2014, നവംബർ 4, ചൊവ്വാഴ്ച

അല്മായശബ്ദം: ഉള്‍സ്വരങ്ങള്‍

അല്മായശബ്ദം: ഉള്‍സ്വരങ്ങള്‍:

ധൂര്‍ത്തപുത്രന്റെ സഹോദരനാണു നീ 

ഓര്‍ത്തു നോക്കീടുക നിന്‍ ദുര്‍ഭഗസ്ഥിതി: 

നിന്റെ പിതാവിന്റെ ചട്ടങ്ങളൊക്കെയും 

നന്നായനുസരിച്ചീടുവോനാണു നീ. 

എങ്കിലും നിന്നെ പരിഗണിക്കാതെയും 

പങ്കു നല്കീട്ടു സ്വതന്ത്രനാക്കാതെയും

നിന്നെയടിമയെപ്പോലെ ശിക്ഷിപ്പവന്‍ 

നിന്‍ പിതാവെന്നു വിളിക്കപ്പെടേണമോ? 

നിന്റെ സഹോദരന്‍ ധൂര്‍ത്തനായിത്രനാള്‍ 

തന്റെ പങ്കൊക്കെ നശിപ്പിച്ച ശേഷമാം

വന്നിരിക്കുന്നു; മെഴുത്തതാം കാളയെ 

കൊന്നു കൊണ്ടാടുന്നവന്‍ നിന്റെ താതനോ? 


എന്നിലിന്നിങ്ങനെ ചൊല്ലുന്നവനോടു 

ചൊന്നീടുവാനെനിക്കെന്തേ മറുപടി? 

ഹൃത്തിലുയര്‍ന്നിടുന്നല്ലോ മറുസ്വരം: 


"നിന്‍ പിതാവിന്‍ ചട്ടമന്ധമായാണു നീ 

ഇന്നോളവും കാത്ത; തോര്‍ത്തുവോ താതന്റെ 

ദുഃഖവും നിന്‍ സോദരന്റെയവസ്ഥയും? 

നിന്‍ സോദരനെ തിരിച്ചു വിളിക്കുവാന്‍

തേടിയലഞ്ഞീല നീ; നിന്റെ തെറ്റിതാം! 


നീ നിന്‍ പിതാവിന്‍ ഹിതം നിറവേറ്റുവാന്‍ 

ഈ നിമിഷം വരെ ശ്രദ്ധിച്ചതില്ലെന്ന

സത്യമോര്‍ത്തീടില്‍ പ്രലോഭകനായുള്ളി- 

ലുള്ള സ്വരത്തെ ജയിക്കുവാനായിടും!'' 


രണ്ടു സ്വരങ്ങളും കേട്ടു മൗനത്തില്‍നി- 

ന്നിങ്ങുണരും സാക്ഷിഭാവമാകുന്നു ഞാന്‍!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ