2015, മാർച്ച് 12, വ്യാഴാഴ്‌ച

Believe and Invest in God

യേശു ഉള്‍സ്വരങ്ങള്‍ എന്ന കവിതാസമാഹാരത്തിന് പ്രൊഫ. സെബാസ്റ്റ്യന്‍ വട്ടമറ്റം എഴുതിയ അവതാരിക

ജോസാന്റണി ഒരു
സത്യാന്വേഷിയാണ്, ആ വാക്കിന്റെ പൂര്‍ണ അര്‍ഥത്തില്‍. സത്യാന്വേഷിക്ക് ഒരിക്കലും ഏതെങ്കിലും അഭയകേന്ദ്രത്തില്‍ ചടഞ്ഞുകൂടാനാവില്ല. ഇരുളില്‍നിന്നു വെളിച്ചത്തിലേക്കല്ല, വെളിച്ചത്തില്‍നിന്ന് ഇരുളിലേക്ക് അയാള്‍ നടന്നുകൊണ്ടേയിരിക്കും. വിശ്വാസപ്രമാണങ്ങളുടെ പരിമിതവെളിച്ചമല്ല സത്യവെളിച്ചമെന്ന്അയാള്‍ക്കുറപ്പുണ്ട്. ഇരുളിലൂടെ നീങ്ങുന്ന അയാളുടെ ആത്മാവിലാണു സത്യത്തിന്റെ വെളിച്ചം നിറയുന്നത്. അപ്പോള്‍ ഈശ്വരവിശ്വാസം മറ്റുള്ളവരുടെ അനുഭവങ്ങളുടെ കേട്ടറിവാകില്ല, സ്വന്തം അനുഭവംതന്നെയാകും.
യൗവനാരംഭത്തില്‍ത്തന്നെ വെളിച്ചംതേടി നിത്യചൈതന്യയതി എന്ന മഹാനുഭാവന്റെ ആശ്രമത്തിലെത്തി ഈ സത്യാന്വേഷി. സംന്യാസം തന്റെ വഴിയല്ലെന്നു തിരിച്ചറിഞ്ഞ് ഏതാനും വര്‍ഷങ്ങളിലെ അനുഭവപാഠങ്ങളുമായി തിരിച്ചുനടന്നു. ഭരണങ്ങാനത്തെ അസീസി മാസികയിലും
പിന്നെ ഇടമറ്റത്തെ 'പുലി'ക്കൂട്ടിലും ഇപ്പോള്‍ സഭാനവീകരണ പ്രസ്ഥാനത്തിലും. താനുമുള്‍പ്പെട്ട കത്തോലിക്കാസഭയുടെ അധികാരകേന്ദ്രങ്ങളിന്ന് ഇരുട്ടറകളാണെന്ന സത്യം ഈ മനുഷ്യനെ വേദനിപ്പിക്കുന്നു. സാന്ത്വനത്തിന് ഉള്ളിലുണരുന്നത് വചനഘോഷങ്ങളില്‍ മുങ്ങിപ്പോകുന്ന യേശുവചനങ്ങളാണ്. കടലാസില്‍ പകര്‍ത്തിയ അത്തരം ഉള്‍സ്വരങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം.
'ബിലീവ് ഇന്‍ ഗോഡ്, ഇന്‍വെസ്റ്റ് ഇന്‍ ഗോള്‍ഡ്' എന്നൊരു പരസ്യവാചകമുണ്ടല്ലോ. ഇവ രണ്ടിനെയും ഒരേസമയം പൂജിക്കാനാവില്ലെന്നാണ് യേശു പറഞ്ഞത്. സഭ ഈ പ്രശ്‌നം എത്ര ഫലപ്രദമായി പരിഹരിച്ചു എന്നു കാപ്പനച്ചന്‍ തന്റെ അവസാനത്തെ ലേഖനത്തില്‍* വിവരിക്കുന്നുണ്ട്. 'സമ്പത്തിനുമധികാരത്തിനും വേണ്ടിയുള്ള തങ്ങളുടെ അമിതാസക്തിയെ ന്യായീകരിക്കുന്നതിനു ക്രൈസ്തവര്‍ രൂപം നല്‍കിയ' ദൈവത്തെ അച്ചന്‍ വിശേഷിപ്പിക്കുന്നത് അദൈവം (അണ്‍ഗോഡ്) എന്നാണ്.1 ഈ നിര്‍മ്മിതഗോഡും ഇന്നത്തെ കമ്പോളദൈവമായി മാറിയിട്ടുള്ള ഗോള്‍ഡും തമ്മില്‍ വലിയ അന്തരമൊന്നുമില്ല. ഇന്നത്തെ സഭയ്ക്കുചിതമായ ഒരു പരസ്യവാചകം വേണമെങ്കില്‍ അതിതാണ്, 'ബിലീവ് ആന്റ് ഇന്‍വെസ്റ്റ് ഇന്‍ ഗോഡ്.'
ഈ അദൈവവും മെത്രാന്മാര്‍ക്കുപോലും കടക്കാനാവുംവിധം വലുതാക്കപ്പെട്ട സൂചിക്കുഴകളും വിഡ്ഢിയാക്കുന്നത് ബൈബിളിലെ യേശുവിനെയാണ്. പടിപടിയായി തമസ്‌കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ആ തച്ചന്റെ മകനു കാതോര്‍ക്കാനാഗ്രഹിക്കുന്നവര്‍ക്കായി ഇതാ ഈ കവിതാസമാഹാരം.
* ആത്മീയത പുനരധിനിവേശത്തിന്റെ പുതുയുഗത്തില്‍


കവിയുടെ കുറിപ്പ്ഃ
ഈ പുസ്തകത്തിന്റെ വില നിശ്ചയിക്കാന്‍ ഓരോ വായനക്കാരനും യോഗ്യനാണ്. ഇ-പുസ്തകം ആവശ്യമുള്ളവര്‍ 9447858743 -ലേക്ക് ഇ-മെയില്‍ (email id) SMS അയച്ച് ആവശ്യപ്പെടുക. വായിച്ചശേഷം പുസ്തകം ഇഷ്ടപ്പെട്ടോ എന്നും നിങ്ങള്‍ മതിക്കുന്ന വില എത്രയെന്നും അറിയിക്കണം എന്നു മാത്രം.

2015, മാർച്ച് 7, ശനിയാഴ്‌ച

രാക്ഷസനോടെതിര്‍നില്ക്കാന്‍....

http://almayasabdam.blogspot.in/2015/03/blog-post_0.html
 
ഇത് ഇരുപത്തഞ്ചുവര്‍ഷം മുമ്പ് എഴുതിയ കവിതയാണ്. 
ഡോ. എം. പി. മത്തായിയുടെ പ്രഭാഷണത്തിന്റെ http://almayasabdam.blogspot.in/2015/03/blog-post_90.html അവസാനഖണ്ഡികയാണ് ഇത് പുനപ്രസിദ്ധീകരിക്കാന്‍ പ്രചോദനം പകരുന്നത്.

രാക്ഷസമാം ഗതി കാണ്‍കെ
ചേച്ചി*യൊരിക്കല്‍ പാടി:
കയ്യിലൊരോടക്കുഴലേ
രാക്ഷസനോടെതിര്‍ നില്ക്കാന്‍!

ഞാനതിനെന്‍ സ്ഥിതി കണ്ടു
വടിവേലു**വിനെയോര്‍ത്തു.
സ്വയരക്ഷയ്ക്കായ് പാടാം
കവിതയതില്‍പ്പരമല്ല!

ഇങ്ങനെ കഴിയവെ,യിപ്പോള്‍
ഇങ്ങൊരു പൊരുളറിയിക്കാന്‍
ബൈബിളില്‍നിന്നുമുയിര്‍ത്താ
ദാവീദെന്നൊടു ചൊന്നു,
അവനുടെ കുട്ടിക്കാല-
ത്തുണ്ടായൊരു കഥ, കേള്‍ക്കൂ:.....


..........അവനെയകത്തു, പുറത്തും 
അറിയുവതായുധമത്രെ!!!
 

* സുഗതകുമാരി കൊളോസസ് എന്ന കവിതയില്‍
** വടിവേലു നട്ടുവന്‍ വയലിന്‍ വായിച്ച് കൊള്ളക്കാരില്‍നിന്നു രക്ഷപ്പെട്ട സംഭവം

2015, മാർച്ച് 5, വ്യാഴാഴ്‌ച

സ്വര്‍ഗരഹസ്യം




പ്രൊഫ. എം. പി. മത്തായി (ഗാന്ധിയന്‍ സ്റ്റഡീസ്, എമിറൈറ്റ് പ്രൊഫസര്‍, ഗുജറാത്ത് വിദ്യാപീഠ്) പ്രശസ്ത കവിയും ഗാനരചയിതാവുമായ സാമുവല്‍ കൂടലിനു നല്കിക്കൊണ്ട് പ്രകാശിപ്പിച്ചയേശു ഉള്‍സ്വരങ്ങള്‍ എന്ന കവിതാസമാഹാരത്തിൽ നിന്ന്     
ങ്ങാശ്വസിച്ചിടുകയായിരുന്നു നാം!
സൂര്യനങ്ങു കടലില്‍ കുളിക്കുവാന്‍
പോകവെ,യറികയായ് വിശപ്പു നാം!!

യേശു ശിഷ്യരൊടു ചൊന്നിടുന്നിവര്‍
ആകെയിങ്ങു തളരുന്നു, ദാഹവും
ക്ഷുത്തുമുള്ളവരിവര്‍ക്കു നല്കണം
അപ്പവും കറിയു, മുള്ളതേകുക!

ഞാനൊരമ്മ,യിവിടെന്റെ മോള്‍ക്കു നല്-
കീടുവാന്‍ കരുതി യപ്പ,മിത്രയും-
മാത്രമുണ്ടു കറി, മത്സ്യമാ, മവള്‍
കേട്ടതേയവയെടുത്തൊരോട്ടമാം!

യേശു കുഞ്ഞിനെയെടുത്തു ചൊല്കയായ്
''ഈയരുള്‍പ്പൊരുളു ദൈവരാജ്യമാം!
പങ്കുവയ്ക്കുക, പൊലിച്ചിടാനരുള്‍
ദൈവമേകിടു, മറിഞ്ഞു നല്കുക!''

ശിഷ്യരപ്പമതെടുത്തു പങ്കുവ-
ച്ചേകി മീന്‍കറിയു, മെന്തൊരത്ഭുതം:
മിച്ചമുണ്ടിനിയു; മിങ്ങു സര്‍വതും
പങ്കു വച്ചിടുക ഭൂമി സ്വര്‍ഗമായ്!

2015, മാർച്ച് 2, തിങ്കളാഴ്‌ച

യേശു ഉള്‍സ്വരങ്ങള്‍ -- പ്രകാശനം

ഞാന്‍ എഴുതിയ യേശു ഉള്‍സ്വരങ്ങള്‍ എന്ന കവിതാസമാഹാരം പ്രൊഫ. എം. പി. മത്തായി (ഗാന്ധിയന്‍ സ്റ്റഡീസ്, എമിറൈറ്റ് പ്രൊഫസര്‍, ഗുജറാത്ത് വിദ്യാപീഠ്) പ്രശസ്ത കവിയും ഗാനരചയിതാവുമായ സാമുവല്‍ കൂടലിന് നല്കിക്കൊണ്ട് പ്രകാശിപ്പിക്കുന്നു.