Follow by Email

2016, മാർച്ച് 22, ചൊവ്വാഴ്ച

മാര്‍ഗദര്‍ശനം


മുപ്പതു വര്‍ഷം മുമ്പ് എഴുതിയ ഒരു കവിത 

 അതേപടി പകര്‍ത്തുകയാണ്.ഒരു കൊടുമുടിയുടെയടിയില്‍ക്കൂ-
ടിരു പടയണി തുള്ളി നടപ്പൂ
ഇരു ദിശകളിലെങ്കിലുമെപ്പൊഴു-
മൊരു വഴിയേ ഉഴറിനടപ്പൂ!
കരപംക്തികളുയരുന്നൂക്കില്‍!
നുര പതയുകയല്ലോ വാക്കില്‍!!
സിരകളിലോ ചോരയുമതുപോല്‍
നുരയുംപടിയാണൊഴുകുന്നു.

കൊടുമുടിയുടെയുത്തുംഗതയില്‍
പടകള്‍വിട്ടേറിയ ചിലരാം
അവരവിടെയിരുന്നരുളുന്നു
ഇവിടേക്കു വരൂ ജനപദമേ
ഭ്രമമാണീ പിന്തുടരല്‍വഴി
ഭ്രമണത്തില്‍പ്പെടുവാന്‍ കാര്യം!

ഒരു ഭ്രമണപഥത്തില്‍ത്തന്നെ
ഇരു ദിശകളിലായി ഗമിപ്പോര്‍
ഇരു കൂട്ടരുമൊരുപോല്‍ നിത്യവു-
മിരു വട്ടം തമ്മില്‍ കാണ്മൂ
ഇടയിടെയിരു പടകളുമങ്ങി-
ങ്ങടിപിടി കൂടുന്നൂ വഴിയുടെ
ദിശയെച്ചൊ, ന്നതുകണ്ടല്ലോ
മുിയില്‍നിന്നൊരുവനിറങ്ങി.

അവനൊരു പടയണിയുടെ മുമ്പേ
കയറിനടന്നഭിമുഖമങ്ങേ
പടവന്നൊരു നേരം മറ്റൊരു
ഗതി നോക്കി നടന്നുതുടങ്ങി.

പുതുവഴിയില്‍ മുള്ളുകള്‍, കുറ്റി-
ച്ചെടികള്‍, പാമ്പുുകളും കല്ലും!
ഇതുവഴിപോക്കൊരുഗതികേടെ-
ന്നരുളുന്നു, പലര്‍ പിരിയുന്നു.

അതിലൊട്ടും മനമുലയാതാ
മലയേറിയിറങ്ങിയണഞ്ഞോന്‍
പറയുന്നു: പഴയവഴിക്കും
ദിശകളിലും കുറെ നാള്‍കൂടി
ഭ്രമണമിവര്‍ തുടരും, നാമതി-
ലതിയായ് ഖേദിക്കുകവേണ്ടാ.

പുതുവഴിയേ പോകുന്നവരേ
മലമുകളില്‍ ചെല്ലുകയുള്ളു
പുതുമനമോടല്ലാതങ്ങോ-
ട്ടൊരു പുതുവഴി വെട്ടാന്‍ വയ്യ.
പുതുവഴി വെട്ടാനധികം
പൊതുജനമുണ്ടാവുകയില്ല.
ഇതുമോര്‍, ത്തൊരുമനമൊടെ പോരൂ
മലമുകളില്‍ നാമെത്തീടും!

ഭ്രമണപഥം വിട്ടൊരുനാളില്‍
മല കയറും സകലരു, മതിനായ്
പുതുവഴി വെട്ടീടുക നമ്മള്‍!
പൊതുവഴി വെട്ടീടുക നമ്മള്‍!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ