ഭൂവില്‍ കടങ്ങള്‍ വരുത്തിവയ്ക്കുന്നവര്‍
മൃത്യുവാലെത്തുന്നിടത്തു നിന്നാല്‍
നമ്മെയവര്‍ക്കു കണ്ടീടുവാനായിടും
നിത്യവുമെന്നൊരുള്‍ക്കാഴ്ച കിട്ടി!
നമ്മുടെ പൂര്‍വികര്‍ നമ്മളെയങ്ങുനി-
ന്നെങ്ങനെ കണ്ടിടുന്നെന്നു നോക്കി
കണ്ടതിതാ:ണവര്‍ക്കില്ലയസ്വസ്ഥത
ഉണ്ടു സഹഭാവമേവരോടും!
നമ്മോടവര്‍ക്കു ചൊന്നീടുവാനുള്ളവ
നാമാഗ്രഹിക്കുകില്‍ കേള്‍ക്കുവാനായ്
സങ്കല്പമൊത്തു വികല്പവും ചേര്‍ന്നതാം
സ്വപ്‌നങ്ങളില്‍ വന്നു ചൊല്ലിടുന്നു!
കേള്‍ക്കുവാനുള്‍ച്ചെവി നാം തുറന്നീടണം!
ഞാനെന്റെയുള്‍ച്ചെവിയില്‍ ശ്രവിച്ച
എന്‍ പിതാവിന്‍ സ്വരം ഇങ്ങനെയായിരു:
''ന്നെല്ലാം പൊറുക്കുവോര്‍ക്കാണു സ്വര്‍ഗം!!
ഞങ്ങളിങ്ങായിരിക്കുന്നതിന്‍ കാരണം
ഞങ്ങള്‍ പൊറുക്കാത്തതൊക്കെ നീയും
അങ്ങു പൊറുക്കാതെ,യെന്‍കടബാധ്യത
യങ്ങുവീട്ടാതിരിക്കുന്നതല്ലോ.
ഞങ്ങളെ സ്വര്‍ഗത്തിലെത്തിക്കാനാചാര-
മൊന്നുമാത്രം: ഞങ്ങളോടു ദ്രോഹം
ചെയ്തവരോടങ്ങു ഭൂവില്‍ വസിക്കുന്ന
നിങ്ങളും കൂടി പൊറുത്തിടേണം!
ഇന്നിങ്ങെനിക്കു പൊറുക്കുവാനാഗ്രഹം
എന്നെയങ്ങജ്ഞതയാലെയെന്നും
ദ്രോഹിച്ചിരുന്നോരയല്‍ക്കാരനോടു, നീ
ദ്രോഹങ്ങള്‍ ചെയ്താല്‍ കടംവീടില്ല!
സ്‌നേഹത്തെ സ്‌നേഹത്താല്‍ വീട്ടിടാം ദ്രോഹമോ
സ്‌നേഹത്താലല്ലാതെ വീടുകില്ല!!
ദ്രോഹത്തെ ദ്രോഹത്താല്‍ വീട്ടാന്‍ ശ്രമിക്കുകില്‍
ദ്രോഹങ്ങളാല്‍ ലോകമേ നശിക്കും!!!''
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ