2016, സെപ്റ്റംബർ 3, ശനിയാഴ്‌ച

കുമിളകള്‍ നാം!


ആനന്ദസാഗരതീരത്തല-
ച്ചാര്‍ക്കും തിരയില്‍ കുമിളകള്‍ നാം
നമ്മില്‍ പ്രതിബിബിക്കുന്നു വിശ്വം!
നമ്മുടെയുള്ളിലാനന്ദതീര്‍ഥം!!

നമ്മില്‍ പ്രതിഫലിക്കുന്ന-വിശ്വ-
വര്‍ണവുമുള്ളിലെയാനന്ദവും
രണ്ടെന്നു കണ്ടിടേ,ണ്ടുള്ളതല്ലാ-
തില്ലൊന്നും നമ്മളിലീ നിമിഷം!

ഈ നിമിഷംമാത്രമാണു വര്‍ത്ത-
മാനവും മാനവും, മൗനമന്ദ-
സ്‌മേരമാമാത്മാര്‍ഥസിന്ധുവിലെ
സങ്കല്പസംഗീതധാര പോലും!

ഈ നിമിഷത്തിലല്ലാതെയില്ലാ
യാഥാര്‍ഥ്യമായൊന്നുമെന്നറിഞ്ഞീ
സത്യസങ്കല്പസമന്വയത്തിന്‍
സംഗമബിന്ദു നാമെന്നറിയാം!

ഞാനല്ല, നീയല്ല നമ്മള്‍മാത്രം,
ആനനന്ദസാഗരതീരം മാത്രം
സത്യമാം സംഗീതം, രാഗധാര
മൗനത്തില്‍ മുദ്രിതമെന്നറിയൂ!


ഞാന്‍, നീയെന്നുള്ളൊരീ ദ്വൈതഭാവം
ജ്ഞാനാര്‍ഥസാഗരത്തില്‍ കുമിള!
പൊട്ടിത്തകര്‍ന്നു കടലിനാഴം
കണ്ടെത്തിടാനാണു മൃത്യുരഥ്യ!

മൃത്യുവില്‍ സത്യമുണ്ടെന്നറിഞ്ഞാല്‍
നൃത്തമീ ജീവിതമെന്നറിഞ്ഞാല്‍
മൃത്തിലാം പൂവിടര്‍ത്തും ചെടിതന്‍
അസ്തിത്വമെന്നറിഞ്ഞാര്‍ദ്രരാകാം!

* 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ