ദൈവമേ, നീയാരെന്നുള്ളറിവിൽ നിറ-
ഞ്ഞാവണം പ്രാർഥനയെന്നരുളും
നിന്നരുളാൽ കുറിക്കുന്നൊരീ പ്രാർഥന
നിൻ ഹിതത്താൽ നിറഞ്ഞാർദ്രരാകാൻ!
പ്രാർഥനയ്ക്കർഥമിങ്ങുള്ള നിസ്വാർഥമാം
നിർധനഭാവത്താൽ ധന്യരായി
ഞങ്ങളിലാണു നീയെന്നറിഞ്ഞാർദ്രരായ്
നിന്നിലലിഞ്ഞൊഴുകീടലല്ലോ!!
നീയിങ്ങു ഞങ്ങളിലെന്നപോൽ ഞങ്ങളും
നിന്നിലലിഞ്ഞാർദ്രരായിടുമ്പോൾ
നിൻ ഹിതം ഞങ്ങൾക്കും നിത്യം പ്രിയങ്കര,-
മാനന്ദദായകമായി മാറും!
എന്നാലതിങ്ങറിയാൻ കഴിയാത്തവ-
രെന്നൊരവസ്ഥയിൽ മർത്യരെല്ലാം
സ്വാർഥരാം, നിസ്വാർഥ നിസ്വതാശാന്തിതൻ
നിർവൃതിയിങ്ങറിയാത്തവരാം!
ഞങ്ങളെ നിന്നിൽ ലയിപ്പിക്കുവാൻ നിന്റെ
സംഗീതധാരയിലൂടെയെത്താം
നിൻ മൗനസാഗരതീരത്തു, ഞങ്ങളാ
സാഗരാഗാധതാ സന്താനങ്ങൾ!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ