2016, ഒക്‌ടോബർ 12, ബുധനാഴ്‌ച

ജീവരഹസ്യം

പ്രചോദകര്‍:
പ്രൊഫ. എസ്. ശിവദാസ്ഗുരു നിത്യചൈതന്യയതി,
ഡി. പങ്കജാക്ഷക്കുറുപ്പ്


നമ്മളെ നാമറിയാതെ നിത്യം

വായില്‍, വയറ്റില്‍, മലദ്വാരത്തില്‍,
സേവിച്ചുനില്ക്കുന്ന സൂക്ഷ്മജീവ-
ജാലങ്ങള്‍ കോടാനുകോടികളാം!

എന്നാലവര്‍ക്കതു സ്വന്തജീവന്‍
ഇങ്ങു നിലനിര്‍ത്തിടും രഹസ്യം!
നമ്മള്‍ക്കമൂല്യമാം സേവനം!! തന്‍
ജീവനം സേവനമാണവര്‍ക്ക്!!

എന്നിലെ സൂക്ഷ്മാണുജീവിപോലും
എന്നിലുമേറെയാത്മാര്‍ഥമെന്തെ-
ന്നിങ്ങറിഞ്ഞിന്നു ജീവിച്ചിടുമ്പോള്‍
ഞാനയലാളരെ വിസ്മരിപ്പൂ!

ഇങ്ങനെ ലോകത്തിലുള്ളതെല്ലാം
തമ്മിലിണങ്ങുന്നതെന്നറിഞ്ഞാല്‍
നമ്മള്‍ക്കയല്‍ക്കാരും സ്വന്തമാകും
നമ്മുടെ ജീവിതം ധന്യമാകും!

എന്നെ സ്വയം ഞാനിങ്ങെങ്ങനെയാം  
എന്നും സ്‌നേഹിക്കുന്നതെന്നു നിത്യം
സൂക്ഷ്മമായ് നോക്കിയറിഞ്ഞിടുമ്പോള്‍
എന്നംശമാണെല്ലാമെന്നറിയാം!

എന്‍ വീട്ടിലുള്ളവര്‍ എന്ന പോലെ
എന്നയലാളരുമെന്നറിഞ്ഞാല്‍
ഹൃത്തിലെയാത്മാര്‍ഥ സ്‌നേഹധാര
ഉള്ളൊഴുക്കായ് കണ്ടറിഞ്ഞുണരാം!

ആനന്ദസാഗരത്തുള്ളികളാം
ആത്മാക്കളാം നമ്മളെന്നറിയാം!
ആരാഞ്ഞലഞ്ഞിടേണ്ടാരുമിങ്ങീ
ആത്മാര്‍ഥം, ജീവിതത്തിന്റെയര്‍ഥം!!





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ