2015, ഫെബ്രുവരി 4, ബുധനാഴ്‌ച

പ്രായം



ഇന്നലെ എന്റെ അറുപതാം പിറന്നാളായിരുന്നു. 32 വര്‍ഷം മുമ്പ് നിത്യചൈതന്യയതിയുടെ പിറന്നാളിന് ഞാന്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. അന്ന് ഞാന്‍ എഴുതിയതും അദ്ദേഹത്തിന് സമര്‍പ്പിച്ചതുമായ ഒരു കവിത പകര്‍ത്തുന്നു:
പ്രായം
അറുപതായ് വയ, സ്സൊരു നിലാവുപോല്‍
വിരിയുമീ മൃദുസ്മിതാര്‍ദ്രമൗനത്തി,-
ന്നറിവി.നെന്നിലേക്കൊഴുകിടുന്നൊരീ
യരുളി, നി, ല്ലിതാം ഉലകിലെ മിഥ്യ!
         സമയവും ദിശാവിശേഷഭാവമാ-
         യമര്‍ന്നുണര്‍ന്നിടുമുലകും കായവും
         മനസ്സിനുണ്മയായ് കിനാവുപോലെയാം
         ഉണര്‍വിലും നമ്മളനുഭവിപ്പതെ-
         ന്നറിഞ്ഞിടാതെയാം മൊഴിഞ്ഞിടുന്നിവര്‍:       
         'അറുപതായ് പ്രായ, മതൊന്നു കൊണ്ടാടാം!'
അഹത്തിനില്ലകം പുറങ്ങളെന്നറി-
ഞ്ഞഖണ്ഡബോധത്തിലലിഞ്ഞൊഴുകുവാന്‍
ഇതൊക്കെയേകമായ് , സുതാര്യമായ്, സത്യ-
സ്മിതങ്ങളായ്, ഹര്‍ഷ നടനഭാവമായ്
കൊരുത്ത ദിക്കിതിന്‍ വെളിച്ചം കാണുവാന്‍
അരുള്‍ തരുന്നൊരീ ഗുരുവിനോ പ്രായം?
വയസ്സു നമ്മളെ ഭരിക്കയാലല്ലോ
ഭയം; ഗുരോ ഞങ്ങള്‍ക്കഭയമായിടൂ!!


ഇന്ന് ശ്രീ എം. എന്ന ഗുരു എന്റെ അടുത്തെത്തിയത് വെറും ഒരു യാദൃച്ഛിക സംഭവമല്ലെന്നുതന്നെ കരുതുന്നു.
എനിക്കിപ്പോള്‍, എനിക്കായിത്തന്നെ, ഇത്രകൂടി എഴുതാന്‍ തോന്നുന്നു:

നിനക്കു പ്രായമു, ണ്ടതിന്റെയുള്‍പ്പൊരു-
ളറിഞ്ഞുനീങ്ങുവാന്‍ വരംതരുന്നു ഞാന്‍:
വരുന്നു ഞാന്‍, നിനക്കരികിലിന്നു നിന്‍
കരംപിടിക്കുവാന്‍, നമസ്‌കരിക്കുക!
ഗുരുപദത്തില്‍ നീ തൊടുകില്‍മാത്രമേ
അനുഗ്രഹം തരാന്‍ ഗുരുവിനായിടൂ!!
അറിഞ്ഞിടൂ: അരുള്‍ തരാന്‍ വരും ഗുരു
വിനയശൂന്യനില്‍ വെറും ലഘുത്വമാം!!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ