: ജോസാന്റണി

അന്യരല്ലിങ്ങു മര്‍ത്യരാരും - പര-
ദേശമായൊരു ദേശവുമില്ലിനി.
വേഷമേതിന്റെയുള്ളിലുമുള്ളതാം
ദേഹവും പ്രാണവായുവുമൊന്നുതാന്‍!
    സോദരര്‍ ദൂരെയാകിലും സഞ്ചരി-
    ച്ചീടുമാ മണ്ണു ഭൂവിതില്‍ത്തന്നെയാം.
    നമ്മളെന്നപോലേവരും, സൂര്യനും
    പ്രാണവായുവും വെള്ളവും, ദീര്‍ഘമാം
    യുദ്ധശൈത്യം പനിക്കവെ, അന്നവും
    വേണമെന്നുള്ള ബോധ്യം നിറഞ്ഞവര്‍!!
    നമ്മുടേതാണവര്‍തന്‍ കരങ്ങളും
    ജീവിതങ്ങള്‍ നാം വായിച്ചു നോക്കുകില്‍
    നമ്മുടേതുപോല്‍തന്നെയാണങ്ങവര്‍
    പാടുപെട്ടു ജീവിച്ചിടും ജീവിതം.
ഓര്‍ക്കുവിന്‍ നമ്മുടേതുപോല്‍തന്നെയാം
അങ്ങുണര്‍ന്നിരുന്നീടില്‍, ഉറങ്ങിലും,
കണ്ണുകള്‍, വിജയിക്കുവാന്‍ ശക്തിയായ്,
സ്‌നേഹമാണേതു വീട്ടിലും നാട്ടിലും.
    ഏവരും കണ്ടറിഞ്ഞു ഗ്രഹിപ്പതാം
    ജീവിതത്തിന്നൊരേ മുഖം തന്നെയാം!

ഓര്‍മയില്‍ വയ്ക്ക നാ: മെപ്പൊഴാകിലും
സോദരദ്വേഷപാഠങ്ങള്‍ കേള്‍ക്കവെ
നാം സ്വയം നിസ്വരാകയാം, നാം കുഴി-
കുത്തിയിട്ടതില്‍ വീഴ്കയാം, നമ്മളെ-
ത്തന്നെ നാം പഴിചാരി വിധിക്കയാം.
    പോരടിക്കുവാന്‍ കൈകളിലായുധം
    ഏന്തുവോര്‍ ഭൂമിദേവിയെ, നമ്മുടെ
    നിര്‍മലം പ്രാണവായുവെ. കൊല്ലുവോര്‍.
അന്യമല്ലല്ലൊ ദേശമൊന്നും, പര-
ദേശിയല്ലല്ല മര്‍ത്യരെങ്ങാകിലും!        
               

2015, ഒക്‌ടോബർ 15, വ്യാഴാഴ്‌ച

അന്ധത


ഔഷധമില്ലാ രോഗം നമ്മുടെ-
യന്ധതമാത്രം, കണ്ണില്ലാത്തവ-
നെങ്ങനെ കാഴ്ച കൊടുക്കാനാവും?
കാഴ്ചപ്പൊരുളറിയിക്കാനാവും?

സൂര്യനുമതിലെക്കിരണസഹസ്രവു-
മവയരുളുന്ന മനോഹരലോകവു-
മിരുളല്ലെന്നറിയിച്ചാല്‍ മതിയോ
കണ്ണില്ലാത്തവനനുഭവമാകാന്‍?

2015, സെപ്റ്റംബർ 17, വ്യാഴാഴ്‌ച

പ്രായം

ഗുരു നിത്യചൈതന്യയതിയുടെ 
റുപതാം പിറന്നാളിന് 
ഞാനെഴുതി സമര്‍പ്പിച്ചതാണ്  ഈ കവിത

അറുപതായ് വയ, സ്സൊരു നിലാവുപോല്‍
വിരിയുമീമദുസ്മിതാര്‍ദ്രമൗനത്തി-
ന്നറിവി.നെന്നിലേക്കൊഴുകിടുന്നൊരീ
യരുളി, നി, ല്ലിതാം ഉലകിലെ മിഥ്യ!
സമയവും ദിശാവിശേഷഭാവമാ-
യമര്‍ന്നുണര്‍ന്നിടുമുലകും കായവും
മനസ്സിനുണ്മയായ് കിനാവുപോലെയാം
ഉണര്‍വിലും നമ്മളനുഭവിപ്പതെ-
ന്നറിഞ്ഞിടാതെയാം മൊഴിഞ്ഞിടുന്നിവര്‍:
'അറുപതായ് പ്രായ, മതൊന്നു കൊണ്ടാടാം!'
അഹത്തിനില്ലകം പുറങ്ങളെന്നറി-
ഞ്ഞഖണ്ഡബോധത്തിലലിഞ്ഞൊഴുകുവാന്‍
ഇതൊക്കെയേകമായ് , സുതാര്യമായ്, സത്യ-
സ്മിതങ്ങളായ്, ഹര്‍ഷ നടനഭാവമായ് 
കൊരുത്ത ദിക്കിതിന്‍ വെളിച്ചം കാണുവാന്‍
അരുള്‍ തരുന്നൊരീ ഗുരുവിനോ പ്രായം?
വയസ്സുനമ്മളെ ഭരിക്കയാലല്ലോ 
ഭയം; ഗുരോ ഞങ്ങള്‍ക്കഭയമായിടൂ!!

2015, സെപ്റ്റംബർ 2, ബുധനാഴ്‌ച

പ്രണയബുദ്ബുദം

''ചെറിയതാം പരമാണുവിലും ചെറു-
തിവിടെ ഞാനല്ലൊ, നിന്നുള്ളിലുള്ളൊരാ
അനുപമാനന്ദസിന്ധുവിലുള്ളതാം
കുമിളയില്‍ ബിന്ദുവായുള്ളൊരെന്നിലും
ചെറിയതെന്തുണ്ടു?''  ''നീയെന്നില്‍ - എന്നിലെ
പ്രണയസാഗരബുദ്ബുദമാകിലും
അതിലെനിക്കെന്റെ ലോകമായ് നീ പ്രതി-
ഫലിതമാകവെ നീയനന്താലയന്‍!''

2015, ഓഗസ്റ്റ് 21, വെള്ളിയാഴ്‌ച

2015, ഏപ്രിൽ 8, ബുധനാഴ്‌ച

അറുപതായാല്‍

''അറുപതായ്, പിറുപിറുക്കന്നതെന്താണു നീ?''
''അറിവിലും നെറിവിലും നിറവു കണ്ടീടവെ
വെറുതെ വാര്‍ധക്യമായ് എന്നു ചൊല്ലുന്നിവര്‍
പിറുപിറുക്കാതിരിക്കാനെനിക്കാവുമോ?
അറിയുന്നു ഞാ, നെനിക്കിനിയാണു നിസ്വാര്‍ഥ-
മുറവയായ് നിഷ്‌കാമ കര്‍മാര്‍ഥ നിര്‍വൃതി:
- സാലോക്യ, സാമീപ്യ, സാരൂപ്യ, സായൂജ്യ-
മാലോചനാമൃതം - ആനന്ദദായകം!! ''

2015, മാർച്ച് 12, വ്യാഴാഴ്‌ച

Believe and Invest in God

യേശു ഉള്‍സ്വരങ്ങള്‍ എന്ന കവിതാസമാഹാരത്തിന് പ്രൊഫ. സെബാസ്റ്റ്യന്‍ വട്ടമറ്റം എഴുതിയ അവതാരിക

ജോസാന്റണി ഒരു
സത്യാന്വേഷിയാണ്, ആ വാക്കിന്റെ പൂര്‍ണ അര്‍ഥത്തില്‍. സത്യാന്വേഷിക്ക് ഒരിക്കലും ഏതെങ്കിലും അഭയകേന്ദ്രത്തില്‍ ചടഞ്ഞുകൂടാനാവില്ല. ഇരുളില്‍നിന്നു വെളിച്ചത്തിലേക്കല്ല, വെളിച്ചത്തില്‍നിന്ന് ഇരുളിലേക്ക് അയാള്‍ നടന്നുകൊണ്ടേയിരിക്കും. വിശ്വാസപ്രമാണങ്ങളുടെ പരിമിതവെളിച്ചമല്ല സത്യവെളിച്ചമെന്ന്അയാള്‍ക്കുറപ്പുണ്ട്. ഇരുളിലൂടെ നീങ്ങുന്ന അയാളുടെ ആത്മാവിലാണു സത്യത്തിന്റെ വെളിച്ചം നിറയുന്നത്. അപ്പോള്‍ ഈശ്വരവിശ്വാസം മറ്റുള്ളവരുടെ അനുഭവങ്ങളുടെ കേട്ടറിവാകില്ല, സ്വന്തം അനുഭവംതന്നെയാകും.
യൗവനാരംഭത്തില്‍ത്തന്നെ വെളിച്ചംതേടി നിത്യചൈതന്യയതി എന്ന മഹാനുഭാവന്റെ ആശ്രമത്തിലെത്തി ഈ സത്യാന്വേഷി. സംന്യാസം തന്റെ വഴിയല്ലെന്നു തിരിച്ചറിഞ്ഞ് ഏതാനും വര്‍ഷങ്ങളിലെ അനുഭവപാഠങ്ങളുമായി തിരിച്ചുനടന്നു. ഭരണങ്ങാനത്തെ അസീസി മാസികയിലും
പിന്നെ ഇടമറ്റത്തെ 'പുലി'ക്കൂട്ടിലും ഇപ്പോള്‍ സഭാനവീകരണ പ്രസ്ഥാനത്തിലും. താനുമുള്‍പ്പെട്ട കത്തോലിക്കാസഭയുടെ അധികാരകേന്ദ്രങ്ങളിന്ന് ഇരുട്ടറകളാണെന്ന സത്യം ഈ മനുഷ്യനെ വേദനിപ്പിക്കുന്നു. സാന്ത്വനത്തിന് ഉള്ളിലുണരുന്നത് വചനഘോഷങ്ങളില്‍ മുങ്ങിപ്പോകുന്ന യേശുവചനങ്ങളാണ്. കടലാസില്‍ പകര്‍ത്തിയ അത്തരം ഉള്‍സ്വരങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം.
'ബിലീവ് ഇന്‍ ഗോഡ്, ഇന്‍വെസ്റ്റ് ഇന്‍ ഗോള്‍ഡ്' എന്നൊരു പരസ്യവാചകമുണ്ടല്ലോ. ഇവ രണ്ടിനെയും ഒരേസമയം പൂജിക്കാനാവില്ലെന്നാണ് യേശു പറഞ്ഞത്. സഭ ഈ പ്രശ്‌നം എത്ര ഫലപ്രദമായി പരിഹരിച്ചു എന്നു കാപ്പനച്ചന്‍ തന്റെ അവസാനത്തെ ലേഖനത്തില്‍* വിവരിക്കുന്നുണ്ട്. 'സമ്പത്തിനുമധികാരത്തിനും വേണ്ടിയുള്ള തങ്ങളുടെ അമിതാസക്തിയെ ന്യായീകരിക്കുന്നതിനു ക്രൈസ്തവര്‍ രൂപം നല്‍കിയ' ദൈവത്തെ അച്ചന്‍ വിശേഷിപ്പിക്കുന്നത് അദൈവം (അണ്‍ഗോഡ്) എന്നാണ്.1 ഈ നിര്‍മ്മിതഗോഡും ഇന്നത്തെ കമ്പോളദൈവമായി മാറിയിട്ടുള്ള ഗോള്‍ഡും തമ്മില്‍ വലിയ അന്തരമൊന്നുമില്ല. ഇന്നത്തെ സഭയ്ക്കുചിതമായ ഒരു പരസ്യവാചകം വേണമെങ്കില്‍ അതിതാണ്, 'ബിലീവ് ആന്റ് ഇന്‍വെസ്റ്റ് ഇന്‍ ഗോഡ്.'
ഈ അദൈവവും മെത്രാന്മാര്‍ക്കുപോലും കടക്കാനാവുംവിധം വലുതാക്കപ്പെട്ട സൂചിക്കുഴകളും വിഡ്ഢിയാക്കുന്നത് ബൈബിളിലെ യേശുവിനെയാണ്. പടിപടിയായി തമസ്‌കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ആ തച്ചന്റെ മകനു കാതോര്‍ക്കാനാഗ്രഹിക്കുന്നവര്‍ക്കായി ഇതാ ഈ കവിതാസമാഹാരം.
* ആത്മീയത പുനരധിനിവേശത്തിന്റെ പുതുയുഗത്തില്‍


കവിയുടെ കുറിപ്പ്ഃ
ഈ പുസ്തകത്തിന്റെ വില നിശ്ചയിക്കാന്‍ ഓരോ വായനക്കാരനും യോഗ്യനാണ്. ഇ-പുസ്തകം ആവശ്യമുള്ളവര്‍ 9447858743 -ലേക്ക് ഇ-മെയില്‍ (email id) SMS അയച്ച് ആവശ്യപ്പെടുക. വായിച്ചശേഷം പുസ്തകം ഇഷ്ടപ്പെട്ടോ എന്നും നിങ്ങള്‍ മതിക്കുന്ന വില എത്രയെന്നും അറിയിക്കണം എന്നു മാത്രം.

2015, മാർച്ച് 7, ശനിയാഴ്‌ച

രാക്ഷസനോടെതിര്‍നില്ക്കാന്‍....

http://almayasabdam.blogspot.in/2015/03/blog-post_0.html
 
ഇത് ഇരുപത്തഞ്ചുവര്‍ഷം മുമ്പ് എഴുതിയ കവിതയാണ്. 
ഡോ. എം. പി. മത്തായിയുടെ പ്രഭാഷണത്തിന്റെ http://almayasabdam.blogspot.in/2015/03/blog-post_90.html അവസാനഖണ്ഡികയാണ് ഇത് പുനപ്രസിദ്ധീകരിക്കാന്‍ പ്രചോദനം പകരുന്നത്.

രാക്ഷസമാം ഗതി കാണ്‍കെ
ചേച്ചി*യൊരിക്കല്‍ പാടി:
കയ്യിലൊരോടക്കുഴലേ
രാക്ഷസനോടെതിര്‍ നില്ക്കാന്‍!

ഞാനതിനെന്‍ സ്ഥിതി കണ്ടു
വടിവേലു**വിനെയോര്‍ത്തു.
സ്വയരക്ഷയ്ക്കായ് പാടാം
കവിതയതില്‍പ്പരമല്ല!

ഇങ്ങനെ കഴിയവെ,യിപ്പോള്‍
ഇങ്ങൊരു പൊരുളറിയിക്കാന്‍
ബൈബിളില്‍നിന്നുമുയിര്‍ത്താ
ദാവീദെന്നൊടു ചൊന്നു,
അവനുടെ കുട്ടിക്കാല-
ത്തുണ്ടായൊരു കഥ, കേള്‍ക്കൂ:.....


..........അവനെയകത്തു, പുറത്തും 
അറിയുവതായുധമത്രെ!!!
 

* സുഗതകുമാരി കൊളോസസ് എന്ന കവിതയില്‍
** വടിവേലു നട്ടുവന്‍ വയലിന്‍ വായിച്ച് കൊള്ളക്കാരില്‍നിന്നു രക്ഷപ്പെട്ട സംഭവം

2015, മാർച്ച് 5, വ്യാഴാഴ്‌ച

സ്വര്‍ഗരഹസ്യം
പ്രൊഫ. എം. പി. മത്തായി (ഗാന്ധിയന്‍ സ്റ്റഡീസ്, എമിറൈറ്റ് പ്രൊഫസര്‍, ഗുജറാത്ത് വിദ്യാപീഠ്) പ്രശസ്ത കവിയും ഗാനരചയിതാവുമായ സാമുവല്‍ കൂടലിനു നല്കിക്കൊണ്ട് പ്രകാശിപ്പിച്ചയേശു ഉള്‍സ്വരങ്ങള്‍ എന്ന കവിതാസമാഹാരത്തിൽ നിന്ന്     
ങ്ങാശ്വസിച്ചിടുകയായിരുന്നു നാം!
സൂര്യനങ്ങു കടലില്‍ കുളിക്കുവാന്‍
പോകവെ,യറികയായ് വിശപ്പു നാം!!

യേശു ശിഷ്യരൊടു ചൊന്നിടുന്നിവര്‍
ആകെയിങ്ങു തളരുന്നു, ദാഹവും
ക്ഷുത്തുമുള്ളവരിവര്‍ക്കു നല്കണം
അപ്പവും കറിയു, മുള്ളതേകുക!

ഞാനൊരമ്മ,യിവിടെന്റെ മോള്‍ക്കു നല്-
കീടുവാന്‍ കരുതി യപ്പ,മിത്രയും-
മാത്രമുണ്ടു കറി, മത്സ്യമാ, മവള്‍
കേട്ടതേയവയെടുത്തൊരോട്ടമാം!

യേശു കുഞ്ഞിനെയെടുത്തു ചൊല്കയായ്
''ഈയരുള്‍പ്പൊരുളു ദൈവരാജ്യമാം!
പങ്കുവയ്ക്കുക, പൊലിച്ചിടാനരുള്‍
ദൈവമേകിടു, മറിഞ്ഞു നല്കുക!''

ശിഷ്യരപ്പമതെടുത്തു പങ്കുവ-
ച്ചേകി മീന്‍കറിയു, മെന്തൊരത്ഭുതം:
മിച്ചമുണ്ടിനിയു; മിങ്ങു സര്‍വതും
പങ്കു വച്ചിടുക ഭൂമി സ്വര്‍ഗമായ്!

2015, മാർച്ച് 2, തിങ്കളാഴ്‌ച

യേശു ഉള്‍സ്വരങ്ങള്‍ -- പ്രകാശനം

ഞാന്‍ എഴുതിയ യേശു ഉള്‍സ്വരങ്ങള്‍ എന്ന കവിതാസമാഹാരം പ്രൊഫ. എം. പി. മത്തായി (ഗാന്ധിയന്‍ സ്റ്റഡീസ്, എമിറൈറ്റ് പ്രൊഫസര്‍, ഗുജറാത്ത് വിദ്യാപീഠ്) പ്രശസ്ത കവിയും ഗാനരചയിതാവുമായ സാമുവല്‍ കൂടലിന് നല്കിക്കൊണ്ട് പ്രകാശിപ്പിക്കുന്നു.

2015, ഫെബ്രുവരി 20, വെള്ളിയാഴ്‌ച

ദാമ്പത്യയോഗം''യമനിയമ വീഥിയില്‍ ശൗചമായ് ദാമ്പത്യ-
മറിയുക;യതില്‍ യോഗതത്ത്വോപദേശമൊ-
ന്നനുഭവിച്ചറിയുക;'യഹ'ങ്ങള്‍ മറന്നലി-
ഞ്ഞൊഴുകിയൊരു സാഗര ഹൃദന്തത്തിലാഴുക!
അവിടെനിന്നീ വിശ്വമാകെയുള്‍ക്കൊള്ളുന്ന
കുമിളകളിലൊന്നായുയര്‍ന്നുവന്നന്യരെയു-
മറിയുക, നുരയ്ക്കര്‍ഥമായ് ജീവിതത്തിന്റെ
ലഹരിയിലലിഞ്ഞു കടലില്‍ ലയിച്ചീടുക!''

ഇതു മൊഴിയുവാനെന്റെ യുള്ളിലെത്തുന്നതാ?-
രറിയല്ലെനിക്കു, നീ തന്നെയാവാം, നിന്റെ
നിഴലായ് വികല്പങ്ങളരുളുന്ന മായതന്‍
മൊഴിയുമാവാം, സത്യമറിയുവാന്‍ തിരയവെ
സ്വപ്നദൃശ്യങ്ങള്‍ക്കു പിന്നിലായുള്ളതാം
വര്‍ത്തമാനത്തിന്റെ യാഥാര്‍ഥ്യമായെനി-
ക്കര്‍ഥം തിരഞ്ഞലഞ്ഞീടും നിരര്‍ഥമാം
ശബ്ദമെന്നോണം കലമ്പുന്നു ജീവിതം!
ഗുരുവരുളിനര്‍ഥമെന്‍ ജീവിതപഥങ്ങളില്‍
തിരിവു തിരിയിക്കും വിവേകമായ് മാറുമോ?

2015, ഫെബ്രുവരി 17, ചൊവ്വാഴ്ച

കേഴേണ്ടിനി!

''ഗുരുവാകുവാന്‍ യോഗ്യനല്ല നീയിന്നെന്ന-
തൊരു സത്യ,മരുളാണു പൊരുളെന്നറിഞ്ഞിടാന്‍,
അരുളില്‍നിന്നന്‍പുണര്‍ന്നനുകന്പയായ് വിടര്‍-
ന്നൊരു മാരിവില്ലായ് ചിരിച്ചു നിന്നീടുവാന്‍
കഴിയും നിനക്കു, നീ പണ്ടിരുള്‍ക്കൂനയായ് 
മാരിവില്‍ മാറിയെന്നോര്‍ത്തു കേഴേണ്ടിനി!''

2015, ഫെബ്രുവരി 13, വെള്ളിയാഴ്‌ച

ഇവിടെയിതാണത്യാശ്ചര്യം!!ഇവിടെ സുനിശ്ചിതമേവര്‍ക്കും:
'മൃതിപുണരും നാമേവരെയും'!

സ്മൃതിയിലതുണരാറില്ലാര്‍ക്കും

ഇവിടെയിതാണത്യാശ്ചര്യം!!ജനിമൃതികളുടെയര്‍ഥം നാം

അറിയുന്നുണ്ടെന്നതു സത്യം

മിഴിയില്ലെങ്കില്‍ കതിരവനീ

കിരണശതംകൊണ്ടെന്തര്‍ഥം?മഴവില്ലിന്റെ നിറങ്ങളിലും

സുമശതവര്‍ണശതങ്ങളിലും

അഴകുള്ളതു കാണാന്‍ മിഴിയും

മിഴിയുള്ളവനും വേണ്ടായോ?മനുജന്നഴകതു കാണാനായ്

മിഴിയരുളുന്നൊരു ദൈവം തന്‍

മിഴിയതു നമ്മുടെയാത്മാവില്‍

മിഴിയും നിമിഷം കാക്കുന്നോന്‍!മനുജര്‍ ദൈവസുതര്‍, ജന്മം

ദൈവാനന്ദമറിഞ്ഞിടുവാന്‍

അപരന്‍ പരനെന്നറിയുമ്പോള്‍

അറിയുവതാണാ ആനന്ദം!