2016, ഒക്‌ടോബർ 20, വ്യാഴാഴ്‌ച

മാതൃദൈവം

അമ്മേ ദൈവമേ എന്നു ദൈവത്തെ ഞാന്‍
എന്നും വിളിച്ചിടാറുണ്ടല്ലോ!
സൃഷ്ടിതന്‍ വേദന,യൊത്തു കൃതാര്‍ഥത-
യെന്തെന്നും ദൈവം മനുഷ്യരോട്
അമ്മയാകാന്‍ സ്ത്രീക്കു മാത്രം പകര്‍
ന്നതാം
നല്‍വരത്താലരുളീടുന്നു...

ഗര്‍ഭവും പ്രസവവും അനുഭവിച്ചറിഞ്ഞവര്‍
ദൈവവും തന്നെപ്പോലെന്നറിഞ്ഞോര്‍!
ദൈവസ്‌നേഹത്തിന്റെ മാതൃകയാകുവാന്‍
സ്ത്രീക്കുമാത്രം വരം ദൈവമേകി!!
ദൈവം മാതാവെന്ന സങ്കല്പതല്പത്തി-
ലേറിയാല്‍ പുരുഷനും ദൈവപുത്രന്‍!!
മര്‍ത്യരെല്ലാം ദൈവപുത്രരാണൊപ്പമീ
സ്ത്രീകളെല്ലാം മാതൃദൈവവുമാം!!

ദൈവത്തെ, ദൈവമാതാവിനെയും നിത്യം
നാമറിഞ്ഞാര്‍ദ്രരായ്ത്തീര്‍ന്നിടേണം!
ആര്‍ദ്രമാം ഹൃത്തുള്ളോര്‍ ഒത്തുചേര്‍ന്നീടവെ
സ്വര്‍ഗരാജ്യം ഭൂവില്‍ പൂവണിയും!!


2016, ഒക്‌ടോബർ 12, ബുധനാഴ്‌ച

ജീവരഹസ്യം

പ്രചോദകര്‍:
പ്രൊഫ. എസ്. ശിവദാസ്ഗുരു നിത്യചൈതന്യയതി,
ഡി. പങ്കജാക്ഷക്കുറുപ്പ്


നമ്മളെ നാമറിയാതെ നിത്യം

വായില്‍, വയറ്റില്‍, മലദ്വാരത്തില്‍,
സേവിച്ചുനില്ക്കുന്ന സൂക്ഷ്മജീവ-
ജാലങ്ങള്‍ കോടാനുകോടികളാം!

എന്നാലവര്‍ക്കതു സ്വന്തജീവന്‍
ഇങ്ങു നിലനിര്‍ത്തിടും രഹസ്യം!
നമ്മള്‍ക്കമൂല്യമാം സേവനം!! തന്‍
ജീവനം സേവനമാണവര്‍ക്ക്!!

എന്നിലെ സൂക്ഷ്മാണുജീവിപോലും
എന്നിലുമേറെയാത്മാര്‍ഥമെന്തെ-
ന്നിങ്ങറിഞ്ഞിന്നു ജീവിച്ചിടുമ്പോള്‍
ഞാനയലാളരെ വിസ്മരിപ്പൂ!

ഇങ്ങനെ ലോകത്തിലുള്ളതെല്ലാം
തമ്മിലിണങ്ങുന്നതെന്നറിഞ്ഞാല്‍
നമ്മള്‍ക്കയല്‍ക്കാരും സ്വന്തമാകും
നമ്മുടെ ജീവിതം ധന്യമാകും!

എന്നെ സ്വയം ഞാനിങ്ങെങ്ങനെയാം  
എന്നും സ്‌നേഹിക്കുന്നതെന്നു നിത്യം
സൂക്ഷ്മമായ് നോക്കിയറിഞ്ഞിടുമ്പോള്‍
എന്നംശമാണെല്ലാമെന്നറിയാം!

എന്‍ വീട്ടിലുള്ളവര്‍ എന്ന പോലെ
എന്നയലാളരുമെന്നറിഞ്ഞാല്‍
ഹൃത്തിലെയാത്മാര്‍ഥ സ്‌നേഹധാര
ഉള്ളൊഴുക്കായ് കണ്ടറിഞ്ഞുണരാം!

ആനന്ദസാഗരത്തുള്ളികളാം
ആത്മാക്കളാം നമ്മളെന്നറിയാം!
ആരാഞ്ഞലഞ്ഞിടേണ്ടാരുമിങ്ങീ
ആത്മാര്‍ഥം, ജീവിതത്തിന്റെയര്‍ഥം!!





2016, ഒക്‌ടോബർ 8, ശനിയാഴ്‌ച

ജോസാം തോണി!!!

''ജോസാന്റണീ, നീയെന്തിനായ്
ജോസാന്റണായ് മാറി? നിന-
ക്കേതാകിലും നാമപ്രിയ-
നാമത്തിലും ചേരുന്നതാം
പേരി, ല്ലിനി ജോസാം തോണി-
യായാൽ മതി, അതാം സ്വത്വം!''

''കൊള്ളാം! കൊള്ളാം!! ജോസാം തോണി!!!
ഇങ്ങേക്കരപ്പച്ചപ്പില്‍ നി-
ന്നങ്ങേക്കരപ്പച്ചപ്പോളം
തുഴഞ്ഞീടാനല്ലോ തോണി
കടല്‍ താണ്ടാന്‍ തോണിക്കാമോ?''

''കടലാഴം കണ്ടീടാന്‍ നിന്‍
തോണിക്കാവും, തുഴഞ്ഞീടാ-
തിരുന്നാട്ടെ, തിരച്ചാര്‍ത്താല്‍
തോണിമുങ്ങും നേരം കാണാം
നിന്റെയാഴം, എന്റെയാഴം!''