2017, ഡിസംബർ 31, ഞായറാഴ്‌ച

ബന്ധുത്വമില്ലാത്ത ബന്ധം

ബന്ധുരകാഞ്ചനക്കൂട്ടിലാണെങ്കിലും
ബന്ധനം ബന്ധനംതന്നെയെന്നു
ബന്ധനസ്ഥന്‍ ഞാനറി,ഞ്ഞെത്ര കാലമായ്
ബന്ധനം പൂമാലയായി മാറാന്‍
പാടിയിരുന്നവനാണു ഞാ,നെന്നുടെ
വാടിയില്‍നിന്നൊരാള്‍ നീട്ടിടുന്നു
പൂമാലയൊ,ന്നതില്‍നിന്നു കേള്‍ക്കുന്നു ഞാന്‍
ആ മാലയില്‍നിന്നുമെന്റെ പാട്ട്!

ഞാനതിന്നന്തരാര്‍ഥം തിരഞ്ഞീടവെ
ഞാനുമാ മാലയിലുള്ള പൂവിന്‍
ഞെട്ടലറിഞ്ഞു: പൂമാലയും ബന്ധനം
ഞെട്ടിന്റെ ബന്ധനമെത്ര ഭേദം!
ബന്ധനമല്ലാത്ത ബന്ധങ്ങളി,ല്ലതില്‍

ബന്ധുത്വമില്ലാത്ത ബന്ധം ഹാരം!!

2017, സെപ്റ്റംബർ 8, വെള്ളിയാഴ്‌ച

പറന്നിടേണ്ടതെങ്ങോട്ട്?



''അഹം മഹാനഭസ്സതില്‍ ജ്വലിച്ചിതാ

വിഹംഗമെന്നെയെങ്ങെങ്ങും

പറന്നിടാന്‍ ക്ഷണിച്ചിടുന്നു, ഞാനിനി

പറന്നിടേണ്ടതെങ്ങോട്ട്?''



''അഹന്തയല്ലഹം, അതെങ്ങുമുള്ള നിന്‍

മഹത്വമാണ,തിലാണീ

വിഹായസസ്മിതം വിടര്‍ത്തിടുന്ന നിന്‍

വിഹാരഭൂമിക, സ്വർഗം !!''

2017, ജൂൺ 18, ഞായറാഴ്‌ച

മിഴിജന്മം


ഇതുപോലൊഴുകിവരുന്നവ പലതും
ഇതുപോലെഴുതാനാകാതൊഴുകവെ
മിഴി മൊഴിയുന്നൂ: ''മിഴിവഴി മിഴിനീര്‍-
പ്പുഴയൊഴുകുമ്പൊഴുതൊഴുകുക,യതില്‍ ഞാന്‍
മൊഴിമഴയായ് വരുമഴലഴകാക്കീ-
ട്ടൊഴുകിവരും പദലാസ്യമതായ് നിന്‍
കവിതകളെഴുതാന്‍ കഴിവുള്ളവള്‍ നീ
കവികുമിളയതായിനിയെന്‍ ജന്മം!''

2017, ജൂൺ 3, ശനിയാഴ്‌ച

ഊരകത്തുള്ളോര്‍

വ്യക്തികള്‍ക്കേ മുക്തരാകാന്‍
ശക്തിയുള്ളൂ; മുക്തരായോര്‍
മുത്തുതന്നെ; മുത്തുകോര്‍ത്ത
ഹാരമീ പൃഥ്വിക്കു നല്കാന്‍
ചേരണം നാം; മുത്തുമാല
ഊരിലെങ്ങും വെട്ടമേകും!

ഊരകത്തുള്ളോര്‍ വെളിച്ച-
ത്തേരു കണ്ടാല്‍ പിന്നിരുട്ടില്‍
മുങ്ങുകില്ല; മങ്ങുകില്ല
ഇങ്ങുമെങ്ങും ആ വെളിച്ചം!!

2017, ജൂൺ 2, വെള്ളിയാഴ്‌ച

അന്നല്ലിന്ന്

അന്നെന്തെല്ലാം എഴുതാന്‍ തോന്നീ?
ഇന്നവയൊന്നും വന്നീടാത്തതി-
ലെന്തിനു സങ്കട? മന്നൊഴുകും പുഴ-
യെന്തിന്നിന്നൊഴുകേണം? പുതുപുഴ-
യെന്നെന്നുംവരുമിതുവഴി,യാഴിയി-
ലെന്നോ ചെന്നലിയാനെന്നറിയുക!

2017, മേയ് 31, ബുധനാഴ്‌ച

ഇരുത്തംവന്നപ്പോള്‍...


കുരുത്തംകെട്ടവനിരുത്തംവന്നപ്പോ-
ളൊരുത്തരം കിട്ടി, കേട്ടോ?
കുരുത്തംകെട്ടാലുമൊരുത്താനാവുകി-
ല്ലിരുട്ടില്‍ നമ്മളെയാഴ്ത്താന്‍!

ഗുരുത്വമാം വിളക്കണഞ്ഞിടാവിള-
ക്കിരുട്ടു സത്യമല്ലോര്‍ക്കൂ!
അകത്തു വെട്ടമെന്നറിഞ്ഞിടുന്ന നീ
ഗുരുത്വമാമതിങ്ങെന്നും
അതു നിറഞ്ഞിടാന്‍ അകത്തെ നിന്‍മിഴി
തുറന്നിടല്‍ മതിയെന്നും
അറിഞ്ഞുണര്‍ന്നിടൂ, ഉണര്‍വിലുണ്ടരുള്‍
ഉഷസ്സുമ,ങ്ങതില്‍ മുങ്ങൂ!!

2017, മാർച്ച് 20, തിങ്കളാഴ്‌ച

ഒരു കവിതയും എന്റെ അനുകവിതയും

എന്റെ സ്‌നേഹിതന്‍ പി. പ്രകാശ് എഴുതിയ ഒരു കവിതയും എന്റെ അനുകവിതയും

മാഞ്ഞു പോകേണ്ടത്...

മാഞ്ഞു പോകയാണിപ്പകല്‍; ഒപ്പം
മാഞ്ഞുപോയിരുന്നെങ്കില്‍ ഞാന്‍!

ബാല്യകൗമാരയൗവ്വനസ്മൃതി-

ച്ചീളുകള്‍ പോലും വേണ്ടിനി.


എന്‍നിഴല്‍പറ്റി, യെന്റെ ചില്ലയില്‍
കേളിയാടിയ പക്ഷികള്‍
എന്തിനിപ്പൊഴിപ്പത്രശൂന്യമാം
ശുഷ്‌ക്കഗാത്രത്തെ നോക്കണം?!
ലക്ഷ്യമാകാശമാകിലും, ഭൂമി
വിട്ടു പോരാത്ത വേരുകള്‍
ശാപമാണേതു പൂമരത്തിനും;
വേരുകള്‍ മറന്നേക്കുക!


വേണ്ടമായുവാനാഗ്രഹം!                                                        മാഞ്ഞുപോകുവാന്‍ നീ കൊതിക്കുന്ന-
തെന്തുകൊണ്ടെന്നറിഞ്ഞിടും
എന്റെയോര്‍മ്മയില്‍ നിന്നു മായുമോ
എന്റെ മിത്രമേ, നീ നിറ-
ച്ചിങ്ങു ഞങ്ങള്‍ക്കു തന്ന കാവ്യങ്ങള്‍
തന്നിടും വികാരാര്‍ദ്രത
മാഞ്ഞുപോകയില്ലെങ്ങു, മാകയാല്‍
വേണ്ട മായുവാനാഗ്രഹം!                                                                                                                                               

2017, ഫെബ്രുവരി 11, ശനിയാഴ്‌ച

അദ്വൈതം


ജീവനുള്ള ചരാചരങ്ങള്‍ പോല്‍
ഈ വിഹായസ്സിലള്ളവയെല്ലാം
ജീവചൈതന്യമാം തരംഗങ്ങള്‍!
ഈ വിഹംഗങ്ങള്‍ സ്വപ്‌നതാരങ്ങള്‍!!

സ്വപ്‌നമാം, നിന്റെ സ്വപ്‌നമാണെല്ലാം!
സ്വര്‍ഗവും സ്വപ്‌നമാ,ണവിടെത്താന്‍
സ്വന്തമാണൊക്കെയെന്നറിഞ്ഞീടാം!!
സ്വന്തമാകില്ല സ്വാര്‍ഥനായ്ത്തീര്‍ന്നാല്‍!!!

ഞാനുമെന്റെയഹന്തയും എന്നില്‍
ജ്ഞാനമല്ലാത്തതായുള്ളതെല്ലാം
ഞാനറിഞ്ഞിടു,ന്നജ്ഞാനഭാണ്ഡം
ഞാനതിന്നുപേക്ഷിക്കുകില്‍ നീയായ്!!