2015, ഡിസംബർ 19, ശനിയാഴ്‌ച

ഗുരുമിഴി

ശാന്തി തേടുന്നവര്‍ നിന്നടുത്തെത്തുന്ന-
തെന്തുകൊണ്ടെന്നിന്നറിഞ്ഞു:
ഒക്കേയ്ക്കുമുള്ളിലെന്തെന്നറിഞ്ഞീടുവാന്‍
ഒക്കുംവിധത്തിലുള്‍ക്കണ്‍കള്‍
എന്നും തുറന്നുവച്ചാം ചരിക്കുന്നു, നിന്‍
കണ്ണിലെ കണ്ണാടി കാന്തം!

നീ കാണുമെന്നെ ഞാന്‍ കാണുവാന്‍ നിന്മിഴി-
ക്കണ്ണാടിയില്‍ നോക്കിനിന്നാല്‍
എന്നുമെനിക്കാവുമെന്നറിയിച്ചു നീ
എന്നോടു ചൊല്ലുന്ന മന്ത്രം
'നീയതുതന്നെ'യെന്നാവാം, 'അഹം സര്‍വ'-
മെന്നാണു ഞാന്‍ കേട്ടിടുന്നു!
എന്നിലെ നിന്നെ ഞാനക്ഷരാര്‍ഥത്തിലെന്‍
ഉള്ളിലായ് കാണ്‍കെയെത്തുന്നു
സ്വര്‍ഗരാജ്യം ഭൂവി, ലെന്നില്‍ നീയില്ലെന്നു
കാണുവാന്‍ പിന്നെയാവില്ല!

എന്നുള്ളിലാണിനി ദൈവത്തിനുള്‍ക്കണ്ണു-
മെന്നറിയിക്കുമാചാര്യന്‍
എന്നുള്ളിലുള്ള കണ്ണാടി, ഞാന്‍ നോക്കവെ
പുഞ്ചിരിക്കും പ്രതിബിംബം!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ