2010, മേയ് 12, ബുധനാഴ്‌ച

നിത്യാഞ്ജലി

നിത്യചൈതന്യയതി തന്നത്

നിത്യാഞ്ജലി

നിത്യചൈതന്യയതി 1971 മുതല്‍ 1980 വരെ സ്റ്റാന്‍ഫോര്‍ഡ്, പോര്‍ട്ട്‌ലാന്‍ഡ്, ഹവായ് മുതലായ അമേരിക്കന്‍ യൂണിവേഴ്‌സിറ്റികളില്‍ വിസിറ്റിങ്ങ് പ്രൊഫസറായിരുന്നു. അവിടങ്ങളിലെ അനുഭവങ്ങളാണ് 'കൈത്തറിയിലൂടെ ആത്മസത്യവത്കരണം' (Self-realization through handloom) എന്ന പഠനപരിപാടി ആവിഷ്‌കരിക്കാന്‍ 1982-ല്‍ അദ്ദേഹത്തിന് പ്രചോദകമായത്. അമേരിക്കയില്‍ ഗുരുവിനെയും ഗുരുവിന്റെ 'ഈസ്റ്റ്വെസ്റ്റ് യൂണിവേഴ്‌സിറ്റി ഓഫ് യൂണിറ്റീവ് സയന്‍സ്' എന്ന പ്രസ്ഥാനത്തെയും അവിടത്തെ യൂണിവേഴ്‌സിറ്റികള്‍ അംഗീകരിക്കുകയും അദ്ദേഹം നയിച്ചിരുന്ന പഠനപരിപാടികള്‍ വിദ്യാര്‍ഥികള്‍ക്ക് (ആവശ്യമെങ്കില്‍) ബിരുദപഠനത്തിന്റെ ഭാഗമാക്കാന്‍ സാധിക്കുന്ന വിധത്തില്‍ 'ക്രെഡിറ്റ്' നല്കുകയും ചെയ്തിരുന്നു. ഒരര്‍ഥത്തില്‍ ഗുരുവിന്റെ സവിശേഷവും സമന്വയസ്വഭാവമുള്ളതുമായ കോഴ്‌സുകള്‍ നടത്താന്‍ അവസരം നല്കുന്നതിലൂടെ ആ സര്‍വകലാശാലകള്‍ സ്വയം 'ക്രെഡിറ്റ്' നേടുകയായിരുന്നു.

എന്നാല്‍, ഇന്ത്യയില്‍ ഗുരു ഏര്‍പ്പാടാക്കിയ 'കൈത്തറിയിലൂടെ ആത്മസത്യവത്കരണം' എന്ന പഠനപരിപാടിയെ അന്ന് ഇന്ത്യയിലുണ്ടായിരുന്ന വിദ്യാഭ്യാസസംവിധാനത്തിന് യാതൊരു വിധത്തിലും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. അതില്‍ ആദ്യന്തം പങ്കെടുക്കാന്‍ ഭാഗ്യം കിട്ടിയ അപൂര്‍വം പേരില്‍ ഒരാളാണു ഞാന്‍. എന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നത് കാലത്തിനു മുമ്പേ സഞ്ചരിച്ച ഗുരു നിത്യചൈതന്യയതിയുടെ വിദ്യാഭ്യാസസങ്കല്പത്തിന് ഇപ്പോള്‍ (രണ്ടു വ്യാഴവട്ടം കഴിഞ്ഞപ്പോള്‍) വളരെ പ്രസക്തിയും ആവിഷ്‌കാരസാധ്യതയും ഉണ്ട് എന്ന ബോധ്യത്തോടെയാണ്.

'ഈസ്റ്റ്് വെസ്റ്റ് യൂണിവേഴ്‌സിറ്റി ഓഫ് യൂണിറ്റീവ് സയന്‍സ്' മറ്റു യൂണിവേഴ്‌സിറ്റികളെപ്പോലെ 'യൂണിവേഴ്‌സിറ്റി-ഇന്‍-ഫിറ്റ്' (university- in-fit) അല്ലെന്നും 'യൂണിവേഴ്‌സിറ്റി-ഔട്ട്- ഫിറ്റ്' (university-out-fit) ആണെന്നും പറഞ്ഞുകൊണ്ടാണ് ഗുരു എന്നെ ക്ഷണിച്ചത്. മിക്ക യൂണിവേഴ്‌സിറ്റികളും ലോകത്തെ പലതായി കാണാന്‍ പഠിപ്പിക്കുന്ന മള്‍ട്ടി-വേഴ്‌സിറ്റികള്‍ (multi-versities) ആയിരിക്കുമ്പോള്‍ ഈ യൂണിവേഴ്‌സിറ്റി ലോകത്തെയും ലോകത്തിലെ അനേകം വിഷയങ്ങളെയും സ്വന്തം താത്പര്യത്തോടു ചേര്‍ത്തിണക്കി ഒന്നായി കാണാന്‍ പഠിപ്പിക്കുന്ന യഥാര്‍ഥ യൂണി-വേഴ്‌സിറ്റി(uni-versity) ആണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 'നിങ്ങള്‍ നിങ്ങളുടെ താത്പര്യം രേഖപ്പെടുത്തുക' (You register your interest) എന്നായിരുന്നു അദ്ദേഹത്തിന്റെ ആഹ്വാനം. ഒപ്പം അദ്ദേഹം വ്യക്തമാക്കി: ''ഇപ്പോള്‍ നിങ്ങള്‍ക്ക് കൈത്തറിയില്‍ താത്പര്യമൊന്നും തോന്നുന്നില്ലെങ്കിലും നിങ്ങള്‍ക്ക് ഈ സെമണ്‍സ്റ്ററില്‍ പങ്കെടുക്കാം.'' എങ്ങനെയെന്ന് അദ്ദേഹം വിശദീകരിച്ചു. ആധുനിക ശാസ്ത്ര-സാങ്കേതികവിദ്യകളുടെ പ്രചാരണത്തിലും സാമൂഹിക പരിഷ്‌കരണത്തിലും സാഹിത്യത്തിലും ഒക്കെയാണ് എനിക്കു താത്പര്യമെന്നറിയാവുന്ന ഗുരു എന്തിന് എന്നെ ഈ പഠനപരിപാടിയിലേക്കു ക്ഷണിക്കുന്നു എന്ന എന്റെ ഉള്ളിലുയര്‍ന്ന(ഞാന്‍ വ്യക്തമാക്കുകയൊന്നും ചെയ്യാത്ത) സംശയത്തിന് ഗുരു നല്കിയ മറുപടി ഏതാണ്ട് ഇനി കുറിക്കുംപ്രകാരമായിരുന്നു:

''നിങ്ങളോട് കൈത്തറിനെയ്ത്ത് പഠിക്കാന്‍ ആരും ആവശ്യപ്പെടുന്നില്ല. നിങ്ങള്‍ക്ക് താത്പര്യമുള്ള ഏതു വിഷയത്തെയും 'കൈത്തറി'യോടു ചേര്‍ത്തുവച്ചു പഠിക്കാനാണ് ആവശ്യപ്പെടുന്നത്. നിങ്ങള്‍ക്ക് സാമൂഹിക സാമ്പത്തിക പരിഷ്‌കരണങ്ങളിലാണ് താത്പര്യമെങ്കില്‍ കൈത്തറിത്തൊഴിലാളികളുടെ സാമ്പത്തികസ്ഥിതിയെക്കുറിച്ചും അവ എങ്ങനെ മെച്ചപ്പെടുത്താം എന്നതിനെക്കുറിച്ചും പഠിച്ചാല്‍ നിങ്ങള്‍ പഠിക്കുന്ന വിഷയത്തെ നിങ്ങളുടെ ആത്മസാക്ഷാത്കാരത്തിന് അത് സഹായകമാക്കാം. കരകൗശലം യാന്ത്രികമല്ല. സര്‍ഗശക്തിയുടെ പ്രയോഗത്തിന് അതില്‍ ഇടമുണ്ട്. പക്ഷേ, ഉപജീവനത്തിനുവേണ്ടി കൂടുതല്‍ അളവില്‍ ഉത്പാദിപ്പിക്കേണ്ട സ്ഥിതി വന്നാല്‍ സര്‍ഗശേഷിക്ക് അവിടെ ഇടമില്ലാതെ പോകും. സര്‍ഗശേഷിക്ക് ഇടം നഷ്ടപ്പെടില്ലാത്തവിധം കൈത്തറി സാങ്കേതികവിദ്യയെ പരിഷ്‌കരിക്കുന്നതിനെപ്പറ്റി, ശാസ്ത്ര സാങ്കേതിക വിദ്യകളില്‍ താത്പര്യമുള്ളവര്‍ക്കു പഠിക്കാം. ആധുനികമായ നിറക്കൂട്ടുകളും ഡിസൈനുകളും നല്കി വസ്ത്രങ്ങള്‍ കൂടുതല്‍ മനോഹരമാക്കാന്‍ എങ്ങനെയൊക്കെ സാധിക്കും എന്ന് കലാകാരന്മാര്‍ക്കു പഠിക്കാം. നിങ്ങള്‍ ഒരു എഴുത്തുകാരനാണെങ്കില്‍ ഈ മേഖലയില്‍ തൊഴില്‍ചെയ്യുന്നവരുടെ ഭൗതികവും മാനസികവുമായ സാഹചര്യങ്ങളുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് സ്വന്തം സര്‍ഗമേഖലയുടെ വ്യാപ്തി വര്‍ധിപ്പിക്കാം. വാണിജ്യതന്ത്രത്തില്‍ തത്പരരായവര്‍ കൈത്തറി ഉത്പന്നങ്ങളുടെ വിപണന-കയറ്റുമതി സാധ്യതകളെക്കുറിച്ചു പഠിച്ചോളൂ. സാമ്പത്തികശാസ്ത്രത്തില്‍ തത്പരരായവര്‍ ഇന്ത്യയിലെ വ്യവസായ മേഖലയില്‍ കൈത്തറിയുടെ പങ്ക് എത്രമാത്രമെന്നും കൈത്തറിക്ക് കൂടുതല്‍ പ്രാമുഖ്യം നല്കിയാല്‍ തൊഴിലവസരങ്ങള്‍ എത്രമാത്രം വര്‍ധിപ്പിക്കാനാവുമെന്നും പഠിച്ചാല്‍ അത് നാടിനും കൈത്തറിത്തൊഴിലാളികള്‍ക്കും പ്രയോജനം ചെയ്‌തേക്കും. ഇനിയും നിങ്ങള്‍ക്ക് ഇതിലൊന്നുമല്ല, രാഷ്ട്രീയത്തിലാണ് താത്പര്യമെങ്കില്‍പ്പോലും മഹാത്മാഗാന്ധി'ഖാദി'യെ എന്നപോലെ നിങ്ങള്‍ക്ക് കൈത്തറിയെ ഒരു സാമ്പത്തിക സമരോപകരണമാക്കാനാവുമോ എന്നു പഠിക്കാനുള്ള സാധ്യത മുന്നിലുണ്ട്. ചുരുക്കത്തില്‍ നിങ്ങള്‍ക്ക് താത്പര്യമുള്ള വിഷയം ഏതായാലും അതിനോടു ചേര്‍ത്തുവച്ച് നിങ്ങള്‍ക്ക് കൈത്തറിയെപ്പറ്റി പഠിക്കാനാവും. അങ്ങനെ പഠിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ജന്മനാ ലഭ്യമായിട്ടുള്ള അഭിരുചികളെ പോഷിപ്പിക്കാനും ആത്മസാക്ഷാത്കാരം നേടാനുമാവും. സര്‍വോപരി വൈവിധ്യത്തിലെ ഏകത്വം ദര്‍ശിക്കാനും വൈവിധ്യങ്ങള്‍ ഏകത്വത്തിലാണ് എന്ന ഉള്‍ക്കാഴ്ചയോടെ ലോകത്തെ യഥാര്‍ഥ യൂണി-വേഴ്‌സ് (uni-verse) ആയി അനുഭവിച്ചറിയാനും യഥാര്‍ഥ 'യൂണി-വേഴ്‌സിറ്റി'യെയും 'വിദ്യാഭ്യാസ'ത്തെയും 'മള്‍ട്ടി-വേഴ്‌സിറ്റി' യില്‍നിന്നും 'വിദ്യാഭാസ'ത്തില്‍നിന്നും വ്യത്യസ്തമായി കണ്ടറിയുവാനും നിങ്ങള്‍ക്കു ശേഷി ലഭിക്കും.

നിങ്ങളുടെ ഓരോരുത്തരുടെയും വ്യത്യസ്തങ്ങളായ താത്പര്യങ്ങളെ കൂട്ടിയിണക്കാന്‍ ഒരു ചരടുമാത്രമാണ് ഈ പഠനപരിപാടിയില്, കൈത്തറി. സ്വന്തം താത്പര്യങ്ങളുടെ, സ്വധര്‍മത്തിന്റെ പാത കണ്ടെത്തിയാലേ ആര്‍ക്കും സ്വന്തം ആത്മസത്യം തിരിച്ചറിയാനാവൂ.അതിനു സഹായിക്കുന്ന വിദ്യാഭ്യാസമേ യഥാര്‍ഥ വിദ്യാഭ്യാസമാവൂ.''

ഈ ആഹ്വാനം ശ്രവിച്ച് ഈ പഠനപരിപാടിയില്‍ ആദ്യന്തം പങ്കെടുത്തവരുടെ എണ്ണം വിരലിലെണ്ണാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. ഇന്ത്യയിലെ സര്‍വകലാശാലകള്‍

സഹകരണമൊന്നും നല്കിയതുമില്ല. എങ്കിലും....


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ