ശ്രീ ജോണി ജെ പ്ലാത്തോട്ടം എഴുതി ഈയിടെ പ്രസിദ്ധീകരിച്ചിട്ടുള്ള 'ദൈവത്തിന്റെ അജണ്ടയില്‍ പ്രണയമില്ല' എന്ന കവിതാസമാഹാരത്തിലെ
'സാംഖ്യദർശനം' എന്ന കവിത കാവ്യകേളി സുഹൃത്തുകൾക്കൊന്ന് പരിചയപ്പെടുത്താനാണ് ഈ കുറിപ്പ്.
ഈ കവിതാസമാഹാരം ഇന്ന് (ജനുവരി 12- ഞായർ) രാവിലെ 10 മുതല്‍ 1 വരെ പാലാ സഹൃദയസമിതിയിൽ ചര്‍ച്ച ചെയ്യുന്നു. സ്ഥലം: കൊട്ടാരമറ്റം സഫലം 55+ ഹാൾ
കണക്കും കവിതയും വിരുദ്ധധ്രുവങ്ങളിലുള്ള രണ്ടു വിപരീതപ്രതിഭാസങ്ങളാണെന്നാണ് പൊതുവേ കരുതപ്പെടുന്നത്. എന്നാൽ അത് രണ്ടു കാന്തങ്ങളുടെ വിപരീതധ്രുവങ്ങളാണെന്നു ഗ്രഹിക്കാൻ കഴിയുന്ന ഒരു കവിമനസ്സിനേ സാംഖ്യദർശനം എന്ന കവിത എഴുതാനാവൂ. കാലാകാലങ്ങളായി അക്കങ്ങൾക്ക് മനുഷ്യൻ കല്പിച്ചുകൊടുത്തിട്ടുള്ള സാംസ്കാരിക സങ്കല്പസ്വരൂപങ്ങളിലേക്ക് സഹൃദയരുടെ കണ്ണുകൾ തുറന്നുതരുന്ന ഗുരുവചനങ്ങളാണ് ലഘുവെന്നുതോന്നുന്ന ഇതിലെ ഓരോ ഉൾക്കാഴ്ചകളും. കൂട്ടലുകളുടെയും കിഴിക്കലുകളുടെയും ലോകത്തുനിന്ന് സംഖ്യകളെ വിമോചിപ്പിച്ച് വൃത്തനിബദ്ധമായ കവിതകളിലെ മാത്രാവ്യത്യാസങ്ങൾക്കപ്പുറത്തെത്തിക്കുന്പോൾ അക്കങ്ങളുടെ അക്ഷരമഹിമ അനുവാചകൻറെ ചുണ്ടുകളിൽ പുഞ്ചിരി പകരുന്നതെങ്ങനെ എന്നറിയണമെങ്കിൽ ഈ കവിത വായിച്ചു നോക്കുകതന്നെവേണം. താനറിയാതെ തൻറെ ചുണ്ടുകളിൽ വിരിയുന്ന ആ പുഞ്ചിരി ഹൃദയങ്ങളിൽ ജ്ഞാനവും പകരുന്നതെങ്ങനെ എന്ന് ഓരോ അനുവാചകനും സ്വയം അനുഭവിച്ചറിയുന്പോഴേ ഈ കവിതകൾ പൂർണമാകൂ. അതിനാൽ വ്യാഖ്യാനങ്ങൾക്കതീതമായ കവിതയാണിതിലുള്ളത് എന്നു മാത്രം വ്യക്തമാക്കിക്കൊണ്ട് ഈ കവിത ഒന്നു പകർത്താൻ മാത്രമേ ഞാനിവിടെ തുനിയുന്നുള്ളു.
7. സാംഖ്യ ദര്ശനംഒന്ന്
പൂര്‍ണതയുടെ ഏകകം
ന്യൂമറോളജിയില്‍ സൂര്യന്‍
ഒന്നാമന്മാരില്‍ ഒന്നാമന്‍
ആദിയും അനന്തതയും ഒന്നില്‍
പക്ഷേ
അപകര്‍ഷതയുടെ അശ്വത്ഥാമാവ്
ഏകാകി
ഒരു കൂട്ടിന്, ഇണയ്ക്കുവേണ്ടി ഉഴലുന്നവന്‍
പ്രലോഭനത്തിന്റെ ആദിബിംബവും ഇവന്‍
'ഒന്ന്, ഒരിക്കല്‍...ഒരിക്കല്‍മാത്രം' !....എന്നും
'ഒരിക്കല്‍കൂടി..........പ്ലീസ് ഒരിക്കല്‍കൂടി' ....എന്നും
'ഈ ഒരിക്കല്‍കൂടി മാത്രം' ..........എന്നും,
കൊതിയുടെ മന്ത്രമായി
ശാപമോക്ഷമില്ലാത്ത അലച്ചില്‍
രണ്ട്
ഹായ്!
ശാന്തി, ശാന്തി
തുണയ്ക്കുവേണ്ടിയുള്ള ആദിമദാഹം
ശമിപ്പിക്കപ്പെട്ടിരിക്കുന്നു
മാത്രമോ,
രണ്ടു സൂര്യന്മാരെ ആര്‍ക്കു വെല്ലാനാകും?
ഈ ദ്വയം അദ്വിതീയമെന്നു ജാതകവും
പക്ഷേ....
രണ്ടു പൂര്‍ണതകള്‍ ചേര്‍ന്നുപോകില്ലെന്നു സ്ഥിതിസംഹിത
മറ്റേ ഒന്നു തന്നോളം വരില്ലെന്ന തോന്നല്‍
- ഈഗോ ക്ലാഷ് എന്നു മനഃശാസ്ത്രവ്യാഖ്യാനം-
അനുയോജ്യമായൊരൊന്നിനെ കണ്ടെത്തുകതന്നെ
ആൗ േമഹമ െ!
ദൈവം യോജിപ്പിച്ച ഈ സയാമീസ് ഇരട്ടകള്‍ക്ക്
വേര്‍പെടാന്‍ വിധിയില്ല
മൂന്ന്
മൂന്നായാല്‍ പരിഹാരമായെന്ന്
ഈശ്വരന്മാര്‍ പോലും നിനച്ചിരുന്നു
അതിനാല്‍ തന്നെ
ത്രിമൂര്‍ത്തികള്‍, ത്രിദോഷങ്ങള്‍, ത്രികോണങ്ങള്‍
മുക്കാലി, മുക്കൂട്ട്, മൂന്നാം നാള്‍, മൂന്നുതരം;
എന്നാല്‍, കുഴപ്പം മൂര്‍ഛിക്കുകയായിരുന്നു
താളം ത്രിപുടയില്‍ മുടന്തി
ചലന സന്മാര്‍ഗ്ഗം പിഴച്ചു
മൂന്ന്, പ്രകൃതിവിരുദ്ധസംഖ്യ!
കലഹവും 'ഹോമോ'യുടെ ഉത്പത്തിയും ഫലം
നാല്
'ഒരു വശവുമില്ലാത്തവന്‍' എന്നു സ്വയം ചിലര്‍;
പക്ഷേ
സ്ഥാവരജംഗമങ്ങള്‍ക്കെല്ലാം
വശം നാലും നല്‍കപ്പെട്ടിരിക്കുന്നു
എങ്കിലും നാലിനെ ഒന്നു സൂക്ഷിച്ചേക്കുക
നാല്‍വര്‍ സംഘം, നാലാള്‍ നാലുവഴി
മാത്രമോ, നാലുനേരത്തെ വിശപ്പും!
നാലുകെട്ടെ,ന്നാല്‍
ഹൈന്ദവവും ഇസ്ലാമികവുമായി
നാനാര്‍ത്ഥങ്ങള്‍
ലളിതമായ നിരൂപകഭാഷയില്‍,
'തുലോം വ്യതിരിക്തമായ അര്‍ത്ഥോത്‌ല്പാദനങ്ങള്‍!'
എവിടെ നാലുണ്ടോ
അവിടെ സന്തുലിതമുണ്ട്
ഇതാകാം പ്രകൃതിയും നാലും തമ്മില്‍
കട്ടിലിനും കാറിനും പന്തലിനും പശുവിനും
കൃത്യമായും നാലേകാല്
എന്നിട്ടും
നാല്‍ക്കാലി എന്ന്
പുച്ഛം കലര്‍ന്ന ഒരു പ്രയോഗമുണ്ട്
ഉണ്ടാകും!
പണ്ട് ഇദ്ദേഹവും നാലുകാലിലായിരുന്നല്ലോ.
അഞ്ച്
'ആറാം പന്തി'നെക്കാള്‍
പേരും പെരുമയുമുണ്ട് 'അഞ്ചാംപത്തി'ക്ക്
പക്ഷേ, ചതിയനെന്നു ചരിത്രം.
ചരിത്രം തിരുത്തിയിട്ടും കുറിച്ചിട്ടും
തിരുത്തിക്കുഴിച്ചിട്ടിട്ടും
പാവം അഞ്ചിനു പാഠഭേദമില്ല
ചിലപ്പോള്‍,
ചരിത്രവും ചാരിത്രവും പോലെ
കടലും കടലാടിയുംപോലെ
അടിയും അടിയോടിയും പോലെ
അടുക്കളയും ഇടിക്കുളയും പോലെ
വി.കെ.എന്നും ഈ.കെ. എന്നുംപോലെ
ഏ.കെ. ജിയും എല്‍.കെ.ജിയും പോലെ
അഞ്ചിന് അഞ്ചാംപത്തിയെക്കുറിച്ച്
മനസ്സറിവേ കാണില്ല!
ആറ്
പാവപ്പെട്ടവര്‍ക്കും
ഒരു സംഖ്യ;
എന്നാല്‍
ആറെന്നു പറയാനൊരിണ്ടല്‍
അരഡസനെന്നും അര്‍ദ്ധവാര്‍ഷികമെന്നും
പത്രാസ് പറഞ്ഞ് ചമ്മലകറ്റുന്നു
അഞ്ചക്കങ്ങള്‍ക്കു ജ്യേഷ്ഠന്‍
പക്ഷേ, പറഞ്ഞിട്ടെന്ത്
കാര്‍ഡ്‌സു കളിയില്‍പ്പോലും അവഗണന
ആറും അറുപതും എന്ന്
പ്രാസത്തിലും ഒരു പാരപ്രയോഗം
ഏഴ്
ഏവര്‍ക്കും അരുമയാനയേഴ്
എല്ലാം തികഞ്ഞ കലാകാരന്‍
സ്വരവും വര്‍ണ്ണവും
പാരവും പാരാവാരവും
അവനു വിധേയം
ഏഴെഴുപത് എഴുനൂറും എന്നു ക്ഷമയുടെ അവതാരം
എന്നിട്ടും
ഏഴാം കൂലിയെന്ന്
കേള്‍ക്കാതൊരു വിളിപ്പേര്;
അതങ്ങനെയാണല്ലോ
അസൂയ!
അങ്കുശമില്ലാത്ത അസൂയ
എട്ട്
പേരില്‍ത്തന്നെ തട്ടുപൊളിപ്പന്‍
കോലാഹലപ്രിയന്‍
എട്ടരക്കട്ടയെന്നോര്‍ത്താല്‍ മതിയല്ലോ
അസുരവാദ്യമായിരിക്കണം പത്ഥ്യം
-വായ്പാട്ടില്‍ എം.എസ്. വിയും സൗന്ദരരാജനും
സാഹസികരായ സ്ത്രീകള്‍
എട്ടാം മാസത്തിലും പ്രസവിക്കുന്നു
എട്ടുദിക്കിലും ഈ കുട്ടന്മാര്‍
സൈ്വരം തരില്ലെന്നു പൂര്‍വ്വികര്‍
'എട്ടുവീട്ടില്‍ പിള്ള' മാരും
ശബ്ദപ്രതാപികളാണല്ലോ.
ഒന്‍പത്
അക്കങ്ങളുടെ യുധിഷ്ഠിരനാണ്.
പക്ഷേ, ആര്‍ക്കുമത്ര മതിപ്പില്ല
ചീട്ടുകളിയിലെ 'പരീല്‍' കണക്ഷനാകാം കാരണം
('ഇസ്‌പേഡ് ഒന്‍പത്' ഒളിപ്പിച്ചുവച്ച്
തല്ലുവാങ്ങിയവര്‍ ധാരാളം)
എന്തോ, ഒന്‍പതിനോട്
എനിക്കുമില്ല താത്പര്യം
- 'ഒന്‍പതാം പ്രമാണ' മാകില്ല കാരണം!
ചിലപ്പോള്‍ ചിലര്‍ക്ക്
ഒന്‍പതൊരു ഭാരിച്ച മാസം!
എന്നാല്‍,
ഫലമറിയുന്നതും
ഭാരമൊഴിയുന്നതും
ഈ ആശ്വാസനമ്പരില്‍
പൂജ്യം
അലഞ്ഞുനടക്കുന്ന
ഒരനാഥച്ചെക്കന്‍!
-കൂലിയില്ലാത്ത ജോലികള്‍,
കടയിലേക്കോടാനും
കത്തുപോസ്റ്റു ചെയ്യാനും-
സദാ വണ്ടിച്ചക്രമോടിച്ചു പോകും
ചിലര്‍ അവനെ വച്ചു
ലക്ഷങ്ങളുണ്ടാക്കുന്നു
മണിമാളികകൡ കൂട്ടിക്കൊണ്ടുപോകുന്നു
അയനത്തിന്റെയും ആവേഗത്തിന്റെയും
ചിഹ്നമായി,
അജ്ഞതയുടെയും അനാഥത്വത്തിന്റെയും
സ്വാതന്ത്ര്യമാസ്വദിക്കുന്ന പാവം കുട്ടി,
അവന്‍ വീണ്ടും തെരുവിലെത്തുന്നു,
'ജിപ്‌സികളുടെ ജനുസില്‍പ്പെട്ടവന്‍
ഇല്ലായ്മയുടെ സൗന്ദര്യംപേറുന്നവന്‍
ദാര്‍ശനിക മാനങ്ങളുള്ളവന്‍...'
എന്നു താടിക്കാരായ ബുദ്ധിജീവികള്‍
ഏതോ നിഗൂഢതയവനെ ചൂഴ്ന്നുനില്‍ക്കുന്നു
അവന്റെ പിന്നിലാരോ ഉണ്ട്
ദൈവമോ പിശാചോ?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ