2014, ഡിസംബർ 31, ബുധനാഴ്‌ച

ഇന്‍ലാന്‍ഡ് ലെറ്റര്‍

'ഉള്‍ഭൂ'വിലുണ്ടിടമെനിക്കും നിനക്കും:
ഉള്‍ക്കാടു നിത്യം വളര്‍ന്നോട്ടെ; നമ്മള്‍-
ക്കിടയ്‌ക്കൊക്കെ വെട്ടിത്തെളിക്കാം; പറിക്കാം
പഴങ്ങള്‍, കിഴങ്ങും! മലര്‍ മെത്തയാക്കി
കിടന്നങ്ങുറങ്ങാം; കിനാക്കള്‍ക്കു പൂക്കാന്‍
ഇടം ഹൃ(ക)ത്തിലുണ്ടെന്നറിഞ്ഞിങ്ങു പാടാം!

2014, ഡിസംബർ 27, ശനിയാഴ്‌ച

സൂര്യോപവാസം

ക്രിസ്മസ്സിന്നുള്ളൊരാഹാരമെങ്ങനെ?
ഉണ്ണിയേശുവിന്നാ ജന്മവേളയിൽ
കൂട്ടിരുന്ന മൃഗങ്ങൾതൻ മാംസമോ?
സസ്യമാകിലും ജീവനു,ണ്ടാകയാ-
ലിന്നു ഞാനുപവാസമാ,ണെങ്ങനെ
ക്രിസ്തുമസ്സിനാഘോഷമെന്നോതുക!

സൂര്യനാം വിശ്വനാഥനീ ഭൂമിയിൽ
ജീവിതം നയിക്കുന്നവർക്കൊക്കെയും!
സൂര്യരശ്മിയാഹാരമാക്കീടുവാൻ
ആവുമല്ലോ, പ്രഭാതസായന്തന
വേളതോറു, മാരോഗ്യസന്ദായകം
സപ്തമല്ല, സഹസ്രലക്ഷങ്ങളാം
വർണജാല,മാ രശ്മിജാലങ്ങളിൽ
മുങ്ങിയാഘോഷമാക്കിടാം ജീവിതം!!

2014, ഡിസംബർ 26, വെള്ളിയാഴ്‌ച

നന്മയും തിന്മയും

നെല്ലിനും താമരക്കും വേരിടാൻ ചെളി
വേണമെന്നിന്നു നാം കണ്ടറിഞ്ഞു!
ഇങ്ങുള്ള  തിന്മകൾ തൻ ചെളിപ്പാടത്തേ
നന്മ വിതച്ചാൽ മുളയ്ക്കയുള്ളൂ! !

2014, ഡിസംബർ 21, ഞായറാഴ്‌ച

ദൗർബല്യം

സ്വഹൃത്തിൽ തുളുമ്പും സ്വകാര്യങ്ങളോതാൻ
സ്വ-ഭാവം മറന്നും മറച്ചും തുണയ്ക്കായ്‌
ഇണങ്ങാതിണങ്ങി  പിണങ്ങാതിരിക്കെ
പിണഞ്ഞെന്നടുത്തുണ്ടുറങ്ങുന്ന പെണ്ണു-
ണ്ടുണർന്നിങ്ങുണർത്തീടുവാൻ, സ്നേഹമേകാൻ
എനിക്കായിടുന്നീലിതെന്റെ  ദൗർബല്യം !

2014, ഡിസംബർ 19, വെള്ളിയാഴ്‌ച

ക്രിസ്തുവും യേശുവും

ക്രിസ്തുവും യേശുവും രണ്ടാണ്, - യേശു
ക്രിസ്തുവാകുംമുമ്പൊരാണാണ്!
ആണാകയാലറിഞ്ഞാണത്തം - തന്റെ
താതനെ കണ്ടെത്തി ജീവിക്കാൻ!!

അങ്ങനെ താതനെ തേടുമ്പോൾ - കണ്ടു
സർവർക്കും താതനിങ്ങൊന്നാണ്!
സർവരും സോദരരാണിങ്ങ് - സ്‌നേഹ-
ധാരയിൽ മുങ്ങിക്കുളിക്കേണ്ടോർ!!

സത്യമറിഞ്ഞവർക്കാവില്ല - ഇങ്ങു
വർഗങ്ങളായ് മാറിനിന്നീടാൻ
ദൈവരാജ്യം ഭൂവിലെത്തീടാൻ - മർത്യർ
വർഗബോധം വെടിഞ്ഞീടേണം!

വർഗബോധം വെടിഞ്ഞീടുമ്പോൾ - യേശു
ക്രിസ്തുവായ്, നമ്മൾക്കുമെത്തീടാം
ക്രിസ്തുപദത്തി, ലാൺ-പെൺ ഭേദം
ഇല്ലവിടാതാത്മാവിലൊന്നാം നാം!

2014, ഡിസംബർ 18, വ്യാഴാഴ്‌ച

സാധ്യകാര്യം - മധ്യസ്ഥത



ഏറ്റമസാധ്യമാം കാര്യമെ? ന്തെന്നുടെ
യുള്ളിലുള്ളോൻ ചൊന്നതിത്രമാത്രം:



ഇങ്ങു സമാനമനസ്‌കരാം രണ്ടുപേർ

തമ്മിലിണങ്ങി ജീവിക്കലത്രേ

ഏറ്റമസാധ്യമാം കാര്യം! ധ്രുവാന്തര-

മാണിണങ്ങീടുവാൻ വേണ്ടകാര്യം!



എത്ര സമാനമനസ്‌കരാം ഞാനുമെൻ

പുത്രിയും! ചേരുവാൻ എന്തു മാർഗം?



രണ്ടു കാന്തങ്ങൾക്കുമുണ്ടല്ലൊ മധ്യത്തിൽ

ബിന്ദുവോരോന്നതിൽ നിന്നു തമ്മിൽ

നോക്കുക, കാണുക, നിസ്സംഗരാകുക

തമ്മിലിണങ്ങേണ്ടതില്ല നിങ്ങൾ!

കവിഭാര്യ



എനിക്കൊന്നുമേകുന്നതില്ലല്ലൊ നീയെ-
ന്നെനിക്കുള്ളിലു, ണ്ടെന്തുകൊണ്ടാണതെന്നാം

മൊഴിഞ്ഞിന്നു നീ: "നിന്റെ രൗദ്രം തുളുമ്പും

മുഖംമാത്രമാണെൻ സ്മൃതിക്കുള്ളി,ലെന്തേ

ചിരിക്കിന്നു വീട്ടിൽ വില? ക്കിങ്ങുനിന്നും

സുഹൃദ്‌സംഗമങ്ങൾക്കു ചെന്നീടുകിൽ നീ

ചിരിക്കുന്നവൻ, ചിരിപ്പിക്കുവോനും; നീ

കുടുംബസ്ഥനായ്ത്തീർന്നതിൽ തെറ്റു പറ്റി!



എനിക്കും മകൾക്കും മടുത്തൊക്ക, എന്തി-

ന്നിനിജ്ജീവിതം? വർത്തകാലം മറന്നാൽ

ഭയങ്ങൾ പെരുക്കുന്ന ഭൂതം, തമസ്സിൻ

കയങ്ങൾ നിറഞ്ഞോരു കാട്ടാറിലാം ഞാൻ!'

ഭവിഷ്യത്തിലാശ്വാസമാരേകു? മോർക്കൂ,

മകൾ സ്വന്തമാം പാത കണ്ടെത്തി നീങ്ങും!



അകംവിങ്ങി നിസ്സംഗനാം നിന്നൊടൊപ്പെം

എനിക്കാവുകില്ലല്ലൊ ജീവിതം പിന്നെ!

ശപിക്കാതെ വയ്യല്ലൊ നിന്നെ, സ്വയം ഞാൻ

മൃതിക്കേകുമെന്നെ, നീയെന്നുമേകാകി!! "

2014, ഡിസംബർ 16, ചൊവ്വാഴ്ച

നീയറിയുന്നൂ

നീയറിയുന്നൂ നീലനിലാവിൽ
നിന്നു നിതാന്തം നിർവൃതിയോടെ
നീൾമിഴിയുള്ള നിശാന്ധതയോടായ്
നീയെഴുതുന്നവയാണിവയെല്ലാം.
നീയെഴുതുന്നു നിശാനന്തതയെ-
ന്നീ നീലിമയിൽ നിഷാദനുമുണ്ടെ-
ന്നീ നിർവൃതിയിൽ നിവൃത്തിയുമുണ്ടെ-
ന്നിങ്ങറിയുന്നീലർഥമൊരാളും.

ഉ,ണ്ടറിയുന്നുണ്ടർഥമൊരാ,ളതു
കണ്ടറിയുന്നവനാരാ?ണതു നീ!
നിന്നിലെയെന്നിൽ, എന്നിലെ നിന്നിൽ
എന്നും നീയോ ഞാനോ സത്യം
എന്നറിയാനായെഴുതുന്നവനോ

എന്നിൽ നീയേയുള്ളെന്നറിവോൻ!! 

2014, ഡിസംബർ 15, തിങ്കളാഴ്‌ച

നീയും ഞാനും


നിനക്കായ്മാത്രം നീയിന്നെഴുതു, ന്നെന്നാലൊന്നും
നിനക്കായല്ലെന്നാരോ നിമന്ത്രിച്ചീടുന്നുള്ളില്‍.
നീയെന്നു നിന്നെത്തന്നെ നീ വിളിക്കുന്നൂ, നിന്നില്‍
ന്യായമായും ഞാനാണെന്നറിഞ്ഞാണാസ്വാദകന്‍
നീലവാനിലെച്ചന്ദ്രബിംബമായ് വിഷാദാര്‍ദ്ര-
ലോലമാം ഹൃത്തോടെന്നും നിന്നെ സ്വീകരിക്കുന്നു.
നീയെന്നാല്‍ നിഷാദാര്‍ദ്രമെന്നാണു കുറിച്ചതെ-
ന്നായിരം വട്ടം തിരുത്തീടുവാന്‍ ശ്രമിച്ചിട്ടും
കേള്‍ക്കുവാന്‍ ചെവിയില്ലെന്നോതുവോനോടായല്ലോ
നീ മൊഴിയുന്നൂ: നിന്നില്‍ ഞാനില്ല നീയേയുള്ളൂ.

2014, ഡിസംബർ 13, ശനിയാഴ്‌ച

നിസ്വഹാസം

നീ ചിരിക്കാതിരിക്കുമ്പോൾ
നീ ചിറകറ്റൊരു പക്ഷി!
നീ ചിരിക്കാൻ തുടങ്ങുമ്പോൾ
നീ ചന്ദ്രനായി മാറുന്നു!!

നീ നീലവാനിലെ സൂര്യൻ
നിന്നിലുമുണ്ടെന്നറിഞ്ഞോൻ
നിൻ മുഖത്തോ ഹൃദയത്തിൻ
നിസ്വത നിർവൃതിയാകും!
നിർവൃതി നല്കാതിരുന്നാൽ

നിസ്വഭാവത്തിനെന്തർഥം? 

2014, ഡിസംബർ 11, വ്യാഴാഴ്‌ച

ജനാധികാരഗീത

''അയലുതഴപ്പതിനായതിപ്രയത്‌നം
നയമറിയും നരനാചരിച്ചിടേണം''
ഗുരുമൊഴിയാണിതു, നാമറിഞ്ഞിടേണം:
അരുളിതിലുണ്ടു ജനാധികാരമാർഗം!

അയലുകൾ ചേർന്നു തിരഞ്ഞെടുത്തിടേണം
പ്രതിനിധിയായിരുപേരെ, നാരിതന്നെ
അവരിലൊരാ;ളവർ ചേർന്നു വാർഡിലേക്കും
ഇരുവരെ യോഗ്യതവച്ചെടുത്തിടേണം.

ഇവരുടെ യോഗമതായിടട്ടെ ഗ്രാമം
നഗരവുമിങ്ങു നയിച്ചിടുന്ന യോഗം!
ഇവരുടെ യോഗമതിന്നുതന്നെ നല്കാം
ഉപരിസഭാംഗനിയോഗ നിശ്ചയങ്ങൾ!!

നിയമസഭയ്,ക്കതുപോലെ ലോക്‌സഭയ്ക്കും
പ്രതിനിധിയായി വരേണ്ട, താണിനൊപ്പം
വനിതയുമെങ്കി,ലിതേവിധത്തിലെങ്ങും
പ്രതിനിധികൾ ഭരണത്തിലെത്തുമല്ലോ!

ഇതു കനവല്ല,യസാധ്യമല്ല നമ്മൾ
ഒരുനിരയായിതിനായ് ശ്രമിക്കുമെങ്കിൽ
അണയു,കൊരേസ്വരമോടെ പാടുവോർതൻ
അണിയിതിലൂടെ വരും ജനാധികാരം!