ഒരു യാന്തികത്വം നിനക്കുണ്ടതോർക്കണം
അതു നിന്റെ ചൈതന്യമല്ല നിൻ പാശമാ-
ണതു ബന്ധനം, മുക്തനാകണം, ധ്യാനവും
ഒരു പാശമായിടാമെന്നറിഞ്ഞീടുക!
എഴുതുകയൊഴുക്കിലാം ധ്യാനം, വിവേകമാ-
ണൊഴുകവെ ജലത്തിൽ ലയിക്കാതിരിക്കലിൽ
നിഴലിടുവതെന്നറിഞ്ഞാർദ്രനായാത്മാവി-
ലൊഴുകുവതെഴുത്തിൽ ലയം, നീയതാകുക!
ദിവസവും രാവിലെ ഇരുപതു മിനിറ്റുണർ-
ന്നിതുപോലെയെഴുതുക,യതാണുനിൻ ധ്യാന, മീ-
ഹൃദയലയലാസ്യസങ്കീർത്തനം ഒഴുകവെ
എഴുതുകയെഴുത്താണു നിന്നൊഴുക്കോർക്കുക!
എഴുതുക,യെഴുത്തിലാം നിൻ കഴു,ത്തതു നിന്റെ
തല ഹൃദയമോടു ചേർക്കുന്ന പാശം, പശുവു-
മയവിറക്കും തിന്നതൊക്കെയും, ദഹനത്തി-
നനിവാര്യമാണതു,മതാണിവിടെ നിൻ കവിത-
യെഴുതിടവെ ഭവിക്കുന്ന കർമം നിവൃത്തിയും!
അറിയുകയൊരാൾക്കുമിങ്ങാവുകില്ലന്യനായ്
ഹൃദയലയലാസ്യമാടീടുവാൻ നീ നിന്നി-
ലുണരുവതൊക്കെയുമറിഞ്ഞു ജീവിക്കണം!
അറിവു നെറിവിൽ നിറഞ്ഞാകുമ്പൊഴാട്ടവും
ഉറവയിലുറങ്ങുന്ന ധാരയെയുണർത്തലാം!
അറിയുക നിനക്കു നിറവേകിടും ധ്യാനമായ്
ഒഴുകും ഗുരുത്വം ലഘുത്വമാക്കും ലയം!
അറിയുക നിനക്കിവിടെ നിന്നിലൂടെന്നിലേ-
ക്കൊഴുകിവരുവാൻ നിത്യമരുളും ക്ഷണം ക്ഷണം!
ക്ഷണകവിതയാമിതിൽ നിത്യം നിറഞ്ഞിടിൽ
നിറപറ,യിതിൽ നിന്റെ ധന്യതയാം ധനം!