Follow by Email

2016, സെപ്റ്റംബർ 28, ബുധനാഴ്‌ച

ദണ്ഡവിമോചനം

ഭൂവില്‍ കടങ്ങള്‍ വരുത്തിവയ്ക്കുന്നവര്‍
മൃത്യുവാലെത്തുന്നിടത്തു നിന്നാല്‍
നമ്മെയവര്‍ക്കു കണ്ടീടുവാനായിടും
നിത്യവുമെന്നൊരുള്‍ക്കാഴ്ച കിട്ടി!

നമ്മുടെ പൂര്‍വികര്‍ നമ്മളെയങ്ങുനി-
ന്നെങ്ങനെ കണ്ടിടുന്നെന്നു നോക്കി
കണ്ടതിതാ:ണവര്‍ക്കില്ലയസ്വസ്ഥത
ഉണ്ടു സഹഭാവമേവരോടും!

നമ്മോടവര്‍ക്കു ചൊന്നീടുവാനുള്ളവ
നാമാഗ്രഹിക്കുകില്‍ കേള്‍ക്കുവാനായ്
സങ്കല്പമൊത്തു വികല്പവും ചേര്‍ന്നതാം
സ്വപ്‌നങ്ങളില്‍ വന്നു ചൊല്ലിടുന്നു!

കേള്‍ക്കുവാനുള്‍ച്ചെവി നാം തുറന്നീടണം!
ഞാനെന്റെയുള്‍ച്ചെവിയില്‍ ശ്രവിച്ച
എന്‍ പിതാവിന്‍ സ്വരം ഇങ്ങനെയായിരു:
''ന്നെല്ലാം പൊറുക്കുവോര്‍ക്കാണു സ്വര്‍ഗം!!

ഞങ്ങളിങ്ങായിരിക്കുന്നതിന്‍ കാരണം
ഞങ്ങള്‍ പൊറുക്കാത്തതൊക്കെ നീയും
അങ്ങു പൊറുക്കാതെ,യെന്‍കടബാധ്യത
യങ്ങുവീട്ടാതിരിക്കുന്നതല്ലോ.

ഞങ്ങളെ സ്വര്‍ഗത്തിലെത്തിക്കാനാചാര-
മൊന്നുമാത്രം: ഞങ്ങളോടു ദ്രോഹം
ചെയ്തവരോടങ്ങു ഭൂവില്‍ വസിക്കുന്ന
നിങ്ങളും കൂടി പൊറുത്തിടേണം!

ഇന്നിങ്ങെനിക്കു പൊറുക്കുവാനാഗ്രഹം
എന്നെയങ്ങജ്ഞതയാലെയെന്നും
ദ്രോഹിച്ചിരുന്നോരയല്‍ക്കാരനോടു, നീ
ദ്രോഹങ്ങള്‍ ചെയ്താല്‍ കടംവീടില്ല!

സ്‌നേഹത്തെ സ്‌നേഹത്താല്‍ വീട്ടിടാം ദ്രോഹമോ
സ്‌നേഹത്താലല്ലാതെ വീടുകില്ല!!
ദ്രോഹത്തെ ദ്രോഹത്താല്‍ വീട്ടാന്‍ ശ്രമിക്കുകില്‍
ദ്രോഹങ്ങളാല്‍ ലോകമേ നശിക്കും!!!''

2016, സെപ്റ്റംബർ 17, ശനിയാഴ്‌ച

നാലിതള്‍പ്പൂക്കളായ് ദര്‍ശനങ്ങള്‍ 11-15

*
എന്റെ സ്വന്തമായ് ഞാന്‍ കരുതുന്നവ
എന്തുമങ്ങു സമര്‍പ്പിച്ചിടുമ്പൊഴാം
എന്റെ മുക്തി! സൃഷ്ടി-സ്ഥിതികള്‍ക്കുമ-
ങ്ങപ്പുറത്തുള്ളതാം ശിവം!! സുന്ദരം!!!

*

എന്നിലുള്ളതെല്ലാമെന്റെ ദൈവമാം
ദര്‍പ്പണത്തില്‍പ്രതിഫലിക്കുന്നവ!!
സര്‍ഗചിന്തകള്‍ കൊണ്ടെന്‍ മനസ്സിലെ
സ്വര്‍ഗവാതില്‍ തുറന്നിടാമോര്‍ക്കുക!

*

എന്റെ സ്വാസ്ഥ്യംവിജയവും ഹൃത്തിലു-
ള്ളര്‍ഥമാമാത്മ സന്തോഷധാരയും
എന്റെയുള്ളിലെ സ്വര്‍ഗത്തിലുണ്ടതി-
നെന്റെ വാതില്‍ തുറക്കണം, ഞാനിനി!!

*

എന്റെ വീഥിയില്‍ എത്തിടുന്നെന്നുമി-
ന്നെന്റെ വിഘ്‌നേശ,നിക്കാട്ടുവള്ളിയായ്!
സര്‍പ്പമായും വിവേകാഗ്നിയായുമി-
ങ്ങെത്തിടാന്‍ വേറെയാരുമില്ലിങ്ങിനി!!

*

പരനിലല്ലോ പരാപരന്‍, മുമ്പിലു-
ള്ളപരനില്‍പ്പോലുമുള്ളവന്‍, നിന്നില്‍ ഞാന്‍
അപരനെങ്കിലു, മെന്നിലെയെന്നില്‍ നീ
അപരയല്ലെന്നറിഞ്ഞാല്‍ സ്വതന്ത്ര നീ!

2016, സെപ്റ്റംബർ 11, ഞായറാഴ്‌ച

നാലിതള്‍പ്പൂക്കളായ് ദര്‍ശനങ്ങള്‍ 6-10

എൻ കാവ്യമെല്ലാം സമാഹരിക്കാൻ
ഞാൻ തുനിഞ്ഞീടവെ സംജാതമായ്
നിൻ രൂപമെൻ രൂപമെന്നുകാട്ടും
വൻ പുഷ്പശേഖരം, ഈയാരാമം!

*
നാലു വരികളിൽ നാലിതൾപ്പൂ
നാലിതൾ - പൂവൊന്നു മാത്രമല്ലോ!
ആരാമമൊന്നിലൊരായിരം പൂ!!
ആയിരമാക്കാമെൻ കാവ്യങ്ങളും !!!

*
നാലിതൾപ്പൂവോ കരിംകുരിശോ
നീയിതിൽ കാണ്മതു നിന്റെ സത്യം!
രണ്ടു രൂപങ്ങളും കാണ്മവർക്കി-
ങ്ങുണ്ടു സമഗ്രമാം സത്യബോധം!!

*
അദ്വൈതിയാകിലും വേദവ്യാസൻ
വേദങ്ങൾ നാലായ് പകുത്തതെന്തേ?
നാലിലും നാലാണു രൂപ,മെന്നാൽ
നാലു വേദങ്ങളും സത്യഭാവം!

*
ജാഗ്രത്ത്, സ്വപ്നം, സുഷുപ്തി, പിന്നെ
നാലാമതുള്ള തുരീയ ഭാവം!
നാലും ചേർന്നീടിൽ സമഗ്രഭാവം!!
ജാഗ്രത!!! യൊക്കെയും കണ്ടിടുവാൻ!!!!
      

2016, സെപ്റ്റംബർ 3, ശനിയാഴ്‌ച

നിർ‍ധനഭാവത്താൽ ‍ ധന്യരായി


ദൈവമേനീയാരെന്നുള്ളറിവിൽ നിറ-
ഞ്ഞാവണം പ്രാർഥനയെന്നരുളും
നിന്നരുളാൽ  കുറിക്കുന്നൊരീ പ്രാർഥന
നിൻ ഹിതത്താൽ  നിറഞ്ഞാർദ്രരാകാൻ‍!

പ്രാർഥനയ്ക്കർഥമിങ്ങുള്ള നിസ്വാർഥമാം
നിർധനഭാവത്താൽ ‍ ധന്യരായി
ഞങ്ങളിലാണു നീയെന്നറിഞ്ഞാർദ്രരായ്
നിന്നിലലിഞ്ഞൊഴുകീടലല്ലോ!!

നീയിങ്ങു ഞങ്ങളിലെന്നപോൽ ഞങ്ങളും
നിന്നിലലിഞ്ഞാർദ്രരായിടുമ്പോൾ 
നിൻ ഹിതം ഞങ്ങൾക്കും നിത്യം പ്രിയങ്കര,-
മാനന്ദദായകമായി മാറും!

എന്നാലതിങ്ങറിയാൻ കഴിയാത്തവ-
രെന്നൊരവസ്ഥയിൽ മർത്യരെല്ലാം
സ്വാർഥരാം, നിസ്വാർ നിസ്വതാശാന്തിതൻ 
നിർവൃതിയിങ്ങറിയാത്തവരാം!

ഞങ്ങളെ നിന്നിൽ ലയിപ്പിക്കുവാൻ നിന്റെ
സംഗീതധാരയിലൂടെയെത്താം
നിൻ മൗനസാഗരതീരത്തുഞങ്ങളാ
സാഗരാഗാധതാ സന്താനങ്ങൾ!നാലിതള്‍പ്പൂക്കളായ് ദര്‍ശനങ്ങള്‍ 1-5

നാലു വരികളില്‍ അര്‍ഥപൂര്‍ണം
ദര്‍ശനം ഗാനമായ്ത്തീര്‍ന്നിടുന്നു
നാലിതള്‍പ്പൂക്കളായ് ദര്‍ശനങ്ങള്‍
ഗീതങ്ങളാകവെ ഞാനാരാമം!


*
എന്നിലീയുള്‍ക്കാഴ്ചകള്‍ വിടര്‍ത്തും
വാഗര്‍ഥസംഗമം പാര്‍വതിയും
സംഹാരസങ്കല്പമാം ശിവനും
ചേര്‍ന്നു ചെയ്യുന്നതാം സൃഷ്ടിയല്ലോ!


* 
ഇതുവെറുമക്ഷരലാസ്യമെന്തിനാണി-
ങ്ങിതിലൊഴുകുന്നതുനിന്റെ നിത്യദുഃഖ-
സ്മൃതികളിലിന്നൊരു ഹര്‍ഷവര്‍ഷമെന്നി-
ങ്ങുണരുമൊരാത്മരതീന്ദ്രജാലമെല്ലാം.

* 
ഇതുപോ,രിതിലില്ലഴലോ നിഴലോ
പദലാസ്യഭ്രമമൊഴിവാക്കുകയെ-
ന്നരുളുന്നവനോടരുളുക ലാസ്യം
ഇതു രതിയരതിയൊടരുളും പൊരുളാം.

* 
അരതിയിലരളുമൊരനുപമഹൃദയ-
സ്മിതലയലഹരിയിലെഴുതുവതിവനില്‍
രതിലയലാസ്യസ്മൃതികളടങ്ങാന്‍
വഴിയിതു വഴി തിരയുന്നവരറിയാ!

*

നീ വഴിയല്ല


നീയറിയു:ന്നിവിടൊറ്റയല്ലാരു,മി-
ങ്ങൊത്തുചേരേണ്ടവർ ചേർന്നിടാൻ നീ
രാസത്വരകമെന്നോണമാംനീ വഴി-
യല്ലവഴികാട്ടി മാത്രമിപ്പോൾ ‍.

നീയറിയുന്നിനിയിങ്ങു തിരിയുവാൻ 
നൂറു വഴിക,ളെല്ലാ വഴിക്കും
പോകുവാനാവില്ലൊരാൾക്കും വഴിതിരി-
യുന്നിടത്തല്ലൊ നിനക്കിടമിന്നുകിട്ടി!

നീയറിയുന്നു നിനക്കു ബലംതരാൻ‍,
താങ്ങിനടത്തുവാൻ‍, ആരുമില്ല!

അന്ധരാമാരെങ്കിലുംനിന്നടുത്തുവ-
ന്നാരായും നാളെ നിനക്കു പോകാൻ 
നീയറിയുന്ന വഴിയ്ക്കു കണ്ണാകുവാൻ 
നീ സഹായം നല്കി കൂടെക്കൂടാൻ .

അന്നോളം നിൻ ധർമം ചൂണ്ടുപലകയായ്
ഇക്കവലയ്ക്കലായ് നിൽക്കൽ മാത്രം.
നിൻ തുണ തേടിയാരെങ്കിലുംവന്നീടും
നേരംവരെ നിനക്കിങ്ങുനിൽക്കൽ-
തന്നെ സ്വധർമംവരും ധർമമുക്തി നീ
ഞാനായി മാറും ക്ഷണത്തിൽ മാത്രം!

കുമിളകള്‍ നാം!


ആനന്ദസാഗരതീരത്തല-
ച്ചാര്‍ക്കും തിരയില്‍ കുമിളകള്‍ നാം
നമ്മില്‍ പ്രതിബിബിക്കുന്നു വിശ്വം!
നമ്മുടെയുള്ളിലാനന്ദതീര്‍ഥം!!

നമ്മില്‍ പ്രതിഫലിക്കുന്ന-വിശ്വ-
വര്‍ണവുമുള്ളിലെയാനന്ദവും
രണ്ടെന്നു കണ്ടിടേ,ണ്ടുള്ളതല്ലാ-
തില്ലൊന്നും നമ്മളിലീ നിമിഷം!

ഈ നിമിഷംമാത്രമാണു വര്‍ത്ത-
മാനവും മാനവും, മൗനമന്ദ-
സ്‌മേരമാമാത്മാര്‍ഥസിന്ധുവിലെ
സങ്കല്പസംഗീതധാര പോലും!

ഈ നിമിഷത്തിലല്ലാതെയില്ലാ
യാഥാര്‍ഥ്യമായൊന്നുമെന്നറിഞ്ഞീ
സത്യസങ്കല്പസമന്വയത്തിന്‍
സംഗമബിന്ദു നാമെന്നറിയാം!

ഞാനല്ല, നീയല്ല നമ്മള്‍മാത്രം,
ആനനന്ദസാഗരതീരം മാത്രം
സത്യമാം സംഗീതം, രാഗധാര
മൗനത്തില്‍ മുദ്രിതമെന്നറിയൂ!


ഞാന്‍, നീയെന്നുള്ളൊരീ ദ്വൈതഭാവം
ജ്ഞാനാര്‍ഥസാഗരത്തില്‍ കുമിള!
പൊട്ടിത്തകര്‍ന്നു കടലിനാഴം
കണ്ടെത്തിടാനാണു മൃത്യുരഥ്യ!

മൃത്യുവില്‍ സത്യമുണ്ടെന്നറിഞ്ഞാല്‍
നൃത്തമീ ജീവിതമെന്നറിഞ്ഞാല്‍
മൃത്തിലാം പൂവിടര്‍ത്തും ചെടിതന്‍
അസ്തിത്വമെന്നറിഞ്ഞാര്‍ദ്രരാകാം!

*