2016, ജനുവരി 9, ശനിയാഴ്‌ച

കവിഭാര്യ

നിങ്ങളൊരു പ്രത്യേകജീവി;
സ്‌നേഹിക്കുവാന്‍ നിങ്ങള്‍ക്കറിയില്ല;
പുല്‍ത്തകിടികള്‍ കൊതിച്ചിരുന്ന എന്നെ
നിങ്ങളീ മരുഭൂമിയിലേക്കാണല്ലോ കൂട്ടിക്കൊണ്ടുവന്നത്.
മഹാ കഷ്ടമായിപ്പോയി!

എനിക്കറിയാം:
നിങ്ങള്‍ക്കും ദാഹമുണ്ട്,
സ്‌നേഹിക്കുവാന്‍ മോഹവുമുണ്ട്;
നിങ്ങളില്‍നിന്ന് നര്‍മമൊന്നും
ഒഴുകുന്നില്ലെങ്കിലും ഞാനറിയുന്നു:
ചിരിയില്‍ കുളിച്ചു ജീവിക്കുവാനാണ്
നിങ്ങള്‍ക്കും ആഗ്രഹം!

ജീവിതത്തിന്നര്‍ഥം നല്കുന്നത്
ചിരിയും കളിയുമാണെന്ന് -
നിങ്ങള്‍ക്കും അറിയാം.
പക്ഷേ നിങ്ങള്‍ക്ക് കനലാണു ജീവിതം,
അതിന്റെ ചൂടു സഹിക്കാനാവാതെ നമ്മള്‍
ഉരുകുകയാണ്;
നിങ്ങളും സഹിക്കുകയാണ്!

നിങ്ങളുടെ ചൂടിന്റെ കാരണം
എന്നിലല്ലെന്ന അറിവ് എനിക്ക് അല്പം
തണുപ്പുനല്കുമ്പോഴാണ് ഞാന്‍ കേള്‍ക്കുന്നു:

'സകലതിലുമുണ്ടല്ലൊ രണ്ടു ധ്രുവങ്ങള്‍;
സമമാം ധ്രുവങ്ങള്‍ വികര്‍ഷിച്ചിടട്ടെ!
തിരയാം നമുക്കുള്ളെതിര്‍ധ്രുവം നിത്യം!!'
 

പറയുന്നതാരാണു നിങ്ങളോ, ഞാനോ?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ