2016, സെപ്റ്റംബർ 17, ശനിയാഴ്‌ച

നാലിതള്‍പ്പൂക്കളായ് ദര്‍ശനങ്ങള്‍ 11-15

*
എന്റെ സ്വന്തമായ് ഞാന്‍ കരുതുന്നവ
എന്തുമങ്ങു സമര്‍പ്പിച്ചിടുമ്പൊഴാം
എന്റെ മുക്തി! സൃഷ്ടി-സ്ഥിതികള്‍ക്കുമ-
ങ്ങപ്പുറത്തുള്ളതാം ശിവം!! സുന്ദരം!!!

*

എന്നിലുള്ളതെല്ലാമെന്റെ ദൈവമാം
ദര്‍പ്പണത്തില്‍പ്രതിഫലിക്കുന്നവ!!
സര്‍ഗചിന്തകള്‍ കൊണ്ടെന്‍ മനസ്സിലെ
സ്വര്‍ഗവാതില്‍ തുറന്നിടാമോര്‍ക്കുക!

*

എന്റെ സ്വാസ്ഥ്യംവിജയവും ഹൃത്തിലു-
ള്ളര്‍ഥമാമാത്മ സന്തോഷധാരയും
എന്റെയുള്ളിലെ സ്വര്‍ഗത്തിലുണ്ടതി-
നെന്റെ വാതില്‍ തുറക്കണം, ഞാനിനി!!

*

എന്റെ വീഥിയില്‍ എത്തിടുന്നെന്നുമി-
ന്നെന്റെ വിഘ്‌നേശ,നിക്കാട്ടുവള്ളിയായ്!
സര്‍പ്പമായും വിവേകാഗ്നിയായുമി-
ങ്ങെത്തിടാന്‍ വേറെയാരുമില്ലിങ്ങിനി!!

*

പരനിലല്ലോ പരാപരന്‍, മുമ്പിലു-
ള്ളപരനില്‍പ്പോലുമുള്ളവന്‍, നിന്നില്‍ ഞാന്‍
അപരനെങ്കിലു, മെന്നിലെയെന്നില്‍ നീ
അപരയല്ലെന്നറിഞ്ഞാല്‍ സ്വതന്ത്ര നീ!





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ