2013, സെപ്റ്റംബർ 26, വ്യാഴാഴ്‌ച

ഇല്ലിക്കന്‍ * മനോഭാവം

ഇല്ലിക്കന്‍ *
മലയാള മനോരമയുടെ നല്ല പാഠം പരിപാടിയുടെ കഴിഞ്ഞവര്‍ഷത്തെ കോട്ടയം ജില്ലാതല ജേതാവ് എന്റെ പൂര്‍വവിദ്യാലയമായ പ്ലാശനാല്‍ സെന്റ് ആന്റണീസ് ഹൈസ്‌കൂള്‍ ആണ്. ആറ്റുതീരം സംരക്ഷിക്കാനുള്ള അവരുടെ 'മുളങ്കൂട്ടം' എന്നപരിപാടിയുടെ പ്രവര്‍ത്തനോദ്ഘാടനം ഇന്നാണ്. മീനച്ചിലാറുമായി ബന്ധപ്പെട്ട് ഇരുപത്തിനാലോളം വര്‍ഷമായി മീനച്ചില്‍ നദീ (തട) (ജല) സംരക്ഷണ സമിതിയുമായി സഹകരിക്കുന്നയാളാണ് ഞാന്‍ . ഈയിടെ ഞാനെഴുതി ഏതാനും സുഹൃത്തുക്കളുടെ മുമ്പാകെ അവതരിപ്പിച്ച ഒരു കവിത അവരുടെ സൃഷ്ടിപരമായ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊണ്ട് ഒന്നു തിരുത്തണമെന്ന് ഇപ്പോള്‍ തോന്നി. തിരുത്തിയെഴുതിയപ്പോള്‍ കവിതയുടെ രൂപഭാവങ്ങളില്‍ സംഭവിച്ച മാറ്റം വളരെ നന്നായിട്ടുണ്ട് എന്ന് അവരില്‍ ചിലര്‍ അഭിപ്രായപ്പെട്ടിട്ടുള്ള സാഹചര്യത്തില്‍ അത് ഇന്നുതന്നെ പ്രസിദ്ധീകരിക്കുകയാണ്.

''എല്ലാരുമോടിക്കോ, കല്ലിന്മേല്‍ക്കല്ലാ-
ണില്ലിക്കക്കല്ലെന്നറിഞ്ഞോടി മാറൂ!'' 
- മുന്നറിയിപ്പുമായ് മുമ്പിലോടുന്നോ-

രെന്മുന്നില്‍ സത്വമായ് നില്ക്കുന്നതാര്? 

ഇല്ലിക്കനാണു ഞാ, നില്ലിക്കക്കല്ലിന്‍
ഉള്ളിലിരുന്നവ ചേര്‍ത്തതെന്‍ കൈകള്‍
മണ്ണും മരങ്ങളും പുല്ലുമാ വേരാല്‍
തമ്മില്‍ക്കൊരുത്തുള്ള നില്പുമാര്‍ കണ്ടു? 

ഇല്ലിക്കക്കല്ലേകമാം ശിലയല്ല
എന്നാലതെന്‍ ശക്തിയാലേകനത്രെ!
കല്ലോടു കല്ലല്ലതില്‍ പഞ്ചഭൂതം 
തമ്മില്‍ക്കലര്‍ന്നുനിന്നേകുന്നതൈക്യം!!

ആനന്ദമോടേ കടല്‍ ലക്ഷ്യമാക്കീ-
ട്ടാറിങ്ങു വേഗത്തിലോടുന്ന ഭാഗം
മീനച്ചിലാറിന്റെയുത്ഭവസ്ഥാനം
ഞാനെന്നറിഞ്ഞാല്‍ ഭയക്കില്ലയെന്നെ.

സത്യമായും സത്വമാണു ഞാന്‍ , പക്ഷേ,
സത്വത്തെ നിങ്ങള്‍ ഭയക്കുന്നതെന്തേ?
ഇല്ലികളാറ്റിന്നിരുകരയ്ക്കും വ-
ച്ചില്ലിക്കനാക്കുകെന്നാറിനെ നിങ്ങള്‍ !''

*മീനച്ചിലാറിന്റെയുത്ഭവസ്ഥാനം

ഇല്ലിക്കന്‍ *

 മനോഭാവം:

'via Blog this'

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ