2015, ഡിസംബർ 6, ഞായറാഴ്‌ച

മര്‍ത്യരാരുമന്യരല്ല

 James Kirkup

പരിഭാഷ: ജോസാന്റണി

അന്യരല്ലിങ്ങു മര്‍ത്യരാരും - പര-
ദേശമായൊരു ദേശവുമില്ലിനി.
വേഷമേതിന്റെയുള്ളിലുമുള്ളതാം
ദേഹവും പ്രാണവായുവുമൊന്നുതാന്‍!
    സോദരര്‍ ദൂരെയാകിലും സഞ്ചരി-
    ച്ചീടുമാ മണ്ണു ഭൂവിതില്‍ത്തന്നെയാം.
    നമ്മളെന്നപോലേവരും, സൂര്യനും
    പ്രാണവായുവും വെള്ളവും, ദീര്‍ഘമാം
    യുദ്ധശൈത്യം പനിക്കവെ, അന്നവും
    വേണമെന്നുള്ള ബോധ്യം നിറഞ്ഞവര്‍!!
    നമ്മുടേതാണവര്‍തന്‍ കരങ്ങളും
    ജീവിതങ്ങള്‍ നാം വായിച്ചു നോക്കുകില്‍
    നമ്മുടേതുപോല്‍തന്നെയാണങ്ങവര്‍
    പാടുപെട്ടു ജീവിച്ചിടും ജീവിതം.
ഓര്‍ക്കുവിന്‍ നമ്മുടേതുപോല്‍തന്നെയാം
അങ്ങുണര്‍ന്നിരുന്നീടില്‍, ഉറങ്ങിലും,
കണ്ണുകള്‍, വിജയിക്കുവാന്‍ ശക്തിയായ്,
സ്‌നേഹമാണേതു വീട്ടിലും നാട്ടിലും.
    ഏവരും കണ്ടറിഞ്ഞു ഗ്രഹിപ്പതാം
    ജീവിതത്തിന്നൊരേ മുഖം തന്നെയാം!

ഓര്‍മയില്‍ വയ്ക്ക നാ: മെപ്പൊഴാകിലും
സോദരദ്വേഷപാഠങ്ങള്‍ കേള്‍ക്കവെ
നാം സ്വയം നിസ്വരാകയാം, നാം കുഴി-
കുത്തിയിട്ടതില്‍ വീഴ്കയാം, നമ്മളെ-
ത്തന്നെ നാം പഴിചാരി വിധിക്കയാം.
    പോരടിക്കുവാന്‍ കൈകളിലായുധം
    ഏന്തുവോര്‍ ഭൂമിദേവിയെ, നമ്മുടെ
    നിര്‍മലം പ്രാണവായുവെ. കൊല്ലുവോര്‍.
അന്യമല്ലല്ലൊ ദേശമൊന്നും, പര-
ദേശിയല്ലല്ല മര്‍ത്യരെങ്ങാകിലും!        
               

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ