ചിലതനര്ഹമായ് നീ നേടി പോകണം
പലതതിന് ഫലമായെന്നു നിന് വിധി!
വിധിയെ ധിക്കരിച്ചെങ്ങുമെത്തില്ല നീ!!
വിഫലയത്നം നടത്തേണ്ട നീയിനി!!!
അറിയുവോനാണു നീ, നിന്റെ ജന്മവും
അറിവിലേറ്റാതെ ചെയ്തിടും കര്മ്മവും
ചരടുകള്‍ തീര്‍ത്തിടു,ന്നതില്‍ ബന്ധി നീ,
ഒരു മലര്മാലയില്പ്പെട്ട പൂവു നീ!
ചതിയിതെന്നോര്ത്തിടായ്കിലേ തിന്മതന്
കണിക പോലുമേശാതെ നീ ബോധമാം
കടലിലേക്കു വീഴും ജീവധാരതന്
ചരിതവും ചാരിതാര്ഥ്യവും കണ്ടിടൂ!!!
ഇതു നിരര്ഥകമല്ല, മൗനാര്ദ്രമാം
കവിതതന്‍ ബീജമാണി,തുന്മാദിതന്
കവനകൗതുകം പോലെയല്ലിന്നു നീ
ഹൃദയസിന്ധുവില് ബാഷ്പമാണോര്ക്കുക!!
സകലതും നീയറിഞ്ഞിടും, നിന്നിലെന്
ശകലമുണ്ടുജ്വലിച്ചിടാന്‍, നിന്നിലെ
സ്മൃതിപഥങ്ങളില്‍ മൗനമായ് വന്നു നിന്
അറിവിലാനന്ദസിന്ധു തീര്ക്കുന്നു ഞാന്‍!!