2023, ഓഗസ്റ്റ് 18, വെള്ളിയാഴ്‌ച

കുടുംബം

 

ഭാര്യ

ഭാര്യയെന്നാൽ നിന്റെ ഭാരമെല്ലാം താങ്ങു-
മൊരു ഭാരവാഹിയെന്നോർത്തുവോ നീ?
അറിയണം: നീയാണു താങ്ങേണ്ടതവളെ, നിൻ
നിറവറിഞ്ഞീടവെ അവൾ താങ്ങിടും!
ഇവൾ നിന്റെ മുജ്ജന്മകർമഫലമായ് നിന്റെ
ഭവനാധിനാഥയായ് വാണിടാനായ്
നവനവോന്മേഷാനന്ദദായിയായ് നിൻജീവ-
കവിതാലയാർദ്രതയായ് വന്നവൾ!
ഇവളെയറിയുമ്പൊഴേ ഞാൻ വരൂ, നിൻ ഹൃത്തി-
ലവിരാമസൗന്ദര്യധാരയാകാൻ
ഇവളിലലിയുമ്പൊഴേ ഞാൻ വരൂ, നിൻ പ്രേമ-
കവിതകളിലാത്മാർഥ തീർഥമാകാൻ!
ശുഷ്‌കവേദാന്തമല്ലാർദ്രയോഗാർഥമാം
നിഷ്‌കളങ്കാർദ്രമാമൻപരുളും
അരുളായി, ദയയോളമൊഴുകിയെത്തീടുന്ന
പൊരുളായ ജീവിതാനന്ദതീർഥം!
അറിയുന്നു, നീയിങ്ങു ദാമ്പത്യയോഗമാം
നിറവേകിടും മർത്യജന്മപുണ്യം!
അതിലാഴുവാൻ നിനക്കിണയായതിവളാണ്,
തുണയായുമവളെന്നുമുണ്ടാകണം!
അതിനു നീ ചെയ്യേണ്ടതൊന്നുമാത്രം - ഹൃത്തി-
നൾത്താരയിൽ ദേവിയാണിവളെ-
ന്നറിയണം, നന്ദിതൻ പൂക്കളായ് നിൻ ചിരി
വിരിയണം, അവയർപ്പിച്ചർച്ചിക്കണം!
മകൾ
നീ പിതാവാകുവാൻ വന്നവളാണിവൾ
നീ പിതൃധർമറിഞ്ഞിടാനും
നിൻ ധർമറിയാതെ, വ്യഭിചരിച്ചീടാതെ
നിൻ വഴി കാണിച്ചുതന്നിടാനും
നിൻ പിന്നില,ല്ലിന്നു, നിൻ മുന്നിലുണ്ടവൾ
നീ ശിഷ്യനാ,ണിങ്ങിവൾ ഗുരുവാം!

2022, ജൂലൈ 11, തിങ്കളാഴ്‌ച

അര്‍ഥത്തിനര്‍ഥം

അര്‍ഥമേ വ്യര്‍ഥമെന്നാരോമൊഴിഞ്ഞിടു-

ന്നര്‍ഥത്തിനര്‍ഥമെ?ന്തെന്റെ ചോദ്യം!

ധര്‍മാര്‍ഥം കാമവും മോക്ഷാര്‍ഥമെന്നെന്നൊ-

ടര്‍ഥാന്തരാന്വേഷി ചൊന്നിടുന്നു!


ധര്‍മാര്‍ഥമര്‍ഥാര്‍ഥം കാമമോ മോക്ഷാര്‍ഥം-

ഓതുന്നതാരാണ്? കേട്ടതെന്ത്?

അര്‍ഥാന്തരങ്ങളിലല്ല, മോക്ഷാര്‍ഥത്തി-

ലാണു തേടേണ്ടതര്‍ഥാര്‍ഥമെന്നും!



2022, ജൂലൈ 10, ഞായറാഴ്‌ച

നാമപ്രിയന്‍ -അര്‍ഥാന്തരന്യാസം

നാമപ്രിയന്‍ നീ, നിനക്കെത്ര പേരുകള്‍

നീ സ്വയം കണ്ടെത്തി? അര്‍ഥാന്തരന്യാസ-

മായിരമായിരം രശ്മിജാലങ്ങളില്‍

ആത്മാവിനര്‍ഥം തിര;ഞ്ഞിരുള്‍ക്കൂനയില്‍

ചാരത്തിനുള്ളില്‍ പുതഞ്ഞുകിടന്നിടും

ഇപ്പൊരി, തീപ്പൊരി, രശ്മികളൊക്കെയും 

ചേര്‍ന്നാല്‍ നിറങ്ങളല്ലീ വെണ്മമാത്രമാ-

ണെന്നറിയിച്ചോരറിവിലെത്തിക്കവെ

നിത്യചൈതന്യമേ, സത്യചൈതന്യമായ്

നാമപ്പൊരുള്‍ നിലാവായി മാറുന്നിതാ!

സാമാന്യംതാൻ വിശേഷം താൻ ഇവയിൽ പ്രസ്തുതത്തിന്
അർത്ഥാന്തരന്യാസമാകു മന്യംകൊണ്ടു സമർത്ഥനം.

2022, മേയ് 28, ശനിയാഴ്‌ച

മമത, അരുള്‍, മുക്തി

മമതയതല്പമെനിക്കുവേണമെന്നാം

മമസഖിയെന്നൊടു കേണു ചൊന്നിടുന്നു

''മമത വെടിഞ്ഞിടില്‍ മാത്രമേ നമുക്കി-

ങ്ങമരപദത്തിലണഞ്ഞിടാനുമാത്മ-

സ്മിതമതില്‍ മുങ്ങിയലിഞ്ഞിടാനുമാവൂ!''

അറിവിതു നിന്നൊടു ചൊല്‍കെ നീ മൊഴിഞ്ഞു:

''അരുളുവെടിഞ്ഞവനെന്തു മുക്തി? ചൊല്ലൂ!!"


2021, ജൂൺ 25, വെള്ളിയാഴ്‌ച

എഴുത്ത്

 ഒരു യാന്തികത്വം നിനക്കുണ്ടതോർക്കണം

അതു നിന്റെ ചൈതന്യമല്ല നിൻ പാശമാ-

ണതു ബന്ധനം, മുക്തനാകണം, ധ്യാനവും

ഒരു പാശമായിടാമെന്നറിഞ്ഞീടുക!


എഴുതുകയൊഴുക്കിലാം ധ്യാനം, വിവേകമാ-

ണൊഴുകവെ ജലത്തിൽ ലയിക്കാതിരിക്കലിൽ

നിഴലിടുവതെന്നറിഞ്ഞാർദ്രനായാത്മാവി-

ലൊഴുകുവതെഴുത്തിൽ ലയം, നീയതാകുക!


ദിവസവും രാവിലെ ഇരുപതു മിനിറ്റുണർ-

ന്നിതുപോലെയെഴുതുക,യതാണുനിൻ ധ്യാന, മീ-

ഹൃദയലയലാസ്യസങ്കീർത്തനം ഒഴുകവെ

എഴുതുകയെഴുത്താണു നിന്നൊഴുക്കോർക്കുക!


എഴുതുക,യെഴുത്തിലാം നിൻ കഴു,ത്തതു നിന്റെ

തല ഹൃദയമോടു ചേർക്കുന്ന പാശം, പശുവു-

മയവിറക്കും തിന്നതൊക്കെയും, ദഹനത്തി-

നനിവാര്യമാണതു,മതാണിവിടെ നിൻ കവിത-

യെഴുതിടവെ ഭവിക്കുന്ന കർമം നിവൃത്തിയും!

അറിയുകയൊരാൾക്കുമിങ്ങാവുകില്ലന്യനായ് 

ഹൃദയലയലാസ്യമാടീടുവാൻ നീ നിന്നി-

ലുണരുവതൊക്കെയുമറിഞ്ഞു ജീവിക്കണം!


അറിവു നെറിവിൽ നിറഞ്ഞാകുമ്പൊഴാട്ടവും

ഉറവയിലുറങ്ങുന്ന ധാരയെയുണർത്തലാം!

അറിയുക നിനക്കു നിറവേകിടും ധ്യാനമായ്

ഒഴുകും ഗുരുത്വം ലഘുത്വമാക്കും ലയം!


അറിയുക നിനക്കിവിടെ നിന്നിലൂടെന്നിലേ-

ക്കൊഴുകിവരുവാൻ നിത്യമരുളും ക്ഷണം ക്ഷണം!

ക്ഷണകവിതയാമിതിൽ നിത്യം നിറഞ്ഞിടിൽ

നിറപറ,യിതിൽ നിന്റെ ധന്യതയാം ധനം!


2020, ഒക്‌ടോബർ 31, ശനിയാഴ്‌ച

ക്ഷണനിര്ഭരം ജന്മം!

ഒരു തിരയി,ലൊരു നുരയി,ലൊരു കുമിളമാത്രമായ് 

അറിയുക;യൊരറിവിലിവ സകലമുണരുന്നതാം 

നിമിഷമതിലറിവുറവ; ജനനമറിയുന്നു ഞാന്‍

അറിവിലുണരുംനിമിഷ; മതിലധികമെന്തു നാം? 


2020, ഏപ്രിൽ 17, വെള്ളിയാഴ്‌ച

എന്തുകൊണ്ട്?



എന്‍ പേരി,ലെന്‍ ജീവിതത്തിലും വേണ്ട 'വൈ'

എന്തുകൊണ്ടെന്നുള്ള ചോദ്യമാമെന്നിലീ
വയ്യായ്മ തീര്‍ക്കു,ന്നതിന്നിന്റെയര്‍ഥമി-
ങ്ങെയ്യേണ്ടതില്ലാത്തൊരമ്പാ,ണതന്‍പു താന്‍!

2018, ഡിസംബർ 25, ചൊവ്വാഴ്ച

ആനന്ദവിസ്മയമായിടാം ഞാൻ!

നിൻ സ്നേഹധാരയിൽ മുങ്ങിനിവർന്നിടാൻ 
നിൻ സ്‌നേഹവായ്‌പിൽ ലയിച്ചൊഴുകാൻ 
നിന്നിലാം ഞാനെന്നുള്ളറിവാം ജ്ഞാന-
സാഗരത്തിൻ തുള്ളിയായലിഞ്ഞ് 
നീതന്നെ ഞാനെന്നും ഞാൻതന്നെ നീയെന്നും 
നീലാകാശത്തിൻ നീലയായറിഞ്ഞ് 
നീഹാരബിന്ദുവായ് നിന്നെയുൾക്കൊണ്ടിവി-
ടാനന്ദവിസ്മയമായിടാം ഞാൻ!! 

2018, ഓഗസ്റ്റ് 3, വെള്ളിയാഴ്‌ച

ഉദയംകുറിക്കിലും...

ഉദയംകുറിക്കിലും ഇമകള്‍ തുറക്കാതെ
ഉണരാനുണര്‍വിന്റെ .ചൈതന്യധാരയായ്
ഒഴുകുവാനാഴിയിലെത്തുവാനാവുമോ?
ആഴിയില്‍നിന്നു നീരാവിയായ് മേഘമായ്
അംബരംചുബിച്ചതിന്‍ശേഷമീഭൂവില്‍
മഴയായ് പതിക്കാതെ സായൂജ്യമാവുമോ?

2018, ഏപ്രിൽ 8, ഞായറാഴ്‌ച

സ്വർഗ്ഗവാതിൽ തുറന്നിടാം


സർഗചിന്തകൾകൊണ്ടെൻ മനസ്സിലെ
സ്വർഗ്ഗവാതിൽ തുറന്നിടാം, ഓർക്കുക :

എന്റെ സ്വാസ്ഥ്യം, വിജയവും ഹൃത്തിലു-
ള്ളർഥമാമാത്മസന്തോഷധാരയും 
എന്റെയുള്ളിലെ സ്വർഗ്ഗത്തിലുണ്ടതി-
ന്നെന്റെ വാതിൽ തുറക്കണം ഞാനിനി! 

എന്നിലുള്ളതെല്ലാമെന്റെ ദൈവമാം-
ദര്‍പ്പണത്തില്‍ പ്രതിഫലിക്കുന്നവ!

എന്റെ സ്വന്തമായ് ഞാന്‍ കരുതുന്നവ
എന്തുമങ്ങു സമര്‍പ്പിച്ചിടുമ്പൊഴാം
ശാന്തിയെന്നില്‍ത്തുളുമ്പുന്ന, തിന്നതില്‍
എന്‍ വിജയമന്ത്രപ്പൊരുള്‍, നിര്‍വൃതി!

എൻ മൊഴി നിൻ വഴി!

വഴികളിൽ തല വേണ്ടെന്നറിഞ്ഞു ഞാൻ
എഴുതിവയ്ക്കയാം നിന്മൊഴി: ''എങ്ങുമീ
വഴികളെത്തും; നിയന്ത്രിച്ചു നീങ്ങുകിൽ
നിഴലുപോൽ വഴി; എൻ മൊഴി നിൻ വഴി!

അറിയണം സ്വതന്ത്രം പരതന്ത്രമാം!
പരനിലാണു പരാപരൻ, മുമ്പിലു-
ള്ളപരനിൽപ്പോലുമുണ്ടവൻ, നിന്നിൽ ഞാൻ
അപരനല്ല, ഞാൻ നിന്നിലുള്ളീശ്വരൻ!

വിശ്വവിസ്മൃതിക്കുള്ളിലുള്ളത്ഭുതം!
നശ്വരശ്വാസ വിഘ്‌നേശ വിസ്മയം!!''









2018, മാർച്ച് 6, ചൊവ്വാഴ്ച

മോബോക്രസി - 2012 അഥവാ ഡാം 666

ഓഷോ എങ്ങോ എഴുതിയിരുന്നു: 
ഭൂകമ്പത്തിന് 24 മണിക്കൂര്മുമ്പേ അതിനെക്കുറിച്ചു സൂചനകിട്ടി
ബഹളംവയ്ക്കുന്ന ഒരു പക്ഷി ജപ്പാനിലുണ്ട്.
അതോർമ്മവന്ന കേരളത്തിലെ സ്വാമി രാധാകൃഷ്ണാനന്ദ എന്ന ഓഷോ അനുയായി
സ്നേഹിതയായ യാസുനാമിയെ ജപ്പാനില്നിന്ന് ഇന്ത്യയിലേക്കു ക്ഷണിച്ചു.
ഭൂകമ്പപ്രവാചകയായ തന്റെ ഓമനപ്പക്ഷിയെയും അവള്‍ കൂടെകൂട്ടിയിരുന്നു.
കേരളീയരെ ഭൂകമ്പമുണ്ടാകാനിടയുള്ള സമയം അറിയിച്ചുകൊണ്ട്
കെടുതികളില്‍നിന്നു രക്ഷിക്കുക
കൂടംകുളം പ്രശ്‌നത്തില്‍ ജപ്പാനിലെ ആണവനിലയാനുഭവങ്ങള്‍
മൻ മോഹൻസിങ്ങിനോടു നേരിട്ട് വിവരിച്ചുകൊണ്ട്
മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ജയലളിതയുടെ അനുഭാവം നേടിയെടുക്കുക
- ഇങ്ങനെ രാധാകൃഷ്ണാനന്ദയുടെ മനസ്സില്‍
മഹത്തായ അന്താരാഷ്ട്ര തന്ത്രസമുച്ചയമായിരുന്നു .
എ.കെ. ആന്റണിയുടെ സത്യസന്ധതയിലും ആത്മാര്ഥതയിലും
രാധാകൃഷ്ണാനന്ദന് ഉത്തമവിശ്വാസമുണ്ടായിരുന്നു.
യാസുനാമിയുംമൻ മോഹൻസിങ്ങുമായുള്ള കൂടിക്കാഴ്ച
ആന്റണി വഴി തരപ്പെടുത്താമെന്നായിരുന്നു രാധാകൃഷ്ണാനാന്ദന്റെ വിചാരം
പക്ഷേ, യാസുനാമി ഇന്ത്യയിലെത്തിയപ്പോള്‍
മുല്ലപ്പെരിയാറ്റില്‍ വലിയൊരു വിപ്ലവം സംഭവിച്ചിരുന്നു.
ജന(ക്കൂട്ട)ത്തിന് ഇടതു-വലതു രാഷ്ട്രീയങ്ങളില്‍ വിശ്വാസം നഷ്ടപ്പെട്ടിരുന്നു.
കേരളത്തിലെ ആബാലവൃദ്ധം ജനങ്ങളുടെയും പ്രാതിനിധ്യം അവിടെയുണ്ടായിരുന്നു.
അവരവിടെ കേരളഭരണം ആരെ ഏല്പിക്കണമെന്ന ചൂടായ ചര്ച്ചയായിരുന്നു.
രാധാകൃഷ്ണാനന്ദ യാസുനാമിയെയും കൂട്ടി മുല്ലപ്പെരിയാറിലെത്തി.
കാര്യങ്ങളുടെ കിടപ്പ് രാധാകൃഷ്ണാനന്ദ
യാസുനാമിക്കു വിവരിച്ചുകൊടുത്തു.
യാതൊരു സ്ഥാപിതതാത്പര്യവുമില്ലാത്ത യാസുനാമി
പരിഹാരവും നിര്ദ്ദേശിച്ചു:
ജയലളിതയെ നിങ്ങളുടെയെല്ലാം തലൈവിയായി അംഗീകരിക്കുക.
കേരളത്തിലെ രാഷ്ട്രീയക്കാര്ക്കും ഉദ്യോഗസ്ഥര്ക്കും
നല്കിക്കൊണ്ടിരിക്കുന്ന പടിയില്നിന്ന് അവരെ മോചിപ്പിക്കുക.
കൂടംകുളം കേരളീയരുടെയും മുല്ലപ്പെരിയാര്‍ ഭൂകമ്പഭീഷണി
ജയലളിതയുടെയും പ്രശ്‌നമായി മാറട്ടെ.
പെട്ടെന്ന് യാസുനാമിയുടെ തോളിലിരുന്നിരുന്ന
പ്രവാചകപ്പക്ഷി കലപില വയ്ക്കാന്‍ തുടങ്ങി.
രാദാകൃഷ്ണാനന്ദ പറഞ്ഞു:
24 മണിക്കൂറിനകം ഭൂകമ്പമുണ്ടാകുമെന്നതിന്റെ സൂചനയാണിത്.
ഇവള്‍ സുരക്ഷിതമായ ഒരിടം തേടി കണ്ടെത്തും.
നമുക്കും ഇവിടെ നിന്നു രക്ഷപ്പെടാം.
അവരെല്ലാം തമിഴ്നാട്ടിലേക്കു കടന്നു.
ജനക്കൂട്ടം ശാന്തരായി നടന്നുവരുന്നതുകണ്ട്
തലൈവി അത്ഭുതപ്പെട്ടു നോക്കി.
സ്വാമി അവരോടു പറഞ്ഞു:
ചേര-ചോള-പാണ്ഡ്യ പൈതൃകങ്ങള്‍
അംഗീകരിക്കുന്ന കേരളീയര്‍
ഇതാ കേരളത്തെ അങ്ങേയ്ക്കു സമര്പ്പിക്കുന്നു.

2017, ഡിസംബർ 31, ഞായറാഴ്‌ച

ബന്ധുത്വമില്ലാത്ത ബന്ധം

ബന്ധുരകാഞ്ചനക്കൂട്ടിലാണെങ്കിലും
ബന്ധനം ബന്ധനംതന്നെയെന്നു
ബന്ധനസ്ഥന്‍ ഞാനറി,ഞ്ഞെത്ര കാലമായ്
ബന്ധനം പൂമാലയായി മാറാന്‍
പാടിയിരുന്നവനാണു ഞാ,നെന്നുടെ
വാടിയില്‍നിന്നൊരാള്‍ നീട്ടിടുന്നു
പൂമാലയൊ,ന്നതില്‍നിന്നു കേള്‍ക്കുന്നു ഞാന്‍
ആ മാലയില്‍നിന്നുമെന്റെ പാട്ട്!

ഞാനതിന്നന്തരാര്‍ഥം തിരഞ്ഞീടവെ
ഞാനുമാ മാലയിലുള്ള പൂവിന്‍
ഞെട്ടലറിഞ്ഞു: പൂമാലയും ബന്ധനം
ഞെട്ടിന്റെ ബന്ധനമെത്ര ഭേദം!
ബന്ധനമല്ലാത്ത ബന്ധങ്ങളി,ല്ലതില്‍

ബന്ധുത്വമില്ലാത്ത ബന്ധം ഹാരം!!

2017, സെപ്റ്റംബർ 8, വെള്ളിയാഴ്‌ച

പറന്നിടേണ്ടതെങ്ങോട്ട്?



''അഹം മഹാനഭസ്സതില്‍ ജ്വലിച്ചിതാ

വിഹംഗമെന്നെയെങ്ങെങ്ങും

പറന്നിടാന്‍ ക്ഷണിച്ചിടുന്നു, ഞാനിനി

പറന്നിടേണ്ടതെങ്ങോട്ട്?''



''അഹന്തയല്ലഹം, അതെങ്ങുമുള്ള നിന്‍

മഹത്വമാണ,തിലാണീ

വിഹായസസ്മിതം വിടര്‍ത്തിടുന്ന നിന്‍

വിഹാരഭൂമിക, സ്വർഗം !!''

2017, ജൂൺ 18, ഞായറാഴ്‌ച

മിഴിജന്മം


ഇതുപോലൊഴുകിവരുന്നവ പലതും
ഇതുപോലെഴുതാനാകാതൊഴുകവെ
മിഴി മൊഴിയുന്നൂ: ''മിഴിവഴി മിഴിനീര്‍-
പ്പുഴയൊഴുകുമ്പൊഴുതൊഴുകുക,യതില്‍ ഞാന്‍
മൊഴിമഴയായ് വരുമഴലഴകാക്കീ-
ട്ടൊഴുകിവരും പദലാസ്യമതായ് നിന്‍
കവിതകളെഴുതാന്‍ കഴിവുള്ളവള്‍ നീ
കവികുമിളയതായിനിയെന്‍ ജന്മം!''

2017, ജൂൺ 3, ശനിയാഴ്‌ച

ഊരകത്തുള്ളോര്‍

വ്യക്തികള്‍ക്കേ മുക്തരാകാന്‍
ശക്തിയുള്ളൂ; മുക്തരായോര്‍
മുത്തുതന്നെ; മുത്തുകോര്‍ത്ത
ഹാരമീ പൃഥ്വിക്കു നല്കാന്‍
ചേരണം നാം; മുത്തുമാല
ഊരിലെങ്ങും വെട്ടമേകും!

ഊരകത്തുള്ളോര്‍ വെളിച്ച-
ത്തേരു കണ്ടാല്‍ പിന്നിരുട്ടില്‍
മുങ്ങുകില്ല; മങ്ങുകില്ല
ഇങ്ങുമെങ്ങും ആ വെളിച്ചം!!

2017, ജൂൺ 2, വെള്ളിയാഴ്‌ച

അന്നല്ലിന്ന്

അന്നെന്തെല്ലാം എഴുതാന്‍ തോന്നീ?
ഇന്നവയൊന്നും വന്നീടാത്തതി-
ലെന്തിനു സങ്കട? മന്നൊഴുകും പുഴ-
യെന്തിന്നിന്നൊഴുകേണം? പുതുപുഴ-
യെന്നെന്നുംവരുമിതുവഴി,യാഴിയി-
ലെന്നോ ചെന്നലിയാനെന്നറിയുക!

2017, മേയ് 31, ബുധനാഴ്‌ച

ഇരുത്തംവന്നപ്പോള്‍...


കുരുത്തംകെട്ടവനിരുത്തംവന്നപ്പോ-
ളൊരുത്തരം കിട്ടി, കേട്ടോ?
കുരുത്തംകെട്ടാലുമൊരുത്താനാവുകി-
ല്ലിരുട്ടില്‍ നമ്മളെയാഴ്ത്താന്‍!

ഗുരുത്വമാം വിളക്കണഞ്ഞിടാവിള-
ക്കിരുട്ടു സത്യമല്ലോര്‍ക്കൂ!
അകത്തു വെട്ടമെന്നറിഞ്ഞിടുന്ന നീ
ഗുരുത്വമാമതിങ്ങെന്നും
അതു നിറഞ്ഞിടാന്‍ അകത്തെ നിന്‍മിഴി
തുറന്നിടല്‍ മതിയെന്നും
അറിഞ്ഞുണര്‍ന്നിടൂ, ഉണര്‍വിലുണ്ടരുള്‍
ഉഷസ്സുമ,ങ്ങതില്‍ മുങ്ങൂ!!

2017, മാർച്ച് 20, തിങ്കളാഴ്‌ച

ഒരു കവിതയും എന്റെ അനുകവിതയും

എന്റെ സ്‌നേഹിതന്‍ പി. പ്രകാശ് എഴുതിയ ഒരു കവിതയും എന്റെ അനുകവിതയും

മാഞ്ഞു പോകേണ്ടത്...

മാഞ്ഞു പോകയാണിപ്പകല്‍; ഒപ്പം
മാഞ്ഞുപോയിരുന്നെങ്കില്‍ ഞാന്‍!

ബാല്യകൗമാരയൗവ്വനസ്മൃതി-

ച്ചീളുകള്‍ പോലും വേണ്ടിനി.


എന്‍നിഴല്‍പറ്റി, യെന്റെ ചില്ലയില്‍
കേളിയാടിയ പക്ഷികള്‍
എന്തിനിപ്പൊഴിപ്പത്രശൂന്യമാം
ശുഷ്‌ക്കഗാത്രത്തെ നോക്കണം?!
ലക്ഷ്യമാകാശമാകിലും, ഭൂമി
വിട്ടു പോരാത്ത വേരുകള്‍
ശാപമാണേതു പൂമരത്തിനും;
വേരുകള്‍ മറന്നേക്കുക!


വേണ്ടമായുവാനാഗ്രഹം!                                                        മാഞ്ഞുപോകുവാന്‍ നീ കൊതിക്കുന്ന-
തെന്തുകൊണ്ടെന്നറിഞ്ഞിടും
എന്റെയോര്‍മ്മയില്‍ നിന്നു മായുമോ
എന്റെ മിത്രമേ, നീ നിറ-
ച്ചിങ്ങു ഞങ്ങള്‍ക്കു തന്ന കാവ്യങ്ങള്‍
തന്നിടും വികാരാര്‍ദ്രത
മാഞ്ഞുപോകയില്ലെങ്ങു, മാകയാല്‍
വേണ്ട മായുവാനാഗ്രഹം!