2012, മേയ് 18, വെള്ളിയാഴ്‌ച

പിന്നീടിരുവഴി!


 'നീയൊരപൂര്‍വന്‍, നീ നിന്‍ തനിമയി-
ലഭിമാനിച്ചും യുക്തിയില്‍ ഭദ്രം
വിശ്വാസത്താല്‍ നിര്‍ഭയനായും
ജീവിക്കുന്നോന്‍, ലളിതമനസ്‌കര്‍
ഞങ്ങള്‍ തെറ്റു വിധിക്കുന്നില്ലാ
നിന്നില്‍, പക്ഷേ, നിന്നുടെ ചിന്തകള്‍
പങ്കിടുവാനാവില്ലിവിടാര്‍ക്കും.
നീ നീ, ഞങ്ങള്‍ ഞങ്ങള്‍ മാത്രം.'

നീ മൊഴിയുന്നവയെന്നിലുണര്‍ത്തുവ-
തെന്തു വികാരം? നിസ്സാരതകളി-
ലിങ്ങു വികാരം വിജൃംഭിപ്പോന്‍
ഞാന്‍ നിസ്സംഗന്‍; നീ മൊഴിയുന്നതു
സത്യം, കേള്‍ക്കുകമാത്രം പഥ്യം.
നീ പറയുന്നതു കേട്ടു പകര്‍ത്താം:

'നീ നിന്‍ മൗനസരസ്സില്‍ മുങ്ങുക
ഞങ്ങള്‍ നീന്തറിയില്ലത്തവരാ-
ണതിനാല്‍ ഞങ്ങള്‍ വെള്ളം തലയി-
ലൊഴിച്ചു കുളിക്കവെ, വന്നിതില്‍ മുങ്ങുക
യെന്നരുളരുതെന്നുണ്ടൊരപേക്ഷ.
ഞങ്ങള്‍ മുങ്ങാന്‍ ഭയമുള്ളവരാം.

നീ നിന്‍ പ്രാര്‍ഥന ചൊല്ലിക്കൊള്ളുക
ഞങ്ങള്‍ക്കുരുവിടുവാനിവിടുള്ളവ
നിങ്ങള്‍ക്കര്‍ഥവിഹീനമതാകിലു-
മെങ്ങള്‍ക്കാശ്വാസം പകരുന്നവ-
യല്ലോ, ഞങ്ങടെ പ്രാര്‍ഥനകളിലും
ഫലദായകമാകാം നിന്‍ പ്രാര്‍ഥന.

നീ പ്രാര്‍ഥിക്കുക: ഞങ്ങടെ ഭയവും
ഉത്കണ്ഠകളും മാറാന്‍, ഞങ്ങള്‍
സ്വാര്‍ഥര്‍, പ്രാര്‍ഥനയൊന്നും സ്വാര്‍ഥത
വെടിയാതായാല്‍ സാധിക്കില്ലെ-
ന്നരുളുന്നൂ നീ, ശരിയാവാമതു-
മെന്നറിയുന്നൂ ഞങ്ങള്‍, പക്ഷേ....

സ്വാര്‍ഥത ഞങ്ങളില്‍നിന്നൊഴിയാനായ്
നീ പ്രാര്‍ഥിക്കുക, നിന്‍ പ്രാര്‍ഥനകള്‍
നമ്മളെ രക്ഷിച്ചീടാം പക്ഷേ,
നിന്‍ വഴി നിന്‍ വഴി മാത്രം, ഞങ്ങള്‍
ഞങ്ങടെ വഴി കണ്ടെത്തിടുവാന്‍ നീ
പ്രാര്‍ഥിച്ചോളൂ, നമുക്കു പിരിയാം.'

നമുക്കു തമ്മില്‍ പിരിയാമെന്നാര്‍
മൊഴിഞ്ഞു? ഞാനോ നീയോ? നിങ്ങള്‍
നിര്‍ഭയരാകുംവരെ ഞാനഭയം
തരേണ്ടതുണ്ടതു മാത്രംചെയ്യാം
പിരിഞ്ഞിടും വരെ, പിരിയാന്‍ മാത്രം
നമുക്കു കാക്കാം, പിന്നീടിരുവഴി! 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ