2015, ഫെബ്രുവരി 7, ശനിയാഴ്‌ച

യേശു: അരുളും പൊരുളും



ഒലിവുമലയിലാണെനിക്കു മനന; മവിടെയെന്റെയുള്ളി-
ലുണരുമറിവു മൗനസാന്ദ്രലഹരി; യരുളുണര്‍വു നല്കും!

രജനിതോറുമവിടെയെത്തി, അരുളുനേടി, യരുളിടേണ്ട-
തൊഴുകിടുമ്പൊഴിവിടിറങ്ങി, ജനമനസ്സിലേക്കു ദൈവ-
നിയമമായൊരരുളു നല്കി, യരുളിടുന്നു ദൈവനീതി!!

ഇവിടെയെന്‍ നിയോഗമിപ്പൊഴിതു; കുരുക്കിടുന്നവര്‍ക്കു
മറുകുരുക്കെറിഞ്ഞിടാനുമറിവു താതനേകിടുന്നു!

ഇവിടെയിന്നു ദൈവനീതി വിടരുവാന്‍, വിധിച്ചിടൊല്ല
തമ്മിലെന്നു ചൊന്നു നില്‌ക്കെ നിയമപാലകര്‍ വരുന്നു
കയ്യിലുള്ളതാം കുരുക്കുമിങ്ങു കണ്ടിടുന്നവന്‍ ഞാന്‍!!

'കല്ലെറിഞ്ഞു കൊന്നിടേണ്ട വേശ്യയാണിവള്‍; വിധിക്ക
ദൈവനീതി പോലെയിപ്പൊ'ഴെന്നു ചൊന്നിടുന്നിവര്‍!

മറ്റു മാര്‍ഗമിങ്ങിവള്‍ക്കു കാട്ടിടാതെ കല്ലെറിഞ്ഞു
കൊന്നിടേണമെന്നു ചൊന്നു കൊണ്ടുവന്നിടുന്നതെന്തു
നീതി? - യില്ല വീണിടില്ലയിക്കുരുക്കിലിന്നു ഞാന്‍!!

ഞാനറിഞ്ഞിടുന്ന ദൈവനീതി വച്ചു നോക്കവേ
കാമമാണു പാപഹേതു; കാമശൂന്യയാണിവള്‍!

കാമമോടെ നോക്കുവോര്‍ക്കു പോലുമുണ്ടു പാപ; മിങ്ങു
തെറ്റിലേക്കു വീഴ്ത്തുമാറു ശിക്ഷകള്‍ വിധിക്കുവോര്‍ക്കു-
മുണ്ടു പാപ; മീ ദരിദ്രവേശ്യ നിഷ്‌കളങ്കയാം!!

രക്ഷ നല്കിടേണമി,ങ്ങിവള്‍ക്കു ദൈവനീതിയും
ലഭ്യമാക്കിടേണ,മെന്‍ നിയോഗമാ, ണിതോര്‍ക്കവെ
ദൈവമെന്റെ നാവിലൂടെയോതിടുന്നു കേള്‍പ്പു ഞാന്‍:
'തെറ്റു ചെയ്തിടാത്തൊരാളെറിഞ്ഞിടട്ടെയാദ്യമായ് '


ദൈവവചനമെന്നെ ദൈവപുത്രനാക്കിടുന്നിതാ!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ