2014, ഡിസംബർ 18, വ്യാഴാഴ്‌ച

കവിഭാര്യ



എനിക്കൊന്നുമേകുന്നതില്ലല്ലൊ നീയെ-
ന്നെനിക്കുള്ളിലു, ണ്ടെന്തുകൊണ്ടാണതെന്നാം

മൊഴിഞ്ഞിന്നു നീ: "നിന്റെ രൗദ്രം തുളുമ്പും

മുഖംമാത്രമാണെൻ സ്മൃതിക്കുള്ളി,ലെന്തേ

ചിരിക്കിന്നു വീട്ടിൽ വില? ക്കിങ്ങുനിന്നും

സുഹൃദ്‌സംഗമങ്ങൾക്കു ചെന്നീടുകിൽ നീ

ചിരിക്കുന്നവൻ, ചിരിപ്പിക്കുവോനും; നീ

കുടുംബസ്ഥനായ്ത്തീർന്നതിൽ തെറ്റു പറ്റി!



എനിക്കും മകൾക്കും മടുത്തൊക്ക, എന്തി-

ന്നിനിജ്ജീവിതം? വർത്തകാലം മറന്നാൽ

ഭയങ്ങൾ പെരുക്കുന്ന ഭൂതം, തമസ്സിൻ

കയങ്ങൾ നിറഞ്ഞോരു കാട്ടാറിലാം ഞാൻ!'

ഭവിഷ്യത്തിലാശ്വാസമാരേകു? മോർക്കൂ,

മകൾ സ്വന്തമാം പാത കണ്ടെത്തി നീങ്ങും!



അകംവിങ്ങി നിസ്സംഗനാം നിന്നൊടൊപ്പെം

എനിക്കാവുകില്ലല്ലൊ ജീവിതം പിന്നെ!

ശപിക്കാതെ വയ്യല്ലൊ നിന്നെ, സ്വയം ഞാൻ

മൃതിക്കേകുമെന്നെ, നീയെന്നുമേകാകി!! "

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ