2016, സെപ്റ്റംബർ 3, ശനിയാഴ്‌ച

നാലിതള്‍പ്പൂക്കളായ് ദര്‍ശനങ്ങള്‍ 1-5

നാലു വരികളില്‍ അര്‍ഥപൂര്‍ണം
ദര്‍ശനം ഗാനമായ്ത്തീര്‍ന്നിടുന്നു
നാലിതള്‍പ്പൂക്കളായ് ദര്‍ശനങ്ങള്‍
ഗീതങ്ങളാകവെ ഞാനാരാമം!


*
എന്നിലീയുള്‍ക്കാഴ്ചകള്‍ വിടര്‍ത്തും
വാഗര്‍ഥസംഗമം പാര്‍വതിയും
സംഹാരസങ്കല്പമാം ശിവനും
ചേര്‍ന്നു ചെയ്യുന്നതാം സൃഷ്ടിയല്ലോ!


* 
ഇതുവെറുമക്ഷരലാസ്യമെന്തിനാണി-
ങ്ങിതിലൊഴുകുന്നതുനിന്റെ നിത്യദുഃഖ-
സ്മൃതികളിലിന്നൊരു ഹര്‍ഷവര്‍ഷമെന്നി-
ങ്ങുണരുമൊരാത്മരതീന്ദ്രജാലമെല്ലാം.

* 
ഇതുപോ,രിതിലില്ലഴലോ നിഴലോ
പദലാസ്യഭ്രമമൊഴിവാക്കുകയെ-
ന്നരുളുന്നവനോടരുളുക ലാസ്യം
ഇതു രതിയരതിയൊടരുളും പൊരുളാം.

* 
അരതിയിലരളുമൊരനുപമഹൃദയ-
സ്മിതലയലഹരിയിലെഴുതുവതിവനില്‍
രതിലയലാസ്യസ്മൃതികളടങ്ങാന്‍
വഴിയിതു വഴി തിരയുന്നവരറിയാ!

*

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ