2015, ഫെബ്രുവരി 5, വ്യാഴാഴ്‌ച

യേശു ചോദിക്കുന്നു:




''എന്റെ പിതാവിന്‍ ഭവനമിന്നാരാണു
ചന്തയായ് മാറ്റുന്നു?''   ''ഞാനെന്റ മോഹങ്ങള്‍
ചന്തയാക്കുന്നവന്‍; ചിന്തകള്‍ പോലുമാ
ചന്തയില്‍ വില്ക്കുവോന്‍; ഭൂലോകമാകവെ
ചന്തയാക്കുന്നതും ഞാന്‍തന്നെ; യേശുവേ,
ചന്തയില്‍ നിന്നെയും വില്പ്പു ഞാന്‍; താതന്റെ
യാലയമല്ലാതെയെന്തിവിടുണ്ടന്ന-
താണെന്റെ ചോദ്യ; മെന്താണു നിന്നുത്തരം?''

''ഇങ്ങുള്ളതൊന്നുമേ നിന്‍ സ്വന്തമല്ലെന്നു
സമ്മതിച്ചീടുക; ചൊല്ലിടാമുത്തരം:
വേണ്ടാത്തതും സ്വന്തമാക്കി വിറ്റീടുവാന്‍,
വേണ്ടവര്‍ക്കേകാതിരിക്കുവാ, നെന്തിലും 
ലാഭമെടുക്കാൻ നിനക്കാരു നല്കിയി-
ങ്ങിന്നവകാശം? നിനക്കു കിട്ടുന്നവ
നിന്‍ സോദരര്‍ക്കുമേകേണ്ടതാം; സ്‌നേഹമോ-
ടിങ്ങു നടത്തേണ്ട കൈമാറ്റമൊക്കെയും
ലോഭമോടെ ലാഭമിച്ഛിച്ചു ചെയ്യുവാന്‍
നിന്‍ ന്യായമെന്താണ്? നിന്നുണ്മ പോലുമേ
നിന്‍ സ്വന്തമല്ലെന്നറിഞ്ഞിട്ടുമെന്തുകൊ-
ണ്ടെന്‍ പിതാവിന്‍ വീടു സ്വന്തമാക്കുന്നു നീ?''
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ