Follow by Email

2013, ഏപ്രിൽ 20, ശനിയാഴ്‌ച

ആത്മദര്‍ശനം


1988-ല്‍ പ്രസിദ്ധീകരിച്ച ദര്‍ശനഗീതങ്ങള്‍ 

എന്ന എന്റെ കവിതാസമാഹാരത്തിന് 
നിത്യചൈതന്യയതി
 എഴുതിയ അവതാരികയുടെ ആദ്യഭാഗവും 
അതില്‍ പരാമര്‍ശിക്കുന്ന 
ആത്മദര്‍ശനം എന്ന കവിതയും: 


എന്റെ പ്രിയ സുഹൃത്ത് ജോസാന്റണി എഴുതിയ പത്തൊമ്പതു കവിതകളുടെ സമാഹാരമാണ് മുമ്പിലിരിക്കുന്നത്. ഇതു കുറച്ചു നാളായി ഞാന്‍ കാണുന്നു. ഇടയ്ക്കിടയ്ക്കു വായിക്കുന്നു.എന്നെ എന്നും ആകര്‍ഷിച്ചിട്ടുള്ള രണ്ടു ചിത്രങ്ങളുണ്ട്. 

ഒന്ന് ഒരു നെബുല ചുറ്റിത്തിരിഞ്ഞു നക്ഷത്രക്കൂട്ടങ്ങളാകുവാന്‍ പോകുന്നതിന്റെ ചിത്രം. വേറെയൊന്ന് ഭൂമിയുടെ ഉദയം ചന്ദ്രനില്‍നിന്നെടുത്തത്. ഈ രണ്ടു ചിത്രങ്ങളും ആദ്യം കണ്ടപ്പോള്‍ തോന്നിയ ആഹ്ലാദംതന്നെയാണ് ഇപ്പോഴും അവ കാണുമ്പോള്‍ തോന്നുന്നത്.

അപാരം, അനന്തം എന്നെല്ലാം വിചാരിക്കുമ്പോള്‍ പരസ്പരവിരുദ്ധമായ രണ്ടു ചിത്രങ്ങള്‍ മനസ്സില്‍ വരാറുണ്ട്. അവ രണ്ടും കൂടി ഒരു ദ്വിധ്രുവിയാക്കിക്കൊണ്ടു ചിത്രലേഖനം ചെയ്തിട്ടുള്ള ഒരു പുസ്തകം ഈയിടെ ഒരു രസികന്‍ ഉണ്ടാക്കിയിട്ടുണ്ട്. അതിന്റെ പേര് The Powers of Ten എന്നാണ്. ആ ചിത്രങ്ങള്‍ കാണേണ്ടത് നടുവില്‍നിന്ന് പുസ്തകത്തിന്റെ അവസാനപേജിലേക്കും അതുപോലെ നടുവില്‍നിന്ന് ആദ്യ പേജിലേക്കും മറിച്ചുനോക്കി വേണം. 

നടുവില്‍ കാണുന്ന ചിത്രം ഒരാള്‍ ഒരു പുല്‍ത്തകിടിയില്‍ കിടക്കുന്നതായിട്ടാണ്. പിന്നീട് ആ ചിത്രത്തിന്റെ പത്തിലൊരു ഭാഗം - അയാളുടെ കൈപ്പത്തിയുടെ പുറം. പിന്നെ കൈപ്പത്തിയുടെ പുറംതോലുമാത്രം. പിന്നീട് ആ തോലിലെ ഒരു രോമകൂപം. അങ്ങനെ ആകെ ചിത്രം ചെറുതാക്കിക്കൊണ്ടുപോകുന്തോറും ചിത്രത്തിന്റെ അംശം വലുതായിക്കൊണ്ടിരിക്കുന്നു. അവസാനം അണുകേന്ദ്രങ്ങളുടെ ചിത്രം ഭാവനചെയ്തിരിക്കുന്നു. 

നടുവില്‍നിന്ന് ആദ്യപേജുകളിലേക്കു താളുകള്‍ മറിക്കുമ്പോള്‍ കിടക്കുന്ന ആളിനെ അയാള്‍ കിടക്കുന്ന വിശാലമായ പച്ചപ്പുല്‍ത്തകിടിയോടൊപ്പം കാണാം. പിന്നത്തെ ചിത്രത്തില്‍ ആ പുല്‍ത്തകിടിയുള്‍പ്പെടുന്ന നഗരത്തിന്റെ ചിത്രമാണ്. അടുത്ത ചിത്രത്തില്‍ വടക്കേ അമേരിക്ക മുഴുവനുമാണ്. അങ്ങനെ അതു വളര്‍ന്നുവളര്‍ന്ന് സൗരയൂഥവും കടന്ന് നമ്മുടെ ഗ്യാലക്‌സിയുടെയും അയല്‍ ഗ്യാലക്‌സിയുടെയുമൊക്കെ ചിത്രത്തിനുശേഷം നൂറുകോടി പ്രകാശവത്സരം വിസ്തൃതിവരുന്ന പൊതുവേ നിശ്ശൂന്യമെന്നു തോന്നാവുന്ന പ്രപഞ്ചചിത്രത്തോളമെത്തുന്നു. 

സ്ഥൂലലോകത്തിന്റെ നൈരന്തര്യമുണ്ട്. സൂക്ഷ്മലോകത്തിന്റെ നൈരന്തര്യവുമുണ്ട്. ഇവ അന്യോന്യം വിഴുങ്ങിനില്ക്കുന്നവയാണ്. ഒരാള്‍ക്ക് ആത്മദര്‍ശനമുണ്ടായാല്‍ പേരിന്റെയും പ്രതിഭയുടെയും ഇടയിലായി അറിവു ചുരത്തിക്കൊടുത്തുകൊണ്ടിരിക്കുന്ന വിഷയം ഏകവും അനേകവുമായിരിക്കുന്നു. അതുപോലെ ജോസാന്റണിയുടെ കവിതയിലും അണുവും അഖണ്ഡവും കലര്‍ന്നുനില്ക്കുന്നു.

ജോസാന്റണിയുടെ ആത്മദര്‍ശനം എന്ന കവിത ദാര്‍ശനികമാണ്. എന്നാല്‍, metaphysical poetry എന്നോ didactic poetry എന്നോ അതിനെ വിളിക്കേണ്ടിവരികയില്ല. ഒരു തത്തവചിന്തയെ കവിതയില്‍ ആവിഷ്‌കരിക്കുകയല്ല ജോസാന്റണി ചെയ്യുന്നത്. അതുപോലെതന്നെ ബോധപൂര്‍വം നടത്തപ്പെടുന്ന ഒരു ഉദ്‌ബോധനപ്രക്രിയയും അതിലില്ല. അനുവാചകന്‍ ഉദ്‌ബോധിതനാകുന്നില്ലേ എന്നു ചോദിച്ചാല്‍ അത് ആനുഷംഗികമായി വരുന്നതാണ് എന്നു പറയണം. അന്വീക്ഷികത (metaphysics)ഈ കവിതയിലില്ലേ എന്നു ചോദിച്ചാല്‍ സത്യദര്‍ശനമുണ്ടാകുന്നിടത്തെല്ലാം അന്വീക്ഷികത സ്വാഭാവികമായി വരുന്നു എന്നു പറയണം. 

അണുവിനെയും ബ്രഹ്മാണ്ഡത്തെയും അന്യോന്യം തളച്ചിടുന്ന ഒരു ദര്‍ശനത്തില്‍ കാര്യങ്ങളനവധിയുണ്ടെങ്കിലും അതിന്റെ ആത്മാവായിരിക്കുവാന്‍ യോഗ്യത കവിതയ്ക്കുമാത്രമുള്ളതാണ്. എത്രയായിരം ശാസ്ത്രഗ്രന്ഥങ്ങളെഴുതിയാലും പറയുവാനാകാത്തത് കവിതയില്‍ നാലു വരികൊണ്ടു സാധിക്കും. ഒരു കവിയുടെ ദര്‍ശനം ആയിരമായിരം അനുവാചകമനസ്സില്‍ പിന്നീട് അന്തര്‍ദര്‍ശനങ്ങളായി വിരിയും. അതുകൊണ്ട് ഇക്കവിതയെ വിലയിരുത്തുവാന്‍ ഞാന്‍ ശ്രമിക്കുന്നില്ല.

ആത്മദര്‍ശനം
കവി:
എഴുതുക, കരള്‍ക്കുത്തൊഴുക്കില്‍ ലയി;ച്ചവിടെ-
യൊഴുകിടുവതേതു മൗനാര്‍ദ്രഭാവം? മൃദുല- 

മൊരു സ്വരമതില്‍ ജലതരംഗമായ്‌ക്കേള്‍ക്കുവാന്‍
ഒരുവളകലെക്കാത്തിരിക്കുന്നു തൂലികേ!
തൂലിക:
അറിയുകയെനിക്കില്ല ചിന്ത,യിന്നെന്നെയി-
ങ്ങൊരുകരമിതീവിധമവര്‍ണ്യവര്‍ണങ്ങളുടെ
വടിവരുളിടാന്‍ ചലിപ്പിക്കവേ മര്‍ത്യര്‍ക്ക-
തരുളുന്ന രസഭാവമൊന്നുമറിവീല ഞാന്‍!
കരം:
അറിയുക:യെനിക്കുമറിയില്ലാ,യിതേവിധം
മമചലനഗതിവരുവതിന്നെന്തു കാരണം?
ഒരു മനമതെവിടെനിന്നോ, എന്റെ തൂലികേ
ചലനഗതിയരുളുന്നു നമ്മള്‍,ക്കതെന്തിനോ? 
മനം:

ഒരു കടലിടയ്ക്കിടയ്ക്കലയടിച്ചാര്‍ക്കുന്ന-
തൊരുവേലിയേറ്റത്തിനാലെന്നു കാണ്മു ഞാന്‍!
അകലെയെവിയോ മേഘമാലകള്‍ക്കിടയിലായ്
കുമുദപതിയുണ്ടെന്നറിഞ്ഞിടുന്നുണ്ടു ഞാന്‍!
ചന്ദ്രന്‍:
മാനസങ്ങള്‍ക്കൊക്കെ വേലിയേറ്റം തീര്‍ത്തു
ഞാനലഞ്ഞീടുന്നതെന്‍ പ്രാണനാഥതന്‍
ചുറ്റമ്പലത്തില്‍ പ്രദക്ഷിണം പോലെയാ,-
ണെന്‍ ജീവ ചൈതന്യമാണവള്‍ നിത്യവും!
ഭൂമി:
എന്റെ ചുറ്റും ചന്ദ്രനെന്നെ പ്രദക്ഷിണം
ചെയ്വതുണ്ടെങ്കിലും ഞാനെന്റെ പ്രാണന്റെ
പ്രാണനായ് സൂര്യനെ മാത്രമാം കാണ്മ,തെന്‍
ദേവനായ് സൂര്യനാ, ണെന്‍ ലക്ഷ്യമാ,യവന്‍!
സൂര്യന്‍:
എന്റെ വെളിച്ചം നിറങ്ങളായ്ക്കാണുവാന്‍
ഇഷ്ടപ്പെടുന്നവര്‍ക്കായിരം വര്‍ണങ്ങ-
ളായ് സ്വയം മാറിയോള്‍ ഭൂമി,യെന്‍ പ്രേയസി,
മാനുഷര്‍ക്കുള്ളില്‍ ഞാനുള്ളതായ്ക്കാണുമോ?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ