2010, മേയ് 30, ഞായറാഴ്‌ച

നവനാഗരികതയും നവോത്ഥാനവും

നവനാഗരികതയും നവോത്ഥാനവും
പാശ്ചാത്യ ശാസ്ത്ര -സാങ്കേതികവിദ്യകളുടെ വികാസഫലമായി ഉരിത്തിരിഞ്ഞു വന്നിട്ടുള്ള നാഗരികതയാണല്ലൊ, നവനാഗരികത. പേശികളുടെ അധ്വാനത്തിനു ലാഘവം വരുത്തുമാറുണ്ടായതായിരുന്നു വ്യാവസായിക വിപ്ലവമെങ്കില്‍ മസ്തിഷ്‌ക്കത്തിന്റെ അധ്വാനത്തെ ലഘൂകരിക്കുമാറുള്ളതാണ് വിവരസാങ്കേതിക വിദ്യാവിപ്ലവം. ഇതിന്റെ ഉരുത്തിരിയലിനെ ക്രാന്തദൃഷ്ടിയോടെ നോക്കിക്കാണാന്‍ ശ്രമിച്ച ആല്‍വിന്‍ ടോഫ്‌ളര്‍ അതിനെ വിളിക്കുന്നത് 'മൂന്നാം തരംഗം' (The Third Wave) എന്നാണ്. മനുഷ്യചരിത്രം പരിശോധിച്ചാല്‍ കാര്‍ഷിക വിപ്ലവവും വ്യവസായിക വിപ്ലവവും പോലെ മനുഷ്യജീവിതത്തെ ആകമാനം മാറ്റിമറിച്ചുകൊണ്ടിരിക്കുന്ന 'മൂന്നാം തരംഗ'മാണ് വിവരവിനിമയ സാങ്കേതികവിദ്യയുടെ വികാസ ഫലമായിഇന്നുണ്ടായിട്ടുള്ളതെന്ന് അദ്ദേഹം തന്റെ 'മൂന്നാം തരംഗം'എന്ന കൃതിയില്‍ സമര്‍ഥിക്കുന്നുണ്ട്.
ഈ തരംഗത്തില്‍ മുന്‍തരംഗങ്ങളുടെ ശക്തി ചൈതന്യങ്ങളും ഉള്‍ച്ചേര്‍ന്നിട്ടുള്ളതിനാല്‍ ഉളവാകുന്ന സംഘര്‍ഷങ്ങളെയും സാധ്യതകളെയും കുറിച്ച് വളരെ സൂക്ഷ്മമായി ആ കൃതിയില്‍ പ്രതിപാദിക്കുന്നുണ്ട്. ഒന്നാം തരംഗകാലത്ത് (കാര്‍ഷിക വിപ്ലവത്തോടനുബന്ധിച്ച്) വികസിച്ചുവന്ന വ്യവസ്ഥിതിക്ക് വികേന്ദ്രീകരണത്തിന്റെ സ്വഭാവമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. വ്യവസായ വിപ്ലവം എല്ലാറ്റിനെയും ഫാക്ടറികളുടെ വലിയ മേല്‍ക്കൂരകള്‍ക്കു കീഴിലേക്കു കൊണ്ടുവന്നു. അതെത്തുടര്‍ന്ന് ഉണ്ടായ വ്യവസ്ഥിതിയും കേന്ദ്രീകരണത്തോട് ആഭിമുഖ്യമുള്ളതായിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ വ്യാപനം വന്‍തോതില്‍ കേന്ദ്രീകൃതമായി ഉത്പാദിപ്പിക്കപ്പെട്ട ഉത്പന്നങ്ങള്‍ ചെറുകിട, കുടില്‍ വ്യവസായങ്ങളിലൂടെ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങളെക്കാള്‍ കുറഞ്ഞ വിലയ്ക്ക് ലോകമാകെ വിറ്റഴിച്ചു കൊണ്ടായിരുന്നല്ലൊ.
മൂന്നാം തരംഗത്തില്‍ ഇലക്‌ട്രോണിക് ഉപകരണങ്ങളും കമ്പ്യൂട്ടര്‍ സോഫ്റ്റ് വെയറുകളുമൊക്കെ സ്വന്തം വീട്ടില്‍ ഇരുന്ന് നിര്‍മ്മിക്കാനാവും എന്നതിനാല്‍ അതിനൊരു വികേന്ദ്രീകരണ സ്വഭാവമുണ്ടെന്നു പറയാം. എന്നാല്‍ വ്യവസായ വിപ്ലവ കാലഘട്ടത്തിലുണ്ടായിരുന്നതിലും ശക്തമായ ഒരു തരം കേന്ദ്രീകരണ സ്വഭാവം അതിനു പിന്നിലുണ്ട്. ഇലക്‌ട്രോണിക് ഉത്പന്നങ്ങളിലെല്ലാം ഏറ്റം പ്രധാനമായിരിക്കുന്ന സിലിക്കണ്‍ ചിപ്പുകളുടെയും കമ്പ്യൂട്ടര്‍ ഓപ്പറേറ്റിങ് സിസ്റ്റങ്ങളുടെയും ഓരോ തരത്തിലുള്ള പ്രവര്‍ത്തനവും സുഗമമാക്കുവാന്‍ ഉണ്ടാക്കിയിട്ടുള്ള പേജ് മേക്കര്‍, എക്‌സല്‍ എന്നിങ്ങനെയുള്ള സോഫ്റ്റ്‌വെയര്‍ പാക്കേജുകളുടെയും ഒക്കെ നിര്‍മ്മാണം കേന്ദ്രീകൃതമായും വലിയതോതിലുള്ള ഏകോപനത്തിലൂടെയും ആണു നടത്തപ്പെടുന്നത്. അതിനായി പണം മുടക്കുന്ന ബില്‍ഗേറ്റ്‌സിനെപ്പോലുള്ളവര്‍ വന്‍ രാഷ്ട്രങ്ങളുടെ ഭരണകൂടങ്ങളെപ്പോലും വെല്ലുവിളിക്കാനും സ്വാധീനിക്കാനും ശക്തിനേടുന്നുമുണ്ട്.
എന്നാല്‍ ഇങ്ങനെയുള്ള സോഫ്റ്റുവെയറുകളുടെയെല്ലാം പകര്‍പ്പെടുക്കുവാന്‍, പുതിയ സാങ്കേതിക വിദ്യകളുടെ ഫലമായി, ആര്‍ക്കും സാധിക്കും. അതിനെ പ്രതിരോധിക്കാന്‍ ഭരണകൂടങ്ങളെ സ്വാധീനിച്ച് 'ബൗദ്ധിക സ്വത്തവകാശം' എന്നും മറ്റുമുള്ള അനാശാസ്യമായ അവകാശങ്ങളും കുത്തകകളും ആഗോളമായി നേടിയെടുക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങള്‍ ഇന്നു നടക്കുന്നുണ്ടെന്നു നമുക്കറിയാം. ശുദ്ധജലവും ശുദ്ധവായുവും ഔഷധങ്ങളുമെല്ലാം ഓരോ കമ്പനികള്‍ സ്വന്തം വിതരണാവകാശ കുത്തക നേടി സാമാന്യ ജനങ്ങള്‍ക്ക് അന്യമാക്കാനുള്ള ശ്രമങ്ങളും നടന്നുവരുന്നു. പരിസ്ഥിതി ദുരന്തങ്ങളിലേക്കും സാമൂഹികവും സാമ്പത്തികവുമായ അസമത്വങ്ങളിലേക്കും മനുഷ്യരാശിയെ നയിക്കുന്ന ഈ വക പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ആധുനിക ശാസ്ത്രസാങ്കേതിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരില്‍ത്തന്നെ അനേകര്‍ ഇപ്പോള്‍ ശക്തമായി രംഗത്തു വന്നിട്ടുണ്ട്. സ്വതന്ത്രസോഫ്റ്റ് വെയറുകള്‍ വികസിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ മൂന്നാം തരംഗത്തില്‍ ഉള്‍ച്ചേര്‍ന്നിട്ടുള്ള വികേന്ദ്രീകരണത്തിന്റെ വക്താക്കളാണ്. ലിനക്‌സ് പോലുള്ള ഓപ്പറേറ്റിങ് സിസ്റ്റങ്ങളും പാക്കേജുകളും സോഴ്‌സ് കോഡുകള്‍ രഹസ്യമാക്കി വയ്ക്കാതെ സ്വയം പഠിക്കാനും പരിഷ്‌ക്കരിക്കാനും ഉപോഭോക്താക്കള്‍ക്കെല്ലാം അവസരം നല്‍കുന്നവയാണ്.
ഇന്റര്‍നെറ്റുപയോഗിച്ച് വീട്ടിലിരുന്നു പഠിക്കാവുന്നവയാണ് കമ്പ്യൂട്ടര്‍ മേഖലയിലെ പുതിയ പ്രവണതകള്‍. ഇന്റര്‍നെറ്റ്, വിദ്യാഭ്യാസരംഗത്തുണ്ടാക്കിയ സാധ്യതകള്‍ 'മൂന്നാം തരംഗ'ത്തിന്റെ സവിശേഷതയായി പറയാവുന്ന കേന്ദ്രീകൃത വികേന്ദ്രീകരണത്തിന്റെ ഉത്തമോദാഹരണമാണ്.
'കേന്ദ്രീകൃത വികേന്ദ്രീകരണ'ത്തിന്റെ ഭരണതലത്തിലുള്ള ആവിഷ്‌കാരമായിരുന്നു, രാജീവ് ഗാന്ധികൊണ്ടു വന്ന പഞ്ചായത്തീരാജ് ബില്‍. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കൂടുതല്‍ അധികാരം എന്ന വ്യാജേന കേന്ദ്രഭരണകൂടത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ശ്രമമായിരുന്നു അതില്‍. മഹാത്മാഗാന്ധിയുടെ പഞ്ചായത്ത് രാജ് സങ്കല്പത്തെ തലതിരിച്ച് നിര്‍ത്തിയതായിരുന്നു അത്. ഗ്രാമപഞ്ചായത്തുകള്‍ ജനകീയമായി തീരുമാനങ്ങള്‍ എടുക്കുകയും വിഭവങ്ങള്‍ സമാഹരിച്ച് പദ്ധതികള്‍ നടപ്പിലാക്കുകയും ചെയ്യേണ്ടതിനു പകരം അന്താരാഷ്ട്ര താത്പര്യങ്ങള്‍ക്കനുസൃതമായി കേന്ദ്രഭരണകൂടങ്ങള്‍ നിശ്ചയിക്കുന്ന കാര്യങ്ങള്‍ നടപ്പിലാക്കാന്‍ സഹായിച്ചാല്‍ മതി എന്നാണ് ആ നിയമത്തിലെ ധ്വനി എന്ന് യഥാര്‍ത്ഥ ഗാന്ധിയന്മാര്‍ അന്നേ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ ഓരോ വ്യവസ്ഥയിലും അന്തര്‍ലീനമായി ചില സ്വഭാവങ്ങളുണ്ടെന്നും മൂന്നാം തരംഗത്തില്‍ അന്തര്‍ലീനമായ ഒരു സ്വഭാവമാണ് രാജീവ് ഗാന്ധിയുടെ ബില്ലിലൂടെ പ്രകടമായി വന്നതെന്നും മനസ്സിലാക്കിയവര്‍ ആരുംതന്നെ ഉണ്ടായിരുന്നില്ല.
മാര്‍ക്‌സിസവും ഗാന്ധിസവും തമ്മിലുള്ള വ്യത്യാസം 'വ്യവസ്ഥിതി മാറിയാലേ മനുഷ്യന്‍ നന്നാവൂ' എന്നും 'മനുഷ്യന്‍ നന്നായാലേ വ്യവസ്ഥിതി മാറൂ' എന്നുമുള്ള കാഴ്ചപ്പാടുകള്‍ തമ്മിലുള്ളതാണെന്നു പറയാം. രണ്ടും അര്‍ധസത്യങ്ങളാണെന്നു ഗ്രഹിക്കാന്‍ കഴിഞ്ഞാല്‍ ഈ രണ്ട് ആശയങ്ങളെ സമന്വയിപ്പിക്കാനാവും. ഡയലക്ടിക്‌സില്‍ യഥാര്‍ത്ഥത്തിലുള്ളത് വൈരുദ്ധ്യങ്ങള്‍ തമ്മിലുള്ള സംഘട്ടനമല്ല, സമന്വയമാണ്. വൈരുദ്ധ്യങ്ങള്‍ എന്നു പറയുമ്പോള്‍ അവ പലതരത്തിലുള്ളവയുണ്ട്. ചിലതുമാത്രമാണ് സംഘട്ടനത്തില്‍ സ്വയം നശിക്കാറുള്ളത്. (വൈരുദ്ധ്യം എന്നതിനേക്കാള്‍ ദ്വന്ദ്വം എന്ന പ്രയോഗമാണു കൂടുതല്‍ ശരി).
രണ്ടുകാന്തങ്ങളെടുത്താല്‍ അവയുടെ വിപരീത ധ്രുവങ്ങള്‍ തമ്മിലുള്ളത് ആകര്‍ഷണമാണ്. ഒരു കാന്തമെടുത്താല്‍ അവ തമ്മില്‍ ഉള്ള അകലത്തെ 'ധ്രുവാന്തരം' എന്നാണു നാം വിളിക്കാറുള്ളത്. ഒരു കാന്തത്തെ നടുവെ മുറിച്ചശേഷം പഴയ, 'ധ്രുവാന്തര'ങ്ങളില്‍ നിന്നിരുന്ന. ധ്രുവങ്ങളെത്തന്നെ ചേര്‍ത്തു വച്ചാല്‍ ധ്രുവങ്ങള്‍ തമ്മില്‍ ആന്തരികമായുള്ള ചേര്‍ച്ച, യഥാര്‍ത്ഥ 'ധ്രുവാന്തരം', നമുക്കു നേരില്‍ കാണാം.
മറ്റൊരു ദ്വന്ദ്വമെടുക്കാം. സ്ത്രീയും പുരുഷനും പരസ്പരപൂരകമായ ദ്വന്ദ്വങ്ങളാണ്. അവര്‍ തമ്മില്‍ ചേരുന്നതിന്റെ ഫലമായി ഉരുവാകുന്ന ശിശു രണ്ടുപേരുടെയും സ്വഭാവങ്ങളുടെ പപ്പാതി ഉള്ളില്‍ സംവഹിക്കുന്നുണ്ടെങ്കിലും കുഞ്ഞിന്റ വ്യക്തിത്വം അവയ്ക്കതീതമായ ഒന്നാണ്. ഇതുപോലെയാണ് കാര്‍ഷിക വിപ്ലവത്തിന്റെയും വ്യാവസായിക വിപ്ലവത്തിന്റെയും സ്വഭാവങ്ങളില്‍ നിന്നു പപ്പാതിയുള്‍ക്കൊണ്ടുകൊണ്ട് ജന്മം കൊണ്ടിട്ടുള്ള 'വിവര വിപ്ലവം' എന്ന ശിശുവും. അതില്‍ ഇപ്പോള്‍ പ്രകടമാകുന്ന 'കേന്ദ്രീകൃത വികേന്ദ്രീകരണ'സ്വഭാവം 'വികേന്ദ്രീകൃത കേന്ദ്രീകരണ'മായി മാറ്റാനാവും. അത് അസാധ്യമല്ലെന്നും അതാണു നവനാഗരിതയ്ക്കുണ്ടായിരിക്കേണ്ട സംസ്‌ക്കാരമെന്നുമാണ് ഇവിടെ വളര്‍ന്നു കൊണ്ടിരിക്കുന്ന നവോത്ഥാനത്തിന് നേതൃത്വം വഹിക്കുന്നവര്‍ അറിയേണ്ട ഏറ്റം പ്രധാനകാര്യം.
ഭരണകൂടങ്ങളില്ലാതാകുന്ന ഒരു കാലഘട്ടത്തെക്കുറിച്ച് കമ്യൂണിസം എന്നൊരു സ്വപ്നം കാറല്‍മാര്‍ക്‌സിനുണ്ടായിരുന്നു. അത് ഇവിടെ ഇപ്പോള്‍ത്തന്നെ നടപ്പാക്കാവുന്നതേയുള്ളു എന്നായിരുന്നു, ജനങ്ങളുടെ ഇച്ഛാശക്തിയില്‍ വിശ്വാസമര്‍പ്പിച്ചിരുന്ന മഹാത്മാഗാന്ധിയുടെ വിശ്വാസം. എന്നാല്‍ സാമൂഹിക വ്യവസ്ഥിതിയുടെ ഉരുക്കു ചട്ടക്കൂടുകള്‍ തകര്‍ക്കാന്‍ മാത്രം ജനങ്ങളുടെ ഇച്ഛാശക്തി ശക്തമാകണമെങ്കില്‍ ജനങ്ങള്‍ കൈവിലങ്ങുകളും കാല്‍ച്ചങ്ങലകളുമല്ലാതെ യാതൊന്നും നഷ്ടപ്പെടാനില്ല എന്ന അവസ്ഥയിലെത്തുക അനിവാര്യമാണെന്നാണ് കാറല്‍ മാര്‍ക്‌സ് കരുതിയത്. അങ്ങനെയൊരവസ്ഥയിലെത്താതിരിക്കാന്‍ എന്തു ചെയ്യണമെന്നു സൂക്ഷ്മമായി പഠിച്ച വ്യാവസായിക വ്യവസ്ഥിതിയുടെ വക്താക്കള്‍ ചെയ്തത് അവികസിത രാഷ്ട്രങ്ങളിലെ ഉത്പാദനസംവിധാനങ്ങളെ തകര്‍ക്കുകയും ആ രാജ്യങ്ങളിലെ ജനങ്ങളെ വെറും ഉപഭോക്തൃസമൂഹമായി മാറ്റിക്കൊണ്ട് സ്വന്തം രാജ്യങ്ങളിലുള്ള തൊഴിലാളി വര്‍ഗത്തെ ദേശാഭിമാനത്തിന്റെ തണലില്‍ സാമ്പത്തികമായി സാമാന്യം സംതൃപ്തരായി നിലനിര്‍ത്തുകയുമാണ്.
'മൂന്നാം തരംഗ'ത്തോടെ സംഗതികള്‍ വീണ്ടും മാറിമറിഞ്ഞു . സ്വന്തം രാജ്യങ്ങളിലുള്ളവര്‍ക്കു നല്‌കേണ്ടതിലും കുറഞ്ഞ കൂലിക്ക് അവികസിത രാഷ്ട്രങ്ങളിലുള്ളവരെ ഉപയോഗിച്ച് (അവരുടെ നാട്ടില്‍ ത്തന്നെ താമസിക്കാന്‍ അനുവദിച്ചുകൊണ്ട്) പണികള്‍ ചെയ്യിക്കാന്‍ ഇന്റര്‍നെറ്റിന്റെ സഹായത്തോടെ ഇന്നു സാധിക്കും. അമേരിക്കയിലും മറ്റുമുള്ള വന്‍കിട കമ്പ്യൂട്ടര്‍ കമ്പനികള്‍ അവരുടെ പണികള്‍ താരതമ്യേന കുറഞ്ഞ കൂലിക്കു ചെയ്യാന്‍ വേണ്ടിയാണ് ഇന്ത്യയില്‍ ഇന്‍ഫോപാര്‍ക്കുകളും മറ്റും തുടങ്ങിയിട്ടുള്ളത്. കമ്പോണന്റുകള്‍ ഇന്‍ഡ്യയിലെത്തിച്ച് ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ അസംബ്ലി ഇവിടെയാക്കുന്നതാണ് ലാഭകരമെന്നും അവര്‍ കണ്ടെത്തി. ഇതിന്റെയെല്ലാം ഫലമായി വികസിത രാഷ്ട്രങ്ങളില്‍ തൊഴിലില്ലായ്മ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഭരണകൂടങ്ങളും ബഹുരാഷ്ട്രകുത്തകകളും വ്യത്യസ്ത താത്പര്യങ്ങളുള്ളവരായിത്തീര്‍ന്നിരിക്കുന്നു. കുത്തകകളുടെ പിടിയില്‍ ഭരണ കൂടം അമര്‍ന്നാല്‍ ദേശീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നില്ല. നേരേ തിരിച്ചാ യാല്‍ കുത്തകകളുടെ താത്പര്യങ്ങളും. ഇതാണ് ഇന്നത്തെ അവസ്ഥ.
ബഹുരാഷ്ട്ര കുത്തകകളുടെ താത്പര്യമനുസരിച്ച് അന്താരാഷ്ട്ര സമൂഹത്തില്‍ നടപ്പിലാക്കപ്പെട്ടു കൊണ്ടിരിക്കുന്ന ആഗോളവത്കരണവും വാണിജ്യവത്കരണവും ഒക്കെ ഏതെങ്കിലും ചില രാജ്യങ്ങളുടെ താത്പര്യങ്ങള്‍ക്കപ്പുറത്ത് ചില സ്വകാര്യ വ്യക്തികളുടെയും ഗ്രൂപ്പുകളുടെയും താത്പര്യങ്ങളാണ് ഇന്നു സംരക്ഷിക്കാന്‍ വെമ്പുന്നത്. ആ സാഹചര്യത്തില്‍ സ്വന്തം രാജ്യത്തെ തൊഴിലാളിവര്‍ഗത്തെപ്പോലും വേണ്ടവിധം പരിഗണിക്കാതെയാണെങ്കിലും ഭരണകൂടത്തിന്റെ താത്പര്യ സംരക്ഷണത്തിനായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരേയൊരു രാഷട്രശക്തിയേ ലോകത്തിലിന്നുള്ളു. അതു ചൈനയാണ്. അവര്‍ ഏറ്റവും കുറഞ്ഞ വിലയ്ക്ക് അവരുടെ ഉത്പന്നങ്ങള്‍ ലോകമാകെ ഇന്നു വിറ്റഴിച്ചുകൊണ്ടിരിക്കുന്നത് അന്യരാജ്യങ്ങളിലെ ഉത്പാദന ശക്തിയെ തകര്‍ക്കുക എന്ന ഗൂഢോദ്ദേശ്യത്തോടെയാണ്. സ്വന്തം സ്വകാര്യ താത്പര്യങ്ങള്‍ക്കായി ബഹുരാഷട്ര കമ്പനികള്‍ ഉണ്ടാക്കിയിട്ടുള്ള അന്താരാഷട്ര കരാറുകളെ സ്വന്തം രാഷ്ട്രത്തിന്റെ താത്പര്യത്തിനായി ചൈന ഉപയോഗിക്കുമ്പോള്‍ അത് മറ്റു ബഹുരാഷട്ര കുത്തകകളെയും വന്‍ ശക്തികളെയും വേരോടെ പിഴുതുകളയാനുദ്ദേശിച്ചുള്ള ഒരു പ്രവര്‍ത്തനമാണെന്ന് അധികമാരും അറിയുന്നില്ല. സ്വന്തം ശവക്കുഴി തോണ്ടിക്കൊണ്ടിരിക്കുന്ന വന്‍ ശക്തികള്‍ക്കിടയില്‍ അങ്ങനെയല്ലാതെ പ്രവര്‍ത്തിക്കുന്നതു ചൈനമാത്രമാണെന്നര്‍ഥം.
ചൈനചെയ്യുന്നത് ധാര്‍മികമായി ശരിയാണോ എന്ന ചോദ്യം ഇവിടെ ഉദിക്കുന്നുണ്ട്. ഓരോ വ്യവസ്ഥിതിക്കും അതിന്റേതായ ധാര്‍മികതയാണുള്ളതെന്നു കരുതുന്ന മാര്‍ക്‌സിസ്റ്റുകാര്‍ക്ക് ചൈനയെ കുറ്റം പറയാന്‍ യാതൊരവകാശവുമില്ല. കച്ചവടത്തിനായി എന്തു കപടതന്ത്രവും ആവാം എന്നു സ്വന്തം പ്രവര്‍ത്തനങ്ങളിലൂടെ സ്ഥാപിച്ചിട്ടുള്ള വ്യാവസായിക ശക്തികള്‍ക്കും ചൈനയെ കുറ്റപ്പെടുത്താനാവില്ല. ചൈനചെയ്യുന്നതു ശരിയല്ലെന്നും തെറ്റും ശരിയും നിര്‍ണയിക്കുന്നതിനു ശാശ്വതമൂല്യങ്ങളുടേതായ ചില മാനദണ്ഡങ്ങളുണ്ടെന്നും ഉപനിഷദ് ഋഷിമാരും ബുദ്ധനെയും ക്രിസ്തുവിനെയും പോലുള്ള മഹാത്മാക്കളും സ്ഥാപിച്ചിട്ടുണ്ട്. ആ മൂല്യങ്ങളുടെ പ്രായോഗികതലത്തിലുള്ള വീണ്ടെടുക്കലാണ് നവനാഗരികതയില്‍ ഒരു നവോത്ഥാനത്തിലൂടെ നാം സാധിച്ചെടുക്കേണ്ടിയിരിക്കുന്നത്.
സ്വത്തുടമസ്ഥതയും അയല്‍ക്കൂട്ടങ്ങളും
ഉപനിഷദ് ഋഷിമാരുടെയും ബുദ്ധന്റെയും ക്രിസ്തുവിന്റെയും ഒക്കെ സമശീര്‍ഷനായി കഴിഞ്ഞനൂറ്റാണ്ടില്‍ നമ്മുടെ കേരളത്തില്‍ ജീവിച്ചിരുന്ന മഹാത്മാവായിരുന്നു. നാരായണഗുരു. അദ്ദേഹത്തിന്റെ ക്രാന്തദര്‍ശിത്വം വ്യക്തമാക്കുന്ന ഒരു സംഭവമുണ്ട്. 'മക്കത്തായമോ മരുമക്കത്തായമോ ഏതാണു കൂടുതല്‍ നല്ല'തെന്ന് അദ്ദേഹത്തോടു ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടി ഇതായിരുന്നു:''മക്കത്തായത്തിന്റെയും മരുമക്കത്തായത്തിന്റെയും കാലം കഴിഞ്ഞു. അതു രണ്ടും മനുഷ്യനു ചേരില്ല. ഇനി ആവശ്യം അയല്‍പക്കത്തായമാണ്. സ്വത്ത് അയല്‍ക്കാര്‍ക്കുകൂടി ഉള്ളതാണ്. അതാണു കുടുംബഭദ്രത''(ഡി. പങ്കജാക്ഷ കുറുപ്പ്, പുതിയലോകം, പുതിയവഴി, പേജ് 117)
മഹാത്മാഗാന്ധി വ്യാഖ്യാനിച്ചതും നാരായണഗുരു മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തതുമായ ഒരു ഉപനിഷത്താണ് ഈശാവാസ്യോപനിഷത്ത്. അതിന്റെ ആദ്യ മന്ത്രത്തില്‍ത്തന്നെ ഋഷി ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. 'ധനം ആരുടേത്?' (കസ്യ സിദ്ധനം?) ഈ ചോദ്യത്തിന് സമകാലിക പരിസ്ഥിതിവാദികള്‍ പറയുന്ന മറുപടി 'വരും തലമുറയില്‍ നിന്നു നാം കടം കൊണ്ടതാണ് എല്ലാം' എന്നാണ്. നമ്മുടെ ശാസ്ത്രങ്ങളെല്ലാം മുന്‍തലമുറകളുടെ ചിന്തകളുടെയും പ്രവര്‍ത്തനങ്ങളുടെയും കൂടി പരിണിതഫലമാണ് എന്നു പറഞ്ഞാലും ആര്‍ക്കും നിഷേധിക്കാനാവില്ല. ശാസ്ത്രത്തില്‍നിന്നു സാങ്കേതികവിദ്യകളും സാങ്കേതികവിദ്യകളിലൂടെ സമ്പത്തും ഉണ്ടായി എന്നു സമ്മതിക്കുന്നവര്‍ക്ക് എന്തെങ്കിലും ഒരു കണ്ടുപിടുത്തം തന്റേതുമാത്രമെന്ന അവകാശവാദം ഉന്നയിക്കാനാവുമോ? യശശ്ശരീരനായ ഗുരു നിത്യചൈതന്യയതി തന്റെ ഷഷ്ഠിപൂര്‍ത്തിയോടനുബന്ധിച്ച് നടത്തിയ ഒരഭിമുഖ സംഭാഷണത്തില്‍ തന്റെ നിസ്വത വളരെ സൂക്ഷ്മമായി വ്യക്തമാക്കിയിരുന്നത് ഇത്തരുണത്തില്‍ ഓര്‍മ്മിച്ചു പോകുന്നു. ആ വിചാരധാരയില്‍ ഒഴുകവെ ഒരു കവിക്കു ലഭിച്ച ഉള്‍ക്കാഴ്ചകള്‍ ഉദ്ധാരണാര്‍ഹമായി തോന്നുന്നു.
ആരു ഞാ? നെന്റെ സ്വന്തമല്ലെന്റെയീ
പേരുപോലും; അറിഞ്ഞിടാന്‍ കിട്ടിയോ-
രിന്ദ്രിയങ്ങള്‍ക്കുമുണ്ടിങ്ങമീബതന്‍
ഇന്ദ്രിയേതര സംവേദ പൈതൃകം!
നിസ്വനാണു ഞാന്‍; സ്വന്തമായെന്തെനി-
ക്കസ്വതന്ത്രതയെന്നിയേ, സര്‍വതും
എന്റെ ബുദ്ധിയും ശക്തിയും യുക്തിയും
നിന്റെ ദാനങ്ങള്‍ മാത്രമെന്നോര്‍ക്കവെ,
എന്റെ ആശകള്‍, ആശയധാരകള്‍
നിന്റെ വര്‍ണങ്ങള്‍ ചേര്‍ന്നതെന്നോര്‍ക്കവെ,
എന്റെ കണ്ടെത്തലൊക്കെ ധര്‍മാര്‍ത്ഥമാം
നിന്റെയീടുവയ്‌പെന്നതുമോര്‍ക്കവെ,
വിശ്വധര്‍മപ്രഭാവമേ, ഞാനിതാ
വിശ്വസിക്കുന്നു നിന്നെ, യെന്നുള്ളിലായ്
നിത്യവും പ്രകാശം പരത്തീടുമെന്‍
സത്യമേ നിന്റെ ഭാവപ്രഭാവമായ്
വന്നു ചേര്‍ന്നീടാന്‍ ഭാഗ്യം ലഭിച്ച ഞാന്‍
എന്നു തൊട്ടഹങ്കരിയായ്, ഡംഭനായ് ?
ഉത്തരവാദിത്വമുള്ള ഒരു മാനേജര്‍ മാത്രമാണു താനെന്ന ബോധ്യത്തോടെ കൈകാര്യം ചെയ്യേണ്ടതാണ് സ്വത്ത്. മഹാത്മാഗാന്ധിയുടെ ട്രസ്റ്റീഷിപ്പ് സിദ്ധാന്തത്തിന്റെ അന്തര്‍ധാരയായി ഉണ്ടായിരിക്കുന്നത് മേല്‍ക്കുറിച്ച 'നിസ്വ'ഭാവമായിരുന്നു. സ്വകാര്യസ്വത്തോ പൊതുസ്വത്തോ ആയി കണക്കാക്കപ്പെടാനാവാത്തതാണ് ട്രസ്റ്റിയുടെ സ്വത്ത്. സ്വകാര്യസ്വത്ത് ഉത്പാദനവുമായി ബന്ധമുള്ള ഒന്നാണെന്നു നമുക്കറിയാം. ഉത്പാദനത്തിന് പൊതുഉടമസ്ഥതയില്‍ ആര്‍ക്കും ആന്തരിക പ്രചോദനം ലഭിക്കുന്നില്ല. സ്വകാര്യ ഉടമസ്ഥതയിലാകട്ടെ, അതുണ്ടാകാറുണ്ട്. അത് ആര്‍ത്തിയായും അത്യാര്‍ത്തിയായും ചൂഷണോപാധിയായി മാറാനിടയുണ്ട് എന്നതാണ് അതിലെ അപകടം. ഈ അപകടത്തെയും ഉത്പാദനോപാദികള്‍ പൊതുസ്വത്തായിരിക്കുമ്പോഴുള്ള ഉത്തേജനമില്ലായ്മയെയും ഒരേപോലെ പ്രതിരോധിക്കാന്‍ എന്താണു വഴി?
സ്വകാര്യ ഉടമസ്ഥതയെയും പൊതുഉടമസ്ഥതയെയും സമന്വയിപ്പിച്ചുകൊണ്ട് ഒരു ശാശ്വതപരിഹാരം നിര്‍ദ്ദേശിച്ചിട്ടുള്ളത് ഏതാനും വര്‍ഷം മുമ്പുവരെ നമ്മുടെ ഇടയില്‍, കേരളത്തില്‍, ജീവിച്ചിരുന്ന ശ്രീ ഡി. പങ്കജാക്ഷക്കുറുപ്പാണ്. വ്യക്തി ഉടമാസമ്പ്രദായം എന്ന് അദ്ദേഹം വിളിക്കുന്ന പുതിയ ലോകത്തിലെ ഉടമസ്ഥതാബോധത്തെപ്പറ്റി 'പുതിയ ലോകം, പുതിയ വഴി' എന്ന തന്റെ ഗ്രന്ഥത്തില്‍ അദ്ദേഹം എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്:
''ഈ വീട് എന്റേതാണ് എന്ന ബോധം പുതിയ സമൂഹത്തില്‍ നശിക്കുന്നില്ല. ഈ വീട് എന്റേതാണ് എല്ലാവരും എനിക്കുള്ളവരായതുകൊണ്ട് ആര് ഇവിടെ വരുന്നതും എനിക്കു സന്തോഷമാണ്. ഈ 45 സെന്റ് സ്ഥലം എന്റേതാണ്, എന്റെ അച്ഛന്‍ തന്നതാണ്. ഈ ഭൂമിയില്‍ എന്റെ കൂടെ അദ്ധ്വാനിക്കാന്‍ ആര്‍ക്കും വരാം. എന്റെ തൊട്ടടുത്ത കുമ്മന്‍കോട്ട് പറമ്പ് പാലത്തിട്ടവകയാണ്. അവിടെ അവരോടൊപ്പം പണി ചെയ്യുവാന്‍ എനിക്കും അവസരമുണ്ടാകും. എന്റെ പറമ്പില്‍ ഉണ്ടായിട്ടുള്ള വിളകള്‍ എല്ലാം നിങ്ങള്‍ക്കുമുള്ളതാണ്. ഞാന്‍ എന്റെ വിളകള്‍ മറ്റുള്ളവര്‍ക്കു കൊടുക്കുന്നു. മറ്റുള്ളവര്‍ എനിക്കാവശ്യംപോരാത്തത് തരികയും ചെയ്യുന്നു. ഞാന്‍ മറ്റുള്ളവര്‍ക്കു കൊടുക്കുന്നത് അവര്‍കൂടി ഇവിടെ പണി ചെയ്തതുകൊണ്ടല്ല; അവര്‍ എനിക്കു വേണ്ടപ്പെട്ടവരായതുകൊണ്ടാണ്. പൊതു ഉടമയില്‍ ഉണ്ടാക്കിയ വിളവ് അവകാശപ്പെട്ടവര്‍ക്കു കൊടുക്കുന്നതിലെ ശുഷ്‌കമായ കണക്കല്ല ഇവിടെ പ്രസക്തം. എനിക്ക് യഥേഷ്ടം ഉപയോഗിക്കാവുന്ന വിളകള്‍ ഞാന്‍ എന്റെ ഇഷ്ടപ്രകാരം മറ്റുള്ളവര്‍ക്കു കൊടുക്കുന്നു. ഇവിടെയാണ് വ്യക്തിവികാസം സംഭവിക്കുക; വ്യക്തിബന്ധം ഉറയ്ക്കുക. കൊടുക്കുവാനും വാങ്ങുവാനും സന്തോഷമുണ്ടാവുക, അത് ഇച്ഛയ്ക്കനുസരിച്ച് ആകുമ്പോഴാണ്. ഇച്ഛാശക്തി ഇവിടെ തളരുന്നില്ല, വളരുന്നു(പേജ് 85,86)....വ്യക്തിയുടമ വ്യക്തിസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടിരിക്കുന്നു.''(പേജ് 89).
ഇങ്ങനെയൊരു മാറ്റം ഇവിടെ ഇപ്പോള്‍ത്തന്നെ സാധ്യമാണെന്നു മനസ്സിലാക്കാന്‍ കഴിഞ്ഞാലേ അദ്ദേഹം ഒരു ഉട്ടോപ്പ്യനല്ലെന്നും 'പ്രാക്‌ടോപ്യ'നാണെന്നും (ആല്‍വിന്‍ ടോഫ്‌ളറോടു കടപ്പാട്) വ്യക്തമാവൂ. മനുഷ്യന്റെ യഥാര്‍ത്ഥ ജീവിത ഇടം ഏറ്റവും അടുത്ത അയല്‍പക്കങ്ങളും പെടുന്ന ചുറ്റുവട്ടമാണെന്ന യാഥാര്‍ഥ്യ ബോധത്തിന്റെ അടിത്തറയില്‍ അദ്ദേഹം വിഭാവനം ചെയ്യുന്നത് ഒരു സ്വപ്നസൗധമൊന്നുമല്ല. അദ്ദേഹത്തിന്റെ സങ്കല്പത്തെ ഒരു ആര്‍ക്കിട്ടെക്ട് വീടിനു രൂപഘടന നിര്‍ണയിക്കുന്നത്ര യാഥാര്‍ഥ്യബോധമുള്ള ഒന്നായി കാണാന്‍ കഴിഞ്ഞാല്‍ നമുക്കോരോരുത്തര്‍ക്കും ആ വലിയ വീടിന്റെ പണിയില്‍ പങ്കാളികളാകാന്‍ കഴിയും എന്നതാണു വസ്തുത. പുതിയ ലോകസംവിധാനത്തിന്റെ സംക്ഷിപ്ത രൂപരേഖ മുന്‍ഗ്രന്ഥത്തില്‍ അദ്ദേഹം വിഭാവനം ചെയ്തിട്ടുള്ളത് ഇങ്ങനെയാണ്:
''.... തൊട്ടടുത്തുള്ള 10-15 വീടുകള്‍ ചേര്‍ന്നുള്ള തറക്കൂട്ടങ്ങളായിരിക്കും അടിസ്ഥാന സമൂഹ ജീവിത ഘടകം. ഓരോ തറക്കൂട്ടവും ലോകത്തിന്റെ കേന്ദ്രബിന്ദുവായിരിക്കും. ഓരോ തറയും കൂടുന്നത് ലോകത്തിനാകെ വേണ്ടിയായിരിക്കും എന്നതു കൊണ്ട് തറക്കൂട്ടത്തില്‍ ആര്‍ക്കും സംബന്ധിക്കാം, അഭിപ്രായം പറയുകയും ചെയ്യാം. അഞ്ചു തറകള്‍ ചേരുന്നതാണ് ഒരു അയല്‍ക്കൂട്ടം. 50-60 വീടുകള്‍ കാണും. അഞ്ച് അയല്‍ക്കൂട്ടത്തില്‍പ്പെട്ട 250-300 വീടുകള്‍ ഉള്‍ക്കൊള്ളുന്നതായിരിക്കും ഒരു ഗ്രാമക്കൂട്ടം. ഇവ മൂന്നും കൂടിയാണ് പുത്തന്‍ സമൂഹത്തിനു താങ്ങായി പ്രവര്‍ത്തിക്കുന്നത്. ഈ മൂന്നു ഘടകങ്ങളിലും വ്യക്തികള്‍ നേരിട്ട് യോഗങ്ങളില്‍ പങ്കെടുക്കും. ഇതിനു മേലോട്ട് പ്രതിനിധിസഭകളാണ്. അഞ്ചു ഗ്രാമക്കൂട്ടക്കാര്‍ ഓരോരുത്തരെ വീതം നിശ്ചയിച്ച് അഞ്ചു പേരടങ്ങുന്ന വാര്‍ഡു കമ്മറ്റി ഉണ്ടാക്കുന്നു. വാര്‍ഡു കമ്മറ്റി യോഗങ്ങളിലും ആര്‍ക്കും പങ്കെടുത്ത് അഭിപ്രായം പറയാം. അഞ്ചു വാര്‍ഡു കമ്മറ്റികളില്‍ ഓരോന്നും നിശ്ചയിക്കുന്ന അഞ്ചു പേര്‍ ചേര്‍ന്ന് പഞ്ചായത്തു സമിതി രൂപപ്പെടുത്തുന്നു. ജനപ്രതിനിധികളല്ലാതെ ഉദ്യോഗസ്ഥന്മാരാരും പ്രതിനിധിസഭകളിലൊന്നിലും ഉണ്ടായിരിക്കുകയില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലൊ? ഉദ്യോഗസ്ഥന്മാര്‍ എന്നൊരു വര്‍ഗമേ ഉണ്ടാവില്ലെന്നോര്‍ക്കണം. എല്ലാവരും ഉദ്യോഗസ്ഥന്മാര്‍. മേലോട്ടു ചെല്ലുന്തോറും വാര്‍ത്താവിനിമയ ഘടകം എന്നതില്‍ കവിഞ്ഞ് വലിയ പ്രാധാന്യമെന്നും ഈ പ്രതിനിധിസഭകള്‍ക്ക് ഉണ്ടാവില്ല. ഏതു തലത്തിലെ യോഗത്തിലും ഏതൊരാള്‍ക്കും പങ്കെടുക്കാം. ....തറകള്‍ ഉറച്ചാല്‍ നല്ല അടിസ്ഥാനമായി.'' (പേജ് 68,69)
അയല്‍ക്കൂട്ടങ്ങളും മാനുഷികധ്യാനവും
'ശ്രീ പങ്കജാക്ഷക്കുറുപ്പിന്റെ അയല്‍ക്കൂട്ട സമൂഹദര്‍ശനം' എന്ന ലേഖനത്തില്‍ അദ്ദേഹത്തിന്റെ പ്രായോഗികത വിശകലനം ചെയ്തുകൊണ്ട് ശ്രീ ജോര്‍ജ് മുലേച്ചാലില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു.
''....ശ്രീ പങ്കജാക്ഷക്കുറുപ്പ് വിഭാവനം ചെയ്യുന്ന നവസമൂഹത്തിന്റെ സൂക്ഷ്മരൂപങ്ങള്‍ ഇപ്പോള്‍ത്തന്നെ ലോകത്തില്‍ പച്ച പിടിച്ചു നില്‍ക്കുന്നുണ്ടെന്നും അവ നല്കുന്ന സുരക്ഷിതത്വവും സ്വാതന്ത്ര്യവും സമാശ്വാസവും അനുഭവിച്ചാണ് മനുഷ്യന്‍ ഇന്നും നിലനില്ക്കുന്നതെന്നുമുള്ള വസ്തുത നാം കാണാറില്ല. ഏറ്റവും ചെറിയ സമൂഹമായ കുടുംബമാണ് നവസമൂഹത്തിന്റ ആ സൂക്ഷ്മരൂപം. അദ്ദേഹം വിഭാവനം ചെയ്യുന്ന പുതിയ ലോകത്തിന്റെ ഭാവപരവും രൂപപരവുമായ ഘടനതന്നെയാണ് കുടുംബസമൂഹത്തിന്റേതും എന്ന് അല്പമൊന്നു നിരീക്ഷിച്ചാല്‍ ആര്‍ക്കും മനസ്സിലാക്കാം.
ഒരു രാഷ്ട്രസമൂഹത്തില്‍ നടക്കുന്ന എതാണ്ടെല്ലാ കാര്യങ്ങളും ചെറിയ രീതിയില്‍ കുടുംബസമൂഹത്തിലും നടക്കുന്നുണ്ട്. ഉത്പാദനവും വിതരണവും സാമ്പത്തിക കൈകാര്യവും വിദ്യാഭ്യാസവും തൊഴില്‍ പരിശീലനവും നീതിന്യായവും ആതുരശുശ്രുഷയും മറ്റും കുടുംബസമൂഹത്തിലുമുണ്ട്. എന്നാല്‍ ഇതെല്ലാം നടക്കുന്നത് ഏതെങ്കിലും ഒരധികാരഘടനയുടെ ഭരണഭാഗമായോ ശാസനയുടെ അടിസ്ഥാനത്തിലോ അല്ല. കുടുംബത്തിലെ ജോലികള്‍ കുടുംബാംഗങ്ങള്‍ നിര്‍വഹിക്കുന്നത് പണത്തിനു വേണ്ടിയുമല്ല; മറിച്ച് പാരസ്പര്യബോധത്തിന്റെയും കൂട്ടായ്മാഭാവത്തിന്റെയും ഉള്‍ത്തള്ളലില്‍ നിന്നാണ്. കുടുംബ സമൂഹത്തിലെ എല്ലാ അംഗങ്ങളുടെയും സന്തോഷത്തിനും പൊതുവായ സുസ്ഥിതിക്കും വേണ്ടി കൂട്ടായ ആലോചന പ്രകാരമോ സ്വമേധയാ തന്നെയോ പ്രവര്‍ത്തിക്കുകയാണവര്‍. ഒരു വീട്ടമ്മ നേരം വെളുക്കുന്നതുമുതല്‍ രാത്രി വൈകുംവരെ സ്വയം മറന്ന് അദ്ധ്വാനിക്കുന്നത് മുഴുവന്‍ കുടുംബാഗങ്ങള്‍ക്കും വേണ്ടിയാണ്. അവരുടെ സന്തോഷവും ശ്രേയസ്സും ലക്ഷ്യം വയ്ക്കുന്നതുകൊണ്ടാണ് അത്രയും ജോലി ചെയ്യാനുള്ള പ്രേരണയും ഉത്സാഹവും ഊര്‍ജവും അവര്‍ക്കുണ്ടാവുന്നത്. ചുരുക്കത്തില്‍, ഏതൊരു കുടുംബസമൂഹത്തിന്റെ നിലനില്പിനും ഐശ്വര്യത്തിനും അഭിവൃദ്ധിക്കും നിദാനമായിരിക്കുന്നത് കുടുംബാംഗങ്ങളുടെ ഇടയിലുള്ള 'നാം ഒന്നാണ്' എന്ന ബോധവും കൂട്ടായ്മാഭാവവുമാണ്; അവരുടെ ഇടയിലുള്ള പരാര്‍ഥഭാവമാണ്. ഇതില്‍നിന്നു സാമൂഹികസുസ്ഥിതിയെ സംബന്ധിച്ച നിയാമകതത്ത്വമാണ് വാസ്തവത്തില്‍ നമുക്കു വെളിപ്പെട്ടു കിട്ടുന്നത്. സാമൂഹിക സുസ്ഥിതിക്കും അഭ്യുന്നതിക്കും അടിസ്ഥാനം പാരസ്പര്യബോധം അഥവാ ബന്ധുത്വബോധമാണ് എന്നതാണത്. അന്യോന്യതയുടെ ഈ നിയമം മനുഷ്യന്‍ എവിടെ തെറ്റിക്കുന്നുവോ അവിടെ സമൂഹം ശിഥിലമാകുന്നു. കുടുംബസമൂഹത്തിനും പൊതു സമൂഹത്തിനും ഒരുപോലെ ബാധകമാണ് ഈ നിയമം. (അല്പമൊന്നാലോചിച്ചാല്‍, മറ്റു വാക്കുകളിലാണെങ്കിലും എല്ലാ ദാര്‍ശനികരും ആദ്ധ്യാത്മികാചാര്യന്മാരും മനുഷ്യനെ പ്രബോധിപ്പിക്കാന്‍ ശ്രമിച്ചത് ഇതേ നിയമത്തെക്കുറിച്ചാണെന്നു കാണാം.) ഈ നിയമത്തിന്റെ ലംഘനം കൊണ്ട് ശിഥിലമാകുന്ന മനുഷ്യബന്ധങ്ങളുടെ വിടവുകളില്‍ വേരാഴ്ത്തിയാണ് മനുഷ്യനെ ഭരിക്കാന്‍ നാണയ-അധികാരവ്യവസ്ഥിതി തഴച്ചുവളരുന്നതും, മനുഷ്യര്‍ തമ്മിലുള്ള അകല്‍ച്ചയും അന്യത്വവും സ്വാഭാവികമെന്നു തോന്നുമാറ് വ്യവസ്ഥാപിതമാകുന്നതും.
മനുഷ്യന്റെ ഐശ്വര്യത്തിനും അഭിവൃദ്ധിക്കും ആധാരമായി വര്‍ത്തിക്കുന്ന പാരസ്പര്യത്തിന്റേതായ ഈ നിയാമകതത്ത്വം കുടുംബസമൂഹത്തിനു വെളിയില്‍ അശേഷം പാലിക്കപ്പെടുന്നില്ല എന്നതാണ് മനുഷ്യ സമൂഹം ഇന്നു നേരിടുന്ന എല്ലാ ദുരവസ്ഥകള്‍ക്കും കാരണമെന്ന് ഇതില്‍നിന്നു മനസ്സിലാക്കാം. അതു പാലിക്കപ്പെടുന്നില്ല എന്നു മാത്രമല്ല, അതിനു നേര്‍വിപരീതമായ മാത്സര്യത്തിന്റെയും ശത്രുതയുടെയും പ്രത്യയശാസ്ത്രങ്ങളുടെ സ്വാധീനം പൊതുസമൂഹത്തില്‍ വ്യാപകമാകുകയും ചെയ്തു. ചുരുക്കത്തില്‍, മനുഷ്യനിന്ന് ഒരേസമയം രണ്ടു വിപരീത സാമൂഹികനിയമങ്ങളിലാണ് ജീവിക്കുന്നത് - അന്യോന്യതാ ബോധത്തിലധിഷ്ഠിതമായി കുടുംബസമൂഹത്തിലും, അന്യത്വബോധത്തിലധിഷ്ഠിതമായി പൊതുസമൂഹത്തിലും. ഇതില്‍ അന്യോന്യതയുടെ നിയമത്തിനേ സമൂഹത്തെ ഐശ്വര്യത്തിലേക്കും അഭിവൃദ്ധിയിലേക്കും നയിക്കാനാവൂ എന്ന് കുടുംബസമൂഹവ്യവസ്ഥ തെളിയിക്കുന്നു. വാസ്തവത്തില്‍ ഈ കുടുംബവ്യവസ്ഥിതിയെ പൊതുസമൂഹത്തിലേക്കുകൂടി വ്യാപിപ്പിക്കണമെന്നാണ് ഡി. പങ്കജാക്ഷക്കുറുപ്പ് പറയുന്നത്. ഈ വ്യാപനം ആദ്യം സംഭവിക്കേണ്ടത്, സ്വാഭാവികമായും ഓരോ കുടുംബത്തിന്റെയും ചുറ്റുവട്ടത്തുള്ള കുടുംബങ്ങളിലേക്കാണ്. അത് സംഭവിക്കുമ്പോള്‍ തറക്കൂട്ടമെന്ന അല്പംകൂടി വിശാലമായ ഒരു കുടുംബസമൂഹമുണ്ടാകുന്നു. കുടുംബസമൂഹത്തിനു വെളിയിലേക്കുള്ള കുടുംബബോധത്തിന്റെ, ആ ചുവടുവയ്പ് ഒരു മഹാവിപ്ലവത്തിന് നാന്ദിയായി ഭവിക്കുന്നു.''(ജോര്‍ജ് മൂലേച്ചാലില്‍, നവോത്ഥാനം നവനാഗരികതയില്‍, പേജ് 97,98).
ഇപ്പോള്‍ എത്ര കുടുംബങ്ങളില്‍ ഇത്തരം പാരസ്പര്യം നിലവിലുണ്ടെന്ന് ചോദിക്കുന്നവരുണ്ട്. നിലവിലുള്ള സാമൂഹ്യ വ്യവസ്ഥിതിയുമായി ബന്ധമുള്ളതായിരിക്കും ഓരോ കാലഘട്ടത്തിലെയും മൂല്യബോധമെന്നും വ്യസിഥിതി മാറാതെ മനുഷ്യനു മാറാന്‍ പരിമിതികളുണ്ടന്നും അവര്‍ പറയുമ്പോള്‍ അത് തള്ളിക്കളയാനാവില്ല. എന്നാല്‍ വ്യവസ്ഥിതി മാറണമെങ്കില്‍ മനുഷ്യന്‍ മാറാതെ എങ്ങനെ സാധ്യമാവും എന്ന മറുചോദ്യത്തെയും അവഗണിക്കാനാവില്ല. ആ ചോദ്യത്തിന് എതു വ്യവസ്ഥിതിയില്‍ ജീവിക്കുന്നവര്‍ക്കും ശാന്തസുന്ദരമായ ജീവിതം നയിക്കാന്‍ സ്‌നേഹവും പാരസ്പര്യവും അനിവാര്യമാണെന്ന വ്യക്തമായ ബോധ്യത്തോടെയുള്ള, സ്വയം ബോധവത്കരിക്കുന്ന, പ്രവര്‍ത്തനങ്ങള്‍കൊണ്ട് സാധ്യമാണ് എന്ന് ഒരു മറുപടിയുണ്ട്.
അതെങ്ങനെ എന്ന ചോദ്യത്തിന് ശ്രീ പങ്കജാക്ഷക്കുറുപ്പ് നല്കുന്ന മറുപടിക്ക് വൈയക്തികവും സാമൂഹികവുമായ രണ്ടു തലങ്ങളുണ്ട്. വ്യക്തിതലത്തില്‍ അനുഷ്ഠിക്കേണ്ടത് സമൂഹത്തില്‍ തന്റെ സ്ഥാനവും അയല്‍ക്കാരുമായി തനിക്കുണ്ടായിരിക്കേണ്ട ആത്മബന്ധവും ഒരോ വ്യക്തിയും ആഴത്തില്‍ ഗ്രഹിക്കുകയും സ്വാംശീകരിക്കുകയും ചെയ്യുന്നതിനുള്ള വളരെ ലളിതമായ ഒരു സാധനയാണ്. അതാണ് മാനുഷികധ്യാനം. സ്വാമി വിവേകാനന്ദനില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ശ്രീ പങ്കജാക്ഷക്കുറുപ്പ് ആവിഷ്‌കരിച്ച, അദ്ദേഹം ശിപാര്‍ശചെയ്യുന്ന, സാധനയാണിത്.
ബാഹ്യലോകത്തില്‍ സൂര്യന്‍ എന്നപോലെ നമ്മുടെയെല്ലാം ഉള്ളില്‍ ഒരു ബോധസൂര്യനുണ്ടെന്നും അസ്വസ്ഥതകളാകുന്ന കാര്‍മേഘങ്ങളാല്‍ മാനസികാന്തരീക്ഷം മൂടാറുണ്ടെന്നും ആര്‍ക്കും സമ്മതിക്കാനാവുമല്ലോ. മണ്ണിനും മനുഷ്യനും മറ്റു ജീവജാലങ്ങള്‍ക്കും മഴ എത്രമാത്രം ആവശ്യമുണ്ടെന്ന് നമുക്കെല്ലാം അറിയാം. മഴ സൗമ്യമായി പെയ്തിറങ്ങുന്നത് എല്ലാവര്‍ക്കും സന്തോഷകരമാണ്. നാം നമ്മുടെ അസ്വസ്ഥതകളെ മഴ പെയ്യാന്‍ അനിവാര്യമായ കാര്‍മേഘങ്ങളായി കണ്ടറിയണം. അവയില്‍ അഹങ്കാരത്തിന്റെയും സ്വാര്‍ഥതയുടെയും ധൂളികളും അയോണുകളും നിറഞ്ഞ് മദമത്സരങ്ങളും ലോഭവും ഉളവാക്കുമ്പോഴാണ് അവയുടെ ഫലമായുണ്ടാകുന്ന ദുഃഖദുരിതങ്ങളുടെയും ഇടിയും മിന്നലും കൊടുങ്കാറ്റും ചേര്‍ന്ന പേമാരിയായി അത് നമ്മുടെ മേല്‍ പെയ്തിറങ്ങുന്നത് എന്നും അറിയണം. അങ്ങനെ സംഭവിക്കാതിരിക്കാനുള്ള ഒരു പ്രതിരോധപ്രവര്‍ത്തനമായി 'മാനുഷികധ്യാനം' എന്ന സാധനയെ മനസ്സിലാക്കണം. അതെന്തെന്നല്ലേ?
ഓരോരുത്തരും തന്റെ പാര്‍പ്പിടത്തിലും അതിനു ചുറ്റുമുള്ള പത്തു വീടുകളിലുമുള്ള ഓരോ വ്യക്തിയുടെയും പേരും രൂപവും അവസ്ഥയും അനുസ്മരിച്ച് അവരോട് തനിക്കുള്ള ബന്ധുത്വം മനസ്സിലുറപ്പിക്കുക എന്നതു മാത്രമാണ് ആ സാധന. ഈശ്വരവിശ്വാസമോ മതവിശ്വാസമോ ഈ സാധനചെയ്യുന്നവര്‍ക്ക് വേണമെന്നില്ല. എന്നാല്‍ എല്ലാറ്റിലും നന്മ കാണാന്‍ കഴിയുന്നവര്‍ക്ക് ഈ ധ്യാനം കൂടുതല്‍ ഫലപ്രദമാക്കാനാവും. ഈ ധ്യാനത്തിന്റെ ചൈതന്യം ഉള്‍ക്കൊണ്ട് എഴുതിയിട്ടുള്ള ഒരു ധ്യാനാര്‍ഥന താഴെക്കൊടുക്കുന്നു.
ധ്യാനാര്‍പ്പണം
ദൈവമേ, ഹൃത്തില്‍ തുളുമ്പും കൃതജ്ഞതാ-
ഭാവമെന്‍ ജീവിതചൈതന്യമായ്
ജീവജാലങ്ങളോരോന്നിനോടും ഹൃത്തി-
ലൂറുന്ന കാരുണ്യമായൊഴുക്കൂ!
എല്ലാമെന്‍ നന്മയ്ക്കായെന്നറിഞ്ഞീടുവാന്‍
നന്ദിയോടിന്നിനെ സ്വീകരിക്കാന്‍
ആവലാതിക്കിടമിങ്ങില്ലെന്നോര്‍ക്കുവാന്‍
എന്നില്‍ വിവേകമായ് നീ ജ്വലിക്കൂ!
ഇങ്ങെന്നെയസ്വസ്ഥനാക്കാതെ ഒട്ടുമേ
ആകുലനാകാതെ കാത്തിടേണേ
ഇന്നോളമുണ്ടായ തോല്‍വികളോര്‍ക്കാനും
കോപിക്കാനും ഇടയാക്കരുതേ!
ദൈവമേ എന്‍ ധര്‍മമെന്തെന്നറിഞ്ഞിന്നും
എന്‍ പണി കൃത്യമായ് സന്തോഷമായ്
ചെയ്യുവാന്‍ ആത്മപ്രചോദനമേകണേ
നിന്‍ശക്തിയെന്നില്‍ നിറച്ചീടണേ!
ആരുമേ വേദനിച്ചീടാതിരിക്കുവാന്‍
ആവുംവിധം സഹായങ്ങളേകാന്‍
ഇന്നെന്റെ മുമ്പിലെത്തീടുവോര്‍ക്കൊക്കെയും
ഉത്തേജനങ്ങള്‍ പകര്‍ന്നുകൊള്ളാം!
ദൈവം എന്ന വാക്ക് നമ്മിലെല്ലാം ഉള്ള സ്‌നേഹപ്രകാശം എന്ന അര്‍ഥമുള്‍ക്കൊണ്ട് ഗ്രഹിക്കാന്‍ കഴിഞ്ഞാല്‍, ഒരു 'ധ്യാനാര്‍ഥന'യും 'സ്‌നേഹാര്‍പ്പണ'വും ആയി, ജീവിതത്തില്‍ നിത്യം പ്രചോദനം പകരുന്ന ഒന്നായി, ഇത് നിരീശ്വരര്‍ക്കും, സ്വീകരിക്കാവുന്നതാണ്.
ഒരോ വ്യക്തിയുടെയും സവിശേഷമായ ജീവിതസാഹചര്യങ്ങളോടു നേരിട്ടു ബന്ധപ്പെട്ടും സ്വാര്‍ഥതയില്‍നിന്ന് പരാര്‍ഥതയിലേക്ക് ബന്ധുത്വബോധത്തെ വികസിപ്പിച്ചുകൊണ്ടുമുള്ള 'മാനുഷികധ്യാനം' വ്യവസ്ഥാപിത, വ്യക്ത്യധിഷ്ഠിത, ധ്യാന സമ്പ്രദായങ്ങളില്‍നിന്ന് വ്യത്യസ്തമാണ്. ഈ സാധന മാനുഷികബന്ധങ്ങളെ 'ആത്മാര്‍ഥ'മാക്കുന്നതിലൂടെ, ആത്മാവിന്റെ അര്‍ഥംതന്നെ ആക്കുന്നതിലൂടെ, ജീവിതാനന്ദം അനുഭവിച്ചറിയാന്‍ സാധിക്കും എന്ന് ഒരോ സാധകനെയും ബോധ്യപ്പെടുത്തും.
കുടുംബ വ്യവസ്ഥിതിയെ പൊതുസമൂഹത്തിലേക്കുകൂടി വ്യാപിപ്പിക്കണമെന്ന ശ്രീ പങ്കജാക്ഷക്കുറുപ്പിന്റെ ആഹ്വാനം ലോകംതന്നെ ഒരു ആഗോളഗ്രാമമായി മാറിക്കൊണ്ടിരിക്കുന്ന മൂന്നാംതരംഗ വ്യവസ്ഥിതിയില്‍ മനുഷ്യര്‍ ആരായുന്ന നവോത്ഥാനസ്വപ്നം സാക്ഷാത്കരിക്കാനുള്ള ഏറ്റം പ്രായോഗികമായ മാര്‍ഗമാണെന്നാണ് ലോകമാകെ ഉരുത്തിരിഞ്ഞു വന്നുകൊണ്ടിരിക്കുന്ന ചില പ്രതിഭാസങ്ങള്‍ കൂടി നിരീക്ഷിച്ചാല്‍ നമുക്കു കാണാനാവുന്നത്. ഏറ്റവും പുതിയ, വ്യാപകമായിക്കൊണ്ടിരിക്കുന്ന, ഉദാഹരണം ലഘുവായ്പാ മേഖലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സ്വയംസഹായ സംഘങ്ങളുടെതാണ്. ഈ സ്വയംസഹായ സംഘങ്ങളെ മതപരവും രാഷ്ട്രീയവും സാമ്പത്തികവുമായ താത്പര്യങ്ങള്‍ക്കു കരുവാക്കന്‍ ചില ശക്തികള്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇവയുടെ പ്രവര്‍ത്തനത്തെ വിശകലനം ചെയ്തുകൊണ്ട് കേരളത്തില്‍ നടത്തിയ ഒരു പഠനത്തിന്റെ ഉപസംഹാരം ഇങ്ങനെയാണ്. ''സ്വയംസഹായസംഘങ്ങളിലൂടെ ഇന്നു കേരളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന സ്ത്രീ മുന്നേറ്റങ്ങളുടെ ഫലമായി മലയാളിയുടെ വ്യക്തിജീവിതത്തിലും സാമൂഹിക ജീവിതത്തിലും ആദ്ധ്യാത്മിക കാഴ്ചപ്പാടിലും പരിവര്‍ത്തനം സംഭവിച്ചുകൊണ്ടിരിക്കുന്നു. സമ്പത്തും സുഖസൗകര്യങ്ങളും കൂടുന്നതിനനുസരിച്ച് മറ്റുള്ളവരില്‍ നിന്നു സ്വയം അന്യവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ആധുനിക മലയാളിയ്ക്ക് സ്വയംസഹായ സംഘങ്ങളിലെ കൂട്ടായ്മയും ഒരുമയും ഐക്യബോധവും പുതിയൊരു ദിശാബോധം നല്‍കുന്നുണ്ട്. കൂടാതെ ഇത് അവരെ കുടുംബങ്ങളിലെ തീരുമാനമെടുക്കല്‍ പ്രക്രിയയില്‍ ഭാഗഭാക്കുകളാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. മുഖ്യധാരയില്‍ നിന്ന് അകന്നു കഴിഞ്ഞിരുന്ന സ്ത്രീ വിഭാഗം കുടുംബജീവിതത്തിന്റെയും സാമൂഹിക ജീവിതത്തിന്റെയും മുഖ്യധാരയിലേക്കു കടന്നുവരുന്നതുവഴി നിശ്ശബ്ദമായ ഒരു സാമൂഹികമാറ്റംതന്നെയാണ് ഇന്നു കേരളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്...''(സാബുപാലത്തനാടില്‍, സ്വയം സഹായ സംഘങ്ങള്‍ പുതിയ സംവാദവേദി, ജീവധാര, ഒക്‌ടോബര്‍ 2004. പേജ് 400)
ബംഗ്ലാദേശില്‍ വിജയകരമായി നടപ്പാക്കപ്പെട്ട സ്വയംസഹായ സംഘ പ്രസ്ഥാനം ഭരണകൂടങ്ങളുടെയും അന്താരാഷ്ട്ര സംഘടനകളുടെയും പിന്തുണയോടെ ലോകമാകെ വ്യാപകമാക്കാനായി ഐക്യരാഷ്ട്ര സഭ മൈക്രോക്രെഡിറ്റ് വര്‍ഷമായി 2005 നെ പ്രഖ്യാപിച്ചിരുന്നു. 2007-ഓടെ ഇന്ത്യയിലെ മൂന്നിലൊന്നു ദരിദ്രരുമായും സാമ്പത്തികമായി ബന്ധം പുലര്‍ത്താന്‍ കഴിയുമെന്ന പ്രതീക്ഷയോടെ ദരിദ്രര്‍ക്കിടയില്‍ 4000 കോടി രൂപയിലേറെ (11 ലക്ഷത്തിലേറെ ഗ്രൂപ്പുകള്‍ക്കായി) വിതരണം ചെയ്തു കഴിഞ്ഞിരിക്കുന്നു. ഇങ്ങനെ മുന്നേറുന്ന സ്വാശ്രയസംഘങ്ങളെ ശ്രീ പങ്കജാക്ഷക്കുറുപ്പിന്റെ സമഗ്രദര്‍ശനത്തിലേക്കും ബന്ധുത്വബോധത്തിലേക്കും നയിക്കാന്‍ വളരെ എളുപ്പം സാധിക്കും.
'മാനുഷികധ്യാനം' എല്ലാ സ്വാശ്രയസംഘങ്ങളിലൂടെയും വ്യാപകമായി പ്രചരിപ്പിക്കാന്‍ കഴിഞ്ഞാല്‍ കേരളത്തിലോ ഇന്ത്യയിലോ മാത്രമല്ല, ലോകമാകെ പടരുന്ന സ്വാശ്രയസംഘങ്ങളിലേക്ക് സ്‌നേഹത്തിന്റെയും ബന്ധുത്വബോധത്തിന്റെയും വൈറസ് വ്യാപിക്കും. 'വികേന്ദ്രീകൃത കേന്ദ്രീകരണം' എന്ന 'മൂന്നാം തരംഗയുഗ'ത്തിലെ നവോത്ഥാനം നവനാഗരികതയെ നവസംസ്‌കാരമാക്കി മാറ്റും. വ്യക്തികളില്‍നിന്ന് ഗ്രാമസമൂഹങ്ങളിലേക്ക്, ഗ്രാമങ്ങളില്‍നിന്നു നഗരങ്ങളിലേക്ക് ആ വൈറസ് പടരുമ്പോള്‍ 'മറ്റൊരു ലോകം സാധ്യമാണ്; അതു സാധിക്കാനാണ് നാം ഓരോരുത്തരും ഉള്ളത്' എന്നു സ്വയം ഉറപ്പാക്കി നാമെല്ലാവരും നാലാംലോക സ്രഷ്ടാക്കളും സൃഷ്ടികളും ആയിത്തീരും!
'നീയല്ലോ സൃഷ്ടിയും സ്രഷ്ടാവായതും സൃഷ്ടിജാലവും' - നാരായണഗുരു.

2010, മേയ് 12, ബുധനാഴ്‌ച

നിത്യാഞ്ജലി

നിത്യചൈതന്യയതി തന്നത്

നിത്യാഞ്ജലി

നിത്യചൈതന്യയതി 1971 മുതല്‍ 1980 വരെ സ്റ്റാന്‍ഫോര്‍ഡ്, പോര്‍ട്ട്‌ലാന്‍ഡ്, ഹവായ് മുതലായ അമേരിക്കന്‍ യൂണിവേഴ്‌സിറ്റികളില്‍ വിസിറ്റിങ്ങ് പ്രൊഫസറായിരുന്നു. അവിടങ്ങളിലെ അനുഭവങ്ങളാണ് 'കൈത്തറിയിലൂടെ ആത്മസത്യവത്കരണം' (Self-realization through handloom) എന്ന പഠനപരിപാടി ആവിഷ്‌കരിക്കാന്‍ 1982-ല്‍ അദ്ദേഹത്തിന് പ്രചോദകമായത്. അമേരിക്കയില്‍ ഗുരുവിനെയും ഗുരുവിന്റെ 'ഈസ്റ്റ്വെസ്റ്റ് യൂണിവേഴ്‌സിറ്റി ഓഫ് യൂണിറ്റീവ് സയന്‍സ്' എന്ന പ്രസ്ഥാനത്തെയും അവിടത്തെ യൂണിവേഴ്‌സിറ്റികള്‍ അംഗീകരിക്കുകയും അദ്ദേഹം നയിച്ചിരുന്ന പഠനപരിപാടികള്‍ വിദ്യാര്‍ഥികള്‍ക്ക് (ആവശ്യമെങ്കില്‍) ബിരുദപഠനത്തിന്റെ ഭാഗമാക്കാന്‍ സാധിക്കുന്ന വിധത്തില്‍ 'ക്രെഡിറ്റ്' നല്കുകയും ചെയ്തിരുന്നു. ഒരര്‍ഥത്തില്‍ ഗുരുവിന്റെ സവിശേഷവും സമന്വയസ്വഭാവമുള്ളതുമായ കോഴ്‌സുകള്‍ നടത്താന്‍ അവസരം നല്കുന്നതിലൂടെ ആ സര്‍വകലാശാലകള്‍ സ്വയം 'ക്രെഡിറ്റ്' നേടുകയായിരുന്നു.

എന്നാല്‍, ഇന്ത്യയില്‍ ഗുരു ഏര്‍പ്പാടാക്കിയ 'കൈത്തറിയിലൂടെ ആത്മസത്യവത്കരണം' എന്ന പഠനപരിപാടിയെ അന്ന് ഇന്ത്യയിലുണ്ടായിരുന്ന വിദ്യാഭ്യാസസംവിധാനത്തിന് യാതൊരു വിധത്തിലും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. അതില്‍ ആദ്യന്തം പങ്കെടുക്കാന്‍ ഭാഗ്യം കിട്ടിയ അപൂര്‍വം പേരില്‍ ഒരാളാണു ഞാന്‍. എന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നത് കാലത്തിനു മുമ്പേ സഞ്ചരിച്ച ഗുരു നിത്യചൈതന്യയതിയുടെ വിദ്യാഭ്യാസസങ്കല്പത്തിന് ഇപ്പോള്‍ (രണ്ടു വ്യാഴവട്ടം കഴിഞ്ഞപ്പോള്‍) വളരെ പ്രസക്തിയും ആവിഷ്‌കാരസാധ്യതയും ഉണ്ട് എന്ന ബോധ്യത്തോടെയാണ്.

'ഈസ്റ്റ്് വെസ്റ്റ് യൂണിവേഴ്‌സിറ്റി ഓഫ് യൂണിറ്റീവ് സയന്‍സ്' മറ്റു യൂണിവേഴ്‌സിറ്റികളെപ്പോലെ 'യൂണിവേഴ്‌സിറ്റി-ഇന്‍-ഫിറ്റ്' (university- in-fit) അല്ലെന്നും 'യൂണിവേഴ്‌സിറ്റി-ഔട്ട്- ഫിറ്റ്' (university-out-fit) ആണെന്നും പറഞ്ഞുകൊണ്ടാണ് ഗുരു എന്നെ ക്ഷണിച്ചത്. മിക്ക യൂണിവേഴ്‌സിറ്റികളും ലോകത്തെ പലതായി കാണാന്‍ പഠിപ്പിക്കുന്ന മള്‍ട്ടി-വേഴ്‌സിറ്റികള്‍ (multi-versities) ആയിരിക്കുമ്പോള്‍ ഈ യൂണിവേഴ്‌സിറ്റി ലോകത്തെയും ലോകത്തിലെ അനേകം വിഷയങ്ങളെയും സ്വന്തം താത്പര്യത്തോടു ചേര്‍ത്തിണക്കി ഒന്നായി കാണാന്‍ പഠിപ്പിക്കുന്ന യഥാര്‍ഥ യൂണി-വേഴ്‌സിറ്റി(uni-versity) ആണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 'നിങ്ങള്‍ നിങ്ങളുടെ താത്പര്യം രേഖപ്പെടുത്തുക' (You register your interest) എന്നായിരുന്നു അദ്ദേഹത്തിന്റെ ആഹ്വാനം. ഒപ്പം അദ്ദേഹം വ്യക്തമാക്കി: ''ഇപ്പോള്‍ നിങ്ങള്‍ക്ക് കൈത്തറിയില്‍ താത്പര്യമൊന്നും തോന്നുന്നില്ലെങ്കിലും നിങ്ങള്‍ക്ക് ഈ സെമണ്‍സ്റ്ററില്‍ പങ്കെടുക്കാം.'' എങ്ങനെയെന്ന് അദ്ദേഹം വിശദീകരിച്ചു. ആധുനിക ശാസ്ത്ര-സാങ്കേതികവിദ്യകളുടെ പ്രചാരണത്തിലും സാമൂഹിക പരിഷ്‌കരണത്തിലും സാഹിത്യത്തിലും ഒക്കെയാണ് എനിക്കു താത്പര്യമെന്നറിയാവുന്ന ഗുരു എന്തിന് എന്നെ ഈ പഠനപരിപാടിയിലേക്കു ക്ഷണിക്കുന്നു എന്ന എന്റെ ഉള്ളിലുയര്‍ന്ന(ഞാന്‍ വ്യക്തമാക്കുകയൊന്നും ചെയ്യാത്ത) സംശയത്തിന് ഗുരു നല്കിയ മറുപടി ഏതാണ്ട് ഇനി കുറിക്കുംപ്രകാരമായിരുന്നു:

''നിങ്ങളോട് കൈത്തറിനെയ്ത്ത് പഠിക്കാന്‍ ആരും ആവശ്യപ്പെടുന്നില്ല. നിങ്ങള്‍ക്ക് താത്പര്യമുള്ള ഏതു വിഷയത്തെയും 'കൈത്തറി'യോടു ചേര്‍ത്തുവച്ചു പഠിക്കാനാണ് ആവശ്യപ്പെടുന്നത്. നിങ്ങള്‍ക്ക് സാമൂഹിക സാമ്പത്തിക പരിഷ്‌കരണങ്ങളിലാണ് താത്പര്യമെങ്കില്‍ കൈത്തറിത്തൊഴിലാളികളുടെ സാമ്പത്തികസ്ഥിതിയെക്കുറിച്ചും അവ എങ്ങനെ മെച്ചപ്പെടുത്താം എന്നതിനെക്കുറിച്ചും പഠിച്ചാല്‍ നിങ്ങള്‍ പഠിക്കുന്ന വിഷയത്തെ നിങ്ങളുടെ ആത്മസാക്ഷാത്കാരത്തിന് അത് സഹായകമാക്കാം. കരകൗശലം യാന്ത്രികമല്ല. സര്‍ഗശക്തിയുടെ പ്രയോഗത്തിന് അതില്‍ ഇടമുണ്ട്. പക്ഷേ, ഉപജീവനത്തിനുവേണ്ടി കൂടുതല്‍ അളവില്‍ ഉത്പാദിപ്പിക്കേണ്ട സ്ഥിതി വന്നാല്‍ സര്‍ഗശേഷിക്ക് അവിടെ ഇടമില്ലാതെ പോകും. സര്‍ഗശേഷിക്ക് ഇടം നഷ്ടപ്പെടില്ലാത്തവിധം കൈത്തറി സാങ്കേതികവിദ്യയെ പരിഷ്‌കരിക്കുന്നതിനെപ്പറ്റി, ശാസ്ത്ര സാങ്കേതിക വിദ്യകളില്‍ താത്പര്യമുള്ളവര്‍ക്കു പഠിക്കാം. ആധുനികമായ നിറക്കൂട്ടുകളും ഡിസൈനുകളും നല്കി വസ്ത്രങ്ങള്‍ കൂടുതല്‍ മനോഹരമാക്കാന്‍ എങ്ങനെയൊക്കെ സാധിക്കും എന്ന് കലാകാരന്മാര്‍ക്കു പഠിക്കാം. നിങ്ങള്‍ ഒരു എഴുത്തുകാരനാണെങ്കില്‍ ഈ മേഖലയില്‍ തൊഴില്‍ചെയ്യുന്നവരുടെ ഭൗതികവും മാനസികവുമായ സാഹചര്യങ്ങളുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് സ്വന്തം സര്‍ഗമേഖലയുടെ വ്യാപ്തി വര്‍ധിപ്പിക്കാം. വാണിജ്യതന്ത്രത്തില്‍ തത്പരരായവര്‍ കൈത്തറി ഉത്പന്നങ്ങളുടെ വിപണന-കയറ്റുമതി സാധ്യതകളെക്കുറിച്ചു പഠിച്ചോളൂ. സാമ്പത്തികശാസ്ത്രത്തില്‍ തത്പരരായവര്‍ ഇന്ത്യയിലെ വ്യവസായ മേഖലയില്‍ കൈത്തറിയുടെ പങ്ക് എത്രമാത്രമെന്നും കൈത്തറിക്ക് കൂടുതല്‍ പ്രാമുഖ്യം നല്കിയാല്‍ തൊഴിലവസരങ്ങള്‍ എത്രമാത്രം വര്‍ധിപ്പിക്കാനാവുമെന്നും പഠിച്ചാല്‍ അത് നാടിനും കൈത്തറിത്തൊഴിലാളികള്‍ക്കും പ്രയോജനം ചെയ്‌തേക്കും. ഇനിയും നിങ്ങള്‍ക്ക് ഇതിലൊന്നുമല്ല, രാഷ്ട്രീയത്തിലാണ് താത്പര്യമെങ്കില്‍പ്പോലും മഹാത്മാഗാന്ധി'ഖാദി'യെ എന്നപോലെ നിങ്ങള്‍ക്ക് കൈത്തറിയെ ഒരു സാമ്പത്തിക സമരോപകരണമാക്കാനാവുമോ എന്നു പഠിക്കാനുള്ള സാധ്യത മുന്നിലുണ്ട്. ചുരുക്കത്തില്‍ നിങ്ങള്‍ക്ക് താത്പര്യമുള്ള വിഷയം ഏതായാലും അതിനോടു ചേര്‍ത്തുവച്ച് നിങ്ങള്‍ക്ക് കൈത്തറിയെപ്പറ്റി പഠിക്കാനാവും. അങ്ങനെ പഠിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ജന്മനാ ലഭ്യമായിട്ടുള്ള അഭിരുചികളെ പോഷിപ്പിക്കാനും ആത്മസാക്ഷാത്കാരം നേടാനുമാവും. സര്‍വോപരി വൈവിധ്യത്തിലെ ഏകത്വം ദര്‍ശിക്കാനും വൈവിധ്യങ്ങള്‍ ഏകത്വത്തിലാണ് എന്ന ഉള്‍ക്കാഴ്ചയോടെ ലോകത്തെ യഥാര്‍ഥ യൂണി-വേഴ്‌സ് (uni-verse) ആയി അനുഭവിച്ചറിയാനും യഥാര്‍ഥ 'യൂണി-വേഴ്‌സിറ്റി'യെയും 'വിദ്യാഭ്യാസ'ത്തെയും 'മള്‍ട്ടി-വേഴ്‌സിറ്റി' യില്‍നിന്നും 'വിദ്യാഭാസ'ത്തില്‍നിന്നും വ്യത്യസ്തമായി കണ്ടറിയുവാനും നിങ്ങള്‍ക്കു ശേഷി ലഭിക്കും.

നിങ്ങളുടെ ഓരോരുത്തരുടെയും വ്യത്യസ്തങ്ങളായ താത്പര്യങ്ങളെ കൂട്ടിയിണക്കാന്‍ ഒരു ചരടുമാത്രമാണ് ഈ പഠനപരിപാടിയില്, കൈത്തറി. സ്വന്തം താത്പര്യങ്ങളുടെ, സ്വധര്‍മത്തിന്റെ പാത കണ്ടെത്തിയാലേ ആര്‍ക്കും സ്വന്തം ആത്മസത്യം തിരിച്ചറിയാനാവൂ.അതിനു സഹായിക്കുന്ന വിദ്യാഭ്യാസമേ യഥാര്‍ഥ വിദ്യാഭ്യാസമാവൂ.''

ഈ ആഹ്വാനം ശ്രവിച്ച് ഈ പഠനപരിപാടിയില്‍ ആദ്യന്തം പങ്കെടുത്തവരുടെ എണ്ണം വിരലിലെണ്ണാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. ഇന്ത്യയിലെ സര്‍വകലാശാലകള്‍

സഹകരണമൊന്നും നല്കിയതുമില്ല. എങ്കിലും....