2015, ഡിസംബർ 28, തിങ്കളാഴ്‌ച

ചന്ദ്രികേ നിന്‍ വിഷാദം.....

എന്തെല്ലാമാരെല്ലാം ചൊല്ലിയാലും - നിലാവിന്‍
മന്ദാരം പൂക്കുമ്പോള്‍ ഞാനിറുക്കും!
സൗന്ദര്യം ചാലിച്ചു ചന്ദ്രികേ നിന്‍ - വിഷാദം-
തന്‍ സപ്തഭാവവും ഞാന്‍ വരയ്ക്കും!!

മുപ്പതു വര്‍ഷങ്ങള്‍ക്കുമുമ്പ് ഇതെഴുതുമ്പോള്‍ മനസ്സില്‍ രമണന്റെ ചന്ദ്രിക ഉണ്ടായിരുന്നോ എന്നെനിക്ക് ഓര്‍മയില്ല.
ഇന്നിപ്പോള്‍ ഇതു വായിച്ചു പകര്‍ത്തുമ്പോള്‍ അധികം ദൂരെയല്ലാതെ വിഷാദമഗ്നയായി ജീവിക്കുന്ന ഒരു ചന്ദ്രികയെ ഞാന്‍ ഉള്‍ക്കണ്ണില്‍ കാണുന്നുണ്ട്.

2015, ഡിസംബർ 25, വെള്ളിയാഴ്‌ച

പരമാര്‍ഥവും യാഥാര്‍ഥ്യവും

മുപ്പത്തിമൂന്നു വര്‍ഷം മുമ്പ്, 

ഗുരു നിത്യചൈതന്യയതിയെ പരിചയപ്പെട്ട് 

അദ്ദേഹത്തോടൊത്തു ജീവിക്കുന്ന കാലത്ത്, 

പദ്യത്തിലെഴുതിയ ഒരു കവിതയുടെ 

ഇന്നെഴുതിയ പരാവര്‍ത്തനമാണിത്. 

ഒരു ലക്ഷ്യവുമില്ലാത്ത ഒരലച്ചിലായിരുന്നു, അത്.
നടന്നുതളര്‍ന്ന് എത്തിയത് ഒരു നാല്ക്കവലയില്‍.
അവിടെ നില്ക്കുമ്പോള്‍ ഒരു ഒരു വൃദ്ധന്‍,
ഞാന്‍ ചോദിക്കാതെതന്നെ,
വഴികള്‍ എങ്ങോട്ടൊക്കെ എന്നെനിക്ക് പറഞ്ഞുതന്നു.
അദ്ദേഹം ഇങ്ങനെ പറഞ്ഞു നിര്‍ത്തി:
നീ നിന്റെ വഴിക്കു പോയ്‌ക്കൊള്ളുക.
അവസാനം ഇവിടെ
നീ തിരിച്ചെത്തണം.
നീയിവിടെയിരുന്ന് ഞാന്‍ ചെയ്തതുതന്നെ ചെയ്യണം.

ഞാന്‍ ചോദിച്ചു:
ഒരു ചൂണ്ടുപലകയാകുകയാണോ എന്റെ സ്വധര്‍മം?
അദ്ദേഹം മറുപടി പറഞ്ഞു: 

അത് പരമപുരുഷാര്‍ഥം.
അതിനുമുമ്പ് നിന്റെ ജീവിതത്തിന്റെ 

അര്‍ഥം നീ കണ്ടെത്തണം:
അതിനു സഹായിച്ചക്കാവുന്ന ഒരു ഉപനിഷത്കഥ
ഞാന്‍ പറയാം. കേട്ടുകൊള്ളൂ:

നിന്നെപ്പോലെ പണ്ടും ഒരന്വേഷകനുണ്ടായിരുന്നു.
അവന്റെ പേര് ഭൃഗു.
ഭൃഗുവിന്റെ അച്ഛനും ഒരന്വേഷകനായിരുന്നു.
ഭൃഗു അച്ഛനോടു ചോദിച്ചു:
ഇവിടെയാകെ ഇരുളാണ്.
ആ ഇരുട്ടില്‍ അച്ഛന്‍ ജീവിക്കുന്നത്
ഒരു മെഴുകുതിരിപോലെയാണെന്ന് ഞാന്‍ കാണുന്നു.
അങ്ങയെ നയിക്കുന്ന വെളിച്ചം എന്താണ്?
വരുണന്‍ മറുപടി പറഞ്ഞത് ഇങ്ങനെയാണ്:
എല്ലാ ജീവജാലങ്ങളും ജനിക്കാനും ജീവിക്കാനും മരിക്കാനും
അനിവാര്യമായ ഒരു പൊരുളുണ്ട്.
അതറിയാന്‍ തപസ്സിലൂടെയേ സാധിക്കൂ.
പോയി തപസ്സുചെയ്യുക.
 

ഭൃഗു തപസ്സുചെയ്യാന്‍പോയി.
ഉച്ചയായപ്പോഴേക്കും അവനു വിശപ്പുതുടങ്ങി.
വിശപ്പ് അസഹ്യമായി വളര്‍ന്നപ്പോള്‍
അവന് ഒരു ഉള്‍ക്കാഴ്ചകിട്ടി:
സകലതിനും സത്തയായി ഒരു പൊരുളുണ്ടെന്നും
തപസ്സിലൂടെ അതു കണ്ടെത്തണമെന്നും
അച്ഛന്‍ പറഞ്ഞത് ആഹാരത്തെപ്പറ്റിത്തന്നെയായിരിക്കും.
ഇവിടെ എല്ലാം ഉണ്ടാകുന്നതും
നിലനില്ക്കുന്നതും അന്നത്തില്‍നിന്നാണ്.
ചാകുന്നവ അന്നമായി മാറുകയും ചെയ്യുന്നു.
അച്ഛന്‍ പറഞ്ഞ പരംപൊരുള്‍ അന്നംതന്നെ.

അവന്‍ അച്ഛന്റെ അടുത്തേക്കു തിരിച്ചുചെന്നു,
കണ്ടെത്തിയതെന്താണെന്നു പറഞ്ഞു.
വരുണന്‍ അതു തെറ്റെന്നു പറഞ്ഞില്ല.
എങ്കിലും തപസ്സു തുടരൂ എന്നു പറഞ്ഞ്
മകനെ യാത്രയാക്കി.

ഭൃഗു വീണ്ടും തപസ്സുചെയ്യാന്‍ പോയി.
അല്പം കഴിഞ്ഞപ്പോള്‍ അവന് ഒരു ഉള്‍ക്കാഴ്ചയുണ്ടായി:
ആഹാരമില്ലെങ്കിലും കുറെ ദിവസം ജീവിക്കാം.
പക്ഷേ, പ്രാണവായുവില്ലാതെ ഒരു മണിക്കൂറുപോലും
ജീവിക്കാനാവില്ലല്ലോ.
ഇവിടെ എല്ലാം ഉണ്ടാകുന്നതും
നിലനില്ക്കുന്നതും പ്രാണനില്‍നിന്നാണ്.
ചാകുന്നവ പ്രാണനായി മാറുകയും ചെയ്യുന്നു.
അച്ഛന്‍ പറഞ്ഞ പരംപൊരുള്‍ പ്രാണന്‍തന്നെ.

അവന്‍ അച്ഛന്റെ അടുത്തേക്കു തിരിച്ചുചെന്നു,
കണ്ടെത്തിയതെന്താണെന്നു പറഞ്ഞു.
വരുണന്‍ അതു തെറ്റെന്നു പറഞ്ഞില്ല.
എങ്കിലും തപസ്സു തുടരൂ എന്നു പറഞ്ഞ്
മകനെ വീണ്ടും യാത്രയാക്കി.

ഭൃഗു വീണ്ടും തപസ്സുചെയ്യാന്‍ പോയി.
അല്പം കഴിഞ്ഞപ്പോള്‍ അവന് വീണ്ടും ഒരു ഉള്‍ക്കാഴ്ചയുണ്ടായി:
പ്രാണനില്ലെങ്കിലും കുറെ ദിവസം ജീവിക്കാം.
പക്ഷേ, മനസ്സില്ലാതെ ജീവിക്കുന്നതിന് യാതൊരര്‍ഥവുമില്ലല്ലോ.
ഇവിടെ എല്ലാം ഉണ്ടാകുന്നതും
നിലനില്ക്കുന്നതും മനസ്സില്‍നിന്നാണ്.
ചാകുന്നവരെപ്പറ്റിയുള്ള ഓര്‍മ്മകള്‍ 

ജീവിക്കുന്നവരുടെ മനസ്സില്‍
അവശേഷിക്കുകയും ചെയ്യുന്നു.
അച്ഛന്‍ പറഞ്ഞ പരംപൊരുള്‍ മനസ്സുതന്നെ.

അവന്‍ അച്ഛന്റെ അടുത്തേക്കു തിരിച്ചുചെന്നു,
കണ്ടെത്തിയതെന്താണെന്നു പറഞ്ഞു.
വരുണന്‍ അതു തെറ്റെന്നു പറഞ്ഞില്ല.
എങ്കിലും തപസ്സു തുടരൂ എന്നു പറഞ്ഞ്
മകനെ വീണ്ടും യാത്രയാക്കി.

ഭൃഗു വീണ്ടും തപസ്സുചെയ്യാന്‍ പോയി.
അല്പം കഴിഞ്ഞപ്പോള്‍ അവന് ഒരു ഉള്‍ക്കാഴ്ചയുണ്ടായി:
മനസ്സുണ്ടെങ്കിലും യാതൊരറിവുമില്ലാതെയോ
യാതൊരു ബോധവുമില്ലാതെയോ ജീവിക്കുന്നതിന്
യാതൊരര്‍ഥവുമില്ലല്ലോ.
ഇവിടെ എല്ലാം ഉണ്ടാകുന്നതും
നിലനില്ക്കുന്നതും അറിവില്‍നിന്നാണ്.
ചാകുന്നവ അറിവായി മാറുകയും ചെയ്യുന്നു.
അച്ഛന്‍ പറഞ്ഞ പരംപൊരുള്‍ അറിവുതന്നെ.

അവന്‍ അച്ഛന്റെ അടുത്തേക്കു തിരിച്ചുചെന്നു,
കണ്ടെത്തിയതെന്താണെന്നു പറഞ്ഞു.
വരുണന്‍ അതു തെറ്റെന്നു പറഞ്ഞില്ല.
എങ്കിലും തപസ്സു തുടരൂ എന്നു പറഞ്ഞ്
മകനെ വീണ്ടും യാത്രയാക്കി.

ഭൃഗു വീണ്ടും തപസ്സുചെയ്യാന്‍ പോയി.
അല്പം കഴിഞ്ഞപ്പോള്‍ അവന് ഒരു ഉള്‍ക്കാഴ്ചയുണ്ടായി:
അറിവുണ്ടെങ്കിലും യാതൊരു സുഖവുമില്ലാതെ
യാതൊരു സന്തോഷവുമില്ലാതെ ജീവിക്കുന്നതിന്
യാതൊരര്‍ഥവുമില്ലല്ലോ.
ഇവിടെ എല്ലാം ഉണ്ടാകുന്നതും
നിലനില്ക്കുന്നതും ആനന്ദത്തില്‍നിന്നാണ്.
അച്ഛന്‍ പറഞ്ഞ പരംപൊരുള്‍ ആനന്ദംതന്നെ.

അവന്‍ അച്ഛന്റെ അടുത്തേക്കു തിരിച്ചുചെന്നു,
കണ്ടെത്തിയതെന്താണെന്നു പറഞ്ഞു.
വരുണന്‍ അപ്പോള്‍ ഇങ്ങനെ പറഞ്ഞു:
നിനക്കു വേണ്ടത്ര അന്നവും പ്രാണനും അറിവും ലഭ്യമാകട്ടെ.
ഈ ഭൂമിയിലെ ജീവിതം അതിധന്യമാണെന്നറിഞ്ഞ്
ആനന്ദത്തോടെ ജീവിക്കാന്‍ നിനക്കു കഴിയട്ടെ!

കഥയെല്ലാം കേട്ടുകഴിഞ്ഞിട്ടും എനിക്ക് പിന്നെയും
ഒരു ചോദ്യംകൂടിയുണ്ടായിരുന്നു:

ഈ അറിവുകളും ബോധ്യമൊക്കെയുണ്ടായാലും
അയല്‍ക്കാരനെക്കുറിച്ച് യാതൊരു പരിഗണനയുമില്ലാതെ
ജീവിക്കുന്നത് കഷ്ടമല്ലേ?

പരമാര്‍ഥമറിയുന്നവര്‍ അങ്ങനെ ജീവിക്കാനിടയില്ല.
അവര്‍ അപരന്റെ ദുഃഖങ്ങള്‍ അകമേ അറിഞ്ഞ്
അഹമെന്ന ഭാവവും സ്വാര്‍ഥവും വിട്ടവരായിരിക്കും.

അപ്പോള്‍ ഞാന്‍ പറഞ്ഞു:
അങ്ങനെയുള്ള ആരെയും ഞാന്‍
ഇവിടെയെങ്ങും കാണുന്നില്ലല്ലോ.

ആ വൃദ്ധന്റെ മറുപടി ഇതായിരുന്നു:
കണ്ണടകളാണ് പ്രശ്‌നം.
നഗ്നനേത്രങ്ങളുപയോഗിച്ച് എല്ലാം കാണാന്‍ നോക്കൂ!

 

2015, ഡിസംബർ 23, ബുധനാഴ്‌ച

രതി


അരതി മരണമാ,ണിന്ദ്രിയങ്ങള്‍ തുറ-
ന്നിടുക, മലരുകള്‍ പുഞ്ചിരിച്ചീടവെ
അവയിലഭിരമി,ച്ചാസ്വദി,ച്ചെന്തിലും
ഇഴുകിയൊഴുകിയാ സത്തയായ്ത്തീരുക!

2015, ഡിസംബർ 19, ശനിയാഴ്‌ച

ഗുരുമിഴി

ശാന്തി തേടുന്നവര്‍ നിന്നടുത്തെത്തുന്ന-
തെന്തുകൊണ്ടെന്നിന്നറിഞ്ഞു:
ഒക്കേയ്ക്കുമുള്ളിലെന്തെന്നറിഞ്ഞീടുവാന്‍
ഒക്കുംവിധത്തിലുള്‍ക്കണ്‍കള്‍
എന്നും തുറന്നുവച്ചാം ചരിക്കുന്നു, നിന്‍
കണ്ണിലെ കണ്ണാടി കാന്തം!

നീ കാണുമെന്നെ ഞാന്‍ കാണുവാന്‍ നിന്മിഴി-
ക്കണ്ണാടിയില്‍ നോക്കിനിന്നാല്‍
എന്നുമെനിക്കാവുമെന്നറിയിച്ചു നീ
എന്നോടു ചൊല്ലുന്ന മന്ത്രം
'നീയതുതന്നെ'യെന്നാവാം, 'അഹം സര്‍വ'-
മെന്നാണു ഞാന്‍ കേട്ടിടുന്നു!
എന്നിലെ നിന്നെ ഞാനക്ഷരാര്‍ഥത്തിലെന്‍
ഉള്ളിലായ് കാണ്‍കെയെത്തുന്നു
സ്വര്‍ഗരാജ്യം ഭൂവി, ലെന്നില്‍ നീയില്ലെന്നു
കാണുവാന്‍ പിന്നെയാവില്ല!

എന്നുള്ളിലാണിനി ദൈവത്തിനുള്‍ക്കണ്ണു-
മെന്നറിയിക്കുമാചാര്യന്‍
എന്നുള്ളിലുള്ള കണ്ണാടി, ഞാന്‍ നോക്കവെ
പുഞ്ചിരിക്കും പ്രതിബിംബം!

2015, ഡിസംബർ 17, വ്യാഴാഴ്‌ച

ഗുരുവും വലയും


ഈയിടെ ഒരു വലവില്പനക്കാരനെ ഞാന്‍ കണ്ടു.
വലവില്പനയാണ് തന്റെ സ്വധര്‍മമെന്നും
വലവീശലോ മീന്‍പിടുത്തമോ തന്റെ ധര്‍മമല്ലെന്നും അയാള്‍ പറഞ്ഞു.
ഞാന്‍ സംശയിച്ചു: 

ഗുരുക്കന്മാര്‍ ചെയ്യുന്നതും ഇതുതന്നെയല്ലേ?
ഒരു സ്‌നേഹിതനോട് ഇതു പറഞ്ഞപ്പോള്‍
അദ്ദേഹം നാരായണഗുരുവിന്റെ ഒരു ശ്ലോകം ഉദ്ധരിച്ചു:

അപരനുവേണ്ടിയഹര്‍നിശം പ്രയത്‌നം
കൃപണതവിട്ടു കൃപാലു ചെയ്തിടുന്നു
കൃപണനധോമുഖനായ്ക്കിടന്നുചെയ്യു-
ന്നപജയകര്‍മമവന്നുവേണ്ടിമാത്രം!

അതു കേട്ടപ്പോള്‍ എന്റെ മനസ്സില്‍ നാരായണഗുരുവിന്റെ
അനുകമ്പാദശകത്തിലെ ആദ്യശ്ലോകം ഓര്‍മവന്നു:

ഒരു പീഡയെറുമ്പിനും വരു-
ത്തരുതെന്നുള്ളനുകമ്പയും സദാ
കരുണാകര നല്കുകുള്ളില്‍ നിന്‍
തിരുമെയ് വിട്ടകലാതെ ചിന്തയും.

അതിന്റെ തുടര്‍ച്ചയായി കുറെ ചോദ്യങ്ങള്‍ ഉള്ളില്‍നിന്ന് ഉയര്‍ന്നുവന്നു:

വലയില്‍പ്പെടുന്നവര്‍ക്ക് വലവില്പനക്കാരനും
വലവീശിയ ആളെപ്പോലെതന്നെയല്ലേ?
വലയില്‍പ്പെട്ടയാള്‍ക്ക് 

വലയില്‍നിന്നു രക്ഷപ്പെടുക എന്ന്  സ്വന്തം ലക്ഷ്യം പരിമിതമായിപ്പോകുയില്ലേ?
അതിനൊക്കെയിടയാക്കുന്ന വലവില്പന എങ്ങനെ ഗുരുധര്‍മമാകും? 

2015, ഡിസംബർ 6, ഞായറാഴ്‌ച

മര്‍ത്യരാരുമന്യരല്ല

 James Kirkup

പരിഭാഷ: ജോസാന്റണി

അന്യരല്ലിങ്ങു മര്‍ത്യരാരും - പര-
ദേശമായൊരു ദേശവുമില്ലിനി.
വേഷമേതിന്റെയുള്ളിലുമുള്ളതാം
ദേഹവും പ്രാണവായുവുമൊന്നുതാന്‍!
    സോദരര്‍ ദൂരെയാകിലും സഞ്ചരി-
    ച്ചീടുമാ മണ്ണു ഭൂവിതില്‍ത്തന്നെയാം.
    നമ്മളെന്നപോലേവരും, സൂര്യനും
    പ്രാണവായുവും വെള്ളവും, ദീര്‍ഘമാം
    യുദ്ധശൈത്യം പനിക്കവെ, അന്നവും
    വേണമെന്നുള്ള ബോധ്യം നിറഞ്ഞവര്‍!!
    നമ്മുടേതാണവര്‍തന്‍ കരങ്ങളും
    ജീവിതങ്ങള്‍ നാം വായിച്ചു നോക്കുകില്‍
    നമ്മുടേതുപോല്‍തന്നെയാണങ്ങവര്‍
    പാടുപെട്ടു ജീവിച്ചിടും ജീവിതം.
ഓര്‍ക്കുവിന്‍ നമ്മുടേതുപോല്‍തന്നെയാം
അങ്ങുണര്‍ന്നിരുന്നീടില്‍, ഉറങ്ങിലും,
കണ്ണുകള്‍, വിജയിക്കുവാന്‍ ശക്തിയായ്,
സ്‌നേഹമാണേതു വീട്ടിലും നാട്ടിലും.
    ഏവരും കണ്ടറിഞ്ഞു ഗ്രഹിപ്പതാം
    ജീവിതത്തിന്നൊരേ മുഖം തന്നെയാം!

ഓര്‍മയില്‍ വയ്ക്ക നാ: മെപ്പൊഴാകിലും
സോദരദ്വേഷപാഠങ്ങള്‍ കേള്‍ക്കവെ
നാം സ്വയം നിസ്വരാകയാം, നാം കുഴി-
കുത്തിയിട്ടതില്‍ വീഴ്കയാം, നമ്മളെ-
ത്തന്നെ നാം പഴിചാരി വിധിക്കയാം.
    പോരടിക്കുവാന്‍ കൈകളിലായുധം
    ഏന്തുവോര്‍ ഭൂമിദേവിയെ, നമ്മുടെ
    നിര്‍മലം പ്രാണവായുവെ. കൊല്ലുവോര്‍.
അന്യമല്ലല്ലൊ ദേശമൊന്നും, പര-
ദേശിയല്ലല്ല മര്‍ത്യരെങ്ങാകിലും!