2015, സെപ്റ്റംബർ 17, വ്യാഴാഴ്‌ച

പ്രായം

ഗുരു നിത്യചൈതന്യയതിയുടെ 
റുപതാം പിറന്നാളിന് 
ഞാനെഴുതി സമര്‍പ്പിച്ചതാണ്  ഈ കവിത

അറുപതായ് വയ, സ്സൊരു നിലാവുപോല്‍
വിരിയുമീമദുസ്മിതാര്‍ദ്രമൗനത്തി-
ന്നറിവി.നെന്നിലേക്കൊഴുകിടുന്നൊരീ
യരുളി, നി, ല്ലിതാം ഉലകിലെ മിഥ്യ!
സമയവും ദിശാവിശേഷഭാവമാ-
യമര്‍ന്നുണര്‍ന്നിടുമുലകും കായവും
മനസ്സിനുണ്മയായ് കിനാവുപോലെയാം
ഉണര്‍വിലും നമ്മളനുഭവിപ്പതെ-
ന്നറിഞ്ഞിടാതെയാം മൊഴിഞ്ഞിടുന്നിവര്‍:
'അറുപതായ് പ്രായ, മതൊന്നു കൊണ്ടാടാം!'
അഹത്തിനില്ലകം പുറങ്ങളെന്നറി-
ഞ്ഞഖണ്ഡബോധത്തിലലിഞ്ഞൊഴുകുവാന്‍
ഇതൊക്കെയേകമായ് , സുതാര്യമായ്, സത്യ-
സ്മിതങ്ങളായ്, ഹര്‍ഷ നടനഭാവമായ് 
കൊരുത്ത ദിക്കിതിന്‍ വെളിച്ചം കാണുവാന്‍
അരുള്‍ തരുന്നൊരീ ഗുരുവിനോ പ്രായം?
വയസ്സുനമ്മളെ ഭരിക്കയാലല്ലോ 
ഭയം; ഗുരോ ഞങ്ങള്‍ക്കഭയമായിടൂ!!

2015, സെപ്റ്റംബർ 2, ബുധനാഴ്‌ച

പ്രണയബുദ്ബുദം

''ചെറിയതാം പരമാണുവിലും ചെറു-
തിവിടെ ഞാനല്ലൊ, നിന്നുള്ളിലുള്ളൊരാ
അനുപമാനന്ദസിന്ധുവിലുള്ളതാം
കുമിളയില്‍ ബിന്ദുവായുള്ളൊരെന്നിലും
ചെറിയതെന്തുണ്ടു?''  ''നീയെന്നില്‍ - എന്നിലെ
പ്രണയസാഗരബുദ്ബുദമാകിലും
അതിലെനിക്കെന്റെ ലോകമായ് നീ പ്രതി-
ഫലിതമാകവെ നീയനന്താലയന്‍!''