2013, ഏപ്രിൽ 23, ചൊവ്വാഴ്ച

മാതൃദര്‍ശനം

1983-ഏപ്രിലില്‍ കലാകൗമുദിയില്‍ പ്രസിദ്ധീകരിച്ച കവിത.  
'ദര്‍ശനഗീതങ്ങള്‍ എന്ന എന്റെ കവിതാസമാഹാരത്തിന് നിത്യചൈതന്യയതി എഴുതിയ അവതാരികയില്‍ അതിനെപ്പറ്റി പരാമര്‍ശിക്കുന്ന ഭാഗമാണ് ആദ്യം:

അടുത്ത കവിത 'മാതൃദര്‍ശന'മാണ്. ആധുനികന്റെ വ്യവഹാരത്തിലുള്ള ശാസ്ത്രവും ഭാഷയുമെല്ലാം മൂല്യശോഷണം വന്നവയാണ്. എന്നാല്‍ അവന്റെ ജീവിതത്തിന് അവസാനമില്ലാതെ ഊര്‍ജം പകര്‍ന്നുകൊടുക്കുന്ന ഒരു മൂല്യസ്രോതസ്സുണ്ട്. അത് മണ്ണിന്റെ ആഴത്തിലിരിക്കുന്ന നീരുറവ പോലെ അവന്റെ ബാഹ്യചക്ഷുസ്സിനു കാണാന്‍ കഴിയാത്ത ഒരു നിധികുംഭമായിരിക്കുന്നതേയുള്ളു.  

അങ്ങനെയൊന്നുണ്ടെന്നറിഞ്ഞവന്‍ അതിനെ വിലപ്പെട്ട മിത്ത് എന്നു വിളിക്കുന്നു. എന്നാല്‍, വ്യവഹാരബുദ്ധിമാത്രമുള്ളവന്‍ മിത്തിനുകൊടുക്കുന്ന വ്യാഖ്യാനം കള്ളമെന്നാണ്. വേരറ്റുപോയിട്ടില്ലാത്ത ഏതൊരുവന്റെയും ഉള്ളില്‍ ഉറഞ്ഞുതുള്ളുവാനിടയുള്ള ഒരു മിത്താണ് ഈ കവിതയുടെ നിശ്വാസമായിരിക്കുന്നത്

ഇത് ഒരു ദേശത്തിന്റെയോ ജനതയുടെയോ മാത്രം ഹൃദയം ഞെരിക്കുന്ന കഥയല്ല. ഇതില്‍ പരാമര്‍ശിക്കപ്പെടുന്ന കണ്ണുനീരും കദനഭാരവും ചുടുനിണം വീഴ്ത്തുവാനുള്ള ആവേശവും ഗതിമുട്ടി നിസ്സഹായതയില്‍ ആര്‍ത്തുവിളിക്കുന്ന ശബ്ദവും ഞാന്‍ ഈ ഭൂമണ്ഡലത്തിന്റെ പല ഭാഗങ്ങളിലും അനുഭവിച്ചറിഞ്ഞിട്ടുണ്ട്. അമേരിക്കയിലെ ഉട്ട, കോളറാഡോ, അരിസോണ, ന്യൂ മെക്‌സിക്കോ എന്നീ നാലു സ്‌റ്റേറ്റുകള്‍ ഒന്നുചേരുന്ന ഒരിടമുണ്ട്. അതിനെ The four corners (നാലു മൂലകള്‍) എന്നു വിളിച്ചുപോരുന്നു. ഈ നാലു സ്‌റ്റേറ്റുകളിലെയും ഗവര്‍ണര്‍മാരുടെ പൂര്‍ണമായ അനുമതിയോടുകൂടി അമേരിക്കയിലെ ആദിവാസികളായ റെഡ് ഇന്ത്യന്‍സിന്റെ ഭൂമി വലിയ വ്യവസായ ഉടമകള്‍ കയ്യേറി അവിടെനിന്ന് അണുവായുധങ്ങള്‍ക്കും ആണവനിലയങ്ങള്‍ക്കും ആവശ്യമായ യുറേനിയം ഖനനംചെയ്യുന്നു. എന്നുമാത്രമല്ല, അതില്‍നിന്നു വമിക്കുന്ന റേഡിയോ ആക്ടീവ് മാലിന്യംകൊണ്ടു ദൂഷിതമായ വിഷം കലര്‍ന്ന ജലം, ദൂഷിതമായിത്തീര്‍ന്ന ആഹാരം ഇവകൊണ്ട് ഇപ്പോള് നൂറുകണക്കിനു സാധുക്കള്‍ കാന്‍സര്‍രോഗം വന്ന് കടുത്ത വേദനയനുഭവിച്ച് പിടഞ്ഞു മരിക്കുന്നു. അവിടെ രോഷാകുലരായിത്തീര്‍ന്ന ആദിവാസികള്‍മാത്രമല്ല, മറ്റു മനുഷ്യസ്‌നേഹികളും ഈ 'മാതൃദര്‍ശന'ത്തില്‍ കാണുന്നതുപോലെ ഉറഞ്ഞുതുള്ളി, പ്രതികാരവാഞ്ഛയുള്ളവരായി ആക്രോശിക്കുന്നത് ഞാന്‍ കേള്‍ക്കുകയുണ്ടായി. അതിനെ ചിത്രീകരിക്കുന്ന അത്യന്തം ഹൃദയസ്പൃക്കായ ഒരു ഡോക്കുമെന്ററിയാണ് റ്റോബിയുടെ 'Four Courners' എന്ന ചലച്ചിത്രം. അതിന് 12 അന്തര്‍ദേശീയ അവാര്‍ഡുകിട്ടി. എന്നാല്‍ ഖനനം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. മനുഷ്യര്‍ മരിച്ചുകൊണ്ടുമിരിക്കുന്നു.  

ഇതിന്റെതന്നെ പതിപ്പുകളാണ് ആസ്‌ട്രേലിയായില്‍ അബോറിജിനികള്‍ക്കുംഇന്ത്യയില്‍ആദിവാസികള്‍ക്കും ഉണ്ടായിരിക്കുന്ന അനുഭവം. ഇത്ര ആഗോളവ്യാപ്തിയുള്ള ഒരു വിഷയത്തെ മിഥ്യയല്ലാത്ത മിത്തും നഗ്നസത്യവും കലര്‍ത്തി ഇവിടെ പാടിയിരിക്കുന്നത് ബോധപൂര്‍വമെഴുതിയ ഒരു കവിതയാണെന്ന് എനിക്കു തോന്നുന്നില്ല. 'അമ്മ' എന്ന് ഇവിടെ വിളിക്കുന്ന പ്രകൃതീശ്വരി ജോസാന്റണിയെ ഒരു നിമിത്തമാക്കി അദ്ദേഹത്തിന്റെ തൂലികയില്‍ക്കൂടി പ്രകാശിപ്പിക്കുന്ന ഒരു ഉറഞ്ഞുതുള്ളലാണ്, ഇക്കവിത.
ആശ്വസിക്കപ്പെടാനാവാത്ത ഈ ലോകത്തിന്റെ വിതുമ്പല്‍ അതിലുണ്ട്


മാതൃദര്‍ശനം
പൂക്കോട്ടുമലമുകളി, ലമ്മതന്‍ ഹൃത്തിലായ്
ശിവരാത്രി, യഗ്നിയാളുന്നു!
കാടിന്റെ സന്തതികളാടാതുറഞ്ഞിടവെ
മൂപ്പനൊരു പാട്ടു പാടുന്നു:
''അമ്മയുടെ ചെറുമക്കളമ്മിഞ്ഞയുണ്ടിവിടെ
ഇന്നലെവരെ കഴിഞ്ഞല്ലോ!
അമ്മയെപ്പുതുവസ്ത്രമണിയിക്കുവാനെന്നു
ചൊന്നാണു ചേട്ടനിവിടെത്തി.
'എന്നിട്ടു ചേട്ടനവിടെന്തുചെയ്യുന്നു?'
അമ്മയുടെ മരവുരികളെല്ലാമഴിപ്പൂ!

അമ്മയ്ക്കു ചേരില്ല പുതുമോടി' - ചൊന്നേന്‍:
കേള്‍ക്കാതെ പുതുമുലക്കച്ചയണിയിപ്പൂ!!
'അമ്മ കോപിക്കു'മെന്നേന്‍ ചൊന്ന നേരം
ചേട്ടത്തമോടെ ചൊന്നീടുന്നു ചേട്ടന്‍:
'ഇളയവര്‍ നിങ്ങള്‍ക്കറിവു കുറവല്ലോ,
നാഗരിക സംസ്കാരമെന്തെന്നതറിയൂ!
ഞാന്‍ പഠിപ്പിക്കും വിധത്തില്‍ച്ചരിക്കൂ!!'

അതു കേട്ടു പുസ്തകം വായിച്ചു സിനിമകള്‍
കണ്ടെന്‍റെ മക്കള്‍ വളര്‍ന്നു
അവരമ്മയെയറിഞ്ഞീടാതെ നാടിന്‍റെ
നാറ്റങ്ങളില്‍ ഭ്രമിക്കുന്നു.

ഞാനമ്മയോടതിനു മാപ്പു ചോദിക്കുന്നു
തായേ, പൊറുക്കണേ തായേ!
പാവങ്ങളെങ്ങളൊടു കോപിച്ചിടൊല്ല, തുണ
വേറെയില്ലെങ്ങള്‍ക്കു തായേ!

ഞാനിന്നുമൊരു കുഞ്ഞു മാത്രം
മുലയുണ്ടു കൊതി തീര്‍ന്നതില്ല,
ചോറോ ദഹിക്കുന്നുമില്ല,
അമ്മിഞ്ഞയല്പവും നീ ചുരത്തായ്കയാല്‍
അമ്മേ വലഞ്ഞിടുന്നൂ ഞാന്‍!
അമ്മേ പൊറുക്കേണമീമക്കളോടവര്‍-
ക്കായി ഞാന്‍ മാപ്പിരക്കുന്നു:
എന്താണു പരിഹാരമായ് ചെയ്തിടേണ്ടതെ-
ന്നെന്നോടു ചൊന്നാട്ടെ തായേ!

താന്‍പാടിടും പാട്ടിതേറ്റുപാടാന്‍പോലു-
മറിയാത്ത മക്കളെ കാണ്‍കെ,
മൂപ്പനിലുറഞ്ഞുതുള്ളീടുവാനെത്തുന്നു,
പൂക്കോട്ടു വനഭൂമി, യമ്മ!
അമ്മയുടെ ശക്തിയാല്‍ മൂപ്പന്‍ നിറ, ഞ്ഞതാ
അക്ഷികളിലമ്മതന്‍ രൂപം!!
മുഖമാകെ രോഷം നിറഞ്ഞു ചോന്നീടവെ
സ്വരവും തെളിഞ്ഞുയര്‍ന്നല്ലോ!!!
അതു കേട്ടു ഞെട്ടിയുണരുന്നോരു മക്കളെ
നോക്കിയാണമ്മയുറയുന്നു:

''ഈയഗ്നിയുള്ളിലാളട്ടെ!
എന്നെയറിയാത്തോരു മക്കളെയൊക്കെയും
കൊന്നിവിടെ രക്തം തെളിക്കൂ!!
ശിവരാത്രി ശവരാത്രിയാക്കൂ!!''

അമ്മയുടെ മൊഴികളിലുയര്‍ന്ന ശാപാഗ്നിയില്‍
സ്വന്തമാം മക്കളെരിയായ്വാന്‍
എന്താണു വഴിയെന്നു ചിന്തിച്ചുണര്‍ന്നിട്ടു
മൂപ്പന്‍ മൊഴിഞ്ഞിടുവതെന്തേ?

''അമ്മയെ നിങ്ങള്‍ക്കറിഞ്ഞീടുകില്ലെങ്കി-
ലെന്നോടു ചോദിക്ക ചൊല്ലാം
അമ്മതന്നമ്മിഞ്ഞ തുള്ളി നാവില്‍ത്തൊട്ടു
മഗ്നിയുള്ളത്തില്‍ ധരിച്ചും
അമ്മയുടെ വാക്കിന്‍റെയൂക്കിലാളിപ്പടര്‍-
ന്നീടേണ്ട മക്കളാം നിങ്ങള്‍!

അമ്മയുടെ ശാപാഗ്നി വീഴാതിരിക്കുവാന്‍
അമ്മയ്ക്കു മരവുരികളേകൂ!
അതു ധരിച്ചീടിലേ അമ്മിഞ്ഞ നല്കുവാന്‍
അമ്മയ്ക്കു സ്നേഹമുണ്ടാകൂ!!''

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ