Follow by Email

2013, ഓഗസ്റ്റ് 20, ചൊവ്വാഴ്ച

അയല്‍പ്പൊരുള്‍

ഭക്ഷ്യ-ആരോഗ്യസ്വരാജ് കോട്ടയം ജില്ലാ ആലോചനായോഗത്തില്‍ വിസിബ് പ്രവര്‍ത്തകയായ ഒരു സഹോദരി തന്റെ കൊച്ചുമുറ്റത്തു മുളച്ച ഒരു മത്തച്ചെടിയെപ്പറ്റി പറഞ്ഞത് കേട്ടപ്പോഴുണ്ടായ പ്രചോദനത്തില്‍ എഴുതിയത്:


ഒരു മത്തനെന്‍ കുടില്‍മുറ്റത്തു മുളയിട്ടു
ചിരിതൂകി നില്ക്കുന്നു, ഹായ്, ഹായ്!
അതിനു പടര്‍ന്നിടാനങ്ങേപ്പറമ്പിലേ
ഇടയുള്ളു, ഞാനെന്തു ചെയ്യാന്‍?

ഇതു പടര്‍ന്നീടാനനുവദിച്ചീടുകില്‍
ഇലമാത്രം പോരുമെനിക്ക്
പടരുന്നിടത്തിന്റെയുടമയ്ക്കു നല്കിടാം
അതിലെ മത്തങ്ങാകളെല്ലാം!

ഇലയല്ല മത്തങ്ങയും നീയെടുത്തുകൊള്‍-
കുടമസ്ഥഭാവത്തൊടെ ഞാന്‍
മൊഴിയവെ നീ ചൊന്നു: പങ്കുവച്ചീടലില്‍
പരമില്ലൊരാനന്ദമെങ്ങും.

നിന്റേതുമെന്റേതുമല്ലൊന്നു, മൊക്കെയും
നമ്മുടേതായ് കണ്ടിടാന്‍ നീ
അയലെന്ന വാക്കിന്റെ പൊരുളായ് തുളുമ്പിയെന്‍
അരികിലെത്തി ചിരിക്കുന്നു!

കരളില്‍ നിറഞ്ഞെന്റെ മിഴിയില്‍ത്തുളുമ്പിടു-
ന്നിരു തുള്ളിയാനന്ദബാഷ്പം!!


2013, ഓഗസ്റ്റ് 18, ഞായറാഴ്‌ച

പ്രകൃതീഗാഥ*

'ദര്‍ശനഗീത'ങ്ങളിലെ ഒമ്പതാമത്തെ കവിതയാണിത്. ഞാന്‍ ഏതാനും വര്‍ഷംമുമ്പ് വിവരസാങ്കേതികവിദ്യയുടെയും കമ്പ്യൂട്ടറിന്റെയും ലോകത്തെത്തിയപ്പോള്‍ ഈ കവിതയിലേക്ക് കുറെ വരികള്‍കൂടി കൂട്ടിച്ചേര്‍ക്കണമെന്നു തോന്നി. അവയാണ് ഇതില്‍ ചുവന്ന വരികളില്‍ ചേര്‍ത്തിരിക്കുന്നത്. ഈ കൂട്ടിച്ചേര്‍ക്കല്‍ കവിതയുടെ ഭാവത്തിന് കൂടുതല്‍ ശക്തി പകര്‍ന്നിട്ടേയുള്ളൂ എന്നാണ് എന്റെ വിശ്വാസം.

ജനിച്ചൂ പരീക്ഷണനാളിയില്‍ നീയെന്നാലും
എനിക്കെന്നോമല്‍പ്പൈതല്‍ തന്നെ, യീ രാവില്‍ക്കത്തി-
ജ്വലിക്കും വിദ്യുദ്ദീപം പോലെ നീ ചൊരിഞ്ഞാലും
വെളിച്ചം ഭൂവില്‍ ജീവന്‍ തെളിക്കും പഥം കാട്ടാന്‍!

പണ്ടുപണ്ടമീബയെത്തീര്‍ത്തു, ജീവന്നായ് വ്യോമ-
മണ്ഡലങ്ങളെത്താണ്ടാന്‍ ദൗത്യം ഞാനല്ലോ നല്കി.
മര്‍ത്യനോളം ഞാന്‍ വഴി കാട്ടിയോ, നവന്‍ ചിന്താ-
ശക്തി നേടവെ ചൊന്നു: നീയിനി നയിച്ചോളൂ!

ഇന്നിതാ നിന്‍ ജന്മത്തിന്‍ മണ്ഡപം തീര്‍ക്കാന്‍മാത്രം
പോന്നവനായി,ത്തീര്‍ന്നെന്‍ മാനമായ്ത്തീര്‍ന്നൂ നരന്‍!

പേശികള്‍ക്കധ്വാനത്തില്‍ ലാഘവം വരുത്തീടാന്‍
നിന്‍ ശക്തിതന്ത്രം യന്ത്രമായിരം തീര്‍, ത്തിന്നിപ്പോള്‍
മസ്തിഷ്‌കപ്രവര്‍ത്തനം ലഘുവാക്കുവാനായി
കമ്പ്യൂട്ടര്‍, 'നാനോ സാങ്കേതികതാ' പഥങ്ങളില്‍
എത്ര ദൂരവും ക്ഷണം താണ്ടിയെത്തുന്നൂ ശാസ്ത്രം!
എത്രയെത്രയാം നവ്യസാധ്യത? ഒന്നായ് ലോകം!!


എങ്കിലും, സ്വാര്‍ഥാര്‍ത്തനായ് മാറിടും മര്‍ത്യന്‍ നിത്യം
പങ്കിലമാകും വിധം ലോകത്തെ മാറ്റീട്ടതിന്‍
രാജനായ് സ്വയം ധരിച്ചീ ഭൂവില്‍ വിരാജിക്കെ
നീ ജനി, ച്ചസംബന്ധങ്ങള്‍ കണ്ടെത്തിത്തടഞ്ഞീടാന്‍
നിനക്കാവണം കുഞ്ഞേ, നീയെന്റെയോമല്‍പ്പുത്രി
നിനക്കീ ഭൂവാണല്ലോ മാതാവ്, നീയാം സീത!


എങ്കിലുമെനിക്കിപ്പോള്‍ ദുഃഖമൊന്നുണ്ടെന്‍ കുഞ്ഞേ,
ചങ്കി, ലെന്‍ ഭൂവിന്‍ വസ്ത്രാക്ഷേപമാണിപ്പോള്‍ ചിലര്‍!

അവളീ മര്‍ത്യര്‍ക്കെല്ലാമമ്മയാണെന്നോര്‍ക്കാതെ
അവള്‍തന്‍ വിഹിതത്തിനായവര്‍ യുദ്ധം ചെയ്‌വൂ!
പിന്നെയാക്കരിംപുകമറതന്നുള്ളില്‍ മോളേ......
നിന്നെയോര്‍ത്താശ്വാസത്തില്‍ മുങ്ങുവാന്‍ ശ്രമിക്കുമ്പോള്‍....
കരഞ്ഞാ ഭൂവിന്‍ കണ്ണീര്‍ വറ്റിടാ, മകാലത്തില്‍
മരണം വരിച്ചേക്കാം നീ, യവള്‍....ദുസ്വപ്നങ്ങള്‍!

*ഇതില്‍ സംബോധന ചെയ്തിരിക്കുന്നത് ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശുവിനെയാണ്.

2013, ഓഗസ്റ്റ് 17, ശനിയാഴ്‌ച

ബോധോദയം

എന്തുമെഴുതൂ, സ്വന്തമല്ലൊന്നുമെന്നറി-
ഞ്ഞെന്തിലും ഞാനാണുണര്‍ന്നിരിക്കുന്നതാം
ചിന്തയില്ലാത്ത സ്വരൂപ, മചിന്ത്യമാം
സ്വന്തം സ്വരൂപവു,മെന്നോര്‍ത്തു പാടുക!

എന്തിലുമുണര്‍ന്നുവന്നെത്തുന്നതെന്‍ഹൃത്തി-
ലന്ത്യമില്ലാതുണര്‍ന്നീടുന്ന സങ്കല്പ-
സന്ധ്യകള്‍, സംഗീതസാന്ദ്രമാം സന്ധ്യകള്‍
സന്ധിയില്ലാത്തവര്‍ചേരുന്ന സന്ധ്യകള്‍!

സന്ധ്യയും സാന്ദ്രസംഗീതവും ചേരവെ
സന്ധ്യതന്‍പുത്രിയാം രാത്രിയും രാത്രിതന്‍
പുത്രനായിങ്ങു ജനിക്കും പ്രഭാതവും
ധാത്രിയാം നിന്നില്‍വളര്‍ന്നു കവിതയായ്!

ധാത്രിമാത്രം നീ, യറിഞ്ഞിടൂ വെട്ടവും
രാത്രിയുമിരുട്ടും, പകല്‍പോലു,മുള്ളത-
ല്ലിങ്ങുള്ളതാകെ പ്രഭാതവും സന്ധ്യയും
തിങ്ങി നിന്നില്‍ത്തുളുമ്പീടുമീ ബോധവും!

ബോധസരിത്തിന്നൊഴുക്കു ഞാന്‍, നീയെന്റെ
ബാധ വിടാത്ത സങ്കല്പസംഗീതമാം
ബാധയിതാല്‍ലോകബോധം കെടുമ്പൊഴാം
ബോധോദയം, മുക്തി, ശക്തിതന്‍നിര്‍ഝരി!

ബോധോദയം, നീയറിഞ്ഞിടൂ, ബാധയായ്

ബോധമറിയുന്നതെല്ലാം വിടുമ്പൊഴാം!

2013, ഓഗസ്റ്റ് 15, വ്യാഴാഴ്‌ച

മുക്തിമാര്‍ഗം

നിഴലുകള്‍ക്കപ്പുറത്തുള്ളതാം ലോകമാം
അഴകുകള്‍ വിടരുന്ന നിന്‍ കാവ്യഭാവന!
ഒഴുകിയെത്തുന്നൊരീ പുഴയിലൂടൊഴുകുക
അഴലുനീക്കും മുക്തിമാര്‍ഗം നിനക്കതാം!!

നിഴലില്‍, നിലാവില്‍ നിതാന്തസങ്കല്പമായ് 
ഒഴുകുവാനീ ജന്മമെന്നറിഞ്ഞീടുക!
വഴികളി,ല്ലാകെയി പുഴമാത്ര,മതു ചെന്നൊ-
രഴകിന്റെയാഴിയിലഞ്ഞിടു,മറിഞ്ഞിടൂ!!

മഴവഴി വഴിഞ്ഞൊഴുകും പുഴയ്‌ക്കൊക്കെയും
ഒഴുകിയെത്താനാഴി,യാഴമാം സത്യമായ്!!!

2013, ഓഗസ്റ്റ് 14, ബുധനാഴ്‌ച

മല, അല, നില

പുലി പോലെവന്നിട്ടൊരെലി പോലെ മറയുമ്പൊ-
ഴെലിയെത്ര വമ്പത്തിയെന്നോര്‍ത്തിടുന്ന നാം
മലപോലെ വന്നിട്ടു പുലിപോലെ നില്ക്കുന്ന 
പലതും മറന്നല്ലൊ നില്ക്കുന്നു.

പുലിയെന്നുമിവിടുണ്ടു, പുലി മറഞ്ഞീടുന്ന-
തിലകള്‍ തന്‍ പിന്നിലാ,ണില കൊഴിഞ്ഞീടാത്ത
മലയിതുമൊലിപ്പിച്ചു മഴവരാ, മറിയാതെ
മലയുടെയടിക്കു നാം നില്ക്കുന്നു.

നിലയിതറിയുന്ന ഞാന്‍ താഴേക്കു നോക്കവെ
അലകടലു മാത്രമാം കാണുന്നു.
അലകടലിലലകള്‍ക്കു മുകളിലൊരു കുമിളയില്‍ 

നിലകൊള്ളുമെന്നെ ഞാന്‍ കാണുന്നു!


2013, ഓഗസ്റ്റ് 12, തിങ്കളാഴ്‌ച

അനാഹതം

അവനല്ല,യവളല്ലയവബോധമുളവാക്കു-
മവകാശദാതാവതാകാശ,മറിയുക!
അവിടുള്ളൊരാന്ദപൂര്‍ണതയായുണര്‍-
ന്നവബോധപൂര്‍ണനായ് ശാന്തനായ്ത്തീരുക!!

അവിടെത്രികാലങ്ങളൊരു വര്‍ത്തമാനമായ്
അവിരാമമൊഴുകുന്നു, ഭവഭാവമൊക്കെയും-
ഭവലയമനാഹതസ്വരസാഗരത്തിലെ
ഭവന, മതുസുന്ദരം ബുദ്ബുദബിംബമാം!

കവിതയുമിതേപോലെയവിരാമമൊഴുകന്നൊ-
തവിരതാനന്ദസംഗീതമാം, സങ്കല്ല-
മവിടെയുമനാഹതം തീര്‍ക്കയാലല്ലയോ
ഭവബിന്ദുവില്‍ ത്രസിച്ചീടുന്ന താരമായ്!?

അവിടെയ,ല്ലിവിടെയ, ല്ലെങ്ങുമെന്നാലുള്ള
അവികലാര്‍ദ്രസ്മിതാനന്ദമാം, കവിതയില്‍!

2013, ഓഗസ്റ്റ് 10, ശനിയാഴ്‌ച

നിർമമതാലയം

ഈയപാരമാമാകാശവീഥിയിൽ 
സഞ്ചരിക്കുവാ ജ്ഞാനപക്ഷങ്ങളായ്
ഞാനറിയുന്നു നിന്നെ, യെ കൃഷ്ണനീ 
ജ്ഞാനസംഗ്രഹം നിസ്സംഗഭാവമാം!

ആരുമേ നി സ്വന്തമല്ലല്ല, സ്വന്തമായ് 
ആരുമേയില്ലാത്ത നിമമതാലയം,  
നിര്‍മമതാഗൃഹം, നിര്‍മലതാലയം, 

നിര്‍മലമാമാഗ്രഹാനന്ദവിഗ്രഹം!


ഞാനാണു സവമെന്നോതിടും ശക്തിയായ്
ഞാനാരുമല്ലെന്നറിഞ്ഞിടും സത്തയായ് 
ജ്ഞാനപ്പൊരുതന്നെയാം ശൂന്യഭാവമായ്   
ഞാനറിയു, ന്നെന്നിലാണിന്നു നി നില!

2013, ഓഗസ്റ്റ് 9, വെള്ളിയാഴ്‌ച

ജീവന്റെ രഹസ്യം

നീരായതി, ലൂരായതി, ലൂറാതൊഴുകീടുന്നതി-
ലാരായുക ജീവന്റെ രഹസ്യം, രസസംപൂജ്യത 
നാരായണനാമം, നരനായ്‌ നിന്നെയുണര്ത്തുന്നത്‌  
നീരാജനമായ്ത്തീര്ന്നൊരു  നാരായണമന്ത്രം!

2013, ഓഗസ്റ്റ് 8, വ്യാഴാഴ്‌ച

സംഗീതമോ സങ്കല്പമോ?

ഒക്കെയങ്ങേപ്പുറ,ത്തൊക്കേക്കുമിപ്പുറ-
ത്തൊക്കുന്നതൊക്കെപ്പകര്‍ന്നിടും ശക്തി നിന്‍
മുഗ്ധാനുഭൂതീ തരംഗസംഗീതമോ 
മുക്തിപ്രദായിനിയായ സങ്കല്പമോ?

2013, ഓഗസ്റ്റ് 5, തിങ്കളാഴ്‌ച

നിര്‍മമാനന്ദൻ!

'കടമുണ്ടു കടമയുണ്ടീ ജീവിതത്തിന്റെ- 
ഉടമസ്ഥനല്ല നീ'യെന്നു ചൊന്നീടുവോര്‍
ഇവിടെ നീയാരെന്നു തേടാത്ത കര്‍മ്മികള്‍,
കവി നിനക്കുള്ളൊരുള്‍ക്കണ്ണു കിട്ടാത്തവര്‍,
'കവിയുന്നതല്ലാതെയൊഴുകേണ്ടയൊന്നു'മെ-
ന്നിവിടെ ഞാന്‍ ചൊല്‍വതായ് കേള്‍പ്പതില്ലാത്തവര്‍!

ഇവിടെ നീ മാത്രമാം സത്യം, യഥാര്‍ഥത്തി-
ലെവിടെയും നീതന്നെ നിന്റെ കേന്ദ്രസ്ഥനായ്!
അവിടെയാണറിയേണ്ടതെന്നെ: ഞാന്‍ സര്‍വതും
ഇവിടെയുള്‍ക്കൊള്‍കിലും നിര്‍മമാനന്ദനാം!!