''യമനിയമ വീഥിയില്‍ ശൗചമായ് ദാമ്പത്യ-
മറിയുക;യതില്‍ യോഗതത്ത്വോപദേശമൊ-
ന്നനുഭവിച്ചറിയുക;'യഹ'ങ്ങള്‍ മറന്നലി-
ഞ്ഞൊഴുകിയൊരു സാഗര ഹൃദന്തത്തിലാഴുക!
അവിടെനിന്നീ വിശ്വമാകെയുള്‍ക്കൊള്ളുന്ന
കുമിളകളിലൊന്നായുയര്‍ന്നുവന്നന്യരെയു-
മറിയുക, നുരയ്ക്കര്‍ഥമായ് ജീവിതത്തിന്റെ
ലഹരിയിലലിഞ്ഞു കടലില്‍ ലയിച്ചീടുക!''
ഇതു മൊഴിയുവാനെന്റെ യുള്ളിലെത്തുന്നതാ?-
രറിയല്ലെനിക്കു, നീ തന്നെയാവാം, നിന്റെ
നിഴലായ് വികല്പങ്ങളരുളുന്ന മായതന്‍
മൊഴിയുമാവാം, സത്യമറിയുവാന്‍ തിരയവെ
സ്വപ്നദൃശ്യങ്ങള്‍ക്കു പിന്നിലായുള്ളതാം
വര്‍ത്തമാനത്തിന്റെ യാഥാര്‍ഥ്യമായെനി-
ക്കര്‍ഥം തിരഞ്ഞലഞ്ഞീടും നിരര്‍ഥമാം
ശബ്ദമെന്നോണം കലമ്പുന്നു ജീവിതം!
ഗുരുവരുളിനര്‍ഥമെന്‍ ജീവിതപഥങ്ങളില്‍
തിരിവു തിരിയിക്കും വിവേകമായ് മാറുമോ?