2016, ജൂലൈ 19, ചൊവ്വാഴ്ച

ഇരുളിലെ പ്രകാശാശ്വാസത്തിന്

എന്റെ സുഹൃത്ത് പി. പ്രകാശ് ഇരുളിലിരുന്നെഴുതിയ ഒരു കവിതയ്ക്ക്  

ഞാൻ നിലാവിലിരുന്ന് എഴുതിയ അനുകവിത 

പ്രകാശിൻറെ കവിത 

വീണ്ടുമൊരു ചുവടിനിടമില്ല; പാതാളമാ-
ണുണ്ടായിരുന്ന തിരി കെട്ടു. 
ചുറ്റിലുമിരുട്ടാണ്, നിശ്ശബ്ദതാസ്ത്രങ്ങ-
ളേറ്റേറ്റു ഹൃദയം തുളഞ്ഞു.
ചത്ത സൂക്തങ്ങളതി തീക്ഷ്ണദുര്‍ഗന്ധമായ്
കൊത്തിപ്പറിയ്ക്കുന്നു ക്രൂരം.
ശക്തനാമൊരു കഴുകു വന്നു നഖമുനകളാല്‍
കോര്‍ത്തെടുത്തെങ്കിലതു പുണ്യം!
(പി പ്രകാശ്, 19.07.2016, 17.21 hrs)

എൻറെ അനുകവിത 

എന്തെഴുതിടും? നിരാശാന്ധകാരത്തിലും
രാവുമായാന്‍ ചന്ദ്രനെത്താം
എന്നറിയുവോനാണു ഞാനെന്നു ചൊല്കിലും
വിശ്വാസമില്ലെങ്കിലെന്താ-
ണാശ്വാസമേകുവാന്‍? വിശ്വാസമാശ്വാസ,-
മാശ്വാസമാം ശ്വാസധാര!

താളം, പ്രപഞ്ചത്തിനുള്ള സംഗീതവും
സൗന്ദര്യധാരയുമല്ലോ.
ഏതു ദുഃഖത്തിന്റെ കണ്ണുനീര്‍ധാരയും
ചെന്നുചേരും കാവ്യധാര!
നാമതില്‍ നിത്യവും മുങ്ങിക്കുളിച്ചിടില്‍
നിത്യമീ ധാരയെന്നോര്‍ക്കില്‍
ശ്വാസനിശ്വാസാദി ദ്വൈതങ്ങളൊക്കെയും
ആശ്വാസധാരയിലൊന്നാം!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ