2016, ഡിസംബർ 18, ഞായറാഴ്‌ച

നിന്‍ സ്വപ്‌നമാം ഞങ്ങളെങ്കിലും....

സൃഷ്ടിസ്ഥിതിസംഹാരങ്ങളെല്ലാം ദൈവ-
ബോധത്തില്‍ സംഭവിക്കുന്നതല്ലോ!
ജ്ഞാനപ്രകാശമേ ഞങ്ങളിലുജ്ജ്വലി-
ച്ചുദ്ഗമിക്കുന്നു നീ, സ്‌നേഹമാകാന്‍!!
ദൈവമേ, നിന്‍ സ്വപ്‌നമാം ഞങ്ങളെങ്കിലും
ഈ ഭൂവില്‍ നിന്മക്കളായി വാഴ്‌വോര്‍
സോദരരെന്നറിഞ്ഞീടവെ മാത്രമാം
നിന്നരുള്‍ ഞങ്ങളിലെത്തിടുന്നു.

ഇന്നിവിടിങ്ങനെ ഒത്തുചേരുന്നൊരീ
ഞങ്ങളിലുള്ളതു നിന്റെ സ്‌നേഹം!
ഞങ്ങള്‍ക്കിടയ്ക്കില്ല ജാതിഭേദം, അഹം-
ഭാവത്തില്‍നിന്നുണരുന്ന ദ്വേഷം!
ഇല്ല മതങ്ങളും കക്ഷിരാഷ്ട്രീയവും
ഉള്ളിലുണര്‍ത്തിടും ദ്വൈതഭാവം!!
നിന്‍ സ്‌നേഹവായ്പില്‍ ലയിച്ചുചേര്‍ന്നാര്‍ദ്രരായ്
നിന്നോടു ഞങ്ങളര്‍ഥിപ്പതൊന്ന്:

ശാന്തമനസ്‌കരായ്, സന്തോഷചിത്തരായ്
നിത്യം വിവേകമതികളായി
തെല്ലുമഹന്തയും ദ്വേഷവുമില്ലാതെ
ജീവിതാനന്ദം നുകര്‍ന്നുണര്‍ന്ന്‌
ജീവിച്ചിടാനായിടട്ടെ ഞങ്ങള്‍,ക്കനു-
കമ്പയന്‍പായരുളായിടട്ടെ!*


                                        *
''അരുളൻപനുകമ്പ മൂന്നിനും
പൊരുളൊന്നാണത് ജീവതാരകം''
അനുകമ്പാദശകം, നാരായണഗുരു 

2016, ഡിസംബർ 5, തിങ്കളാഴ്‌ച

നാലിതള്‍പ്പൂക്കളായ് ദര്‍ശനങ്ങള്‍ 16-20

*
ഇരുളല്ലരുളാം സത്യം
അരുളാലക്ഷരസ്പന്ദം!
ഗുരുതന്നെയെഴുത്തെല്ലാം
അരുളിന്‍ പൊരുളോ ലഘു!!
*
ലഘുവോ ലളിതം, ലാസ്യ-
ലയ,മാർദ്രം, മൃദുസ്‌മേരം,
ഹൃദയാലയലാവണ്യം,
ലവണാത്മകമാം രുചി!
*
ഇതു വാടി, യിതില്‍വാടി-
ക്കൊഴിയും സുമ,മൊക്കെയും
ഇവിടിന്നു വിടര്‍ന്നീടും
സുമസത്തയില്‍ സൗരഭം!
*
എന്നിലൊഴുകാതെ നീ നൊന്തുനില്ക്കുമ്പൊഴെന്‍
നൊമ്പരമിതമ്പരപ്പെന്നറിയുമെന്നില്‍നി-
ന്നെന്തിനകലുന്നു നീ? എന്നിലൊഴുകാത്ത നിന്‍
സാന്ധ്യവര്‍ണങ്ങളായ് രാഗലയസാന്ദ്രത!
*
നിന്നിലുണരേണ്ട ഞാന്‍ എന്നിലെ നിലാവിനും
ഇന്നരുളിടുന്നതിരുളെന്നറിയുവോനിവന്‍!
വന്നിടുകയെന്നിലെന്‍ സ്വപ്‌നലയസാന്ദ്രമാം
കുന്നിമണിയില്‍ കറുംപൊട്ടായി മൗനമേ!!