*
ഇരുളല്ലരുളാം സത്യം
ഇരുളല്ലരുളാം സത്യം
അരുളാലക്ഷരസ്പന്ദം!
ഗുരുതന്നെയെഴുത്തെല്ലാം
അരുളിന്‍ പൊരുളോ ലഘു!!
*
ലഘുവോ ലളിതം, ലാസ്യ-
ലയ,മാർദ്രം, മൃദുസ്‌മേരം,
ഹൃദയാലയലാവണ്യം,
ലവണാത്മകമാം രുചി!
*
ഇതു വാടി, യിതില്‍വാടി-
ക്കൊഴിയും സുമ,മൊക്കെയും
ഇവിടിന്നു വിടര്‍ന്നീടും
സുമസത്തയില്‍ സൗരഭം!
*
എന്നിലൊഴുകാതെ നീ നൊന്തുനില്ക്കുമ്പൊഴെന്‍
നൊമ്പരമിതമ്പരപ്പെന്നറിയുമെന്നില്‍നി-
ന്നെന്തിനകലുന്നു നീ? എന്നിലൊഴുകാത്ത നിന്‍
സാന്ധ്യവര്‍ണങ്ങളായ് രാഗലയസാന്ദ്രത!
*
നിന്നിലുണരേണ്ട ഞാന്‍ എന്നിലെ നിലാവിനും
ഇന്നരുളിടുന്നതിരുളെന്നറിയുവോനിവന്‍!
വന്നിടുകയെന്നിലെന്‍ സ്വപ്‌നലയസാന്ദ്രമാം
കുന്നിമണിയില്‍ കറുംപൊട്ടായി മൗനമേ!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ